ഇസ്ലാമിനെതിരില്‍ വിമര്‍ശകര്‍ എന്നും വലിയ വെല്ലുവിളി പോലെ ഉയര്‍ത്തുന്ന വിഷയങ്ങളില്‍ ഒന്നാണ് സ്ത്രീ. സ്ത്രീകളോട് ഇസ്ലാം വല്ലാതെ അനീതി കാണിച്ചുവെന്നും അവരെ കേവലം പേറ്റിനും ചോറ്റിനും ഉള്ള യന്ത്രമായി കണക്കാക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഉള്‍പ്പെടെ വലിയ വിമര്‍ശന ശരങ്ങളാണ് അവര്‍ തൊടുത്തു വിടുന്നത്. നിരവധി ആരോപണങ്ങളില്‍ ഏറ്റവും പ്രസക്തമെന്നു തോന്നുന്ന 10 ചോദ്യങ്ങളും അവക്കുള്ള മറുപടികളുമാണ് താഴെ കൊടുത്തിരിക്കുന്നത്.
1. ദൈവം സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ചപ്പോള്‍ സ്ത്രീയോട് കാണിച്ചത് അനീതിയും അസമത്വവുമല്ലേ?ദൈവത്തില്‍ വിശ്വസിക്കാത്ത യുക്തിവാദികളുടെ ചോദ്യമാണിത്. പുരുഷനും സ്ത്രീയും ഒരു പോലെയല്ലെന്നും ഈ ഭൂമിയിലെ നിലനില്‍പ്പിന് സ്ത്രീയും പുരുഷനും വ്യത്യസ്ത പ്രകൃതിയോട് കൂടി സൃഷ്ടിക്കപ്പെടണം എന്നും സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. ദൈവം സ്ത്രീയെയും പുരുഷനെയും തുല്യനിലയില്‍ യാതൊരു അനീതിയും അസമത്വവും ഇല്ലാതെ സൃഷ്ടിചു എന്ന് വെക്കുക. അപ്പോള്‍ പിന്നെ രണ്ടു പേരും ഒന്നുകില്‍ സ്ത്രീകളായിരിക്കും, അല്ലെങ്കില്‍ പുരുഷന്മാരായിരിക്കും!!
ഒരു ഉദാഹരണം പറയട്ടെ. സ്ത്രീക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന (?) ഒരു സംഗതിയായിട്ടാണ് ഗര്‍ഭ ധാരണത്തേയും പ്രസവത്തെയും മുലയൂട്ടലിനെയും പലരും കാണുന്നത്. പുരുഷന് ആ പ്രശനമില്ല. സമത്വം വാദിക്കുന്നവര്‍ ദൈവത്തോട് പറയേണ്ടത്, ഒന്നുകില്‍ ഗര്‍ഭധാരണവും പ്രസവവും മുലയൂട്ടലുമൊക്കെ സ്ത്രീകള്‍ക്ക് ഒഴിവാക്കി കൊടുക്കണം, അല്ലെങ്കില്‍ പുരുഷന്മാര്‍ക്കും അതേ അവസ്ഥ നല്‍കണം. ഒന്നാമത്തെ കാര്യം പരിഗണിച്ചാല്‍ ഈ ഭൂമിയില്‍ പിന്നെ മനുഷ്യര്‍ ഉണ്ടാവില്ലെന്ന് കൊച്ചു കുട്ടികള്‍ക്ക് വരെ മനസ്സിലാവും. രണ്ടാമത്തേത് പരിഗണിച്ചാല്‍ സ്ത്രീ-പുരുഷ വ്യത്യാസം തന്നെ ഇല്ലാതാകും. ശരീര ഘടന മാറ്റേണ്ടി വരും. പുരുഷന് കുടുംബം പോറ്റാനും അധ്വാനിക്കാനും മറ്റുമൊക്കെ കഴിയാതെ വരും. സ്നേഹം, മറ്റു വികാരങ്ങള്‍ തുടങ്ങിയ സങ്കല്പങ്ങള്‍ മാറും.
ഇത്തരം ചോദ്യങ്ങളുടെ അടിസ്ഥാനം കിടക്കുന്നത് ദൈവവിശ്വാസവും പരലോകവിശ്വാസവും ഇല്ലായ്മയില്‍ നിന്നാണ്. ജീവിതം എന്നാല്‍ ഒന്നേ ഉള്ളൂവെന്നും അത് പരമാവധി അടിച്ചു പൊളിച്ചു രസിച്ചു തീര്‍ക്കണമെന്നും അതിനു തടസ്സമാവുന്ന എല്ലാ കാര്യങ്ങളെയും തള്ളിക്കളയണമെന്നും അത്തരക്കാര്‍ കരുതുന്നു. അപ്പോള്‍ മേല്‍ പറഞ്ഞ കാര്യങ്ങള്‍ പ്രയാസകരമായി അനുഭവപ്പെടുന്നു. എന്നാല്‍ ഭൂമിയിലെ ജീവിതത്തില്‍ ഓരോരുത്തരും അവര്‍ക്ക് നിശ്ചയിക്കപ്പെട്ട ബാധ്യതകള്‍ തങ്ങളുടെ പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട് ചെയ്യണമെന്നും അതെ കുറിച്ച് കണക്ക് ചോദിക്കുന്ന ഒരു ലോകം വരാനുണ്ടെന്നും വിചാരിക്കുന്ന ഒരാള്‍ക്ക് ഇത്തരം കാര്യങ്ങള്‍ അനുഗ്രഹമായി തീരുകയാണ് ചെയ്യുക.
2. ഇസ്ലാമിലെ പര്‍ദ്ദ സ്ത്രീയെ പീഡിപ്പിക്കുവാനുള്ള ഉപാധിയല്ലേ? അവരുടെ പിന്നാക്കാവസ്ഥക്കുള്ള ഒരു പ്രധാന കാരണവും ഇതല്ലേ? പര്‍ദ്ദ അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയല്ലേ ചെയ്യുന്നത്? പര്‍ദ്ദ അകല്‍ച്ച സൃഷ്ടിക്കുന്ന വസ്ത്രമല്ലേ? എപ്പോഴും പര്‍ദ്ദ ധരിച്ചു നടന്നാല്‍ സ്ത്രീയുടെ ശരീരത്തില്‍ വിറ്റാമിന്‍ D യുടെ കുറവ് സംഭവിക്കില്ലേ?സ്ത്രീയുടെ മുഖവും മുന്‍കയ്യും ഒഴിച്ചുള്ള ശരീരഭാഗങ്ങള്‍ മറയുന്നതും നിമ്നോന്നതങ്ങളെ പ്രകടിപ്പിക്കാത്തതും, അയവുള്ളതും ആര്‍ഭാടങ്ങളില്ലാത്തതും, മറ്റുള്ളവരില്‍ കാമം ഉണര്‍ത്തുന്ന തരത്തില്‍ പ്രിന്റുകള്‍ ഇല്ലാത്തതുമായ ഏതു തരത്തിലുള്ള വസ്ത്രം ധരിക്കാനും സ്ത്രീക്ക് ഇസ്ലാം സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. പര്‍ദ്ദ മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്ന ധാരണ ശരിയല്ല. മുഖം മറക്കുക എന്നത് നിര്‍ബന്ധ കാര്യവുമല്ല. (മുഖം മറക്കല്‍ നിര്‍ബന്ധമോ എന്ന പോസ്റ്റ് കാണുക)
പര്‍ദ്ദ സ്ത്രീയെ പീഡിപ്പിക്കുവാനല്ല, മറിച്ച് പീഡനങ്ങളില്‍ നിന്നും രക്ഷിക്കുവാന്‍ വേണ്ടിയാണ്. പുരുഷനെ പ്രലോഭിപ്പിക്കാതിരിക്കാനും കാമകണ്ണുകളില്‍ നിന്നും രക്ഷപ്പെടാനും ഒരു പരിധി വരെ സഹായകമാണ് അത്.
ഈ മറുപടി നല്കപ്പെടുമ്പോള്‍ ചിലര്‍ പറയാറുള്ള മറുവാദം ഇങ്ങനെയാണ്:
'പര്‍ദ്ദ കൊണ്ട് മാത്രം സ്ത്രീ പീഡനം അവസാനിക്കുമോ? പര്‍ദ്ദ ധരിക്കാത്തവര്‍ക്കൊക്കെ സ്ത്രീ പീഡനം ഉണ്ടാവുന്നുണ്ടോ? പര്‍ദ്ദ ധരിച്ചവരുടെയും നേരെ സ്ത്രീ പീഡനം ഉണ്ടാവുന്നില്ലേ? കൊച്ചുകുട്ടികളുടെ നേരെ വരെ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നില്ലേ?'
ഒരാള്‍ പുകവലിക്കാരനോട് 'പുകവലി കാന്‍സര്‍ ഉണ്ടാക്കുമെന്ന്' പറഞ്ഞു. ഉടനെ വന്നു അയാളുടെ മറുപടി: 'പുകവലി കൊണ്ട് മാത്രമാണോ കാന്‍സര്‍ വരിക? പുകവലിക്കുന്നവര്‍ക്കൊക്കെ കാന്‍സര്‍ വരുന്നുണ്ടോ? പുകവലിക്കാത്തവര്‍ക്കും കാന്‍സര്‍ വരുന്നില്ലേ?'പുകവലിക്കാരന്റെ ഈ ന്യായം പോലെയാണ് പര്‍ദ്ദയെ എതിര്‍ക്കുന്നവരുടെയും ന്യായം. പുകവലി കാന്‍സര്‍ സാധ്യത വളരെ വര്‍ധിപ്പിക്കും എന്ന വസ്തുതയെ തള്ളിക്കളയാന്‍ ഇത്തരം ന്യായങ്ങള്‍ പര്യാപ്തമല്ല. ഇത് പോലെ നഗ്നതയും അര്‍ദ്ധനഗ്നതയും സ്ത്രീ പീഡനത്തിനു സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന വസ്തുതയെ എതിര്‍ ന്യായങ്ങള്‍ വെച്ച് നിഷേധിക്കാന്‍ കഴിയില്ല. സ്ത്രീപീഡനം പൂര്‍ണമായി തടയണമെങ്കില്‍ മറ്റു പല മാര്‍ഗങ്ങള്‍ കൂടി സ്വീകരിക്കേണ്ടതുണ്ട്. ക്യാന്‍സര്‍ ഇല്ലാതാവണമെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ കൂടി സ്വീകരിക്കണം എന്ന് പറയുന്നത് പോലെ.
ഈ ദുര്‍ബലവാദം ഉയര്‍ത്തുന്നവര്‍ മറുപടി നല്‍കേണ്ട അഞ്ചു ചോദ്യങ്ങള്‍ താഴെ കൊടുക്കുന്നു:
1. സ്ത്രീയുടെ വസ്ത്രധാരണമാണ് സ്ത്രീ പീഡനത്തിനുള്ള ഒരേയൊരു കാരണമെന്നു ആരെങ്കിലും വാദിചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്?
2. സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള അളവില്‍ എങ്ങനെയും വസ്ത്രം ധരിക്കാമെന്ന വാദം നിങ്ങള്‍ക്കുണ്ടോ? ഇല്ലെങ്കില്‍ അതിന്റെ പരിധിയെന്ത്? (ഇസ്ലാമില്‍ വസ്ത്രധാരണത്തിനു കൃത്യമായ വ്യവസ്ഥയുണ്ട് എന്നോര്‍ക്കുക).
3. സ്ത്രീ അര്‍ദ്ധനഗ്മായ രീതിയിലോ ശരീരം മുഴപ്പിച്ചു കാണും വിധത്തിലോ വസ്ത്രം ധരിച്ചാല്‍ പുരുഷന്മാരില്‍ കാമം ഉണരില്ല എന്ന വാദം ഇത്തരം ചോദ്യ കര്‍ത്താക്കള്‍ക്ക് ഉണ്ടോ? ഉണ്ടെങ്കില്‍ അതൊന്നു ശാസ്ത്രീയമായി വിശദീകരിച്ചാല്‍ നന്നായിരുന്നു.
4. അര്‍ദ്ധ നഗ്നമായ രീതിയില്‍ വസ്ത്രം ധരിച്ച് നടക്കേണ്ട ആവശ്യകത സ്ത്രീക്ക് യഥാര്‍ഥത്തില്‍ ഉണ്ടോ? എങ്കില്‍ എന്താണ് ആ ആവശ്യം?
5. സ്ത്രീ എങ്ങനെ വസ്ത്രം ധരിച്ചാലും അത് സമൂഹത്തില്‍ ഒരേ ഫലം മാത്രമാണ് ഉളവാക്കുക എന്ന വാദം ഉണ്ടോ? അഥവാ സ്ത്രീപീഡന നിരക്ക് ഉയരില്ല എന്ന വാദം?എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇസ്ലാമിക വ്യവസ്ഥ പൂര്‍ണമായി നടപ്പില്‍ വരുന്ന ഒരു രാഷ്ട്രത്തില്‍ സ്ത്രീ പീഡനം പൂര്‍ണമായും ഇല്ലാതാവും എന്നതാണ്. അഥവാ ഉണ്ടായാല്‍ തന്നെ അത് ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാവും. കാരണം അത്തരം സംഭവങ്ങള്‍ തടയാനുള്ള എല്ലാ മുന്‍ കരുതലുകളും ഇസ്ലാമിക രാഷ്ട്രത്തില്‍ ഉണ്ടായിരിക്കും. അതിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് പര്‍ദ്ദ പോലുള്ള വസ്ത്രം എന്നതാണ് സത്യം.
പര്‍ദ്ദ മൂലം സ്ത്രീക്ക് പിന്നാക്കാവസ്ഥ ഉണ്ടാകുന്നുവെന്ന വാദത്തിനു തെളിവിന്റെ പിന്‍ ബലമില്ല. എങ്ങനെയാണ് പര്‍ദ്ദ പിന്നാക്കാവസ്ഥ ഉണ്ടാക്കുന്നത് എന്ന് ബുദ്ധിപരമായി വിശദീകരിക്കേണ്ട ബാധ്യതയും വിമര്‍ശകര്‍ക്കുണ്ട്.
മുസ്ലിം സ്ത്രീയുടെ പിന്നാക്കാവസ്ഥക്ക് കാരണം വേറെയാണ്. മാത്രമല്ല. കേരളത്തില്‍ മുമ്പത്തെതിനേക്കാള്‍ പര്‍ദ്ദയുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. അതോടൊപ്പം സ്ത്രീകള്‍ വിവിധ മേഖലകളില്‍ വളരെ പുരോഗമിച്ചു വരുന്നുമുണ്ട്. പര്‍ദ്ദ ധരിക്കാത്തവര്‍ ചെയ്യുന്ന മാന്യമായ ഏതു ജോലിയും ശരീരം മുഴുവന്‍ മറയുന്ന വസ്ത്രം ധരിച്ചു കൊണ്ട് ചെയ്യുന്നതിന് തടസ്സമില്ല. പര്‍ദ്ദയും പിന്നാക്കാവസ്ഥയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. വസ്ത്രം അഴിചെറിഞ്ഞു കൂത്താടണം എന്നാണു മുന്നാക്കാവസ്ഥ കൊണ്ട് ഇവര്‍ അര്‍ത്ഥമാക്കുന്നതെങ്കില്‍ മുസ്ലിം സ്ത്രീ ഇപ്പോഴും വളരെ പിന്നാക്കവസ്ഥയില്‍ തന്നെ! ആ പിന്നാക്കവസ്ഥയില്‍ അവര്‍ അഭിമാനിക്കുകയും ചെയ്യുന്നു.
പര്‍ദ്ദ മൂലം സ്ത്രീയുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന വാദവും തെളിവില്ലാത്തതാണ്. അങ്ങനെ നഷ്ടപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ ഒരു ലിസ്റ്റ് വിമര്‍ശകര്‍ പ്രസിദ്ധീകരിക്കട്ടെ. പര്‍ദ്ദ ധരിക്കുന്ന ഏതെങ്കിലും സ്ത്രീ അത് മൂലം എന്തെങ്കിലും ന്യായമായ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതായി പറയാറുണ്ടോ? അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യമാണ് ഉദ്ദേശിച്ചതെങ്കില്‍ മുസ്ലിം സ്ത്രീക്ക് ആ സ്വാതന്ത്ര്യം ആവശ്യമില്ല. മുസ്ലിം പുരുഷനും.
പര്‍ദ്ദ ധരിച്ചത് കൊണ്ട് സഹോദര സമുദായങ്ങളിലുള്ളവര്‍ക്ക് അകല്‍ച്ചയോ അപരിചിതത്വമോ അനുഭവപ്പെട്ടിട്ടുണ്ടെന്നു തെളിയിക്കപ്പെട്ടിട്ടില്ല. പര്‍ദ്ദ ധരിച്ച എത്രയോ പേര്‍ക്ക് അമുസ്ലിം സുഹൃത്തുക്കള്‍ ഉണ്ടെന്ന വസ്തുത നിഷേധിക്കാന്‍ കഴിയില്ല. അവരാരെങ്കിലും അതിന്റെ പേരില്‍ അസ്വസ്ഥത കാണിക്കാറുമില്ല.
പര്‍ദ്ദ ധരിച്ചു നടന്നാല്‍ സ്ത്രീക്ക് വെയില്‍ എല്ക്കാത്തതിനാല്‍ വിറ്റാമിന്‍ D യുടെ കുറവ് വരില്ലേ എന്നതാണ് പരിഹാസ്യമായ മറ്റൊരു വിമര്‍ശനം. ഇന്നേ വരെ പര്‍ദ്ദ ധരിച്ചത് കൊണ്ട് അങ്ങനെയൊരു പ്രശനം സംഭവിച്ചതായി കേട്ടിട്ടില്ല. പര്‍ദ്ദ 24 മണിക്കൂറും ഇട്ടു നടക്കണമെന്നും ഇസ്ലാം പറയുന്നില്ല. വീട്ടില്‍ മറ്റു വസ്ത്രങ്ങള്‍ ഉപയോഗിക്കാം. അല്‍പ്പ നേരം വെയില്‍ കൊണ്ടാല്‍ തന്നെ ആവശ്യത്തിന് വിറ്റാമിന്‍ D ശരീരത്തില്‍ നിര്‍മിക്കപ്പെടും.
ഇവിടെ രസകരമായ മറ്റൊരു കാര്യമുണ്ട്. പര്‍ദ്ദ വിറ്റാമിന്‍ D അപര്യാപ്തത ഉണ്ടാക്കുമെന്ന് ആശങ്കപ്പെടുന്നവര്‍ കോട്ടും സൂട്ടും തൊപ്പിയുമൊക്കെ ധരിച്ചു നടക്കുന്ന പുരുഷന് ഈ പ്രശ്നം വരില്ലേ എന്ന് ആശങ്കപ്പെടാറില്ല. അപ്പോള്‍ ഈ വിമര്‍ശനം അടിസ്ഥാനരഹിതമാണെന്ന് വ്യക്തം.
സ്ത്രീ വസ്ത്രധാരണത്തില്‍ അവളുടെ ഇഷ്ടം പ്രവര്‍ത്തിച്ചുകൊള്ളട്ടെ, പുരുഷന്മാര്‍ സംസ്ക്കരികമായി ഉന്നതരാവുകയാണ് വേണ്ടത് എന്ന് ചിലര്‍ വാദിക്കുന്നു.
എന്നും രാത്രി വീടിന്റെ വാതില്‍ തുറന്നിട്ട് പണപ്പെട്ടി ആര്‍ക്കും കാണാവുന്ന തരത്തില്‍ തുറന്നു വെച്ച് ഒരു ഗൃഹനാഥന്‍ ഇങ്ങനെയൊരു യുക്തിവാദം നടത്തുന്നു:
"വാതില്‍ തുറന്നു കിടക്കുന്നതും പണപ്പെട്ടിയും കാണുമ്പോഴേക്കും അതെടുക്കാനുള്ള ആഗ്രഹം കാണിക്കുകയല്ല കള്ളന്മാര്‍ വേണ്ടത്. ആത്മനിയന്ത്രണം വേണം. സാംസ്കാരികമായി ഉയര്‍ന്നു ചിന്തിക്കണം."ഇതും പറഞ്ഞു വാതില്‍ പൂട്ടാതിരിക്കുന്ന ഗൃഹനാഥനോട് വിവേകമുള്ളവര്‍ എന്താണ് പറയുക?
"സംഗതി നിങ്ങള്‍ പറഞ്ഞപോലെതന്നെയാണ് വേണ്ടത്. എന്നാലും കള്ളന്മാര്‍ സംസ്ക്കരികമായി ചിന്തിച്ചു അവര്‍ മോഷണം ഉപേക്ഷിക്കുന്ന കാലം വരുന്നത് വരേക്കെങ്കിലും ആ വാതിലും പണപെട്ടിയും പൂട്ടിവെക്കുക. കള്ളനു പ്രലോഭനം കൊടുക്കാതിരിക്കുക."
ഇസ്ലാം പറയുന്നത് സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കുകയും അതോടൊപ്പം പുരുഷന്മാര്‍ സംസ്ക്കാരസമ്പന്നര്‍ ആവുകയും വേണമെന്നാണ്. വിമര്‍ശകര്‍ ഇതില്‍ ഒന്നുമതി എന്നാണു വാദിക്കുന്നതെന്ന് തോന്നിപ്പോകും.
3. ബഹുഭാര്യത്വം നടപ്പിലാക്കുന്നതിലൂടെ സ്ത്രീയോട് മഹാ അപരാധമല്ലേ ഇസ്ലാം ചെയ്തത്? അതിനുള്ള ന്യായം വെച്ച് ഒരാള്‍ക്ക് ബഹുഭര്‍തൃത്വം എന്ത് കൊണ്ട് അനുവദിക്കുന്നില്ല?ബഹുഭാര്യത്വം ഒരു അശ്ലീലപദമായാണ് പലരും കാണുന്നത്. ഒരു വ്യക്തിക്ക് ഒന്നിലധികം ഭാര്യമാര്‍ ഉണ്ടെന്നു കേട്ടാല്‍ പിന്നെ അതിനെ കുറിച്ച് ധാരാളം പരിഹാസങ്ങളും ഫലിതങ്ങളും ഉയരുകയായി. എന്നാല്‍ എകഭാര്യ മാത്രമുള്ള ഒരു വ്യക്തി വേശ്യകളുമായി ലൈംഗിക ബന്ധം പുലര്‍ത്തിവരുന്നത് പുരോഗമനപരവും അന്തസ്സ് നിറഞ്ഞതുമായ പ്രവൃത്തിയായി ഇത്തരക്കാര്‍ കാണുന്നു!!
അതുപോലെ പലരുടെയും ധാരണ ബഹുഭാര്യത്വം മനുഷ്യപ്രകൃതിയുടെ ഭാഗമല്ല എന്നും ഇസ്ലാമാണ് ആദ്യമായി ബഹുഭാര്യത്വം അനുവദിച്ചത് എന്നുമാണ്. ഈ ധാരണകളും ശരിയല്ല. താഴെ കൊടുത്ത ഉദ്ദരണി നോക്കുക:
"ബഹുഭാര്യത്വം മനുഷ്യവര്‍ഗത്തില്‍ പ്രകൃത്യാ തന്നെയുള്ള ഒരു സമ്പ്രദായമായിരുന്നുവെന്ന കാര്യം എല്‍ . ടി ഹോബ്ബോസിന്റെ "മോറല്‍സ് ഇന്‍ എവല്യൂഷന്‍ " (Morals in evolution), റോബര്‍ട്ട് ബ്രിഫോന്റെ "ദ മദര്‍ " (The Mother), ഹാവ്‌ലോക്ക് എല്ലിസന്റെ Man and Woman, വെസ്റ്റര്‍മാര്‍ക്കിന്റെ History of Human Marriage എന്നീ ഗ്രന്ഥങ്ങള്‍ വ്യക്തമായി തെളിയിക്കുന്നുണ്ട്. ആഫ്രിക്കയിലെയും ഏഷ്യയിലെയും പല ജനവിഭാഗങ്ങളുടെയും അമേരിക്കയിലെ ചില ഭാഗങ്ങളിലെയും വിവാഹസമ്പ്രദായം ഒരു കാലത്ത് ബഹുഭാര്യത്വമായിരുന്നുവെന്നു Nelson's Encyclopaedia യില്‍ പറയുന്നുണ്ട്. പഴയ നിയമത്തിന്റെ കാലത്ത് ജൂതമതം ബഹുഭാര്യത്വത്തെ അനുവദിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു." (വിവാഹം-ഒരു പഠനം പേജ്: 200, നാഷണല്‍ ബുക്സ്റ്റാള്‍ , കോട്ടയം).പ്രമുഖ മത ഗ്രന്ഥങ്ങള്‍ ഒന്നും തന്നെ ബഹുഭാര്യത്വം തെറ്റാണ് എന്ന് പറയുന്നില്ല. ഹൈന്ദവ-ക്രൈസ്തവ വേദങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ശ്രീ കൃഷ്ണന് നൂറുക്കണക്കിന് ഭാര്യമാരുണ്ടായിരുന്നതായും ദശരഥ മഹാരാജാവിനും പാണ്ഡവരുടെ പ്രപിതാവ് പാണ്ഡുവിനുമെല്ലാം ഒന്നിലേറെ ഭാര്യമാരുണ്ടായിരുന്നതായും ഹൈന്ദവവേദങ്ങളില്‍ കാണാം. അബ്രഹാമിന് മൂന്നും യാക്കോബിന് നാലും മോശക്കും ദാവീദിനും സോളമനും ഒന്നിലധികം ഭാര്യമാരും ഉണ്ടായിരുന്നുവെന്ന് ബൈബിള്‍ വ്യക്തമാക്കുന്നു.
ഇസ്ലാം അടിസ്ഥാനപരമായി അംഗീകരിച്ചതും പ്രോത്സാഹിപ്പിച്ചതും ഏകഭാര്യത്വത്തെയാണ്. അതിനു മുമ്പ് നിലനിന്നിരുന്ന അനിയന്ത്രിതമായ ബഹുഭാര്യത്വം നിയന്ത്രണ വിധേയമാക്കുകയാണ് വാസ്തവത്തില്‍ ഇസ്ലാം ചെയ്തത്. ചില ന്യായവും നിര്‍ബന്ധിതവുമായ സാഹചര്യങ്ങളില്‍ മാത്രം കര്‍ശനമായ നിബന്ധനകളോടെ ഇസ്ലാം ബഹുഭാര്യത്വം അനുവദിച്ചു. ഉദാഹരണത്തിന് ഒരു സമൂഹത്തില്‍ സ്ത്രീകളുടെ എണ്ണം വല്ലാതെ വര്‍ധിക്കുക, ആദ്യ ഭാര്യ വന്ധ്യയാവുക, ആദ്യഭാര്യക്ക് അവളുടെ ധര്‍മം നിര്‍വഹിക്കാന്‍ കഴിയാത്ത വിധം മാറാരോഗം പിടിപെടുക, പുരുഷന്റെ ലൈംഗികാസക്തി തുടങ്ങിയ കാരണങ്ങള്‍ മറ്റൊരു വിവാഹം അനിവാര്യമാക്കി തീര്‍ക്കുന്നു. ആദ്യ ഭാര്യയെ അവളുടെ ബലഹീനത മൂലം ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കുന്നതിനേക്കാള്‍ നല്ലത് അവളെ നില നിര്‍ത്തിക്കൊണ്ട് രണ്ടാമതൊരു ഭാര്യയെ സ്വീകരിക്കുന്നതല്ലേ?
ഭാര്യമാരോട് തുല്യ നീതിയില്‍ വര്‍ത്തിക്കണമെന്ന വ്യവസ്ഥ കൂടി ഇസ്ലാം മുമ്പോട്ട് വെച്ചിരിക്കെ ആദ്യ ഭാര്യയെ അവഗണിക്കുന്ന വിഷയം തന്നെ വരുന്നില്ല. അങ്ങനെ ആരെങ്കിലും ചെയ്താല്‍ അതിനുള്ള യുക്തമായ നടപടി ഇസ്ലാമിക ഭരണകൂടം എടുക്കുകയും ചെയ്യും.
ജീവിതത്തില്‍ ഒരു ഭാര്യയെ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ എന്ന നിയമം യഥാര്‍ഥത്തില്‍ മേല്‍ പറഞ്ഞ സാഹചര്യങ്ങള്‍ വരുന്നവരെ സംബന്ധിച്ചിടത്തോളം പീഡനമായി മാറുകയാണ് ചെയ്യുക. പ്രകൃതിമതമായ ഇസ്ലാം ഇക്കാര്യം മുന്‍ കൂട്ടി മനസ്സിലാക്കുകയും അവക്കുള്ള പരിഹാരം നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു.
എകഭാര്യത്വം അനുഷ്ടിക്കുന്ന പലരും വേശ്യകളുമായി ബന്ധം സ്ഥാപിക്കുന്നവരാണെന്ന വസ്തുതയും നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. അത് വഴി സാമൂഹികവും കുടുംബപരവുമായ അരാജകത്വം ഉണ്ടാക്കുന്നതിനേക്കാള്‍ എന്ത് കൊണ്ടും നല്ലത് നീതി പൂര്‍വമായ ബഹുഭാര്യത്വം തന്നെയാണ്. (ബഹുഭാര്യത്വത്തെ കുറിച്ച് ആനി ബസന്റ് എന്ന പോസ്റ്റ് വായിക്കുക)
എന്നാല്‍ മേല്‍ ന്യായ പ്രകാരം ബഹുഭര്‍തൃത്വം അനുവദിക്കേണ്ടതല്ലേ എന്നൊരു ചോദ്യം ഉന്നയിക്കപ്പെടാറുണ്ട്. അനുവദിക്കുന്നത് പ്രായോഗികമല്ല എന്നതാണ് സത്യം. സ്ത്രീയുടെ സംരക്ഷണം, ഗര്‍ഭകാല ശുശ്രൂഷ, കുഞ്ഞിന്റെ പിതൃത്ത്വം തുടങ്ങിയവയൊക്കെ ബഹുഭര്‍തൃത്വത്തിനു വിഘാതമായി തീരുന്നു. (കൂടുതല്‍ വിശദീകരണത്തിനു ബഹുഭര്‍ത്തൃത്വം അപ്രായോഗികം എന്ന പോസ്റ്റ് കാണുക).
4. പുരുഷന്മാര്‍ സ്ത്രീകളുടെ അധികാരസ്ഥന്മാര്‍ ആണെന്ന് ഖുര്‍ആന്‍ (4:34) പറയുന്നു. സ്ത്രീയോടുള്ള വിവേചനമല്ലേ ഇത്? സ്ത്രീയെ അടിക്കണമെന്നും ഇതേ സൂക്തത്തില്‍ തുടര്‍ന്ന് പറയുന്നുമുണ്ട്.ആദ്യം ഈ സൂക്തം പൂര്‍ണമായി നമുക്ക് പരിശോധിക്കാം.
"പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്. അല്ലാഹു മനുഷ്യരിലൊരു വിഭാഗത്തിന് മറ്റുള്ളവരെക്കാള്‍ കഴിവു കൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലുമാണിത്. അതിനാല്‍ സച്ചരിതരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരാണ്. പുരുഷന്മാരുടെ അഭാവത്തില്‍ അല്ലാഹു സംരക്ഷിക്കാനാവശ്യപ്പെട്ടതെല്ലാം കാത്തുസൂക്ഷിക്കുന്നവരുമാണ്. എന്നാല്‍ ഏതെങ്കിലും സ്ത്രീ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ അവരെ ഗുണദോഷിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നുനില്‍ക്കുക. അടിക്കുകയും ചെയ്യുക. അങ്ങനെ അവര്‍ നിങ്ങളെ അനുസരിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങള്‍ അവര്‍ക്കെതിരായ നടപടികളൊന്നുമെടുക്കരുത്. അത്യുന്നതനും മഹാനുമാണ് അല്ലാഹു; തീര്‍ച്ച". (4:34)ഈ സൂക്തത്തില്‍ പുരുഷന്മാരെ കുറിച്ച് 'ഖവ്വാം' എന്നാണു പറഞ്ഞിരിക്കുന്നത്. ഒരു സ്ഥാപനമോ സംഘമോ മേല്‍ നോട്ടം വഹിക്കുന്നതിനും അവ നല്ല രീതിയില്‍ കൊണ്ട് നടത്താനും ആണ് ഈ പദം ഉപയോഗിക്കുക. 'ഖയ്യിം' എന്നും പറയും. മറ്റു സ്ഥാപനങ്ങളിലേതു പോലെ ഒരു വീട്ടില്‍ ഒരു രക്ഷാധികാരി ആവശ്യമാണ്. അത് ആരാവണം? സ്ത്രീയോ പുരുഷനോ? ശാരീരികവും മാനസികവും വൈകാരികവുമായ പ്രത്യേകതകള്‍ ഇരുവര്‍ക്കും വ്യത്യസ്തമാണ്. ഇതില്‍ ആരുടെ പ്രത്യേകതയാണ് രക്ഷാധികാരത്തിനു യോജിച്ചത് എന്ന് ചോദിച്ചാല്‍ വക്രബുദ്ധി ഇല്ലാത്ത ആരും പറയും അത് പുരുഷന്‍ ആണെന്ന്.
ഇവിടെ പുരുഷനെ ഖവ്വാം ആക്കുന്നതിലൂടെ സംഭവിക്കുന്നത് സ്ത്രീക്ക് സൗകര്യവും പുരുഷന് ഭാരിച്ച ഉത്തരവാദിത്തവുമാണ്. കുടുംബം പോറ്റുകയും അധ്വാനിക്കുകയും ചെയ്യേണ്ടി വരിക പുരുഷനാണ് എന്നര്‍ത്ഥം. സ്ത്രീക്ക് വീട്ടിലെ കാര്യങ്ങള്‍ മാത്രമേ നോക്കേണ്ടതുള്ളൂ. ആവശ്യമെങ്കില്‍ മാത്രം ജോലിക്ക് പോകാം. ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയ പ്രകൃതിപരമായ കാര്യങ്ങള്‍ക്ക് വിധേയയായ അവകാശത്തിന്റെ പേര് പറഞ്ഞു സ്ത്രീയുടെ ശാരീരിക മാനസിക പ്രത്യേകതകള്‍ പരിഗണിക്കാതെ നിര്‍ബന്ധപൂര്‍വം ജോലിക്ക് പറഞ്ഞയക്കുകയും അങ്ങനെ ഇരട്ടിപ്പണി എടുക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ഇപ്പോള്‍ സംജാതമായിട്ടുണ്ട്. ഇസ്ലാം അവര്‍ക്ക് നല്‍കിയത് ഇളവുകളാണ്. ആധുനികത നല്‍കിയത് മഹാ ഭാരങ്ങളും. ഏതാണ് സ്ത്രീയെ സംബന്ധിച്ചിടത്തോളം നല്ലത് എന്ന് ചിന്തിച്ചു നോക്കുക.
അടുത്ത പ്രശ്നം ഭാര്യയെ അടിക്കാന്‍ അനുവാദം കൊടുത്ത് എന്നതാണ്. സ്ത്രീ അനുസരണക്കേട് കാണിക്കുന്ന വല്ല സാഹചര്യവും വന്നാല്‍ ആദ്യം അവളെ ഉപദേശിക്കണം. എന്നിട്ടും നേരെ ആയില്ലെങ്കില്‍ കിടപ്പറയില്‍ നിന്ന് അകന്നു നില്‍ക്കണം. അവസാനത്തെ മാര്‍ഗമാണ് അടി. യഥാര്‍ഥത്തില്‍ കിടപ്പറയില്‍ നിന്നും അകന്നു നിന്നാല്‍ തന്നെ സ്ത്രീയെ സംബന്ധിച്ചിടെത്തോളം പ്രയാസകരമായിരിക്കും. അടിയുടെ ആവശ്യം വരികയില്ല. ഇനി അഥവാ വരുന്നുണ്ടെങ്കില്‍ അത്രക്കും ഗുരുതരമായ പ്രശ്നം അവര്‍ക്കിടയില്‍ ഉണ്ട് എന്നാണര്‍ത്ഥം. പലപ്പോഴും വിവാഹ മോചനത്തിലേക്ക് ഇത് എത്താം. അങ്ങനെയൊരു വലിയ തിന്മ തടയാന്‍ സഹായിക്കുമെങ്കില്‍ ലഘുവായ രീതിയില്‍ അടിക്കാം. അതും മുഖത്തടിക്കാന്‍ പാടില്ല.
സ്ത്രീയെ അടിക്കുന്നത് നല്ലൊരു കാര്യമായി ഇസ്ലാം കാണുന്നില്ല. പ്രവാചകന്‍ (സ) പറയുന്നത് കാണുക:
"ഭാര്യമാരെ അടിക്കുന്നവര്‍ മാന്യന്മാരല്ല.""നാണമില്ലേ നിങ്ങള്‍ക്ക്? സ്ത്രീയെക്കാള്‍ കൈകരുത്തുണ്ടെന്നു കരുതി പുരുഷന് അവളെ ഇഷ്ടാനുസരണം വേദനിപ്പിക്കാനോ കരുത്ത് കാണിക്കണോ യാതൊരധികാരവുമില്ല." (ബുഖാരി, മുസ്ലിം)ഭാര്യയെ അടിക്കേണ്ട സാഹചര്യം ഏതാണെന്ന് പ്രവാചകന്‍ (സ) പറയുന്നത് കാണുക:
ഹജ്ജത്തുല്‍ വിദാഇലെ പ്രസംഗത്തില്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു: "സ്ത്രീകളോട് നന്നായി പെരുമാറുക. നിങ്ങളുടെ കൈകളിലാണ് അവര്‍ ... അവര്‍ മ്ലേച്ചവൃത്തികള്‍ ചെയ്താലേ നിങ്ങള്‍ മറിച്ചു പെരുമാറാവൂ. അങ്ങനെ വല്ലതും അവര്‍ ചെയ്താല്‍ കിടപ്പറയില്‍ ബഹിഷ്കരിക്കുക. കഠിനമല്ലാതെ അടിക്കുക..." (തിര്‍മുദി)"നിങ്ങളുടെ വിരിപ്പില്‍ നിങ്ങള്‍ക്കിഷടമില്ലാത്തവരെ ചവിട്ടാനനുവദിക്കാതിരിക്കുക എന്നത് സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശമാണ്. ആ അപരാധം അവര്‍ ചെയ്താല്‍ കഠിനമല്ലാതെ അടിക്കുക." (മുസ്ലിം)വ്യക്തമായ മ്ലേച്ചവൃത്തി ചെയ്താലേ അടിക്കാന്‍ പാടുള്ളൂ എന്നാണു ഇസ്ലാം പഠിപ്പിക്കുന്നതെന്ന് വ്യക്തമായല്ലോ.
5. സ്ത്രീക്ക് അനന്തരാവകാശമായി പുരുഷന്റെ പാതി മാത്രം സ്വത്ത് നല്കുന്നത് അനീതിയല്ലേ? ഒരു പിതാവിന് ഒരു പെണ്‍കുട്ടി മാത്രം ഉള്ളപ്പോഴും എന്ത് കൊണ്ട് മുഴുവന്‍ സ്വത്തും നല്‍കുന്നില്ല?നിലവിലുള്ള നമ്മുടെ സമൂഹത്തിലെ സ്ഥിതി ഗതികള്‍ മുന്നില്‍ കണ്ടു കൊണ്ടാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. ഇസ്ലാമികനിയമം പൂര്‍ണമായി നടപ്പിലാകുന്ന ഒരു സമൂഹത്തില്‍ ഈ ചോദ്യം അപ്രസക്തമാണ്. കാരണം ഇസ്ലാം പറയുന്നത് സ്ത്രീക്ക് സാമ്പത്തികമായി യാതൊരു ബാധ്യതകളും ഇല്ല എന്നാണ്. ഉദാഹരണത്തിന് വിവാഹം തന്നെ എടുക്കുക. വരന്‍ തന്റെ ചെലവ് മാത്രമല്ല, വധുവിന്റെ ചെലവ് വഹിക്കണം. മഹ്റും നല്‍കണം. അവര്‍ ഒരു കുടുംബമായാല്‍ സകല ചെലവുകളും ഭര്‍ത്താവാണ് വഹിക്കേണ്ടത്. ജോലിയുള്ള സ്ത്രീക്ക് എന്തെങ്കിലും ഔദാര്യം ചെയ്തു കൊടുക്കാം എന്നല്ലാതെ അത് നിര്‍ബന്ധമില്ല.
ഇങ്ങനെ ഏതവസ്ഥയിലും ഒരു ചിലവും വഹിക്കേണ്ട ബാധ്യത ഇല്ലാഞ്ഞിട്ടു കൂടി സ്ത്രീക്ക് പുരുഷന്റെ പാതി സ്വത്ത് അനുവദിച്ചിരിക്കുന്നു. ആ സ്വത്ത് എന്നെന്നും അവിടെ ഉണ്ടാകും. എന്നാല്‍ പുരുഷന് ലഭിക്കുന്ന സ്വത്തില്‍ നിന്നും കുറെ ചെലവഴിക്കേണ്ടി വരും. അപ്പോള്‍ ഇവിടെ എന്തെങ്കിലും അനീതി ഉണ്ടോ?
യഥാര്‍തത്തില്‍ രണ്ടു കൂട്ടര്‍ക്കും തുല്യമായി സ്വത്ത് കൊടുത്തിരുന്നെങ്കില്‍ അതാകുമായിരുന്നു അനീതി.
6. സാക്ഷി പറയുമ്പോള്‍ ഒരു പുരുഷന്‍ മതി. സ്ത്രീ സാക്ഷ്യം പറയുമ്പോള്‍ ഒന്നിലധികം വേണം (ഖുര്‍ആന്‍ 2:282). സ്ത്രീയെ അവഹേളിക്കുകയല്ലേ ഇതിലൂടെ ചെയ്യുന്നത്?സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഖുര്‍ആനിലെ ഏറ്റവും വലിയ സൂക്തമാണിത്. സാക്ഷിയായി രണ്ടു സ്ത്രീകള്‍ വേണം എന്നത് സാമ്പത്തിക ഇടപാടുകളില്‍ മാത്രമാണെന്ന് വ്യക്തം. അതാവട്ടെ ന്യായമാണ് താനും. പൊതുവില്‍ സാമ്പത്തികമായ ഇടപാടുകളില്‍ ഏര്‍പ്പെടുന്നവര്‍ പുരുഷന്മാരായിരിക്കും. അതിനാല്‍ അതുമായി ബന്ധം ഇല്ലാത്ത സ്ത്രീകള്‍ സാക്ഷ്യം പറയുമ്പോള്‍ പിഴവ് സംഭവിക്കാം. ആ സാധ്യത ഒഴിവാക്കാന്‍ മാത്രമാണ് ഇങ്ങനെയൊരു വിധി പറഞ്ഞത്. ഇതില്‍ സ്ത്രീകളെ മോശമാക്കുന്ന ഒന്നും ഇല്ല.
എന്നാല്‍ മറ്റു മേഖലകളില്‍ സാക്ഷ്യം പറയാന്‍ രണ്ടു സ്ത്രീകള്‍ വേണം എന്ന നിര്‍ബന്ധമില്ല. (5:106, 24:6-9, 65:2 തുടങ്ങിയ സൂക്തങ്ങള്‍ പരിശോധിക്കുക).
ആര്‍ത്തവം, പ്രസവം പോലെയുള്ള കാര്യങ്ങളില്‍ സ്ത്രീകളുടെ മാത്രം സാക്ഷ്യമേ സ്വീകരിക്കപ്പെടൂ. കാരണം പുരുഷന് അത്തരം കാര്യങ്ങളില്‍ സാക്ഷ്യം പറയാന്‍ പറ്റില്ലല്ലോ.
7. സ്ത്രീ പുരുഷന്റെ കൃഷിയിടമാണെന്ന് ഖുര്‍ആന്‍ (2:223) പറയുന്നു. ഇത് വിവേചനമല്ലേ? കൂടാതെ 2:222 സൂക്തത്തില്‍ ആര്‍ത്തവരക്തം അശുദ്ധമാണെന്നും ആര്‍ത്തവമുള്ള സ്ത്രീകളെ സമീപിക്കാനേ പാടില്ലെന്നും ഖുര്‍ആന്‍ പറയുന്നു. ശരിക്കും സ്ത്രീ വിരുദ്ധമല്ലേ ഇത്?ഉപമകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവയെ വായനക്കാരന്റെ മനോഗതിക്കനുസരിച്ച് നെഗറ്റീവായും പോസിറ്റീവായും കാണാന്‍ കഴിയും. ഉദാഹരണത്തിന് 'ഒരാളുടെ മുഖം പതിനാലാം രാവിലെ പൂര്‍ണ ചന്ദ്രനെ പോലെയാണ്' എന്ന ഉപമയെടുത്തു ആ വ്യക്തിയുടെ മുഖത്ത് നിറയെ കുണ്ടും കുഴിയുമാണ് എന്ന് വ്യാഖ്യാനിക്കാം. ഉപമ നല്‍കിയവന്‍ അത് അംഗീകരിച്ചില്ലെങ്കിലും. അപ്പോള്‍ യഥാര്‍ത്ഥ വ്യാഖ്യാനം അറിയണമെങ്കില്‍ ആ ഉപമ നല്കിയവന്റെ പൊതുവായ നിലപാട് എന്തെന്നറിയണം.
സ്ത്രീക്ക് ന്യായമായ അവകാശങ്ങളും പുരുഷനേക്കാള്‍ പല നിലയിലും ആദരവും നല്‍കിയ മതമാണ് ഇസ്ലാം എന്ന വസ്തുതയുടെ പശ്ചാത്തലത്തില്‍ വേണം "സ്ത്രീ പുരുഷന്റെ കൃഷിയിടമാണ്" എന്ന വചനം പരിശോധിക്കാന്‍ . ഖുര്‍ആനിലെ വളരെ അര്‍ത്ഥവത്തായ ഒരു ഉപമയാണിത്. കൃഷിയിടവും കൃഷിക്കാരനും തമ്മിലുള്ള ആത്മബന്ധം എങ്ങനെയാണെന്ന് ആലോചിക്കുക. കൃഷിഭൂമി വളരെ നല്ല നിലയില്‍ സംരക്ഷിച്ചു നില നിര്‍ത്തുകയാണല്ലോ കൃഷിക്കാരന്‍ ചെയ്യുക. അതേ നിലയില്‍ വേണം ഈ സൂക്തത്തെയും കാണാന്‍ .
സ്ത്രീകളുമായി ചില പ്രത്യേക രീതിയില്‍ ലൈംഗിക ബന്ധം നടത്തിയാല്‍ ജനിക്കുന്ന കുഞ്ഞിന്റെ കണ്ണിനു വൈകല്യം ഉണ്ടാവുമെന്ന മദീനയിലെ യഹൂദന്മാരുടെ അന്ധവിശ്വാസം തള്ളിക്കളഞ്ഞു കൊണ്ടാണ് ഈ വചനം അവതരിക്കുന്നത്. ഒരു കൃഷിക്കാരന്‍ കൃഷിയിടത്തില്‍ ഏതെല്ലാം വഴികളിലൂടെ പ്രവേശിക്കുമോ അവ്വിധം നിങ്ങളുടെ ഭാര്യമാരെ നിങ്ങള്‍ക്ക് സമീപിക്കാം, ബന്ധപ്പെടാം. അന്ധവിശ്വാസങ്ങള്‍ക്ക് അതില്‍ പ്രസക്തിയില്ല. എന്നാല്‍ കൃഷിക്കാരന്‍ കൃത്യമായ സ്ഥലത്ത് വിത്തിറക്കുന്നത് പോലെ കൃത്യമായിരിക്കണം ആ ബന്ധമെന്നും ഈ സൂക്തത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നു.
എന്നാല്‍ ഈ വചനത്തെ വിമര്‍ശകര്‍ വ്യാഖ്യാനിച്ചത് ഇസ്ലാം സ്ത്രീയെ വെറും ലൈംഗിക ഉപകരണമായി കാണുന്നു എന്നാണ്. അതവരുടെ മലിനമനസ്സിന്റെ പ്രകാശനം മാത്രമാണെന്ന് വ്യക്തം. അവരില്‍ പലരുടെയും സ്ത്രീസങ്കല്പം അങ്ങനെ ആയത് കൊണ്ടാണ് വേഗത്തില്‍ അത്തരമൊരു വ്യാഖ്യാനത്തിലേക്ക് എത്തിപ്പെടുന്നത്.
ഗര്‍ഭാശയത്തിന്റെ ഉള്ളിലെ ഭിത്തിയായ endometrium ത്തിലെ രക്തക്കുഴലുകളും മറ്റും പൊട്ടി ഉണ്ടാകുന്ന രക്തമാണ് ആര്‍ത്തവരക്തം. ബീജസങ്കലനം (Fertilization) നടന്നില്ലെങ്കിലാണ് ഇത് സംഭവിക്കുക. ഇത് മാലിന്യമാണ് എന്ന കാര്യത്തില്‍ എന്താണ് സംശയം? മാലിന്യമല്ലെങ്കില്‍ പിന്നെന്തിനാണ് അത് ശുദ്ധിയാക്കുന്നത്?
ഖുര്‍ആനെ സംബന്ധിച്ചിടത്തോളം ആര്‍ത്തവത്തെ "അദന്‍" (ബുദ്ധിമുട്ട്, പ്രയാസം, അശുദ്ധി) എന്നാണു പറഞ്ഞത്. ഈ അര്‍ത്ഥതലങ്ങളൊന്നും അബദ്ധമോ അശാസ്ത്രീയമോ അല്ല. അതില്‍ നിന്ന് മുക്തമാവുന്നത് വരെ ഭാര്യയുമായുള്ള ലൈംഗികബന്ധം ഒഴിവാക്കണമെന്നാണ് ഖുര്‍ആന്‍ നിര്‍ദേശം. മറ്റുള്ള സഹവാസത്തിനൊന്നും യാതൊരു പ്രശ്നവുമില്ല. "അവര്‍ ശുദ്ധിയാവുന്നത് വരെ മാറിനില്‍ക്കണം" എന്ന് ഖുര്‍ആന്‍ പറഞ്ഞത് ലൈംഗികബന്ധത്തെ കുറിച്ചാണ്. ശേഷം വരുന്ന സൂക്തം തന്നെ (2:223) അത് ലൈംഗികബന്ധത്തെ കുറിച്ചാണെന്ന് സൂചിപ്പിക്കുന്നുണ്ട്. കൂടാതെ പ്രവാചകന്‍ (സ) അക്കാര്യം ഒരു സംശയത്തിനും ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുമുണ്ട്. (മുസ്ലിം അടക്കമുള്ള ഹദീസ് സമാഹാരങ്ങളില്‍ അത് കാണാം)
8. സ്ത്രീ ഭരണാധികാരിയാകുന്നതിനെയും നേതൃത്വസ്ഥാനം എടുക്കുന്നതിനെയും ഇസ്ലാം എതിര്‍ക്കുന്നില്ലേ? " സ്ത്രീയെ അധികാരമേല്പ്പിച്ച ജനത പരാജയപ്പെട്ടിരിക്കുന്നു" എന്ന നബിവചനവും പ്രവാചകന്മാരില്‍ സ്ത്രീകള്‍ ഇല്ലാത്തതുമൊക്കെ ഇതിനുള്ള തെളിവല്ലേ?സ്ത്രീയുടെ പ്രധാന പ്രവര്‍ത്തന മേഖല വീട് തന്നെയാണ്. അവളുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍ അത് ശരിവെക്കുന്നു. (അല്ലെങ്കിലും ആരെങ്കിലും ഒരാള്‍ വീടിന്റെ പരിപാലനത്തിനും സന്താനപരിപാലനത്തിനുമൊക്കെ ആവശ്യമാണല്ലോ). എന്നാല്‍ ആവശ്യമെങ്കില്‍ സ്ത്രീ ഭരണ-രാഷ്ട്രീയ രംഗത്ത് വരുന്നതിനെ ഇസ്ലാം വിലക്കിയിട്ടൊന്നുമില്ല. ഉമര്‍ (റ) മദീനാ മാര്‍ക്കറ്റിന്റെ നിയന്ത്രണവും വിധിതീര്‍പ്പും ശിഫാ എന്ന വനിതയെ ഏല്‍പ്പിച്ചത് ഒരു ഉദാഹരണമാണ്.
"സ്ത്രീയെ അധികാരമേല്പ്പിച്ച ജനത പരാജയപ്പെട്ടിരിക്കുന്നു" എന്ന നബി വചനം ഒരു പ്രത്യേക ചരിത്ര പശ്ചാത്തലത്തില്‍ ഉള്ളതാണ്. നബി (സ) യുടെ കാലത്തെ പേര്‍ഷ്യന്‍ ഭരണാധികാരികള്‍ പ്രവാചകനോട് വലിയ ശത്രുത പുലര്‍ത്തിയിരുന്നു. അവര്‍ ഖുസ്രുവിന്റെ മകളെ ഭരണാധികാരിയാക്കിയപ്പോള്‍ ഒരു പ്രവചനം എന്ന നിലയില്‍ നബി (സ) പറഞ്ഞ വചനമാണ് ഇത്. ആ പ്രവചനം പുലരുകയും ചെയ്തു.
ഈ സംഭവത്തെ സാമാന്യവല്‍ക്കരിക്കുന്നത് ശരിയല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
സ്ത്രീകള്‍ പ്രവാചകന്മാരായി നിയോഗിക്കപ്പെടാത്തതിനുള്ള കാരണം സാമാന്യബോധമുള്ള ആര്‍ക്കും വ്യക്തമാകും. പ്രവാചകത്വം എന്നത് സമ്പൂര്‍ണ മാതൃക കാണിക്കുവാനുള്ളതാണ്. ജീവിതത്തിന്റെ സകല മേഖലകളിലും. അത് സാധിക്കുക പുരുഷന്മാര്‍ക്കായിരിക്കുമല്ലോ. സ്ത്രീകളുടെ പ്രകൃതിപരമായ കാര്യങ്ങള്‍ ഇതിനൊക്കെ തടസ്സമാകും.
എന്നാല്‍ സ്ത്രീകള്‍ക്ക് അല്ലാഹുവില്‍ നിന്നും വഹ് യ് ലഭിച്ചിരുന്നു എന്ന വസ്തുത നാം ഓര്‍ക്കേണ്ടതുണ്ട്. മൂസാ നബി (അ) യുടെ മാതാവ്, ഈസാ (യേശു) നബിയുടെ മാതാവ് മര്‍യം എന്നിവര്‍ക്ക് വഹ് യ് (ദിവ്യബോധനം) ലഭിച്ചതായി ഖുര്‍ആന്‍ പറയുന്നു (28:7, 19:22-26 സൂക്തങ്ങള്‍ നോക്കുക).
9. പള്ളിയില്‍ ഇമാമാകുവാനോ (നമസ്ക്കാരത്തിന് നേതൃത്വം നല്‍കുക) ബാങ്ക് വിളിക്കുവാനോ ഖുതുബ പറയാനോ ഉള്ള അവകാശം ഇസ്ലാമില്‍ നല്‍കുന്നില്ല. എന്ത് കൊണ്ട്?സ്ത്രീയുടെ പ്രകൃതിപരമായ പ്രത്യേകതകള്‍ മനസ്സിലാക്കാതെയുള്ള ചോദ്യമാണിത്. മാസത്തില്‍ ആവര്‍ത്തിച്ചുള്ള ആര്‍ത്തവചക്രം, ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ , ശാരീരികമായ ബലഹീനതകള്‍ തുടങ്ങിയ കാര്യങ്ങള്‍ പള്ളിയില്‍ ഇമാം സ്ഥാനം ഏറ്റെടുക്കാനോ ബാങ്ക് വിളിക്കുവാനോ ഖുതുബ പറയാനോ അനുയോജ്യമല്ല എന്നത് ആര്‍ക്കും വ്യക്തമാവുന്ന കാര്യമാണ്. ബാങ്ക് വിളിക്കണമെങ്കില്‍ നല്ല ശബ്ദഗാംഭീര്യം വേണം. അത് പുരുഷനാണ് ഉള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ല.
10. സ്വര്‍ഗത്തില്‍ പോലും സ്ത്രീയെ ഒരു ഭോഗവസ്തുവായിട്ടല്ലേ കാണുന്നത്? കൂടാതെ പുരുഷന്മാര്‍ക്ക് കിട്ടുന്നത് പോലെയുള്ള ഇണകളെ സ്ത്രീകള്‍ക്ക് കിട്ടുമെന്ന് ഖുര്‍ആന്‍ പറയുന്നുമില്ല.ഭോഗവസ്തു എന്ന പ്രയോഗം ഈ ലോകത്തെ അവസ്ഥ വെച്ചുള്ള ചിന്തയാണ്. വ്യക്തിത്വവും വികാരവുമുള്ള സ്ത്രീകളെ അതൊന്നും പരിഗണിക്കാതെ ലൈംഗിക പീഡനത്തിനും ചൂഷണത്തിനും ഇരയാക്കുന്ന സംസ്ക്കാരമാണ് ഭോഗവസ്തു എന്ന പ്രയോഗം കുറിക്കുന്നത്. സ്വര്‍ഗത്തില്‍ അങ്ങനെയൊരു രീതി ഒരിക്കലുമില്ല.
സ്വര്‍ഗത്തിലെ ഹൂറുകള്‍ പുരുഷന്മാര്‍ക്കായി പ്രത്യേകം സൃഷ്ടിച്ചു വെച്ച കന്യകകള്‍ ആണെന്ന് പറഞ്ഞല്ലോ. ഹൂറുകള്‍ അവര്‍ക്ക് കിട്ടിയ പുരുഷന്മാരുടെ സാന്നിധ്യത്തില്‍ സന്തോഷിക്കുകയെ ഉള്ളൂ. ഇണ ചേരുമ്പോള്‍ രണ്ടു കൂട്ടര്‍ക്കും സന്തോഷം ലഭിക്കുമെങ്കില്‍ മേല്‍ പറഞ്ഞ പ്രശനം വരുന്നില്ലല്ലോ. ഹൂറുകളുടെ വ്യക്തിത്വം എങ്ങനെയെന് നമുക്കറിയില്ല. എന്തായാലും അത് ഹനിക്കപ്പെടുകയില്ല എന്ന് ഉറപ്പിക്കാം. നന്മ നിറഞ്ഞ മനസ്സുള്ള സ്വര്‍ഗവാസികള്‍ ഈ ഭൂമിയിലെ കാപാലികന്മാരെയും കാമഭ്രാന്തന്മാരെ പോലെയും പെരുമാറില്ല. അപമാനിക്കില്ല. ആരുടേയും അവകാശങ്ങള്‍ ഹനിക്കുകയുമില്ല. സ്ത്രീയാകട്ടെ പുരുഷനാകട്ടെ എല്ലാവര്ക്കും തുല്യമായ സന്തോഷവും സംതൃപ്തിയും നീതിയും ലഭിക്കുന്ന ഇടമാണല്ലോ സ്വര്‍ഗം.
ഇനി സ്വര്‍ഗം ലഭിച്ച സ്ത്രീകള്‍ക്ക് പ്രത്യേകം ഇണകളെ (പുരുഷന്മാര്‍ക്ക് ഹൂറുകള്‍ കിട്ടുന്നത് പോലെ) ലഭിക്കുമോ എന്ന പ്രശ്നം നോക്കാം. ഇതിനു മൂന്നു വിധത്തില്‍ മറുപടി പറയാം:
a) ഖുര്‍ആന്‍ അക്കാര്യം പ്രത്യേകം പറഞ്ഞിട്ടില്ല എന്നത് ശരിയാണ്. അതിനര്‍ത്ഥം അവര്‍ക്ക് അങ്ങനെ ഇണകളെ കിട്ടില്ല എന്നല്ല. പുരുഷന് ഹൂറുകളെ കിട്ടുക എന്നത് ഒരു പ്രതീകമായി പറഞ്ഞതാണെന്നാണ് മനസ്സിലാകുന്നത്. (എക്കാലവും കവിതകളിലും സാഹിത്യങ്ങളിലുമൊക്കെ സ്ത്രീ സൗന്ദര്യമാണ് ഏറ്റവും കൂടുതലായി വര്‍ണിക്കപ്പെടുക എന്ന വസ്തുത ഓര്‍ക്കുക). സ്വാഭാവികമായും സ്ത്രീകള്‍ക്ക് അവരുടെ പ്രത്യേക ഇണകളും ഉണ്ടാവും. അത് പ്രത്യേകം പറയേണ്ടതില്ല.
ഒരാള്‍ മരണപ്പെട്ടാല്‍ (അത് സ്ത്രീയായാലും പുരുഷനായാലും) മരണപ്പെട്ട ആള്‍ക്ക് വേണ്ടി നിര്‍വഹിക്കപ്പെടുന്ന നമസ്ക്കാരത്തില്‍ ചൊല്ലുന്ന ഒരു പ്രാര്‍ഥനയുടെ അര്‍ഥം കാണുക:
"അല്ലാഹുവേ, മരിച്ചയാള്‍ക്ക് ഈ ലോകത്തിലെ അയാളുടെ ഭവനത്തെക്കാള്‍ നല്ല ഭവനവും, കുടുംബത്തെക്കാള്‍ നല്ല കുടുംബവും, ഇണയെക്കാള്‍ നല്ല ഇണയെയും സ്വര്‍ഗത്തില്‍ നീ നല്‍കേണമേ."അപ്പോള്‍ സ്ത്രീക്കും അവള്‍ ആഗ്രഹിക്കും പ്രകാരം ഇണയെ ലഭിക്കുമെന്ന് വ്യക്തം.
b) സ്ത്രീയും പുരുഷനും സമ്പൂര്‍ണ സംപ്തൃപ്തരായിരിക്കുമെന്നു ഖുര്‍ആന്‍ പറയുന്നു. (എന്നാലല്ലേ അത് സ്വര്‍ഗമാവൂ). അപ്പോള്‍ പിന്നെ ഇണകള്‍ ഉണ്ടോ ഇല്ലേ എന്നൊക്കെ ചോദിക്കുന്നതില്‍ എന്തര്‍ത്ഥം?
c) ഒന്നിലധികം ഇണകള്‍ വേണമെന്ന വികാരം സ്വര്‍ഗത്തില്‍ സ്ത്രീക്ക് ഉണ്ടാവില്ലെങ്കിലോ? അപ്പോള്‍ ഇണകള്‍ ഇല്ല എന്ന വിമര്‍ശനം അര്‍ത്ഥശൂന്യമാവും.
ഇനി സ്ത്രീക്ക് പ്രത്യേക ഇണകള്‍ വേണം എന്ന ആഗ്രഹം ഉണ്ടെങ്കില്‍ അത് നടപ്പിലാവുകയും ചെയ്യും. കാരണം ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്ന ഇടമാണ് സ്വര്‍ഗം.
Good..
ReplyDeleteകൊള്ളാം ...
ReplyDelete40% SARIYANU
Deleteഅപ്പോള്‍ ബാക്കി 60% തെറ്റാണെന്നാണോ? എങ്കില്‍ അവ ഏതൊക്കെ എന്ന് പറഞ്ഞാല്‍ ഉപകാരമായിരിക്കും.
Deletethenga yano thengano aadyam undayath
Deleteകൊള്ളാം. നന്നായിട്ടുണ്ട്. കൂടുതല്‍ യുക്തിഭദ്രമായി കാര്യങ്ങള്‍ വിവരിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.
ReplyDeleteവളരെ നല്ല ആര്ട്ടിക്കിളാണിത്. വളരെ ഉപകാരപ്രദമായി
ReplyDeleteവളരെ നല്ല വിശദീകരണം
ReplyDeleteMasha Allah.. Jazak Allah khair...
ReplyDelete