Sunday, June 3, 2012

ഒരു കുപ്പായത്തിന്റെ ആദ്യരാത്രി, അവസാനത്തേയും



ബാല്യകാലം അത്ര മധുരതരമായ ഓര്‍മ്മകളൊന്നും എനിക്ക് നല്‍കിയിട്ടില്ല. എങ്കിലും Remembrance of past sorrows is joyful എന്നാണല്ലോ. അന്നത്തെ ദുഃഖങ്ങള്‍ ഇന്ന് ഓര്‍ത്ത്‌ ചിരിക്കാനുള്ള വകകള്‍ നല്‍കുമെന്നത് ഒരു വസ്തുതയാണ്. അങ്ങനെയുള്ള ഒരു ഓര്‍മ നിങ്ങളുമായി പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു.
LP സ്കൂളില്‍ പഠിക്കുന്ന കാലമാണ്. നീലനിറമുള്ള, ബട്ടന്‍സിനു പകരം മൊട്ടു സൂചി കുത്തിയ ഒരു കുപ്പായം മാത്രമായിരുന്നു സ്കൂളില്‍ പോകാന്‍ എനിക്കുണ്ടായിരുന്നത്. പിന്നെ അങ്ങിങ്ങായി ഭൂപടത്തിലെ ദ്വീപുസമൂഹങ്ങള്‍ പോലെ കറകള്‍ പിടിച്ച വെള്ള തുണിയും. ഉള്ളത് അലക്കിയും മിനുക്കിയും പരമാവധി ഉപയോഗപ്പെടുത്തുക എന്നതായിരുന്നു പോളിസി. അങ്ങനെയല്ലേ പറ്റൂ... വേറെ ഒരു ചോയ്സ് ഉണ്ടായിരുന്നില്ല. 

പുതിയൊരു ഷര്‍ട്ടും തുണിയും വേണമെന്ന് ഞാന്‍ വീട്ടില്‍ വാശി പിടിക്കും. പെരുന്നാളാകട്ടെ, വാങ്ങിത്തരാം എന്നാവും മറുപടി. അന്ന് അങ്ങനെയാണ്. പെരുന്നാളോ നബിദിനമോ വന്നാലാണ് പുതിയ വസ്ത്രം കിട്ടുക. അത് തന്നെ ഒന്നുകില്‍ തുണി, അല്ലെങ്കില്‍ കുപ്പായം. രണ്ടും കൂടി കിട്ടുക വളരെ അപൂര്‍വമായിരുന്നു.
എന്നാല്‍ പെരുന്നാളിന് മാസങ്ങള്‍ ബാക്കി കിടപ്പുണ്ട്. അത് വരേയ്ക്കും എങ്ങനെ ഈ ഷര്‍ട്ടിലും തുണിയിലും അഡ്ജസ്റ്റ്‌ ചെയ്യും? ഞാന്‍ നിരാശനായി. 
അപ്പോഴാണ്‌ ദൈവദൂതനെ പോലെ ഗള്‍ഫില്‍ നിന്നും എന്റെ ഒരു അടുത്ത ബന്ധു വരുന്നത്. അദ്ദേഹം വീട്ടില്‍ വന്നു. എല്ലാവരെയും കണ്ടു. പെന്നും പെന്സിലുമൊക്കെ തന്നു. 

കൂട്ടത്തിലതാ..... 
ഹോ!! എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നല്ല ഒന്നാന്തരം ഇളം നിറമുള്ള കള്ളി ഷര്‍ട്ട്. എനിക്ക് വേണ്ടി... 
കുറച്ചു നാളായി ആശിച്ചു നടക്കുന്ന ഒന്ന് പൊടുന്നനെ ലഭിച്ചപ്പോള്‍ എനിക്കുണ്ടായ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. 

അക്കാലത്ത് ഞാന്‍ രാത്രി പള്ളിദര്‍സില്‍ പോകുമായിരുന്നു. ഞാനും എന്റെ അടുത്ത നാലഞ്ചു കൂട്ടുകാരും ഒരുമിച്ചു മഗ് രിബിനു മദ്രസാപുസ്തകങ്ങളും കൊണ്ട് പള്ളിയില്‍ പോകും. എന്നിട്ട് പള്ളിയിലെ ഉസ്താദിന്റെ കീഴില്‍ ഉറക്കെ കിതാബുകള്‍ വായിച്ചു പഠിക്കും. ഒരു പാട് പേര് കാണും. എല്ലാവരും കൂടി വലിയ ഉച്ചത്തില്‍ മത്സരിച്ചാണ് വായിക്കുക. വലിയ ഹരമായിരുന്നു അത്. പള്ളി ദര്‍സില്‍ പോകുന്നതും പഠിക്കുന്നതുമൊക്കെ മൊത്തത്തില്‍ ഒരു ഹരമായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തെക്കാള്‍ അതിനായിരുന്നു പ്രാധാന്യം. 

പള്ളി ദര്‍സില്‍ പോയാല്‍ വേറെയും ഗുണമുണ്ടായിരുന്നു. നാട്ടില്‍ ഒരാള്‍ മരിച്ചാല്‍ പള്ളിയില്‍ വെച്ച് പരേതന് വേണ്ടി പ്രാര്‍ഥിക്കും. ഒപ്പം പലഹാരങ്ങളോ പായസമോ ഒക്കെ വിതരണം ചെയ്യുകയും ചെയ്യും. അക്കാലത്തെ 'മാധുര്യം' നിറഞ്ഞ അപൂര്‍വം ചില ഓര്‍മയാണിത്. (ഇതിലെ ക്രൂരമായ തമാശ: ആരെങ്കിലും മരിച്ചാല്‍ 'ഹായ്‌' എന്ന മട്ടായിരുന്നു ഞങ്ങള്‍ക്ക്). 

ദര്‍സ് വിട്ടു കഴിഞ്ഞാല്‍ സമയം ഒരു പാടാകും. ഞങ്ങളെല്ലാവരും കൂടി ഇരുട്ടത്ത് ഒച്ചയിട്ടു വെടി പറഞ്ഞാണ് മടങ്ങുക.

കഥ നടക്കുന്ന പശ്ചാത്തലം ഏതാണ്ട് മനസ്സിലായല്ലോ. അങ്ങനെ അന്നും ഞാന്‍ പള്ളി ദര്‍സില്‍ പോകാന്‍ ഒരുങ്ങി. എനിക്ക് കിട്ടിയ പുതുപുത്തന്‍ ഷര്‍ട്ടുമായി. പള്ളിയില്‍ പോയിതന്നെയാവട്ടെ ഈ ഷര്‍ട്ടിന്റെ ഉദ്ഘാടനം എന്ന് ഞാന്‍ തീരുമാനിച്ചു. 

പള്ളിയില്‍ പോയി.. പതിവ് പോലെ എട്ടു ദിക്കും പൊട്ടുമാര്‍ ഉച്ചത്തില്‍ വായന നടന്നു. ഇടയ്ക്കു കൂട്ടുകാര്‍ എന്റെ പുതിയ കുപ്പായത്തിനു 'കോടിക്കുത്തു' തന്നു. (പുതിയ കുപ്പായമിട്ടാല്‍ അങ്ങനെയൊരു പ്രശ്നമുണ്ട്. എല്ലാവരും അവന്റെ പുറത്തു കുത്തും. അതാണ്‌ കോടിക്കുത്ത് എന്ന പീഡനം). 

പള്ളിയില്‍ നിന്ന് മടങ്ങുമ്പോള്‍ റോഡിനു സൈഡില്‍ കിടക്കുന്ന കരിങ്കല്‍ കഷണങ്ങള്‍ റോഡില്‍ എറിഞ്ഞു കളികുക ഒരു വിനോദമായിരുന്നു ഞങ്ങള്‍ക്ക്. അന്നും തോന്നി ആ പൂതി. ഞങ്ങള്‍ കല്ലുകള്‍ പെറുക്കി റോഡിലേക്ക് ശക്തിയില്‍ എറിഞ്ഞു. ഇരുട്ടത്ത് തീപ്പൊരി പാറുന്ന കാഴ്ച കണ്ടു രസിച്ചു... 
പിന്നെ അതൊരു മത്സരമായി... ആരാണ് ഏറ്റവും നന്നായി തീപ്പൊരി പാറിക്കുന്നത് എന്നൊരു മല്‍സരം തന്നെ ഞങ്ങള്‍ നടത്താന്‍ തുടങ്ങി. റോഡില്‍ കല്ലുകള്‍ ഊക്കോടെ പതിച്ചു കൊണ്ടിരുന്നു. 
പെട്ടന്നതാ ഒരു ജീപ്പ് വരുന്നു. ചുവന്ന ലൈറ്റ് കത്തിച്ചു കൊണ്ട്. പക്ഷെ ഞങ്ങള്‍ അത് കാര്യമാക്കാതെ കല്ലേറ് തുടര്‍ന്നു.കല്ലുകള്‍ ചിലത് ജീപിന്റെ ബോഡിയില്‍ പതിച്ചു. അപ്പോഴാണ്‌ ഞങ്ങള്‍ക്ക് ബോധോദയം ഉണ്ടായത്. 
പടച്ചോനെ.... പോലീസ്‌ ജീപ്പാണല്ലോ അത്...
ജീപ്പ് അല്‍പ്പം മുമ്പോട്ട്‌ പോയി.. പിന്നെ റിവേര്‍സ് വരാന്‍ തുടങ്ങി. 
ഞങ്ങള്‍ സര്‍വ ശക്തിയുമെടുത്ത് ഓടാന്‍ തുടങ്ങി. 
ചെരിപ്പൂരിയാണ് ഞാന്‍ ഓടിയത്. കയറ്റമുള്ള റോഡായതിനാല്‍ ഓട്ടത്തിന് സ്പീഡ്‌ പോരാ.
ഒളിമ്പിക്സ് ഓട്ടമത്സരത്തിലെ ഇന്ത്യന്‍ കായികതാരത്തെ പോലെയാണ് എന്റെ ഓട്ടം. ബഹുദൂരം പിന്നില്‍ ... സുഹൃത്തുക്കള്‍ കുറെ മുമ്പിലും... എന്റെ ഹൃദയം പടപടാന്നു മിടിച്ചു. കാലുകള്‍ തളരുന്നു... നീങ്ങാത്തത് പോലെ....

കയറ്റം കഴിഞ്ഞാല്‍ ജങ്ങ്ഷന്‍ ആണ്. എന്റെ ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ -അവര്‍ സഹോദരന്മാരാണ്- അവരുടെ ബാപ്പയുടെ ഹോട്ടലിലേക്ക് കയറി രക്ഷപ്പെട്ടു. മറ്റൊരുത്തന്‍ അതിവേഗത ഉള്ളത് കൊണ്ട് എപ്പോഴേ തടിയൂരിക്കഴിഞ്ഞു. വേറൊരുത്തന്റെ അഡ്രസേ ഇല്ല. 
ഞാന്‍ പിന്നിലായത് കൊണ്ട് ജീപ്പ് റിവേര്‍സില്‍ വരുന്നത് എന്നെ ലക്ഷ്യമാക്കിയാണ്. ഞാന്‍ തളര്‍ന്നു. പെട്ടന്നതാ ഇടതു വശത്തു ഒരു കെട്ടിടത്തിന്റെ ഇരുള്‍ നിറഞ്ഞ മറ!! ഞാന്‍ വേഗം അങ്ങോട്ടോടി...കെട്ടിടത്തിന്റെ മറവില്‍ , അതിന്റെ ചുമരില്‍ ചാരി കുറെ നേരം അനങ്ങാതെ ശ്വാസമടക്കിപ്പിടിച്ചു നിന്നു. 
പോലിസ്‌ ജീപ്പ് അങ്ങാടിയില്‍ വന്നു അല്‍പ്പനേരം നിറുത്തിയിട്ടു. പിന്നെ തിരിച്ചു പോയി.
ഞാന്‍ ആശ്വാസത്തോടെ ഒന്ന് നെടുവീര്‍പ്പിട്ടു പിന്നെയും ചുമര്‍ ചാരി നിന്നു. കിതപ്പൊന്നു അമര്‍ന്നപ്പോള്‍ പതുക്കെ ഇറങ്ങി. 

നാട്ടുകാരില്‍ ചിലര്‍ എന്നോട് കാര്യം തിരക്കി... ഒന്നുമില്ല എന്ന് പറഞ്ഞു വേഗം തടി തപ്പി. വന്ന വഴിക്ക് ഞാന്‍ നടന്നു. ഊരിയിട്ട ചെരിപ്പുകള്‍ ഒരു വിധം തപ്പിയെടുത്തു. പിന്നെ വീട്ടിലേക്ക്. 
വീട്ടിലെത്തിയപ്പോള്‍ ഒന്നും സംഭവിക്കാത്തത് പോലെ ഞാന്‍ വേഷം മാറി, ഭക്ഷണം കഴിച്ചു കിടന്നുറങ്ങി. 

പിറ്റെന്നു ഞാന്‍ എണീറ്റു മദ്രസയില്‍ പോകാന്‍ വേണ്ടി എന്റെ പുത്തന്‍ കുപ്പായം എടുത്തു...
ഒരു നിമിഷം.. 
ഞാനൊന്ന് ഞെട്ടി. വല്ലാത്തൊരു ഞെട്ടല്‍ ...
എന്റെ ഷര്‍ട്ടിന്റെ ബാക്ക് മുഴുവനും പെയിന്റ് നിറഞ്ഞു അലങ്കൊലമായിരിക്കുന്നു...!!! 
ഇതെങ്ങനെ സംഭവിച്ചുവെന്ന് മനസ്സിലാക്കാന്‍ അധിക അമയമെടുത്തില്ല. ചുമരില്‍ കുറെ നേരം ചാരിനിന്ന കാര്യം ഞാന്‍ ഓര്‍ത്തു. ദര്സിലേക്ക് പോകുമ്പോള്‍ ആ കെട്ടിടത്തിന്റെ ചുമരില്‍ പെയിന്റ് അടിക്കുന്നത് ഞാന്‍ കണ്ടിരുന്നു. ഉണങ്ങാത്ത പെയിന്റില്‍ ചാരിയാണ് താന്‍ കുറെ നേരം നിന്നത്...!!!

ചുരുക്കിപ്പറഞ്ഞാല്‍ ....
പുതിയ ഷര്‍ട്ടിന്റെ മരണം അവിടെ സംഭവിച്ചു... 
ഒരു രാത്രി മാത്രം ആയുസുണ്ടായിരുന്ന ആ ഇളം നിറമുള്ള ഷര്‍ട്ട്‌ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു....

1 comment:

  1. നന്നായിട്ടുണ്ട് സുഹൃത്തേ. കണ്ണീരും പുഞ്ചിരിയും ചാലിച്ച വേറെയും കുറെ ബാല്യകാല സ്മരണകള്‍ അലി പണ്ട് പങ്കുവയ്ക്കാറുണ്ടായിരുന്നു. ജീവസ്സുറ്റ ബ്ലോഗുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാ ഭാവുകങ്ങളും

    ReplyDelete

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...