Monday, June 25, 2012

എത്യോപ്യയിലെ സംവാദം


ക്കയിലെ ശത്രുക്കളുടെ കൊടിയ പീഡനം സഹിക്കാന്‍ വയ്യാതായപ്പോള്‍ പ്രവാചകന്‍ (സ) തന്റെ അനുചരന്മാരോട് പറഞ്ഞു: "ഇവിടെയുള്ള അവസ്ഥ മാറുന്നത് വരെ നിങ്ങള്‍ ഹബ്ശ (എത്യോപ്യ) യിലേക്ക്‌ പാലായനം ചെയ്യുക. അവിടെ നീതിമാനായ ഒരു ഭരണാധികാരി ഉണ്ട്. ആരും അക്രമിക്കപ്പെടാത്ത, സത്യസന്ധതയുടെ നാടാണത്."
ഇസ്ലാമിക ചരിത്രത്തിലെ ആദ്യ ഹിജ്റ (പലായനം) അങ്ങനെ ആരംഭിക്കുകയായി.
പതിനാലു പേര്‍ അടങ്ങിയ ഒരു സംഘം സ്വഹാബികളാണ് ആ യാത്രയില്‍ ഉണ്ടായിരുന്നത്. അതിനെ തുടര്‍ന്ന് ഒറ്റക്കും കൂട്ടായും സ്വഹാബികള്‍ പലായനം നടത്തി. ഹബ്ശയിലെ രാജാവായിരുന്ന നജ്ജാശി (നേഗസ്‌) അവരെ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും അവര്‍ക്ക്‌ സംരക്ഷണം നല്‍കുകയും ചെയ്തു. 
എന്നാല്‍ ഈ വിവരം മക്കയിലെ ഖുറൈശി പ്രമുഖര്‍ അറിഞ്ഞു. ഉടന്‍ തന്നെ നജ്ജാശി രാജാവിനും അവിടത്തെ മറ്റു പ്രമുഖര്‍ക്കുമുള്ള വളരെ വിലകൂടിയ ഉപഹാരങ്ങളും കൊണ്ട് രണ്ടു പേരെ എത്യോപയിലെക്ക് പറഞ്ഞയച്ചു. അബ്ദുല്ലാഹിബ്നു അബീറബീഅയും അംറുബ്നു ആസും ആയിരുന്നു ആ രണ്ടു പേര്‍ . 
അവര്‍ എത്യോപയിലെത്തി ആദ്യം ചെയ്തത് അവിടത്തെ നേതാക്കന്മാരെ ഉപഹാരം നല്‍കി വശീകരിക്കുകയായിരുന്നു. ശേഷം അവര്‍ രാജസന്നിധിയിലെത്തി നജ്ജാശിയോട് പറഞ്ഞു: 
"ഞങ്ങളുടെ നാട്ടില്‍ നിന്ന് കുറെ വിഡ്ഢികളായ ആളുകള്‍ താങ്കളുടെ നാട്ടില്‍ അഭയം തേടി വന്നിരിക്കുകയാണ്. അവരുടെ സമുദായത്തിന്റെ മതം അവര്‍ കയ്യൊഴിഞ്ഞു. എന്നാല്‍ നിങ്ങളുടെ മതം അവര്‍ സ്വീകരിച്ചിട്ടുമില്ല. പകരം ഞങ്ങള്‍ക്കോ നിങ്ങള്‍ക്കോ അറിയാത്ത പുതിയൊരു മതം അവര്‍ സ്വീകരിച്ചിരിക്കുന്നു. അവരെ കുറിച്ച് നന്നായി അറിയാവുന്ന അവരുടെ കുടുംബത്തിലെ പ്രധാനികള്‍ അവരെ മടക്കി കൊണ്ട് പോകുന്നതിനു ഞങ്ങളെ പറഞ്ഞയച്ചിരിക്കുകയാണ്".
ഉപഹാരം വാങ്ങിയിരുന്ന നേതാക്കന്മാര്‍ ഉടന്‍ തന്നെ അവരെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു:
"രാജാവേ, ഇവര്‍ പറയുന്നത് സത്യമാണ്. അവരെ ഇവര്‍ക്ക്‌ വിട്ടു കൊടുക്കുക."
ഇത് കേട്ട് നജ്ജാശിക്ക് കോപം വന്നു. തന്റെ നാട്ടില്‍ അഭയം തേടി വന്നവരെ അവരുടെ ശത്രുക്കള്‍ക്ക് വിട്ടു കൊടുക്കുകയില്ലെന്നു അദ്ദേഹം തീര്‍ത്ത്‌ പറഞ്ഞു. 
നജ്ജാശി പിന്നെ ചെയ്തത് മറ്റൊന്നായിരുന്നു. അദ്ദേഹം മുസ്ലിംകളെയും ക്രൈസ്തവ പണ്ഡിതന്മാരെയും വിളിച്ചു വരുത്തി. എന്നിട്ട് മുസ്ലിംകളോട് ചോദിച്ചു: 
"സ്വന്തം സമൂഹത്തെ ഉപേക്ഷിച്ച നിങ്ങള്‍ എന്റെ മതമോ അറിയപ്പെട്ട മറ്റു മതങ്ങളോ സ്വീകരിക്കാതിരുന്നത് എന്ത് കൊണ്ട്?"
ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത് നബി (സ)യുടെ പിതൃവ്യപുത്രനായ ജഅ്ഫറുബ്നു അബീ ത്വാലിബ്‌ (റ) ആയിരുന്നു. അദ്ദേഹം പറഞ്ഞു:
"രാജാവേ, ഞങ്ങള്‍ വിവരമില്ലാത്ത ഒരു സമൂഹമായിരുന്നു. വിഗ്രഹാരാധന നടത്തുകയും ശവം തിന്നുകയും വൃത്തികേടുകള്‍ നടത്തുകയും ബന്ധങ്ങള്‍ മുറിക്കുകയും അയല്‍ക്കാരെ ഉപദ്രവിക്കുകയും ചെയ്തവര്‍ . ഞങ്ങളില്‍ ശക്തന്മാര്‍ ബലഹീനരെ ആക്രമിച്ചിരുന്നു. അള്ളാഹു ഞങ്ങളില്‍ നിന്ന് തന്നെ ഒരു ദൂതനെ ഞങ്ങളിലേക്ക് അയച്ചു. അദ്ദേഹത്തിന്‍റെ കുടുംബമഹിമയും സത്യസന്ധതയും വിശ്വസ്തതയും ഞങ്ങള്‍ക്കറിയാം. അല്ലാഹുവിനെ ഏകനായി അംഗീകരിച്ച് ആരാധിക്കുന്നതിനും വിഗ്രഹാരാധന വര്‍ജ്ജിക്കുന്നതിനും അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു. സത്യസന്ധതയും വിശ്വസ്തതയും മുറുകെ പിടിക്കണമെന്നും കുടുംബബന്ധം ചേര്‍ക്കണമെന്നും അയല്‍ക്കാര്‍ക്ക് ഗുണം ചെയ്യണമെന്നും ആദരണീയവസ്തുക്കളെ നിന്ദിക്കരുതെന്നും കല്‍പ്പിച്ചു. വൃത്തികേടുകളും കള്ളസാക്ഷ്യവും അനാഥരുടെ സ്വത്ത് അപഹരിക്കുന്നതും നിരപരാധികളെ കുറിച്ച് അപരാധം പ്രചരിപ്പിക്കുന്നതും തടയുകയും ചെയ്തു. അല്ലാഹുവിനെ ആരാധിക്കണമെന്നും അവനോടു ഒന്നിനെയും പങ്കു ചേര്‍ക്കരുതെന്നും നമസ്ക്കാരവും നോമ്പും സകാത്തും അനുഷ്ടിക്കണമെന്നും ഞങ്ങളെ ഉപദേശിച്ചു. ഞങ്ങള്‍ അവ സത്യമായി അംഗീകരിച്ച് അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തിന്റെ പാത പിന്തുടരുകയും ചെയ്തു. അങ്ങനെ ഏകനായ അല്ലാഹുവിനെ മാത്രം ഞങ്ങള്‍ ആരാധിച്ചു. അവനോടു ഒന്നിനെയും പങ്കു ചേര്‍ത്തില്ല. നിഷിദ്ധമായ കാര്യങ്ങള്‍ അദ്ദേഹം ഞങ്ങള്‍ക്ക്‌ നിഷിദ്ധമാക്കി. അനുവദനീയമായവ അനുവദനീയമാക്കി. ഇതിന്റെ പേരില്‍ സമുദായം ഞങ്ങളോട് ശത്രുത പുലര്‍ത്തി പീഡിപ്പിച്ചു. അല്ലാഹുവിന്റെ ആരാധനയില്‍ നിന്ന് വിഗ്രഹാരാധനയിലേക്കും പഴയ വൃത്തികേടുകളിലെക്കും ഞങ്ങളെ മടക്കി കൊണ്ടുപോകുവാന്‍ അവര്‍ പരിശ്രമിച്ചു. അവര്‍ ഞങ്ങളെ വളരെയേറെ ഉപദ്രവിക്കുകയും ഞങ്ങള്‍ക്കും ദീനിനുമിടയില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ ഇവിടേക്ക് വന്നു. മറ്റുള്ളവരേക്കാള്‍ താങ്കളെ തെരഞ്ഞെടുത്തു. താങ്കളുടെ സഹായം ഞങ്ങള്‍ ആഗ്രഹിക്കുന്നു. താങ്കളുടെ സാന്നിധ്യത്തില്‍ ഉപദ്രവിക്കപ്പെടുകയില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ."
എല്ലാം അതീവ ശ്രദ്ധയോടെ കേട്ടതിനു ശേഷം നജ്ജാശി ചോദിച്ചു: 
"അല്ലാഹുവിങ്കല്‍ നിന്നും നിങ്ങളുടെ കൂട്ടുകാരന്‍ കൊണ്ട് വന്ന സന്ദേശങ്ങള്‍ വല്ലതും നിങ്ങള്‍ക്ക്‌ ഓര്‍മ്മയുണ്ടോ?"
ജഅ്ഫര്‍ (റ) പറഞ്ഞു: "ഉണ്ട്"
"അതൊന്ന് ഓതിക്കേള്‍പ്പിക്കൂ.."
ജഅ്ഫര്‍ (റ) സൂറത്ത് മര്‍യമിന്റെ പ്രാരംഭ ഭാഗം പാരായണം ചെയ്തു. അത് കേട്ടപ്പോള്‍ നജ്ജാശി കരഞ്ഞു. താടി കണ്ണുനീരില്‍ കുതിര്‍ന്നു. ക്രൈസ്തവപണ്ഡിതന്മാരും കരഞ്ഞു. അവരുടെ പുസ്തകത്തിലും കണ്ണുനീര്‍ വീണു. 

ആ വചനങ്ങള്‍ കേട്ട് നജ്ജാശി പറഞ്ഞു: 
"ഇതും ഈസയുടെ സന്ദേശവും ഒരേ വിളക്കില്‍ നിന്നുള്ള പ്രകാശമാണ്". 



ജഅ്ഫര്‍ (റ) വിന്റെ പ്രബോധന രീതിയില്‍ വലിയ മാതൃക ഉണ്ടെന്നു നമുക്ക്‌ നിഷ്പ്രയാസം കാണാന്‍ കഴിയും. "സ്വന്തം സമൂഹത്തെ ഉപേക്ഷിച്ച നിങ്ങള്‍ എന്റെ മതമോ അറിയപ്പെട്ട മറ്റു മതങ്ങളോ സ്വീകരിക്കാതിരുന്നത് എന്ത് കൊണ്ട്?" എന്ന ചോദ്യത്തിനു അദ്ദേഹം നല്‍കിയ മറുപടി മറ്റു മതങ്ങളെ അവഹേളിക്കുന്ന വിധത്തില്‍ ആയിരുന്നില്ല. മറ്റു മതങ്ങള്‍ മോശമാണ് എന്നും ഇസ്ലാം മാത്രമാണ് ശരി എന്നുമുള്ള അറുത്തു മുറിച്ചുള്ള രീതിയില്‍ അല്ല അദ്ദേഹത്തിന്റെ മറുപടി. തികച്ചും സന്ദര്‍ഭോചിതവും മന:ശാസ്ത്രപരവുമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. തങ്ങളുടെ ജാഹിലീയ കാലഘട്ടത്തെ ജീവിതവും ഇസ്ലാം തങ്ങളെ എങ്ങനെയാണ് മാറ്റി മറിച്ചത് എന്നുമുള്ള വിശദീകരണം കേള്‍വിക്കാരില്‍ വലിയ പരിവര്‍ത്തനം സൃഷ്ടിച്ചു. അതുപോലെ സൂറത്ത് മര്‍യമില്‍ നിന്നുള്ള വചനങ്ങളും ക്രൈസ്തവരായ ശ്രോദ്ധാക്കളെ സ്വാധീനിച്ചു. 


എന്നാല്‍ അംറുബ്നു ആസ് വിട്ടു കൊടുക്കാനുള്ള ഭാവമായിരുന്നില്ല. അദ്ദേഹം അടുത്ത ദിവസം നജ്ജാശിയുടെ അടുത്തു വന്നു പറഞ്ഞു: "രാജാവേ, ഈസയെയും മര്‍യമിനെയും കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുന്നവരാണ് ഇവര്‍ ."
നജ്ജാശി മുസ്ലിംകളോട് ഇതിന്റെ നിജസ്ഥിതി ആരാഞ്ഞു. 
ജഅ്ഫര്‍ (റ) പറഞ്ഞു: "ഞങ്ങളുടെ നബി അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് മാത്രമേ ഞങ്ങളും പറയുന്നുള്ളൂ. അതായത്, ഈസ (അ) അല്ലാഹുവിന്റെ ദാസനും ദൂതനുമാണ്. അല്ലാഹുവിന്റെ വചനത്തിലൂടെയാണ് അദ്ദേഹം ജനിച്ചത്‌. പരിശുദ്ധയായ കന്യാമറിയമിലേക്ക് അള്ളാഹു അത് നിക്ഷേപിച്ചു". 
ഇത് കേട്ടപ്പോള്‍ നജ്ജാശി ഒരു കമ്പ് എടുത്തു കൊണ്ട് പറഞ്ഞു: 
"അല്ലാഹുവില്‍ സത്യം. താങ്കള്‍ പറഞ്ഞതിനപ്പുറം ഈ കമ്പിന്റെ അത്ര പോലും ഈസബ്നു മര്‍യം കൂടുതല്‍ പറഞ്ഞിട്ടില്ല."


അങ്ങനെ മുസ്ലിംകളെ പരാജയപ്പെടുത്താനും അവരെ നജ്ജാശിയുടെ നാട്ടില്‍ നിന്ന് കൊണ്ട് പോകാനും വന്ന ഖുറൈശി പ്രതിനിധികള്‍ കനത്ത പരാജയവുമായി മടങ്ങി.

No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...