Monday, October 7, 2013

ഇസ്ലാമും അടിമത്തവും: ഒരു സംവാദം

ഫേസ്ബുക്കില്‍ ഒരു മാന്യസുഹൃത്ത് ഇസ്ലാമുമായി ബന്ധപ്പെട്ടു തനിക്ക് ചില സംശയങ്ങള്‍ ഉണ്ടെന്നും അത് ദൂരീകരിച്ചു തരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എനിക്ക് ചില ചോദ്യങ്ങള്‍ അയച്ചു തരികയുണ്ടായി. അതൊരു ചെറിയ സംവാദമായി വളരുകയായിരുന്നു. കാര്യമായി ഇസ്ലാമും അടിമത്തവും എന്ന വിഷയത്തിലാണ്  സംവാദം  കേന്ദ്രീകരിച്ചത്. സുഹൃത്തിന്റെ ചോദ്യവും അവക്ക് എന്റെ അറിവിന്റെ പരിമിതിയില്‍ ഒതുങ്ങുന്ന മറുപടിയും ക്രമത്തില്‍ താഴെ കൊടുത്തിരിക്കുന്നു. എന്റെ മറുപടിയില്‍ എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. അഥവാ മറുപടിയെ ആധികാരികമായി ആരും കാണരുതെന്ന് അപേക്ഷിക്കുന്നു.
ചോദ്യങ്ങള്‍ 

1. ഇന്നത്തെ കാലത്ത് ഒരു വ്യക്തിക്ക് ഖുര്‍ആന്‍ വായിച്ചു ഇസ്ലാമിനെ മനസ്സിലാക്കാന്‍ പറ്റുമോ? പരിഭാഷ വാങ്ങി ശ്രമിച്ചാല്‍ തന്നെ ഹദീസ് ഗ്രന്ഥങ്ങള്‍ വേറെ വാങ്ങി പഠിക്കണം. അപ്പോള്‍ പറയും അറബിമൂലം കൂടി പഠിക്കണം. ചുരുക്കിപ്പറഞ്ഞാല്‍ ഖുര്‍ആന്‍ മാത്രം വായിച്ചുള്ള സത്യാന്വേഷണം പ്രായോഗികമാണോ?

2. റദ്ദു ചെയ്യപ്പെട്ട കുറെ ആയത്തുകള്‍ ഖുര്‍ആനില്‍ ഉണ്ടല്ലോ? അത്തരം ആയത്തുകള്‍ ഭക്തിയോടെ പാരായണം ചെയ്യുന്നതിലും പഠിക്കുന്നതിലും ഇന്ന് ഒരു സത്യാന്വേഷിക്ക് എന്തുകാര്യം?

3.  ആദ്യം പറഞ്ഞതിന് എതിര് പറയുന്നതിനെയല്ലേ വൈരുധ്യം എന്ന് പറയുന്നത്? അപ്പോള്‍ ഒരു പാട് സ്ഥലത്ത് വൈരുധ്യം ഉണ്ടല്ലോ.

4. അടിമത്തം ഒറ്റ നിയമം മൂലം നിരോധിക്കാത്തത് അന്നത്തെ സമൂഹം അതിനു പാകമാകാത്തത് കൊണ്ടാണ്. ക്രമേണ നിരോധിക്കുക തന്നെയായിരുന്നു ഇസ്ലാമിന്റെ താല്പര്യം എന്ന് കുറെ വായിച്ചിട്ടുണ്ട്.
A. പാകമാകാത്ത ഒരു സമൂഹത്തിലേക്ക് എന്തിനു പൂര്‍ത്തീകരിക്കേണ്ട ഒരു മതവുമായി പ്രവാചകനെ അയച്ചു?
B. ഇസ്ലാം അടിസ്ഥാനപരമായി ഇതിനെ ഒരു തിന്മയായി കണ്ടിരുന്നുവെങ്കില്‍ മുന്‍ വേദങ്ങളിലെ നിരുല്‍സഹപ്പെടുത്തല്‍ തുടങ്ങുകയും സമൂഹത്തെ പാകപ്പെടുത്തുകയും ചെയ്യുമായിരുന്നില്ലേ? തൌറാത്തിലോ ഇന്‍ജീലിലോ അത്തരം ആയത്തുകള്‍ ഉണ്ടോ?

മറുപടി

താങ്കളുടെ ചോദ്യങ്ങള്‍ക്ക് അതേ നമ്പറില്‍ തന്നെ മറുപടി കൊടുക്കുന്നു. 

1. ഇസ്ലാമിന്റെ അടിസ്ഥാന ആദര്‍ശങ്ങള്‍ സാമാന്യമായി മനസ്സിലാക്കാന്‍ ഖുര്‍ആന്‍ വായിച്ചാല്‍ മതി. എന്നാല്‍ അതിന്റെ പ്രായോഗികരൂപം മനസ്സിലാക്കാനും ജീവിതത്തില്‍ പകര്‍ത്താനും പ്രവാചകന്‍ (സ) കാണിച്ചു തന്ന മാതൃകയുണ്ട്. അത് സ്വഹീഹായ ഹദീസുകളില്‍ കൂടിയാണ് മനസ്സിലാക്കേണ്ടത്. അറബി അറിയാത്തവര്‍ക്ക് പരിഭാഷകളും വ്യാഖ്യാനങ്ങളും സുലഭമാണ്. ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥങ്ങളില്‍ തന്നെ ധാരാളം ഹദീസുകളും കാണാം. ഹദീസുകളുടെ പരിഭാഷകളും സുലഭം. അറബി പഠിച്ചാല്‍ മാത്രമേ ഖുര്‍ആന്‍ പഠിക്കാന്‍ പറ്റൂ എന്നൊന്നുമില്ല. എന്നാല്‍ ആഴത്തില്‍ പഠിക്കാനും മനസ്സിലാക്കാനും ഗവേഷണം നടത്താനും അറബി പഠിച്ചേ തീരൂ. ഭൗതികമായ താല്‍പ്പര്യങ്ങള്‍ക്ക് മറ്റു വിജ്ഞാന ശാഖകള്‍ എത്ര പഠിക്കാനും തയ്യാറുള്ള നാം ഖുര്‍ആനും ഹദീസും പഠിക്കുന്ന കാര്യത്തില്‍ മാത്രം പ്രായോഗികമായ പ്രശ്നം കാണുന്നത് വിചിത്രമല്ലേ?

2. റദ്ദു ചെയ്യുക എന്നതിന്റെ ആശയം ശരിയായി മനസ്സിലാക്കാത്തത് മൂലമാണ് ഈ ചോദ്യം വരുന്നത്. ഒരു ആയത്ത് ഒരു പ്രത്യേക സാഹചര്യം വരുമ്പോള്‍ മാത്രം പ്രയോഗിക്കെണ്ടാതായിരിക്കും. ആ സാഹചര്യം മാറിക്കഴിഞ്ഞാല്‍ അതോടെ ആ ആയത്തിന്റെ ആവശ്യകത അവസാനിക്കുന്നു. എന്നാല്‍ പ്രസ്തുത സാഹചര്യമോ അതിനു സമാനമായ സാഹചര്യമോ വീണ്ടും വരാന്‍ സാധ്യതയുണ്ട്. അപ്പോള്‍ എന്ത് നിലപാടെടുക്കണം എന്ന് മനസ്സിലാക്കാന്‍ പ്രസ്തുത സൂക്തം ഉപയോഗിക്കാന്‍ സാധിക്കും. ചുരുക്കത്തില്‍ ദുര്‍ബലമാക്കപ്പെട്ടു എന്ന് പറയുന്ന സൂക്തങ്ങള്‍ നിരുപാധികം ദുര്‍ബലമാക്കി എന്നല്ല അര്‍ത്ഥമാക്കുന്നത്. പ്രവാചകന്റെ കാലത്ത് ആ സാഹചര്യം ഇല്ലാതായി എന്ന് മാത്രമാണ്.

3. വൈരുധ്യം ഇല്ല. ഉണ്ടെങ്കില്‍ താങ്കള്‍ കാണിച്ചു തരുമല്ലോ.
ആദ്യം പറഞ്ഞതിന് എതിര് പറയുന്നതെല്ലാം വൈരുധ്യമാണെന്ന് പറയാന്‍ പറ്റില്ല. ആദ്യം പറയുന്ന വാചകത്തിന്റെ സന്ദര്‍ഭവും രണ്ടാമത് പറയുന്നതിന്റെ സന്ദര്‍ഭവും കൂടി പരിഗണിച്ചു മാത്രമേ അത് പറയാന്‍ പറ്റുകയുള്ളൂ. ഡോക്റ്റര്‍ രോഗിയോട് ആദ്യം കട്ടിയുള്ള ആഹാരം കഴിക്കരുതെന്ന് പറയും. പിന്നീട് കഴിക്കാമെന്നും പറയും. ഇത് രണ്ടും വൈരുധ്യമല്ല. കാരണം രോഗിയുടെ അവസ്ഥ മാറുന്നതിനുസരിച്ചു ഡോകടര്‍ നല്‍കുന്ന നിര്‍ദ്ദേശമാണ്.

4. A. ക്രമേണ പാകമാക്കാന്‍ വേണ്ടി തന്നെയാണ് പ്രവാചകനെ അയച്ചത്. ഇസ്ലാം പൂര്‍ത്തീകരിക്കുന്നതും ക്രമേണ തന്നെയാണ്. ഒറ്റയടിക്ക് പൂര്‍ത്തീകരിക്കേണ്ട കാര്യമില്ല.

B. തൌറാത്ത്, ഇന്‍ജീല്‍ എന്നിവ ഇന്ന് യഥാര്‍ത്ഥ രൂപത്തില്‍ ഇല്ലെന്നിരിക്കെ അതില്‍ അത്തരം ആയത്തുകള്‍ ഉണ്ടോ ഇല്ലേ എന്ന് എങ്ങനെ പറയാന്‍ പറ്റും? ആ വേദങ്ങള്‍ അവതരിപ്പിക്കപ്പെട്ട സമൂഹവും ഖുര്‍ആന്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട സമൂഹവും ഒന്നല്ലല്ലോ എന്ന കാര്യവും ഓര്‍ക്കുക. അടിമത്തം നിരുപാധികം പൂര്‍ണമായി നിരോധിക്കുവാനും സാധ്യമല്ല.
സുഹൃത്തിന്റെ പ്രതികരണം

1. അടിമത്തം നിരുപാധികം പൂര്‍ണമായി നിരോധിക്കുവാന്‍ സാധ്യമല്ല എന്ന് പറയുന്നത് എന്ത് കൊണ്ട്? അടിമത്തം ഒരു തിന്മയായി മതം കാണുന്നില്ലേ? ഇല്ലെങ്കില്‍ എന്തുകൊണ്ട്?
അടിമത്തവ്യവസ്ഥിതിക്കെതിരെ കര്‍ശനനിലപാട് എടുക്കാത്ത ഒരു മതം എന്ത് വിമോചന പ്രത്യയശാസ്ത്രമാണ്? മനുഷ്യാവകാശം പോലുള്ള കാര്യങ്ങളില്‍ പിന്നെ മതത്തിന് എന്ത് റോള്‍ ? പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ ആശയത്തോടുള്ള വൈരുധ്യമല്ലേ അടിമത്തം നിരോധിക്കാന്‍ പാടില്ല എന്ന വാദം? ഈ 2013 ല്‍ കേരളം പോലൊരു സ്ഥലത്താണ് ഇസ്ലാം പൂര്‍ത്തീകരിക്കാന്‍ പ്രവാചകന്‍ വരുന്നതെങ്കില്‍ അടിമത്തവും മുലകുടി നിയമം പോലോത്തതുമായ കാര്യങ്ങള്‍ ഇസ്ലാമില്‍ നിലനിന്നേനെ എന്ന വാദം താങ്കള്‍ക്കുണ്ടോ? ഈ രണ്ടുതരം മനുഷ്യരെ ഇങ്ങനെ നിലനിര്‍ത്തണം എന്ന് വാദിക്കുന്നതിന്റെ താല്പര്യം എന്താണ്?

2. തൌറാത്ത്, ഇന്‍ജീല്‍ എന്നിവ പൂര്‍ണരൂപത്തില്‍ കാണാന്‍ പറ്റാത്തതല്ല എന്റെ ചോദ്യം. എന്റെ ചോദ്യം ശിര്‍ക്ക് പോലെ ഈ തിന്മക്കെതിരെയും ബോധവല്‍ക്കരണം നടന്നിരുന്നോ എന്നാണ്? എങ്കില്‍ AD 610 ആകുമ്പോഴേക്കും തന്നെ സമൂഹം പാകപ്പെടില്ലായിരുന്നോ എന്നുമാണ്. പക്ഷെ അടിമത്തം നിരോധിക്കാന്‍ കഴിയില്ല എന്ന നിങ്ങളുടെ പ്രസ്താവനയിലൂടെ ഈ ചോദ്യം അപ്രസക്തമാവുന്നു. 

മറുപടി

1. അടിമത്തം പൂര്‍ണമായി നിരോധിക്കുക അസാധ്യമാണ് എന്ന എന്റെ വാചകത്തെ താങ്കള്‍ തെറ്റിധരിച്ചിരിക്കുന്നു. ഇസ്ലാമിന്റെ ലക്‌ഷ്യം പൂര്‍ണമായ അടിമത്തനിരോധനം തന്നെയാണ്. ഒരു സംശയവും വേണ്ട. എന്നാല്‍ ഇസ്ലാം മാത്രം വിചാരിച്ചത് കൊണ്ട് ഇല്ലാതാവുന്ന ഒന്നല്ല അടിമത്തം എന്നാണ് ഞാന്‍ പറഞ്ഞു വരുന്നത്. പ്രവാചകന്റെ കാലത്തുതന്നെ അത് പൂര്‍ണമായി നിരോധിക്കാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ല. 

ചരിത്രം പറയുന്നത് അടിമത്തവ്യവസ്ഥിതിയുടെ തുടക്കം തന്നെ യുദ്ധത്തടവുകാരില്‍ നിന്നായിരുന്നുവെന്നാണ്. ഇന്ന് ലോകരാഷ്ട്രങ്ങള്‍ അടിമത്തം പൂര്‍ണമായി നിരോധിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട് (പ്രായോഗികമായി അതെത്രത്തോളം ശരിയാണ് എന്നത് വേറെ അന്വേഷിക്കേണ്ടതാണ്).  എന്നാല്‍ അതിനു മുമ്പ് യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റുന്ന സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. അതല്ലെങ്കില്‍ കൊന്നുകളയുക. മൂന്നാമതൊരു പ്രായോഗികമാര്‍ഗം ഉണ്ടായിരുന്നില്ല. അവരെ തടവുകാരായി പാര്‍പ്പിക്കുവാനാവശ്യമായ സംവിധാനങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. ശത്രുക്കള്‍ മുസ്ലിംകളെ യുദ്ധത്തടവുകാരായി കൊണ്ടുപോയി അടിമകള്‍ ആക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ശത്രുക്കളെയും പിടിച്ചു അടിമകളാക്കി വെക്കുകയല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നു. മുസ്ലിം പക്ഷത്തുള്ളവര്‍ ശത്രുക്കളെ വെറുതെ വിടുകയും ശത്രുക്കള്‍ മുസ്ലിംകളെ അടിമകളാക്കി വെക്കുകയും ചെയ്താല്‍ ശത്രുക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവും. അടിമത്തസമ്പ്രദായം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഏകപക്ഷീയമായ അടിമത്തനിരോധനം അപ്രായോഗികമായിരുന്നു എന്ന് ചുരുക്കം. ഈ സാഹചര്യങ്ങള്‍ ഇനിയും ലോകത്ത് വന്നുചേരുകയും ഇസ്ലാമിക രാഷ്ട്രത്തിനു നേരെ യുദ്ധം വരികയും ചെയ്യില്ല എന്ന് കരുതാന്‍ പറ്റില്ല. അത്തരം അവസരങ്ങളില്‍ ശത്രുക്കളെ പിടികൂടി അടിമകളാക്കി വെക്കേണ്ടിയും വരും.

ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ ഈ നമ്പറില്‍ താങ്കള്‍ ചോദിച്ച തുടര്‍ന്നുള്ള ചോദ്യങ്ങള്‍ അപ്രസക്തമായിതീരും. അടിമത്തം നിരോധിക്കാന്‍ പാടില്ല എന്നല്ല ഞാന്‍ പറഞ്ഞത്, പൂര്‍ണമായ നിരോധനം അപ്രായോഗികമാവുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടെന്നാണ്. അതിനുള്ള ഉദാഹരണമാണ് മുകളില്‍ പറഞ്ഞത്.

2. താങ്കള്‍ ആദ്യം ചോദിച്ചത് തൌറാത്ത്- ഇന്ജീലില്‍ അടിമത്തം നിരോധിക്കുന്ന ആയത്തുകള്‍ ഉണ്ടോ എന്ന് തന്നെയായിരുന്നു. അതിനാണ് ഞാന്‍ ഒറിജിനല്‍ തൌറാത്ത്- ഇന്ജീല്‍ നിലവിലില്ല എന്ന് പറഞ്ഞത്. മുന്‍ സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തിയിരുന്നോ ഇല്ലേ എന്ന് എനിക്കറിയില്ല. ഓരോ സമൂഹത്തിലെയും ജഹിലിയ്യത്ത് എന്തായിരുന്നുവോ അത് നിരോധിക്കാനായിരിക്കും വേദങ്ങള്‍ ശ്രമിക്കുക. അത് തൌറാത്ത്- ഇന്ജീലില്‍ ഉണ്ടായിരുന്നിരിക്കാം. അടിമത്തം എന്ന സംഗതി താങ്കള്‍ കരുതും പോലെ ഒറ്റയടിക്ക് നിരോധിക്കാന്‍ പറ്റുന്ന ഈസിയായ ഒരു കാര്യമൊന്നുമല്ല. ആന്തരികവും ബാഹ്യവുമായ നിരവധി ഘടകങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട്. ഇതൊക്കെ പരിഗണിച്ചു കൊണ്ടുള്ള ശാസ്ത്രീയമായ, ഘട്ടം ഘട്ടമായ അടിമത്ത നിരോധനമാണ് ഇസ്ലാം കൊണ്ടുവന്നത്. പ്രസ്തുത ഘടകങ്ങള്‍ വീണ്ടും തിരിച്ചു വന്നാലോ ആ നിരോധനം സാധ്യമാവാതെ വരികയും ചെയ്യും. മുന്‍ സമൂഹങ്ങളിലും ഇതൊക്കെ ബാധകമായിരിക്കും. 

സുഹൃത്തിന്റെ പ്രതികരണം

അടിമകളെ കുറിച്ചുള്ള ഈ വിശദീകരണം തന്നെയാണ് അന്ന് ജനാബ് കാരക്കുന്ന് സാഹിബും നല്‍കിയത്. ഖേദത്തോടെ പറയട്ടെ ഈ വിശദീകരണം വൈരുധ്യം നിറഞ്ഞതാണ്‌. ആദ്യഭാഗത്ത് പറയുന്നു. "സംശയം വേണ്ട ഇസ്ലാമിന്റെ ലക്‌ഷ്യം പൂര്‍ണമായ അടിമത്തനിരോധനം തന്നെയാണ്" എന്ന്.

1. ആ ലക്‌ഷ്യം പ്രവാചകന്‍ സാധിച്ചിരുന്നോ? ഉണ്ടെകില്‍ തെളിവ്? ഇല്ലെങ്കില്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞ ഇസ്ലാമില്‍ അടിമത്തനിരോധനം എന്ന ലക്‌ഷ്യം ആര് എങ്ങനെയാണ് നടപ്പിലാക്കിയത്? 
ശേഷം പറയുന്നു, അടിമകള്‍ ഉണ്ടാകുന്ന സാഹചര്യമായ യുദ്ധം ഭാവിയിലും വന്നേക്കാം, അത്തരം അവസരങ്ങളില്‍ ശത്രുക്കളെ പിടികൂടി അടിമകളാക്കി വെക്കേണ്ടിയും വരും എന്ന്. ഇതാണ് നിങ്ങളുടെ ഉത്തരത്തില്‍ ഞാന്‍ കാണുന്ന വൈരുധ്യം.

A. പിന്നെ ഇസ്ലാം മാത്രം വിചാരിച്ചത് കൊണ്ട് മദ്യപാനം, വ്യഭിചാരം പോലുള്ള തിന്മകള്‍ ലോകത്ത് ഇല്ലാതായില്ലല്ലോ എന്നിട്ടും ഇസ്ലാം നിയമം മൂലം നിരോധിചില്ലേ പ്രസ്തുത കാര്യങ്ങള്‍ . അപ്പോള്‍ "ഇസ്ലാം മാത്രം വിചാരിച്ചത് കൊണ്ട് ഇല്ലാതാവുന്ന ഒന്നല്ല അടിമത്തം" എന്ന വാദത്തിനു എന്ത് പ്രസക്തി? ഇനി അതല്ല അടിമത്തസമ്പ്രദായം ഒരു തിന്മയായി മതം കാണുന്നില്ല എന്നാണോ?

B.  ഒറ്റയടിക്ക് അടിമത്തം നിരോധിക്കേണ്ട നീണ്ട 23 വര്‍ഷത്തെ ബോധവല്‍ക്കരണശേഷം ഖുര്‍ആനിന്റെ അന്ത്യഭാഗത്ത് എങ്കിലും നിരോധനം വന്നിരുന്നെങ്കില്‍ അന്നത്തെ മുസ്ലിംകള്‍ പൂര്‍ണമായും അംഗീകരിക്കുമായിരുന്നു. ഇവിടെ വിശദീകരിക്കുന്നത് ശത്രുപക്ഷം ഒരു തെറ്റ് ചെയ്താല്‍ തുല്യതക്ക് വേണ്ടി നമുക്കും അത് ചെയ്യാം എന്നല്ലേ? അപ്പോള്‍ "തിന്മയെ നന്മ കൊണ്ട് നേരിടുക" എന്ന ഇസ്ലാമിന്റെ കല്‍പ്പനക്ക് എന്ത് പ്രസക്തി?

മറുപടി

1. സമ്പൂര്‍ണ അടിമത്ത നിരോധനം നടപ്പാക്കാന്‍ ഇസ്ലാം ഉദ്ദേശിച്ചത് ദീര്‍ഘകാലാടിസ്ഥാനത്തിലാണ്. അതിനു വേണ്ടി അഞ്ചു പ്രധാനപ്പെട്ട നടപടിക്രമങ്ങളാണ് ഇസ്ലാം കൊണ്ടുവന്നത്.
  • അടിമകള്‍ക്കും ഉടമകള്‍ക്കുമിടയില്‍ സാഹോദര്യം വളര്‍ത്തി.
  • അടിമയുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം വരുത്തി.
  • അടിമമോചനം ഒരു പുണ്യകര്‍മമായി പ്രഖ്യാപിച്ചു.
  • പലതരം കുറ്റങ്ങള്‍ക്കുമുള്ള പ്രായശ്ചിത്തമായി അടിമമോചനം നിശ്ചയിക്കപ്പെട്ടു .
  • മോചനമൂല്യത്തിനു പകരമായി സ്വാതന്ത്യ്രം നല്‍കുന്ന സംവിധാനമുണ്ടാക്കി.
ഈ നടപടികളിലൂടെ, ഏതൊരു സമൂഹത്തില്‍ അടിമവ്യവസ്ഥിതി ഉണ്ടായിരുന്നുവോ ആ സമൂഹം പൂര്‍ണമായി ആ സമ്പ്രദായം ഉപേക്ഷിച്ചിരിക്കുന്നു. അഥവാ മുഹമ്മദ്‌ നബി (സ) യുടെ ലക്‌ഷ്യം വിജയിച്ചിരിക്കുന്നു.
ഞാന്‍ പറഞ്ഞ വിഷയത്തില്‍ വൈരുധ്യമുണ്ടെന്ന് പറയാന്‍ താങ്കള്‍ ചൂണ്ടിക്കാണിച്ച കാര്യം 'അടിമകള്‍ ഉണ്ടാവുന്ന സാഹചര്യമായ യുദ്ധം ഭാവിയില്‍ വീണ്ടും വരാം. ഇത്തരം സാഹചര്യങ്ങളില്‍ ശത്രുക്കളെ പിടികൂടി അടിമകള്‍ ആക്കേണ്ടിവരും' എന്ന വാചകമാണ്. ഞാന്‍ മുമ്പ് തന്ന പ്രതികരണം പൂര്‍ണമായി വായിക്കണമെന്ന് അപേക്ഷിക്കുന്നു. യുദ്ധം വന്നാല്‍ ശത്രുക്കള്‍ മുസ്ലിംകളെ അടിമകളാക്കി വെക്കുകയാണെങ്കില്‍ തിരിച്ചു ശത്രുക്കളെയും അടിമകളാക്കി വെക്കേണ്ടിവരും. അതല്ലാത്ത ഒരു മാര്‍ഗം ഇല്ലെങ്കില്‍ . ഇസ്ലാം അടിമത്തനിരോധമാണ് ലക്‌ഷ്യം വെക്കുന്നതെന്ന വാചകവും ഇതും തമ്മില്‍ എന്ത് വൈരുധ്യമാണ് ഉള്ളത്? നിര്‍ബന്ധിതാവസ്ഥ മൂലം ചെയ്യേണ്ടിവരുന്ന കാര്യമാണത്. ഇസ്ലാമിന്റെ ലക്ഷ്യമല്ല.

A. ഇസ്ലാമിക വ്യവസ്ഥ പൂര്‍ണമായി ഉണ്ടായിരുന്ന കാലത്ത് (പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്ത്) മദ്യവും വ്യഭിചാരവും പൂര്‍ണമായി ഇല്ലായ്മ ചെയ്തിട്ടുണ്ട്. സമ്പൂര്‍ണ ഇസ്ലാമികരാഷ്ട്രം ഇല്ലാതെ അതൊന്നും വരില്ല. നിയമം മൂലം മദ്യം, വ്യഭിചാരം മുതലായവ ഇല്ലായ്മ ചെയ്യാന്‍ ഒരു തടസ്സവുമില്ല. അതുപോലെയല്ല അടിമത്തസമ്പ്രദായം. ശത്രുക്കള്‍ ഇസ്ലാമികരാഷ്ട്രത്തിനെതിരെ പ്രയോഗിക്കാന്‍ സാധ്യതയുള്ള ഭീഷണിയാണ് അടിമകളാക്കി വെക്കല്‍ . അതിനെ നേരിടാന്‍ പ്രവാചകന്റെ കാലത്ത് തിരിച്ചും അടിമകള്‍ ആക്കുകയല്ലാതെ അതിലും മികച്ച മാര്‍ഗം ഇല്ലായിരുന്നു. മദ്യത്തിന്റെയും വ്യഭിചാരത്തിന്റെയും വിഷയത്തില്‍ ഇങ്ങനെയൊരു പ്രശ്നം അവര്‍ക്കുണ്ടായിട്ടില്ല.

B. പൂര്‍ണമായ നിരോധനസൂക്തം കൊണ്ടുവരാത്തതിന്റെ കാരണം ഇതുവരെ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ബോധ്യപ്പെടെണ്ടാതാണ്. ആ കാലത്ത് അടിമത്ത വ്യവസ്ഥ ലോകത്തെ ഒരു രീതിയായിരുന്നു. മുസ്ലിംകള്‍ മാത്രം അടിമത്തനിരോധനം ഒറ്റയടിക്ക് നടത്തിയാല്‍ മുസ്ലിംകള്‍ക്ക് തന്നെയാവും അതിന്റെ ദോഷമെന്ന് ത്രികാലജ്ഞനായ അല്ലാഹുവിനറിയാം. ഇനി പൂര്‍ണനിരോധനവചനം കൊണ്ടുവന്നു എന്ന് വെക്കുക. അതിനു ശേഷം ശത്രുക്കള്‍ ഇസ്ലാമിക രാഷ്ട്രത്തെ ആക്രമിക്കുന്നു. മുസ്ലിംകളെ അടിമകളാക്കി വെക്കുന്നു. മുസ്ലിംകള്‍ എന്തു ചെയ്യണം?

തിന്മയെ നന്മ കൊണ്ട് നേരിടണം എന്ന ആശയം സാധ്യമെങ്കില്‍ മാത്രമല്ലേ പ്രയോഗിക്കാന്‍ പറ്റൂ? ശത്രുക്കള്‍ മുസ്ലിംകളെ അടിമകള്‍ ആക്കുന്നു. ആ തിന്മക്കെതിരെ സ്വീകരിക്കേണ്ട പ്രായോഗികമായ നന്മ എന്താണെന്ന് താങ്കള്‍ പറഞ്ഞു തന്നാല്‍ ഉപകാരം. ഇതിനെതിരില്‍ പ്രായോഗികമായ രണ്ടു സാധ്യതകളെ പ്രവാചകന്റെ കാലത്ത് ചെയ്യാനുണ്ടായിരുന്നുള്ളൂ. ഒന്ന്, യുദ്ധതടവുകാരെ വധിക്കുക, രണ്ട്, അടിമകള്‍ ആക്കുക. ഇതില്‍ ഏതു ചെയ്യണം?
തിന്മയെ നന്മ കൊണ്ട് നേരിടണം എന്ന ആശയം മാത്രമല്ല ഇസ്ലാമിലുള്ളത്. മുമ്പില്‍ ചെയ്യാന്‍ രണ്ടു തിന്മകള്‍ മാത്രമേ ഉള്ളൂവെങ്കില്‍ അതില്‍ താരതമ്യേന ലഘുവായ തിന്മ തിരഞ്ഞെടുക്കേണ്ടി വരുമെന്ന കാര്യം കൂടി ഉണ്ട്. ആ ലഘുവായ തിന്മ തന്നെയാണ് അവിടെ നന്മയായി മാറുന്നത്.
സുഹൃത്തിന്റെ പ്രതികരണം

ശരി ഞാന്‍ മനസ്സിലാക്കുന്നു. ഒരു ചോദ്യം കൂടി. അടിമത്തവ്യവസ്ഥിതി ഇന്ന് ഇസ്ലാമില്‍ ഉണ്ടോ? ഇജ്തിഹാദ് മൂലം മുത്ത്അ വിവാഹം പോലെ മതത്തില്‍ നിന്നും ഉച്ചാടനം ചെയ്യാത്ത നിയമമാണോ അടിമനിയമം?

പിന്നെ അന്നത്തെ യുദ്ധകാലത്ത് രണ്ടു കാര്യമേ ചെയ്യാനുണ്ടായിരുന്നുള്ളൂ. 1. വധിക്കല്‍ 2. അടിമകളാക്കല്‍ എന്ന് പറഞ്ഞല്ലോ. മൂന്നാമത്തെ കാര്യം ഇന്ന് ഇവിടെ നിന്ന് ഞാന്‍ നിര്‍ദേശിച്ചിട്ടു എന്ത് ഫലം? യുദ്ധത്തടവുകാരെ വലിയ ജയിലുകള്‍ ഉണ്ടാക്കി തടവുകാരായി (അടിമകളല്ലാതെ) പാര്‍പ്പിച്ചാല്‍ മതിയാകുമായിരുന്നു. അങ്ങനെ ഇസ്ലാം ചെയ്തിരുന്നെങ്കില്‍ അതും ഇസ്ലാമിന്റെ ദീര്‍ഘദൃഷ്ടി ആയും മാനവികതയും വിശാലകാഴ്ചപ്പാടുമായും വ്യാഖ്യാനിക്കാന്‍ പണ്ഡിതര്‍ ഉണ്ടായേനെ.

മറുപടി

1. അടിമത്ത വ്യവസ്ഥിതി ഇസ്ലാം ഘട്ടം ഘട്ടമായി ഇല്ലായ്മ ചെയ്തതിലൂടെ ഇന്നത്‌ നിശേഷം ഇല്ലാതായിരിക്കുന്നു. എന്നാല്‍ ശത്രുരാജ്യം ഇസ്ലാമിക രാഷ്ട്രവുമായി യുദ്ധത്തിലേര്‍പ്പെടുകയും മുസ്ലിംകളെ അടിമകളാക്കി വെക്കുകയും ചെയ്യുന്ന സാഹചര്യം പോലുള്ളവ ഇനിയും വന്നാല്‍ തിരിച്ചും അങ്ങനെ ചെയ്യേണ്ടി വരാം. മറ്റു ഓപ്ഷനുകള്‍ ഇല്ലെങ്കില്‍ . ഇത്രയുമാണ് ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം.

2. മുത്ത്‌അ വിവാഹം ഇജ്തിഹാദിലൂടെയല്ല നിരോധിച്ചത്. പ്രവാചകന്‍ തന്നെ അത് നിരോധിച്ചിട്ടുണ്ട്.

3. മൂന്നാമത്തെ നിര്‍ദേശം താങ്കളോട് ആവശ്യപ്പെട്ടത് ആ കാലക്കാര്‍ക്ക് പറഞ്ഞു കൊടുക്കാനല്ല. താങ്കളുടെ വാദം സമര്‍ഥിക്കാന്‍ മാത്രമാണ്. ജയിലില്‍ പാര്‍പ്പിക്കുക എന്ന ഓപ്ഷന്‍ ആണ് താങ്കള്‍ നിര്‍ദേശിച്ചത്. എന്നാല്‍ ആ കാലത്തെ സാഹചര്യം നമ്മള്‍ മനസ്സിലാക്കണം. ജയിലില്‍ പാര്‍പ്പിക്കുക എന്ന രീതി അന്ന് അപ്രായോഗികമായിരുന്നു. ഇന്നത്തെ രാഷ്ട്രസംവിധാനം മനസ്സില്‍ കണ്ടു കൊണ്ടാണ് താങ്കള്‍ അങ്ങനെ സംസാരിക്കുന്നത്.
ഇസ്ലാമില്‍ അടിമത്തം നിരോധിക്കപ്പെട്ടാല്‍ അവരില്‍നിന്നുള്ളവരെ അടിമകളാക്കുവാനോ വധിക്കുവാനോ മുസ്ലിംകള്‍ക്ക് കഴിയുകയില്ലെന്ന് ശത്രുക്കള്‍ക്കറിയാം. അതുകൊണ്ടുതന്നെ അവരില്‍നിന്ന് പിടിക്കപ്പെട്ട ബന്ദികള്‍ക്ക് പകരമായി മുസ്ലിംകളില്‍നിന്ന് പിടിക്കപ്പെട്ട ബന്ദികളെ സ്വതന്ത്രരാക്കുകയെന്ന പരസ്പര ധാരണക്ക് ശത്രുക്കള്‍ സന്നദ്ധരാവുകയില്ല. മുസ്ലിംകള്‍ക്കാണെങ്കില്‍ ശത്രുക്കളില്‍നിന്നുള്ള ബന്ദികള്‍ ഒരു തലവേദന മാത്രമായിത്തീരുകയും ചെയ്യും. ആയിരക്കണക്കിനാളുകള്‍ ബന്ദികളായി പിടിക്കപ്പെടുന്ന അവസരങ്ങളില്‍ അവര്‍ക്കെല്ലാം താമസിക്കാനാവശ്യമായ സൌകര്യങ്ങളുണ്ടാക്കുക ഏറെ ദുഷ്കരമായിത്തീരും. അവര്‍ക്കുള്ള ഭക്ഷണവും വസ്ത്രവുമെല്ലാം നല്‍കാന്‍ മുസ്ലിം സമൂഹം ബാധ്യസ്ഥമായിത്തീരും. അവര്‍ ഇവിടെ ഇസ്ലാമിക സമൂഹത്തിന്റെ സംരക്ഷണത്തില്‍ സുഖകരമായി ജീവിക്കുമ്പോള്‍ മുസ്ലിംകളില്‍നിന്ന് പിടിക്കപ്പെട്ട ബന്ദികള്‍ ഇസ്ലാമിന്റെ ശത്രുക്കളുടെ ക്രൂരതകള്‍ സഹിച്ച് അവര്‍ ഏല്‍പിക്കുന്ന കഠിനമായ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുകയാവും. യുദ്ധം ഇസ്ലാമിക സമൂഹത്തെ നശിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത ഒരു അവസ്ഥയാണ് ഇതുവഴി സംജാതമാവുക. അതുകൊണ്ടുതന്നെ ലോകം മുഴുവനായി അടിമത്തം നിരോധിക്കാത്ത അവസ്ഥയില്‍ ഇസ്ലാം അടിമത്തം നിരോധിച്ചിരുന്നുവെങ്കില്‍ അത് ആത്മഹത്യാപരമാകുമായിരുന്നു.


3 comments:

  1. Saudi preacher jailed 8 years for raping, killing daughter
    AFP | Oct 8, 2013

    "A few years ago, two burglars stole two sheep and were sentenced to five years in prison and lashes. How can a father who killed his daughter be condemned to such a light sentence?," she asked.

    http://timesofindia.indiatimes.com/world/middle-east/Saudi-preacher-jailed-8-years-for-raping-killing-daughter/articleshow/23734899.cms

    ReplyDelete
  2. ശത്രുക്കൾ മുസ്ലിം തടവ്‌ കാരെ അടിമ കൽ ആകിയതിനലാണ് ഇസ്ലാമിൽ അടിമ സമ്പ്രദായം മുഴുവനായി ഇല്ലാതാക്കാൻ പറ്റാതെ പോയത് .കാരണമായി പറയുന്നു; അവര് മുസ്ലിങ്ങളെ അടിമകൾആകി വെക്കുമ്പോൾ നമ്മളും അത് പോലെ അവരെയും ( ശത്രുകൾ) അടിമകൾ ആക്കി വെക്കണം, അല്ലാഞ്ഞാൽ മുസ്ലികല്ക് കനത്ത നാശം ആയിരിക്കും ഫലമെന്ന്. പറയുന്നത് ശരിയാ അതായിരിക്കാം. അത് കൊണ്ടായി രിക്കാം അടിമകളെ മുസ്ലിം യുദ്ധ പോരാളികൾ ലൈംഗിക പ്രവതിക്കും കൂട്ട് നില്ക്കാൻ കാരണം . ശത്രുക്കൾ അടികലായി പിടിച്ചവരെ ഇവരുടെ വാദ പ്രകാരം ലൈഗികമായും ഉപയോകിച്ചിട്ടു ഉണ്ടാവും. അപ്പോൾ അതെ പോലെ അവരുടെ അടിമകളെയും ലൈംഗിക മായി ഉപയോകിക്കണം . ഇങ്ങനെ ഒക്കേ ഉള്ളത് കൊണ്ടാവാം " തന്റെ ലൈംഗിക അവയവം തന്റെ ഭാര്യ യുടെ യും അടിമ യുടെയും മുന്നില് അല്ലാതെ കാണിക്കാൻ പാടില്ല" എന്നാ കുര്ഹാൻ വചനം ഉണ്ടാവാൻ കാരണം. പിന്നെ പകരതിന്നു പകരം എന്നാ മനുഷിയ രഹിതമായ വ്യവസ്ഥ ഉണ്ടാകാനും ഇതൊക്ക തന്നെ പ്രധാന കാരണം .

    ReplyDelete
  3. PLEASE VISIT THIS BLOG http://quranvimarsanam.blogspot.com/2009/05/blog-post_4958.html

    ReplyDelete

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...