Wednesday, July 4, 2012

സാത്താന്റെ കുത്തും യേശുവിന്റെ പാപസുരക്ഷിതത്വവും

യേശു മാത്രമാണ് സാത്താന്റെ സ്പര്‍ശമേല്‍ക്കാത്ത വ്യക്തിയെന്നും പാപരഹിതനെന്നും ഇസ്ലാം പറയുന്നതായി ക്രിസ്തീയ സഹോദരന്മാര്‍ അവകാശപ്പെടുന്നു. താഴെ കാണുന്ന ഹദീസാണ് അവര്‍ തെളിവായി ചൂണ്ടിക്കാട്ടുന്നത്.
Narrated Abu Huraira:The Prophet said, "When any human being is born. Satan touches him at both sides of the body with his two fingers, except Jesus, the son of Mary, whom Satan tried to touch but failed, for he touched the placenta-cover instead." (അബൂ ഹുറയ്റ (റ) നിവേദനം: നബി (സ) അരുളി: ആദമിന്റെ സന്താനങ്ങള്‍ ജനിക്കുമ്പോള്‍ പിശാച് അവന്റെ ഇരു വിരലുകള്‍ കൊണ്ട് അവന്റെ ഇരു ഭാഗങ്ങളിലും കുത്തുന്നതാണ്; ഈസബ്നു മര്‍യം ഒഴികെ. അദ്ദേഹത്തെ കുത്തുവാനും അവന്‍ പുറപ്പെട്ടു. എന്നാല്‍ മറയിലാണ് അവന്‍ കുത്തിയത് (ബുഖാരി, മുസ്ലിം). 
ഇതിനു സമാനമായ മറ്റൊരു ഹദീസ്‌ കൂടി കാണുക: 
അബൂ ഹുറയ്റ (റ) നിവേദനം: നബി (സ) അരുളി: എല്ലാ കുട്ടികളും അവരെ പ്രസവിക്കുന്ന സന്ദര്‍ഭത്തില്‍ പിശാച് സ്പര്‍ശിക്കുന്നതാണ്. പിശാചിന്റെ സ്പര്‍ശം മൂലമാണ് അവന്‍ ഉറക്കെ കരയുന്നത്. മര്‍യമും അവരുടെ പുത്രനും ഒഴികെ. (ബുഖാരി, മുസ്ലിം). 
പിശാചിന് ശാരീരികോപദ്രവങ്ങള്‍ ഏല്‍പ്പിക്കാന്‍ കഴിയില്ല എന്നത് ഇസ്ലാമിന്റെ അധ്യാപനമാണ്. അതിനു വിരുദ്ധമായി ഈ ഹദീസുകളില്‍ പിശാച് കുട്ടികളെ കുത്തി കരയിപ്പിക്കുന്നു എന്ന് പറയുന്നു. അതിനാല്‍ ഇവ അസ്വീകാര്യമായ ഹദീസുകളാണ്. പ്രവാചകന്‍ പറഞ്ഞതല്ല എന്നര്‍ത്ഥം. മാത്രവുമല്ല വ്യക്തമായ ശാസ്ത്രത്തിനും എതിരാണിത്. ജനിക്കുമ്പോള്‍ കുട്ടി കരയുന്നത് നല്ല കാര്യമാണ് എന്നാണു ശാസ്ത്രം പറയുന്നത്. പിശാചു കുത്തി കരയിക്കുകയാണെങ്കില്‍ നാം പിശാചിന് നന്ദി പറയേണ്ടി വരും!! കാരണം ഒരു നല്ല കാര്യമാണല്ലോ പിശാചു ചെയ്യുന്നത്. 

മുന്‍കാല പണ്ഡിതന്മാര്‍ ഇത്തരം ഹദീസുകളെ വിമര്‍ശന വിധേയമാക്കിയിട്ടുണ്ട്. 
ഇബ്നു ഹജര്‍ (റ) പറയുന്നു: 
"തീര്‍ച്ചയായും തഫ്സീര്‍ കശാഫിന്റെ കര്‍ത്താവ് ഈ ഹദീസിന്റെ ആശയത്തെ വിമര്‍ശിച്ചിട്ടുണ്ട്. ഈ ഹദീസ്‌ സ്വഹീഹാകുന്നതിനെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിശ്ചയം, ഫക്രുദ്ദീന്‍ റാസി (റ) യും ഈ സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ ഹദീസ്‌ സ്ഥിരപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം ശക്തിയായി സ്ഥാപിക്കുന്നു. തന്റെ പതിവ് പോലെ ഈ ഹദീസ്‌ മുതവാതിറല്ല എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ബുദ്ധിപരമായ തെളിവിനു ഇത് എതിരാണ് താനും. തീര്‍ച്ചയായും പിശാച് ഉപദ്രവിക്കുക നന്മയും തിന്മയും തിരിച്ചറിയുവാന്‍ പ്രായമായവനെയാണ്. കുട്ടികള്‍ ഇതുനു എതിരാണ്. പിശാചിന് കുട്ടിയുടെ ശരീരത്തില്‍ കുത്തി വേദനിപ്പിച്ചു ഉറക്കെ കരയിപ്പിക്കുവാന്‍ സാധിക്കുമെങ്കില്‍ ഇതിനേക്കാള്‍ വലിയ പ്രവൃത്തി അവന്‍ ചെയ്യുമായിരുന്നു; നാശം ഉണ്ടാക്കുന്നതിലും കുഴപ്പം സൃഷ്ടിക്കുന്നതിലും." (ഫത്ഹുല്‍ബാരി 1091).
ഇമാം റഷീദ്‌ റിള (റ) പറയുന്നത് കാണുക: 
"പിശാച് മര്‍യമിനേയും ഈസായെയും സ്പര്‍ശിച്ചിട്ടില്ല എന്ന് പറയുന്ന ഹദീസ്‌ ഉറപ്പായ അറിവ് നല്‍കാത്ത ആഹാദായ ഹദീസുകളില്‍ പെട്ടതാണ്. ഇതിലെ വിഷയം അദൃശ്യ കാര്യങ്ങളുമായി ബന്ധപ്പെട്ടതുമാണ്. ഇത് വിശ്വാസ കാര്യങ്ങളില്‍ പെട്ടതാണ്. വിശ്വാസകാര്യങ്ങള്‍ക്ക് മുതവാതിറല്ലാത്ത ഹദീസുകള്‍ സ്വീകാര്യമല്ല." (തഫ്സീറുല്‍ മനാര്‍ 3:292).
എല്ലാ കുട്ടികളും ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത് എന്ന ഇസ്ലാമിന്റെ അടിസ്ഥാന തത്വത്തിനു എതിരുമാണ് ഈ ഹദീസ്‌..,. പാപരഹിതന്‍ യേശു മാത്രമാണെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണല്ലോ ക്രിസ്തീയ സഹോദരന്മാര്‍ ഈ ഹദീസുകള്‍ എടുത്തു കാണിക്കുന്നത്. അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ ഹദീസുകള്‍ തള്ളിക്കളയണമെന്നാണ് ഇസ്ലാമിന്റെ പക്ഷം. 

No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...