Monday, December 28, 2015

പര്‍ദ്ദയും അര്‍ത്ഥശൂന്യ വിമര്‍ശനങ്ങളും

ര്‍ദ്ദയെ കുറിച്ച് വിമര്‍ശകര്‍ സ്ഥിരമായി ഉന്നയിച്ചുവരാറുള്ള ചില വിമര്‍ശനങ്ങളും അവക്കുള്ള മറുപടിയുമാണ്‌ ഈ പോസ്റ്റ്‌.

വാദം: പര്‍ദ്ദ സ്ത്രീയുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ തടയുന്നു. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു..
= ഒന്നാമത് ഇസ്ലാം സ്ത്രീയോട് പര്‍ദ്ദ ധരിക്കാനല്ല പറഞ്ഞത്, ഹിജാബ് ധരിക്കാനാണ്. സ്ത്രീയുടെ മുഖവും മുന്‍കയ്യും ഒഴിച്ചുള്ള ശരീരഭാഗങ്ങള്‍ മറയുന്നതും നിമ്നോന്നതങ്ങളെ പ്രകടിപ്പിക്കാത്തതും, അയവുള്ളതും ആര്‍ഭാടങ്ങളില്ലാത്തതും, മറ്റുള്ളവരില്‍ കാമം ഉണര്‍ത്തുന്ന തരത്തില്‍ പ്രിന്റുകള്‍ ഇല്ലാത്തതുമായ ഏതു തരത്തിലുള്ള വസ്ത്രവും ഹിജാബ് ആണ്. ഹിജാബിന് ഉദാഹരണമാണ് പര്‍ദ്ദ എന്ന് പറയാം. മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കുന്ന മറ്റുതരം വസ്ത്രങ്ങളും ഹിജാബ് തന്നെ.

ഈ വ്യവസ്ഥകള്‍ കൂടി ഒഴിവാക്കിക്കൊണ്ടുള്ള സ്വാതന്ത്ര്യമാണ് വിമര്‍ശകര്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ അവര്‍ ഉത്തരം പറയേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട്. വസ്ത്രധാരണ സ്വാതന്ത്ര്യത്തിന്റെ പരിധിയെത്രയാണ്? എന്താണ് അതിന്റെ മാനദണ്ഡം? വസ്ത്രം ധരിക്കാതെ പൊതുസ്ഥലത്ത് കൂടി നടക്കാനുള്ള സ്വാതന്ത്ര്യവും അതില്‍ പെടുമോ? ഇല്ലെങ്കില്‍ അത് വ്യക്തിയുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ തടയലല്ലേ? ഏതെങ്കിലും രാജ്യമോ നിയമമോ ഇത്തരം സ്വാതന്ത്ര്യത്തെ അനുവദിച്ചിട്ടുണ്ടോ? അതോ വ്യവസ്ഥകള്‍ വെച്ചിട്ടുണ്ടോ? ഇസ്ലാമിന് വസ്ത്രധാരണത്തില്‍ വ്യവസ്ഥകള്‍ വെക്കാന്‍ പാടില്ലെന്നും മറ്റുള്ളവര്‍ക്ക് ആകാമെന്നും പറയുന്നത് ഇരട്ടത്താപ്പല്ലേ?
വാദം: പര്‍ദ്ദ സ്ത്രീ വെറും ശരീരമാണെന്ന് ഓര്‍മിപ്പിക്കുന്ന വസ്ത്രമാണ്
= നേരെ തിരിച്ചാണ് വസ്തുത. സ്ത്രീ വെറും ശരീരമോ ആസ്വാദനവസ്തുവോ പ്രദര്‍ശന വസ്തുവോ അല്ലെന്നും ശരീരമല്ലാത്ത സ്ത്രീയെ പുരുഷന്മാര്‍ കാണണമെന്നും ഓര്‍മിപ്പിക്കുന്ന ഒന്നാണ് ഹിജാബ്.

സ്ത്രീയെ വെറും ശരീരമാക്കുന്നത് ബിക്കിനിയും സെക്സിയായ വസ്ത്രവുമാണ്. പുരുഷനു ആസ്വദിക്കാനും പുരുഷനെ ആകര്‍ഷിക്കാനും ഉള്ള ഒരു പ്രദര്‍ശനവസ്തുവാക്കി മാറ്റുന്നു അത്തരം വസ്ത്രങ്ങള്‍. നിര്‍ഭാഗ്യവശാല്‍ അത് പുരോഗമനവും ഹിജാബ് അപരിഷ്കൃതവും ആയിട്ടാണ് വിമര്‍ശകര്‍ കാണുന്നത്.
വാദം: പര്‍ദ്ദ സ്ത്രീയില്‍ അടിച്ചേല്‍പ്പിക്കുന്നു എന്നതല്ലേ സത്യം? അവസരം കിട്ടിയാല്‍ അത് ഒഴിവാക്കിക്കളയാന്‍ സ്ത്രീ ആഗ്രഹിക്കുന്നില്ലേ?
= സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം ഹിജാബ് ധരിച്ചാല്‍ വിമര്‍ശകര്‍ക്ക് എതിര്‍പ്പില്ല എന്നാണ് ഈ ചോദ്യത്തിന്റെ അര്‍ഥം. പര്‍ദ്ദ ധരിച്ചുനടക്കുന്ന സ്ത്രീകളൊക്കെ പുരുഷന്മാരുടെ നിര്‍ബന്ധം കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്ന് ആരാണ് ഇവരോട് പറഞ്ഞത്? ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായാല്‍ തന്നെ അത് സാമാന്യവല്ക്കരിക്കുന്നത് ശരിയല്ല. അത്തരം കാര്യങ്ങള്‍ സാരിയും ചുരിദാറും പോലെ ഇതരവസ്ത്രങ്ങള്‍ ധരിക്കുന്നവരുടെ കാര്യത്തിലും കാണും.   

ഹിജാബ് ഇസ്ലാമിനെയും അതിന്റെ നിയമങ്ങളെയും അംഗീകരിക്കുന്നവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. അത് സര്‍വാത്മനാ സ്വീകരിച്ചവര്‍ മാത്രമേ ഹിജാബും സ്വീകരിക്കേണ്ടതുള്ളൂ. അതില്‍ അടിച്ചേല്‍പ്പിക്കുന്ന പ്രശ്നമില്ല. അടിച്ചേല്‍പ്പിക്കുന്നതു ഇസ്ലാമികവുമല്ല.
"ഞാന്‍ മുസ്ലിമാണ് എന്നാല്‍ ഹിജാബ് ധരിക്കില്ല" എന്ന് പറയുന്നവര്‍  വൈരുദ്ധ്യമാണ് പറയുന്നത്. "ഞാന്‍ മുസ്ലിമല്ല, അതിനാല്‍ ഹിജാബ് ധരിക്കുകയില്ല.." എന്നാണ് പറയുന്നതെങ്കില്‍ അതില്‍ വൈരുധ്യമില്ല. 

മറ്റൊന്ന് ഹിജാബ് സര്‍വാത്മനാ സ്വീകരിക്കുന്നവരാണ് ഭൂരിപക്ഷം മുസ്ലിം സ്ത്രീകള്‍. പര്‍ദ്ദ ധരിക്കുന്ന സ്ത്രീകള്‍ വര്‍ധിച്ചിരിക്കുന്നു. ഇതൊക്കെ അടിച്ചേല്‍പ്പിച്ചതാണ് എന്ന് പറയാന്‍ തെളിവൊന്നുമില്ല. അതവരുടെ മാന്യമായ കര്‍മത്തിനോ ജോലിക്കോ വ്യക്തിത്വത്തിണോ വിഘാതം സൃഷ്ടിച്ചിട്ടില്ല.

അവസരം കിട്ടിയാല്‍ പര്‍ദ്ദയോ അല്ലെങ്കില്‍ സമാനമായ വസ്ത്രങ്ങളോ ഉപേക്ഷിക്കുന്നവര്‍ ഉപേക്ഷിക്കട്ടെ. പക്ഷെ അത് ഇസ്ലാമികമാണെന്ന് വാദിക്കരുത്. അവസരം കിട്ടിയാല്‍ ഉപേക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന വസ്ത്രത്തില്‍ ഹിജാബ് മാത്രമല്ല മറ്റ് വസ്ത്രങ്ങളും വരും എന്നോര്‍ക്കുക. സാരി ധരിച്ചു നടക്കുന്ന സ്ത്രീക്ക് ഒരു പക്ഷെ ബിക്കിനി ധരിച്ചു നടക്കാന്‍ ആഗ്രഹം കാണും. വസ്ത്രമില്ലാതെ നടക്കാനും ആഗ്രഹിക്കുന്നവര്‍ ഉണ്ട്. തരം കിട്ടിയാല്‍ അതും അവര്‍ ചെയ്യും. മദ്യം തിന്മയാണ്, ദോഷമാണ് എന്ന് അറിഞ്ഞു കൊണ്ടുതന്നെ തരം കിട്ടിയാല്‍ മദ്യപിക്കുന്നവര്‍ ഉണ്ട്. വ്യഭിചാരം തിന്മയാണ് എന്ന് ബോധ്യമുള്ളതോടൊപ്പം തരം കിട്ടിയാല്‍ വ്യഭിച്ചരിക്കുന്നവരും ഉണ്ട്. മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന ഇത്തരം തിന്മകളെ അവസരം കിട്ടിയാല്‍ ഉണര്‍ത്താന്‍ ആഗ്രഹിക്കുന്നതും തെറ്റെന്നു ബോധ്യമുള്ളതോടൊപ്പം അത് ചെയ്യുന്നതും മനുഷ്യപ്രകൃതമാണ്. ആ വാസനകളെ സമൂഹത്തിന്റെയും തന്റെ തന്നെയും സുരക്ഷക്ക് വേണ്ടി ഒതുക്കുന്നിടത്താണ് ഒരു യഥാര്‍ത്ഥമനുഷ്യന്‍ പിറക്കുന്നത്.
വാദം: മുസ്ലിം സ്ത്രീകളുടെ പര്‍ദ്ദയും കന്യാസ്ത്രീകളുടെ വേഷവും താരതമ്യം ചെയ്തു പര്‍ദയെ ന്യായീകരിക്കുന്നത് വിഡ്ഢിത്തമാണ്. കാരണം കന്യാസ്ത്രീകള്‍ പ്രത്യേക ജീവിതരീതി സ്വീകരിച്ചവരാണ്. അവരാകട്ടെ ന്യൂനാല്‍ന്യൂനപക്ഷവും.
= ഈ ന്യായങ്ങള്‍ അര്‍ത്ഥശൂന്യമാണ്. കന്യാസ്ത്രീകള്‍ ഒരു പ്രത്യേക ജീവിതരീതി പിന്തുടരുന്നവര്‍ ആണെങ്കില്‍ മുസ്ലിം സ്ത്രീകളും ഒരു ആദര്‍ശജീവിതരീതി പിന്തുടരുന്നവര്‍ ആണ്. അവര്‍ മുസ്ലിംകള്‍ ആണ്. അഥവാ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കുമെന്ന് തീരുമാനിച്ചവര്‍. ശരീരം തുറന്നു കാട്ടി ഒരു പ്രദര്‍ശനവസ്തുവാകാന്‍ തയ്യാറാവില്ല എന്ന് തീരുമാനിച്ചവര്‍. അപ്പോള്‍ അവര്‍ ഹിജാബ് സ്വീകരിക്കുന്നു.

ന്യൂനാല്‍ന്യൂനപക്ഷം എന്ന ന്യായത്തിനും പ്രസക്തിയില്ല. എത്രപേര്‍ ധരിക്കുന്നു എന്ന് നോക്കിയാണോ ഒരു സംഗതിയുടെ ന്യായാന്യായത തീരുമാനിക്കുന്നത്? എത്രവരെ പേര്‍ക്ക് ഇത് സ്വീകരിക്കാമെന്ന് കൂടി പറഞ്ഞാല്‍ ഉപകാരമായിരുന്നു. ന്യൂനപക്ഷം സ്ത്രീകള്‍ ധരിക്കുമ്പോള്‍ ഉണ്ടാകാത്ത എന്തുപ്രശ്നമാണ്  ഒരു സമൂഹത്തിലെ മുഴുവന്‍ പേരും ഹിജാബ് ധരിക്കുമ്പോള്‍ ഉണ്ടാകുന്നതെന്ന് വിമര്‍ശകര്‍ വ്യക്തമാക്കട്ടെ. സ്വാതന്ത്ര്യം എന്നതാണ് പ്രശ്നമെങ്കില്‍ (അങ്ങനെയൊരു വാദം അടിസ്ഥാനരഹിതമാണ് എന്നത് വേറെ കാര്യം) ന്യൂനപക്ഷത്തിന്റെ സ്വാതന്ത്ര്യത്തിനു വിലയില്ലെന്നാണോ?

മുമ്പൊക്കെ പര്‍ദ്ദക്കെതിരെ മൊത്തം വിമര്‍ശനമായിരുന്നു. ഇപ്പോള്‍ കഥയൊക്കെ മാറി. കറുത്ത കളര്‍ ആണ് പ്രശ്നം, എല്ലാവരും ധരിക്കുന്നതാണ് പ്രശ്നം, എന്നും ധരിക്കുന്നതാണ് പ്രശ്നം!!
വാദം: "നായ നമ്മെ കടിക്കും എന്നുണ്ടെങ്കില്‍ നമ്മള്‍ കെട്ടിയിടുക നായയെയാണ്. മനുഷ്യരെയല്ല. കണ്ടുപോയാല്‍ നിയന്ത്രണം വിടുമെങ്കില്‍ മൂടിവെക്കേണ്ടതു പുരുഷന്റെ കണ്ണുകളാണ്. അല്ലാതെ സ്ത്രീയുടെ മുഖമല്ല."
= ഈ ദുര്‍ന്യായം ശ്രീ എം.എന്‍ കാരശ്ശേരിയുടെ വകയാണ്.

കണ്ടുപോയാല്‍ നിയന്ത്രണം വിടുമെങ്കില്‍ മൂടിവെക്കേണ്ടതു പുരുഷന്റെ കണ്ണുകളാണ് എന്ന് കാരശ്ശേരി പറഞ്ഞുവല്ലോ. വാസ്തവത്തില്‍ ഇത് ഇസ്ലാം പഠിപ്പിക്കുന്നതാണ്. സ്ത്രീയോട് മാന്യമായി വസ്ത്രം ധരിക്കാന്‍ പഠിപ്പിച്ച ഇസ്ലാം പുരുഷനോട് അവന്റെ കണ്ണുകള്‍ താഴ്ത്താനും പറഞ്ഞിട്ടുണ്ട്. സ്ത്രീക്കും പുരുഷനും നിയന്ത്രണവും നിയമവുമുണ്ട് എന്നര്‍ത്ഥം.

സ്ത്രീയുടെ മുഖം മറക്കല്‍ എന്ന വിഷയത്തിന്റെ നിജസ്ഥിതി മുകളില്‍ പറഞ്ഞതാണല്ലോ.

ഇനി നായയെ വെച്ചുള്ള ന്യായവാദം നോക്കാം. ഇദ്ദേഹത്തിന്റെ ഉപമയുടെ പൊള്ളത്തരം ആര്‍ക്കും അനായാസം മനസ്സിലാവും. നായ നമ്മെ കടിക്കുമെങ്കില്‍ രണ്ടു കാര്യങ്ങളാണ് ബുദ്ധിയുള്ളവര്‍ ചെയ്യുക. ഒന്ന് കടിക്കുന്ന നായയുടെ അടുത്ത് പോയി കടിക്കാന്‍ അവസരം കൊടുക്കാതിരിക്കുക. രണ്ട് നായയെ കെട്ടിയിടുക. എം.എന്‍ കാരശ്ശേരിക്ക് പക്ഷെ ആദ്യത്തേത് ഒട്ടും പറ്റില്ല. നായയെ കെട്ടിയിട്ടോളൂ, കടിക്കാന്‍ പാകത്തിന് ഞങ്ങള്‍ ചെന്നുകൊടുക്കും എന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്!!!

ലോകത്തുള്ള നായകള്‍ എല്ലാം കടിക്കുമോ, ഉണ്ടെങ്കില്‍ എപ്പോള്‍ കടിക്കും എന്നൊക്കെ അറിയാത്തത് കൊണ്ട് ബുദ്ധിയുള്ളവര്‍ എന്താണ് ചെയ്യേണ്ടത്? നമ്മുടെ സുരക്ഷക്ക് ആവശ്യമായ കാര്യം ചെയ്യും. കഴിയുമെങ്കില്‍ നായയെ കെട്ടിയിടും.
വാദം: ഞങ്ങള്‍ പര്‍ദ്ദ ധരിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം ആണെന്ന് ചില സ്ത്രീകള്‍ പറയാറുണ്ട്‌. അവര്‍ തടവറയെ സ്നേഹിക്കുന്ന തടവുകാരനെ പോലെയോ ചങ്ങലയെ സ്നേഹിക്കുന്ന അടിമയെപ്പോലെയോ ആണ്.
= വിമര്‍ശകരുടെ തനിനിറം ഇതിലൂടെ വെളിപ്പെടുന്നു. സ്ത്രീവര്‍ഗത്തോടുള്ള സ്നേഹമല്ല, അന്ധമായ ഇസ്ലാം വിരോധം മാത്രമാണ് ഇവര്‍ക്കുള്ളത്.  സ്ത്രീ സ്വന്തം ഇഷ്ടപ്രകാരമാണ് ഹിജാബ് ധരിക്കുന്നതെന്ന് തുറന്നു പറയാന്‍ തുടങ്ങിയപ്പോള്‍ ഇക്കൂട്ടര്‍ക്ക് നില്ക്കക്കള്ളിയില്ലാതായി. അതിന്റെ ഭാഗമായി കാണിക്കുന്ന കരണംമറിച്ചില്‍ ആണിത്. 

"ഞാന്‍ മരിച്ചിട്ടില്ല" എന്ന് പറഞ്ഞ ഭര്‍ത്താവിനോട് "നിങ്ങള്‍ മരിച്ചെന്നു നിങ്ങളെക്കാള്‍ വിവരമുള്ള ഡോക്ടര്‍ പറഞ്ഞല്ലോ" എന്ന ഭാര്യയുടെ മറുപടിയെ അനുസ്മരിപ്പിക്കുന്നു ഇവരുടെ ജല്‍പ്പനങ്ങള്‍ എന്ന് മാത്രമേ ഇതിനെകുറിച്ച് പറയാനുള്ളൂ. ഇസ്ലാം വിരോധത്തിന്റെയും ഹിജാബ് വിരോധത്തിന്റെയും തടവറയില്‍ കഴിയുന്ന ഈ അടിമകളെ ഓര്‍ത്ത് സഹതപിക്കുക. 

1 comment:

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...