Monday, July 30, 2012

ബഹുഭര്‍ത്തൃത്വം അപ്രായോഗികം

ഇസ്ലാം ബഹുഭാര്യത്വം അനുവദനീയമായമാക്കിയതിന്റെ യുക്തവും ന്യായവുമായ കാരണങ്ങളെ ഖണ്ഡിക്കുവാന്‍ അതിന്റെ വിമര്‍ശകര്‍ക്ക്‌ ഇന്നേ വരെ സാധിച്ചിട്ടില്ല. അതിനു പകരം ബഹുഭാര്യത്വത്തിനുള്ള കാരണങ്ങള്‍ ബഹുഭര്‍തൃത്വത്തിനും ന്യായമാക്കാമല്ലോ എന്നാണവര്‍ ചൂണ്ടിക്കാണിക്കുന്നത്. ബഹുഭാര്യത്വം പല പ്രശ്നങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല പരിഹാരമാവുമ്പോള്‍ ബഹുഭര്‍തൃത്വം ഒന്നിനും പരിഹാരമുണ്ടാക്കുന്നില്ല. പല പ്രശ്നങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു. ബഹുഭര്‍തൃത്വം പല കാരണങ്ങളാലും അപ്രായോഗികമാണെന്ന വസ്തുത നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
1. ആരുടെ സംരക്ഷണം?
ഒന്നിലധികം ഭര്‍ത്താക്കന്മാര്‍ വരുമ്പോള്‍ സ്ത്രീയെ ആര് സംരക്ഷിക്കും? തുല്യമായി പങ്കിട്ടെടുക്കണം എന്നായിരിക്കും ഉത്തരം. അതൊരു യാന്ത്രികമായ പ്രവര്‍ത്തനമായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ല. ഓരോ ഭര്‍ത്താവും കണക്ക്‌ പറച്ചില്‍ ആരംഭിക്കും. ചെലവഴിച്ച സമയത്തിന്റെയും സ്നേഹത്തിന്റെയും സുഖത്തിന്റെയും പക്ഷപാതിത്വത്തിന്റെയുമൊക്കെ കാര്യങ്ങള്‍ പറഞ്ഞു തര്‍ക്കിക്കുവാനും അങ്ങനെ ജിവിതം ദു:സ്സഹമാകാനും അത് കാരണമാകുന്നു. ഇത്തരം പ്രകൃതം സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണ്. 

സ്ത്രീയുടെ വാര്‍ദ്ധക്യത്തിലുള്ള സംരക്ഷണവും നാം ചിന്തിച്ചു നോക്കുക. മുമ്പത്തെതിനേക്കാള്‍ സങ്കീര്‍ണതയും ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ കലഹവും ഉയരുന്ന വേളയാണത്. ഭാര്യക്ക്‌ മന:സമാധാനവും സന്തോഷവും ഇല്ലാത്ത യാന്ത്രികമായ ഒരു ജീവിതം നയിക്കേണ്ട സാഹചര്യം അത് സൃഷ്ടിക്കുന്നു.
2. ലൈംഗികബന്ധവും ബഹുഭര്‍തൃത്വവും 
ഒന്നിലധികം ഭര്‍ത്താക്കന്മാര്‍ ഉള്ള സ്ത്രീയുമായുള്ള ലൈംഗികബന്ധത്തിന് നിശ്ചിത സമയം വിഭജിച്ചു നല്‍കേണ്ടി വരുന്നു. കുടുംബ ജീവിതത്തില്‍ തികച്ചും അപ്രായോഗികമായ കാര്യമാണല്ലോ. ഇതിന്റെ പേരില്‍ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും ഉടലെടുക്കും. സ്ത്രീയെ സംബന്ധിച്ചിടത്തോളം അവള്‍ ഒരു ഉപകരണമായി തീരുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുക.
3. സ്ത്രീ ഗര്‍ഭിണിയായാല്‍ 
ഗര്‍ഭധാരണവും പ്രസവവും സ്ത്രീകളുടെ പ്രത്യേകതയും അവരുടെ ജീവിത സൗഭാഗ്യത്തിനു അനിവാര്യവുമാണ്. ഒന്നിലധികം ഭര്‍ത്താക്കന്മാരുള്ള സ്ത്രീ ഗര്‍ഭിണിയായാല്‍ താന്‍ ആരുടെ ബീജമാണ് വഹിക്കുന്നതെന്ന് അവള്‍ക്കു അറിയില്ല. ഭര്‍ത്താക്കന്മാര്‍ക്കും അറിയില്ല. അതോടൊപ്പം ഗര്‍ഭകാലത്ത്‌ സ്ത്രീകള്‍ക്ക് പ്രത്യേക ശുശ്രൂഷയും സംരക്ഷണവും ആവശ്യമാണ് . ഗര്‍ഭസ്ഥശിശു തന്റെതാണെന്ന് ഉറപ്പില്ലാത്ത ആരും ആത്മാര്‍ഥതയോടെ അത് ഏറ്റെടുത്തു നടത്തുകയില്ല. ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഇതിന്റെ പേരില്‍ കലഹം ഉയരം. സ്വന്തം കുഞ്ഞിനെ ഗര്‍ഭം ധരിച്ച ഭാര്യയോടുള്ള സംശുദ്ധമായ സ്നേഹം ഇവിടെ അന്യമായിരിക്കും. നന്നേ കവിഞ്ഞാല്‍ ഭര്‍ത്താക്കന്മാരുടെ യാന്ത്രിക സ്നേഹ പ്രകടനം മാത്രം. മറ്റുള്ളവരുടെ ഗര്‍ഭം താങ്ങാനും താലോലിക്കാനും മനോവൈകൃതമുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. അതിനാല്‍ സാധാരണ സാഹചര്യങ്ങളില്‍ ഗര്‍ഭിണികള്‍ വളരെയേറെ അരക്ഷിതാവസ്ഥയും കഷ്ടതയും അനുഭവിക്കുന്നു. 
4. പ്രസവാനന്തരം 
സ്ത്രീ പ്രസവിച്ചു കഴിഞ്ഞാലും ഭര്‍ത്താവിന്റെ കലര്‍പ്പില്ലാത്ത സ്നേഹവും ശുശ്രൂഷയും പിന്ബലവുമൊക്കെ അത്യാവശ്യമാണ്. എന്നാല്‍ ബഹുഭര്‍തൃത്വസമ്പ്രദായത്തില്‍ അങ്ങനെയൊന്ന് പ്രതീക്ഷിക്കുകയെ വേണ്ട. കാരണം മേല്‍ പറഞ്ഞത് തന്നെ. 

മറ്റൊരു പ്രശ്നം ബഹുഭര്‍തൃത്വത്തിലൂടെ ഉണ്ടാവുന്ന കുട്ടികളുടെ പിതാക്കന്മാരെ തിരിച്ചറിയാന്‍ പലപ്പോഴും സാധിക്കില്ല എന്നതാണ്. മുഖഛായ നോക്കി തീരുമാനിക്കുന്നത് എപ്പോഴും വിജയം കാണില്ല. കാരണം മാതാപിതാക്കളുടെ ഛായ തന്നെ കുട്ടികള്‍ക്ക്‌ ഉണ്ടാകാറില്ലല്ലോ. അവരുടെ പാരമ്പര്യത്തിലുള്ള ആരുടെയെങ്കിലും ഛായ കുട്ടികള്‍ക്ക്‌ വരാം. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും വലിയ തര്‍ക്കങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

രക്തപരിശോധന, DNA ടെസ്റ്റ്‌ തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്താമല്ലോ എന്ന് വാദിക്കാറുണ്ട്. എന്നാല്‍ അത് എപ്പോഴും സുഗമമോ പ്രായോഗികമോ അല്ല. ലബോറട്ടറി പരിശോധന നടത്തി പിതൃത്വം തെളിയിക്കാന്‍ നടക്കുന്ന അവസ്ഥ ഒരു കുടുംബ ജീവിതത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ഊഷ്മളത ഇല്ലാതാക്കുന്ന ഒന്നാണ്. പിതാവിന്റെ സ്നേഹത്തിന് വേണ്ടി ലബോറട്ടറിയുടെ മുമ്പില്‍ ഫലം കാത്ത് കഴിയുന്ന അവസ്ഥ അനീതിയല്ലേ? അങ്ങനെ തെളിയിക്കപെട്ട ബന്ധങ്ങള്‍ക്ക്‌ വൈകാരികതയും കുറവായിരിക്കും. മാത്രമല്ല, ഈ രംഗത്ത് ദുരുപയോഗങ്ങളും വഞ്ചനകളും നടക്കാന്‍ സാധ്യത ഏറെയാണ്.

ഈ പ്രശ്നങ്ങള്‍ അനന്തരാവകാശം നല്‍കേണ്ട സന്ദര്‍ഭത്തിലും പരിഗണിക്കപ്പെടേണ്ടതുണ്ട്.

ഇവിടെ ഉയരുന്ന ഒരു ചോദ്യമുണ്ട്:
" ബഹുഭാര്യത്വത്തിനും ചില പ്രശ്നങ്ങള്‍ ഉണ്ടല്ലോ. എന്നിട്ടും നിര്‍ബന്ധിത സാഹചര്യം എന്ന നിലക്ക്‌ ഇസ്ലാം അത് അനുവദിക്കുന്നു. ആ നിര്‍ബന്ധിത സാഹചര്യങ്ങള്‍ ബഹുഭര്‍തൃത്വം നടപ്പാക്കുന്നതിനും സ്വീകരിച്ചു കൂടെ?"
ബഹുഭാര്യത്വത്തിന് പ്രശ്നങ്ങളേക്കാള്‍ പ്രശ്നപരിഹാരങ്ങളാണ് ഉള്ളത്. എന്നല്ല, പല പ്രശ്നങ്ങള്‍ക്കും ഏറ്റവും മികച്ച പരിഹാരമാണ് ബഹുഭാര്യത്വം. ബഹുഭാര്യത്വം പ്രശ്നം സൃഷ്ടിക്കുക ഇസ്ലാം അതിനു നിശ്ചയിച്ച സാഹചര്യങ്ങളും വ്യവസ്ഥകളും ലംഘിക്കുമ്പോഴാണ്. അഥവാ അവ കൃത്യമായി പാലിക്കുവാന്‍ തയാറായാല്‍ ബഹുഭാര്യത്വം ഒരു പ്രശ്നവും സൃഷ്ടിക്കുകയില്ല. അതിനു കഴിയാത്തവര്‍ ഒരു ഭാര്യയെ മാത്രമേ സ്വീകരിക്കാവൂ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇനി നമുക്ക്‌ ബഹുഭാര്യത്വത്തിന്റെ സാഹചര്യങ്ങളെ ബഹുഭര്‍തൃത്വവുമായി താരതമ്യം ചെയ്യാം.
1. സമൂഹത്തില്‍ പുരുഷന്മാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം വരിക: 
പെണ്‍ ഭ്രൂണഹത്യ മൂലമാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ സ്ത്രീകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ വന്നത്. അത്തരം സാഹചര്യം ഇല്ലാതായാല്‍ പ്രകൃതിയനുസരിച്ചു സ്ത്രീകളുടെ എണ്ണമാവും കൂടുതല്‍ വരിക. ഇസ്ലാമിക വ്യവസ്ഥയില്‍ പെണ്‍ ഭ്രൂണഹത്യ അനുവദിക്കുകയില്ല എന്ന കാര്യമോര്‍ക്കുക. 
സ്ത്രീക്ക് പുരുഷന്മാരെ തികയാതെ വരുന്ന സാഹചര്യം സാധാരണ സംഭവിക്കുകയില്ല. നിലവിലുള്ള സാഹചര്യത്തില്‍ പോലും. മറിച്ചു യുദ്ധങ്ങള്‍ പോലുള്ള സാഹചര്യങ്ങളില്‍ പുരുഷന്മാരുടെ എണ്ണം കുറയാനാണ് സാധ്യത. 
ഇനി അങ്ങനെ സംഭവിച്ചു എന്ന് തന്നെ വെക്കുക. എങ്കില്‍ പുരുഷനു മറ്റു നാടുകളില്‍ പോയി വിവാഹം കഴിക്കുന്നത്‌ പ്രയാസകരമാവില്ല. സ്ത്രീക്കാണ് അത്തരം പ്രയാസങ്ങള്‍ പൊതുവേ ഉണ്ടാവുക.
2. പുരുഷന്റെ ചികില്‍സിച്ചു പരിഹരിക്കാന്‍ കഴിയാത്ത വിധമുള്ള വന്ധ്യത, ലൈംഗിക ശേഷിക്കുറവ്:
ഇത്തരം പ്രശ്നങ്ങള്‍ക്ക് ബഹുഭര്‍തൃത്വമല്ല പരിഹാരം. സാധാരണ ഗതിയില്‍ ഒരു സ്ത്രീ അങ്ങനെ ആഗ്രഹിക്കാറില്ല. ഇനി അങ്ങനെ ആഗ്രഹിച്ച് രണ്ടാം ഭര്‍ത്താവിനെ സ്വീകരിച്ചാല്‍ തന്നെ ആദ്യ ഭര്‍ത്താവ് സ്വാഭാവികമായും പുറന്തള്ളപ്പെടും. കാരണം ഭര്‍ത്താവിനെ സംരക്ഷിക്കുക സ്ത്രീയുടെ ബാധ്യതയല്ലല്ലോ. പുരുഷനാവട്ടെ അങ്ങനെയൊരു ജീവിതം ആഗ്രഹിക്കുകയുമില്ല. മറ്റു പ്രായോഗികമായ പ്രശ്നങ്ങള്‍ മുകളില്‍ പറഞ്ഞുവല്ലോ. 

ചികില്‍സയിലൂടെ പരിഹരിക്കാനാവാത്ത തകരാര്‍ ഉണ്ടെങ്കില്‍ സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടാനുള്ള അവകാശമുണ്ട്. വേണമെങ്കില്‍ അവള്‍ക്കത് ഉപയോഗപ്പെടുത്താം.
3. സ്ത്രീയുടെ ലൈംഗിക സംതൃപ്തിക്ക് ഒന്നിലധികം പുരുഷന്മാരെ ആവശ്യം വരിക: 
ഇതും സാധ്യത വളരെ കുറഞ്ഞ കാര്യമാണ്. സാധാരണ, സ്ത്രീയുടെ ലൈംഗിക സംതൃപ്തിക്ക് ആരോഗ്യവാനായ ഒരു ഭര്‍ത്താവ് മതിയാകും. ആര്‍ത്തവം, പ്രസവം പോലുള്ള സ്ത്രീകള്‍ നേരിടുന്ന തടസ്സങ്ങള്‍ പുരുഷന് ഇല്ലല്ലോ. പുരുഷന്റെത് പോലുള്ള ലൈംഗികതയല്ല സ്ത്രീകളുടേത് എന്ന വസ്തുതയും ചിന്തിക്കേണ്ടതാണ്. 


1 comment:

  1. ബഹുഭാര്യത്വം പ്രശ്നം സൃഷ്ടിക്കുക ഇസ്ലാം അതിനു നിശ്ചയിച്ച സാഹചര്യങ്ങളും വ്യവസ്ഥകളും ലംഘിക്കുമ്പോഴാണ്. അഥവാ അവ കൃത്യമായി പാലിക്കുവാന്‍ തയാറായാല്‍ ബഹുഭാര്യത്വം ഒരു പ്രശ്നവും സൃഷ്ടിക്കുകയില്ല. അതിനു കഴിയാത്തവര്‍ ഒരു ഭാര്യയെ മാത്രമേ സ്വീകരിക്കാവൂ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.

    അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. )

    ReplyDelete

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...