Wednesday, July 4, 2012

മുഹമ്മദ്‌ നബി (സ) അള്ളാഹു അനുവദിച്ചത് നിഷിദ്ധമാക്കിയെന്നോ?

മുഹമ്മദ്‌ നബി (സ) പാപം ചെയ്ത ആളാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കാറുള്ള ഖുര്‍ആന്‍ വചനമാണ് സൂറത്ത് തഹ് രീം ആദ്യ സൂക്തം. അത് താഴെ വായിക്കുക: 

ഓ; നബീ, നീയെന്തിനാണ്‌ നിന്‍റെ ഭാര്യമാരുടെ പ്രീതി തേടിക്കൊണ്ട്‌, അല്ലാഹു അനുവദിച്ചു തന്നത്‌ നിഷിദ്ധമാക്കുന്നത്‌? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (66 :1 )
ഈ ഖുര്‍ആന്‍ വാക്യത്തില്‍ പറയുന്ന സംഭവം മൌദൂദി ഇങ്ങനെ വിശദീകരിക്കുന്നു:
...... നബി(സ) തന്റെ മേല്‍ നിഷിദ്ധമാക്കിയ സംഗതി എന്തായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടില്ല. എങ്കിലും ഹദീസ് പണ്ഡിതന്മാരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അതു സംബന്ധിച്ച് ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലമെന്ന് വിശേഷിപ്പിച്ചു കൊണ്ട് രണ്ട് വ്യത്യസ്ത സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഒരു സംഭവം ഹ. മാരിയത്തുല്‍ ഖിബ്തിയ്യയുമായി ബന്ധപ്പെട്ടതാണ്. നബി (സ) തേന്‍ ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞ ചെയ്തതാണ് രണ്‍ണ്‍ണ്ടാമത്തെ സംഭവം. ഹ. മാരിയ്യയുടെ സംഭവം ഇപ്രകാരമാകുന്നു. ഹുദൈബിയ സന്ധിയുണ്‍ണ്ടായ ശേഷം നബി(സ) ചുറ്റുപാടുമുള്ള രാജാക്കന്മാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടണ്‍ു സന്ദേശമയച്ചു. കൂട്ടത്തില്‍ ഒരു കത്ത് അലക്സാണ്ട്രിയയിലുള്ള റോമന്‍ പാത്രിയാര്‍ക്കീസിനും അയക്കുകയുണ്ടായി. ഇദ്ദേഹത്തെ മുഖൌഖീസ് എന്നാണ് അറബികള്‍ വിളിച്ചിരുന്നത്. ഹ. ഹാത്വിബുബിനു അബീ ബല്‍തഅയാണ് പ്രവാചക ലിഖിതം മുഖൌഖിസിന് എത്തിച്ചു കൊടുത്തത്. എഴുത്തു വായിച്ച മുഖൌഖീസ് ഇസ്ലാം സ്വീകരിച്ചില്ലെങ്കിലും ദൂതനെ ഭംഗിയായി ഉപചരിക്കുകയും ഇപ്രകാരം ഒരു മറുപടി എഴുതിക്കൊടുക്കുകയും ചെയ്തു. ഒരു പ്രവാചകന്‍ ഇനിയും ആഗതനാകാനുണ്ടെണ്‍ന്ന് നമുക്കറിയാം. അദ്ദേഹം ശാം ദേശത്താണ് പ്രത്യക്ഷനാകുക എന്നാണ് നാം കരുതിയത്. അതിനാല്‍ നാം അങ്ങയുടെ പ്രതിനിധിയെ ആദരിക്കുന്നു. ഖിബ്തി വര്‍ഗത്തില്‍ ഉന്നത സ്ഥാനികളായ രണ്ടു  കുമാരിമാരെ താങ്കളെ സേവിക്കുന്നതിനു വേണ്ടി അയച്ചു തരികയും ചെയ്യുന്നു` (ഇബ്നു സഅ്ദ്) ഈ കുമാരിമാരിമാരിലൊരാള്‍ മാരിയ്യയും മറ്റെതു സീരിനുമായിരുന്നു. കൃസ്ത്യാനികളുടെ (Mary) മേരി തന്നെയാണ് അറബിയിലെ മാരിയയും മര്‍യമും. ഈജിപ്തില്‍ നിന്നുള്ള മടക്കയാത്രയില്‍ ഹാത്വിബ് ഈ രണ്ടു പെണ്‍കുട്ടികള്‍ക്കും ഇസ്ലാം മതത്തെ പരിചയപ്പെടുത്തി. അവരിരുവരും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. മദീനയിലെത്തിയപ്പോള്‍ നബി സീരീനെ ഹ: ഹസ്സാനുബ്നു ഥാബിതിന്റെ അധീനതയില്‍ വിട്ടുകൊടുത്തു. മരിയ്യയെ സ്വന്തം അന്തഃപുരത്തിലും പാര്‍പ്പിച്ചു. ഹി. 8-ാം ആണ്ട് ദുല്‍ഹജ്ജില്‍ അവര്‍ തിരുമേനിയുടെ പുത്രന്‍ ഇബ്റാഹീമിനെ പ്രസവിച്ചു. (അല്‍ ഇസ്തീആബ്, അല്‍ ഇസ്വാബ ). ഈ വനിത അതിസുന്ദരിയായിരുന്നു. അത് ഇസ്വാബയില്‍ ഹാഫിള് ഇബ്നുഹജര്‍ , ഹ. ആഇശ (റ) അവരെക്കുറിച്ച് ഇപ്രകാരം പ്രസ്താവിച്ചതായി ഉദ്ധരിച്ചിരിക്കുന്നു. "മാരിയ്യയുടെ ആഗമനത്തോളം മറ്റൊരു സ്ത്രീയുടെയും ആഗമനം എനിക്ക് അരോചകമായി തോന്നിയിട്ടില്ല. കാരണം, അവര്‍ സുശീലയും സുന്ദരിയുമായിരുന്നു. തിരുമേനി അവരില്‍ വളരെ സന്തുഷ്ടനുമായിരുന്നു.`` അവരെക്കുറിച്ച് വ്യത്യസ്ത വഴികളിലൂടെ ഹദീസുകളില്‍ ഉദ്ധൃതമായ കഥയുടെ ചുരുക്കമിതാണ്. ഒരിക്കല്‍ തിരുമേനി (സ) ഹ. ഹഫ്സയുടെ ഭവനത്തില്‍ ആഗതനായി. അവര്‍ ഭവനത്തില്‍ ഉണ്ടായിരുന്നില്ല. ഈ സന്ദര്‍ഭത്തില്‍ ഹ. മാരിയ്യ തിരുമേനിയുടെ അടുത്ത് വരുകയും തിമേനിയോടൊപ്പം അവിടെ തങ്ങുകയും ചെയ്തു. ഹ. ഹഫ്സ്വക്ക് ഇതൊട്ടും രസിച്ചില്ല. അവര്‍ അതേപ്പറ്റി തിരുമേനിയോട് വല്ലാതെ പരിഭവിച്ചു. തുടര്‍ന്ന് അവരെ സന്തുഷ്ടയാക്കുന്നതിനു വേണ്ടി, ഇനിയൊരിക്കലും താന്‍ മാരിയ്യയുമായി ദാമ്പത്യബന്ധം പുലര്‍ത്തുന്നതല്ല എന്ന് തിരുമേനി അവരോട് പ്രതിജ്ഞ ചെയ്തു. മാരിയ്യ മേലില്‍ തനിക്ക് നിഷിദ്ധയാണെന്ന് ശപഥം ചെയ്തുവെന്നാണ് ചില നിവേദനങ്ങളിലുള്ളത്. അത്തരം നിവേദനങ്ങളിലധികവും താബിഉകളില്‍ നിന്ന് മുര്‍സലായി ഉദ്ധരിക്കപ്പെട്ടിട്ടുള്ളതാണ്. എങ്കിലും അവയില്‍ ചിലത് ഹ. ഉമര്‍ , ഹ. അബ്ദുല്ലാഹിബ്നു അബ്ബാസ് , ഹ. അബൂഹുറയ്റ തുടങ്ങിയവരില്‍ നിന്നുള്ളതാകുന്നു. നിവേദന പരമ്പരകളുടെ ഈ ആധിക്യം പരിഗണിച്ചു കൊണ്ട് ഹാഫിള് ഇബ്നു ഹജര്‍ തന്റെ ഫത്ഹുല്‍ബാരിയില്‍ അവതരിപ്പിക്കുന്ന വീക്ഷണമിതാണ്. ഈ കഥയ്ക്ക് എന്തെങ്കിലും അടിസ്ഥാനമില്ലാതെ വരില്ല. പക്ഷേ, സ്വിഹാഹുസ്സിത്ത (പൊതു അംഗീകാരമുള്ള ആറു ഹദീസ് സമാഹാരങ്ങള്‍)യില്‍ ഇത് ഉദ്ധരിക്കപ്പെട്ടിട്ടില്ല. നസാഇ ഹ. അനസില്‍ നിന്ന് ഇത്രയേ നിവേനം ചെയ്യുന്നുള്ളൂ. "തിരുമേനിക്ക് അദ്ദേഹം അനുഭവിച്ചിരുന്ന ഒരു ദാസിയുണ്ടായിരുന്നു. പിന്നീട് ഹ. ആയിശയുടെയും ഹഫ്സയുടെയും നിര്‍ബന്ധത്തിനു വഴങ്ങി തിരുമേനി അവരെ തനിക്കു നിഷിദ്ധയാക്കി. അതെക്കുറിച്ചാണ് يَا أَيُّهَا النَّبِيُّ لِمَ تُحَرِّمُ مَا أَحَلَّ اللَّهُ لَكَ ۖ تَبْتَغِي مَرْضَاتَ أَزْوَاجِكَ ۚ وَاللَّهُ غَفُورٌ رَّحِيمٌ ﴿١﴾ എന്ന ഖുര്‍ആന്‍ സൂക്തം അവതരിച്ചത്.` 
രണ്ടാമത്തെ സംഭവം ബുഖാരി, മുസ്ലിം , അബൂദാവൂദ്, നസാഇ തുടങ്ങിയ നിരവധി ഹദീസ് ഗ്രന്ഥങ്ങളില്‍ ഹ. ആഇശയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതാണ്. അതിന്റെ ചുരുക്കമിതാണ്. റസൂല്‍ (സ) എല്ലാ ദിവസങ്ങളിലും അസ്വറിന് ശേഷം ഭാര്യമാരെ സന്ദര്‍ശിക്കുക പതിവായിരുന്നു. ഒരിക്കല്‍ തിരുമേനി (സ) ഹ. സൈനബ് ബിന്‍ത് ജഹ്ശിന്റെ അടുത്തുചെന്ന് വളരെ നേരം കഴിച്ചുകൂട്ടി. അവര്‍ക്ക് കുറെ തേന്‍ കിട്ടിയിട്ടുണ്ടായിരുന്നു. തിരുമേനിക്ക് മധുരം വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ട് തിരുമേനി അവിടെ മധുപാനം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഹ. ആഇശ പറയുന്നു: എനിക്കതില്‍ അസൂയ തോന്നി. ഞാന്‍ ഹഫ്സ്വയെയും സൌദയെയും സ്വഫിയ്യയെയും കൂട്ടി ആലോചിച്ച് ഇങ്ങനെ പരിപാടിയിട്ടു. തിരുമേനി ഇനി നമ്മില്‍ ആരുടെ അടുത്തു ചെന്നാലും അദ്ദേഹത്തെ `മഗാഫിര്‍  (مغافر)നാറുന്നതായി പറയണം. ദുര്‍ഗന്ധമുള്ള ഒരു പൂവാണ് മഗാഫിര്‍ . തേനിച്ചകള്‍ ആ പൂവില്‍ നിന്നും തേന്‍ ശേഖരിച്ചിട്ടുണ്ടെങ്കില്‍ തേനിലും ആ ഗന്ധം കാണും. നബി(സ) ശുചിത്വത്തിലും ശുദ്ധിയിലും അതിയായ ജാഗ്രത പുലര്‍ത്തിയിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. തന്നില്‍ എന്തെങ്കിലും ദുര്‍ഗന്ധമുണ്ടാകുന്നത് അദ്ദേഹത്തിന് പൊറുക്കാനാകുമായിരുന്നില്ല. അദ്ദേഹം ആ ഹ. സൈനബിന്റെ അടുത്ത് താമസിക്കുന്നത് തടയാന്‍ ഈ സ്വഭാവസവിശേഷത മുതലെടുത്ത് ആസൂത്രണം ചെയ്തതായിരുന്നു. ഈ പദ്ധതി അതു നടപ്പാക്കുകയും ചെയ്തു. തന്റെ വായ് മഗാഫിര്‍ വാസനിക്കുന്നതായി പല ഭാര്യമാരും പറഞ്ഞപ്പോള്‍ അദ്ദേഹം ഇനി താന്‍ തേനുപയോഗിക്കില്ല എന്നു പ്രതിജ്ഞയെടുത്തു. ഒരു നിവേദനത്തിലുള്ളത് ഇങ്ങനെയാണ്. فَلنْ أعُودَ لَهُ وَقَدْ حَلَفْتُ ഇനിയൊരിക്കലും മധുപാനം ആവര്‍ത്തിക്കയില്ല. ഞാന്‍ സത്യം ചെയ്തിരിക്കുന്നു. ചില നിവേദനങ്ങളില്‍ ഇനിയൊരിക്കലും ഞാന്‍ മധുപാനം ആവര്‍ത്തിക്കുകയില്ല എന്നു മാത്രമേയുള്ളൂ. സത്യം ചെയ്തതായി ഇല്ല. ഇബ്നുല്‍മുന്‍ദിര്‍ , ഇബ്നു അബീ ഹാതീം , ത്വബ്റാനി ഇബ്നു മര്‍ദവൈഹി തുടങ്ങിയവര്‍ ഇബ്നു അബ്ബാസില്‍ നിന്ന് ഉദ്ധരിച്ച നിവേദനത്തില്‍ وَاللهِ لاَ أشْرِبُهُ അല്ലാഹുവാണ് ഞാനിതു കുടിക്കുകയില്ല എന്നാണുള്ളത്. 
പ്രഗദ്ഭ പണ്ഡിതന്മാരെല്ലാം ഈ രണ്ട് കഥകളില്‍ രണ്ടാമത്തേതാണ് സാധൂകരിച്ചിട്ടുള്ളത്. ഒന്നാമത്തെ കഥയവര്‍ അസ്വീകാര്യമായി ഗണിച്ചിരിക്കുന്നു. ഇമാം നസാഇ പറഞ്ഞു. ഹ. ആഇശയുടെ തേന്‍ സംബന്ധിച്ച് കഥ വളരെ പ്രബലമാകുന്നു. ഹ. മാരിയ്യയെ നിഷിദ്ധമാക്കിയ കഥ ആധികാരികമായ ഒരു പരമ്പരയിലൂടെയും നിവേദനം ചെയ്യപ്പെട്ടിട്ടില്ല. ഖാദി ഇയാദ് പറഞ്ഞു. ഈ സൂക്തം മാരിയ്യയെക്കുറിച്ചല്ല തേനിനെക്കുറിച്ചാണ് അവതരിപ്പിച്ചത് എന്നതത്രെ ശരി. ഖാദി അബൂബക്കര്‍ ഇബ്നൂല്‍ അറബിയും തേനിന്റെ കഥതന്നെയാണ് സാധുവായി അംഗീകരിച്ചിട്ടുളളത്. ഇമാം നവവിയും ബദ്റുദ്ദീന്‍ ഐനിയും ഇതേ അഭിപ്രായക്കാരാണ്. ഫത്ഹുല്‍ഖദീറില്‍ ഇബ്നു ഹുമാം പ്രസ്താവിക്കുന്നു. തേനിന്റെ കഥ അതിലുള്‍പ്പെട്ട ആഇശയില്‍ നിന്നു തന്നെ ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുള്ളതാണ്. അതുകൊണ്ട് അതാണ് ഏറെ സ്വീകാര്യയോഗ്യം. ഹാഫിള് ഇബ്നു കഥീര്‍ പറഞ്ഞു. ഈ സൂക്തം നബി തന്റെ മേല്‍ തേന്‍ നിഷിദ്ധമാക്കിയതിനെ സംബന്ധിച്ച് അവതരിച്ചതാണ് എന്ന വീക്ഷണമാണ് സാധുവായിട്ടുള്ളത്.

No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...