Saturday, August 3, 2013

മുഹമ്മദ്‌ നബി (സ) അറബികള്‍ക്ക് മാത്രമുള്ള പ്രവാചകനോ?

പോസ്റ്റ്‌ വായിക്കുന്നതിനു മുമ്പ് ഇസ്ലാം സകല മനുഷ്യര്‍ക്കും വേണ്ടി എന്ന പോസ്റ്റ്‌ വായിക്കുന്നത് നന്നായിരിക്കും.

യേശുവിന്റെ സുവിശേഷം ഇസ്രായേല്യര്‍ക്ക് മാത്രമാണ് എന്ന് ബൈബിളില്‍ വ്യക്തമായി പരാമര്‍ശമുണ്ട്. അതിനു മറുപടിയെന്നോണം മുഹമ്മദ്‌ നബി (സ) അറബികള്‍ക്ക് മാത്രമുള്ള പ്രവാചകന്‍ ആണെന്ന് ഖുര്‍ആനിലും ഹദീസിലും ഉണ്ടെന്ന കുപ്രചാരണം മിഷണറിമാര്‍ നടത്താറുണ്ട്‌ . കടുത്ത ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തിയാണ് അവരിത് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്ന് കാണാം.


താഴെ അവര്‍ എടുത്തുകാണിക്കാറുള്ള 'തെളിവുകളും' അതിനുള്ള മറുപടികളും വായിക്കുക.

1) “(നബിയേ) താങ്കള്‍ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. ഒരു മാര്‍ഗ്ഗദര്‍ശി എല്ലാ ജനവിഭാഗത്തിനുമുണ്ട്” (
വി.ഖുര്‍ആന്‍ 13:7)

ഈ സൂക്തം വെച്ച് വിമര്‍ശകര്‍ പറയുന്നതിന്റെ ഒരു സാമ്പിള്‍ കാണുക:

എല്ലാ ജനവിഭാഗത്തിനും ഓരോ മാര്‍ഗ്ഗദര്‍ശി എന്ന സൂക്തപ്രകാരം അറേബ്യന്‍ സമൂഹത്തിനുള്ള മാര്‍ഗ്ഗദര്‍ശിയാണ് മുഹമ്മദ്‌ . മറ്റു ജനവിഭാഗങ്ങള്‍ അവരവരിലേക്ക് അയക്കപ്പെട്ട മാര്‍ഗ്ഗദര്‍ശികളെ പിന്‍പറ്റിയാല്‍ മതി, മുഹമ്മദിനെ പിന്‍പറ്റണ്ട കാര്യമില്ല.
മറുപടി:
കടുത്ത ദുര്‍വ്യാഖ്യാനത്തിനുള്ള ഉദാഹരണമാണ് ഈ വാദം. മേല്‍ സൂക്തത്തില്‍ എല്ലാ ജനവിഭാഗത്തിനും ഒരു മാര്‍ഗദര്‍ശി ഉണ്ടെന്നു മാത്രമാണ് പറയുന്നത്. മുഹമ്മദ്‌ നബി അറബികളിലേക്ക് മാത്രമുള്ള പ്രവാചകന്‍ ആണെന്ന് അതില്‍ പറയുന്നില്ല.
ഇസ്ലാം പഠിപ്പിക്കുന്നത്‌ മുഹമ്മദ്‌ നബി (സ) യുടെ സമൂഹം ലോകം മുഴുവനുമുള്ളവരാണ്. 
ഖുര്‍ആന്‍ പറയുന്നത് ശ്രദ്ധിക്കൂ:
"പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കുമുള്ള, ആകാശഭൂമികളുടെ അധിപനായ അല്ലാഹുവിന്റെ ദൂതനാണ്. അവനല്ലാതെ ദൈവമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുക. അവന്റെ ദൂതനിലും. അഥവാ നിരക്ഷരനായ പ്രവാചകനില്‍. അദ്ദേഹം അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തെ പിന്‍പറ്റുക. നിങ്ങള്‍ നേര്‍വഴിയിലായേക്കാം." (7:158) 
"ലോകത്തിന് മുഴുവന്‍ കാരുണ്യമായിട്ടാണ് നിന്നെ നാം നിയോഗിച്ചത്'’(21: 107)
അപ്പോള്‍ ഓരോ സമൂഹത്തിലും ഒരു മാര്‍ഗദര്‍ശി ഉണ്ടെന്നു പറഞ്ഞതിന്റെ അര്‍ത്ഥമെന്ത്? അത് ഖുര്‍ആന്‍ പഠിച്ചവര്‍ക്ക് വ്യക്തമായി മനസ്സിലാവും. പ്രവാചകന്റെ മുമ്പുള്ള സമൂഹങ്ങളാണ് അത്. വിമര്‍ശകര്‍ കൊടുത്ത അതേ അധ്യായത്തില്‍ തന്നെ അത് കാണാം. അവരത് മറച്ചുവെക്കുകയാണ്. 
"അപ്രകാരം നിന്നെ നാം ഒരു സമുദായത്തില്‍ ദൂതനായി നിയോഗിച്ചിരിക്കുന്നു. അതിന്നു മുമ്പ്‌ പല സമുദായങ്ങളും കഴിഞ്ഞുപോയിട്ടുണ്ട്‌. നിനക്ക്‌ നാം ദിവ്യസന്ദേശമായി നല്‍കിയിട്ടുള്ളത്‌ അവര്‍ക്ക്‌ ഓതികേള്‍പിക്കുവാന്‍ വേണ്ടിയാണ്‌ (നിന്നെ നിയോഗിച്ചത്). അവരാകട്ടെ, പരമകാരുണികനായ ദൈവത്തില്‍ അവിശ്വസിക്കുന്നു. പറയുക: അവനാണ്‌ എന്‍റെ രക്ഷിതാവ്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ മേലാണ്‌ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനിലേക്കാണ്‌ എന്‍റെ മടക്കം." (13:30)
"നിനക്ക്‌ മുമ്പും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്‌ . അവര്‍ക്ക്‌ നാം ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുണ്ട്‌. ഒരു ദൂതന്നും അല്ലാഹുവിന്‍റെ അനുമതിയോട്‌ കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. ഓരോ കാലാവധിക്കും ഓരോ (പ്രമാണ) ഗ്രന്ഥമുണ്ട്‌ . (13:38)
നബി (സ) ക്ക് മുമ്പ് ലക്ഷക്കണക്കിന് പ്രവാചകര്‍ എല്ലാ സമുദായങ്ങളിലേക്കും വന്നു. ഈസാനബി (യേശു) യും മൂസാനബിയും (മോശെ) അവരില്‍ പെടുന്നു. എന്നാല്‍ മുഹമ്മദ്‌ നബി (സ) ആഗതനായതോടെ അവരുടെ നിയമങ്ങള്‍ ദുര്‍ബലപ്പെട്ടു. മാത്രമല്ല, പ്രസ്തുത പ്രവാചകരുടെ അധ്യാപനങ്ങള്‍ ശരിയായ രൂപത്തില്‍ ഇന്ന് ലഭ്യമല്ല. യഥാര്‍ത്ഥ തൌറാത്ത്, ഇന്‍ജീല്‍ പ്രമാണങ്ങള്‍ ഇന്ന് ലഭ്യമല്ല. ആകെയുള്ളത് വികലമാക്കപ്പെട്ട ബൈബിള്‍ മാത്രം.
മുഹമ്മദ്‌ നബി (സ) അന്ത്യപ്രവാചകന്‍ ആണെന്ന് ഖുര്‍ആന്‍ പറയുന്നു. അദ്ദേഹത്തിന്‍റെ കാലത്തോ അതിനു ശേഷമോ ഏതെങ്കിലും സമൂഹത്തിലേക്ക് ഒരു പ്രവാചകനെയെങ്കിലും നിയോഗിക്കുമെന്ന് ഖുര്‍ആനിലോ ഹദീസിലോ ഇല്ല. ഉണ്ടെങ്കില്‍ വിമര്‍ശകര്‍ കാണിക്കട്ടെ.

2) “യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍ ) വിശദീകരിച്ചു കൊടുക്കുന്നതിനുവേണ്ടി അവരുടെ ഭാഷയില്‍ (സന്ദേശം നല്കിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല” (വി.ഖുര്‍ആന്‍ 14:4)

മറുപടി: 

വിഷയവുമായി ഇതിനു യാതൊരു ബന്ധവുമില്ല. ഏതെങ്കിലും ഒരു ഭാഷയില്‍ ഖുര്‍ആന്‍ അവതരിക്കേണ്ടതല്ലേ? നബി (സ) അറബിയായിരുന്നു. അദ്ദേഹത്തിന്‍റെ പ്രഥമപ്രബോധിതര്‍ അറബികളും.  സ്വാഭാവികമായും ഖുര്‍ആന്‍ അറബിയില്‍ അവതരിപ്പിച്ചു.  ആ കാലത്ത് തന്നെ അറബി ഭാഷ വളരെയധികം വികാസം പ്രാപിച്ചിരുന്നു എന്ന കാര്യവും ഓര്‍ക്കുക. ഒട്ടേറെ സവിശേഷതകളും ആ ഭാഷക്കുണ്ട്.

നബി (സ) ക്ക് മുമ്പുള്ള പ്രവാചകര്‍ പ്രബോധനം നടത്തിയത് അവരുടെ ഭാഷയില്‍ ആയിരുന്നുവെന്നും ഈ സൂക്തത്തില്‍ നിന്ന് മനസ്സിലാക്കാം. ഉദാഹരണത്തിന് യേശു സംസാരിച്ചത് അരമായിക് ഭാഷയായിരുന്നു. 

ഖുര്‍ആന്‍ അറബി ഭാഷയിലായത് കൊണ്ട് അനറബികളായ ആളുകളിലേക്ക് ഇസ്ലാം പ്രചരിപ്പിക്കാന്‍ പരിഭാഷകള്‍ ഉപയോഗിക്കുന്നു. അറബി അറിയാത്തവര്‍ അറബി പഠിച്ചും അതിനു സൌകര്യമില്ലാത്തവര്‍ പരിഭാഷ മനസ്സിലാക്കിയും ഇസ്ലാം ലോകത്ത് പ്രചരിച്ചു. 

മിഷനറിമാര്‍ നടത്തുന്ന ഈ വാദം തങ്ങള്‍ക്ക് തന്നെ എതിരാവും എന്ന ബോധം പോലും അവര്‍ക്കില്ല. കാരണം യേശു സംസാരിച്ച ഭാഷ അരമായിക് ആണല്ലോ. (ആ ഭാഷയിലുള്ള ഒറിജിനല്‍ ഇന്‍ജീല്‍ ഇന്നില്ല എന്ന കാര്യം ഓര്‍ക്കുക). അഥവാ ആ ഭാഷ സംസാരിക്കുന്ന സമൂഹത്തിലേക്ക് മാത്രമുള്ള പ്രവാചകനാണ്‌ യേശു എന്ന് നമുക്കും ഇവരുടെ വാദം വെച്ച് പറയാം. എന്നാല്‍ ഇവര്‍ ബൈബിള്‍ എല്ലാ സമൂഹത്തിലും പ്രചരിപ്പിക്കുന്നു!! ബൈബിളിനു ധാരാളം ഭാഷകളില്‍ പരിഭാഷ നല്‍കുന്നു!! എന്തൊരു വ്യക്തമായ വൈരുധ്യം!!


3) “ഇതാ നാം അവതരിപ്പിച്ച, നന്മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരി വെക്കുന്നതത്രേ അത്. മാതൃനഗരി(മക്ക)യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക്‌ നീ താക്കീത് നല്‍കാന്‍ വേണ്ടി ഉള്ളതുമാണ് അത്” (വി.ഖുര്‍ആന്‍ 6:92)

“നിനക്ക് നാം അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ (മക്ക)യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത് നല്‍കാന്‍ വേണ്ടിയും സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നല്‍കാന്‍ വേണ്ടിയും” (
വി.ഖുര്‍ആന്‍ 42:7).

മറുപടി: 

രണ്ടാം നമ്പറില്‍ കൊടുത്ത മറുപടി ഇവിടെയും വായിക്കുക. നബി (സ) ആദ്യം മക്കയിലും പരിസരത്തുള്ളവര്‍ക്കും തന്നെയാണ് പ്രബോധനം നടത്തേണ്ടത്. അല്ലാതെ അദ്ദേഹത്തിന്‍റെ ജനതയെ ഒഴിവാക്കി വേറെ എവിടെയെങ്കിലും പോയി പ്രബോധനം നടത്തുകയല്ല. അവിടെ ആ ദൗത്യം ഏറ്റവും ഭംഗിയായി നിറവേറ്റിയ പ്രവാചകന്‍ (സ) തന്റെ ആ മാതൃകയനുസരിച്ച് മറ്റുള്ളവരില്‍ ഈ സന്ദേശം എത്തിക്കാന്‍ അനുചരന്മാരോട് കല്പ്പിക്കുകയാണ് ചെയ്തത്. ആ കാല ഘട്ടത്തില്‍ അറേബ്യയുടെ പുറത്ത് എവിടെയെല്ലാം എത്തിചേരാന്‍ കഴിയുമോ അവിടെയൊക്കെ പ്രവാചകന്റെ അനുയായികള്‍ എത്തുകയും പ്രബോധനം നടത്തുകയും ചെയ്തു. (കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക). ഇന്നും അത് തുടരുന്നു. ഏറ്റവും വേഗത്തില്‍ ഇസ്ലാം പ്രചരിക്കുകയും ചെയ്യുന്നു.

മുഹമ്മദ്‌ നബി (സ) മക്കക്കാര്‍ക്കും പരിസരത്തും ഉള്ളവര്‍ക്ക് മാത്രമാണെന്നോ വേറെ എവിടെയെങ്കിലും പോയി ഇസ്ലാം പ്രചരിപ്പിക്കരുതെന്നോ ഖുര്‍ആനോ ഹദീസോ പറയുന്നുണ്ടെങ്കില്‍ അതാണ്‌ വിമര്‍ശകര്‍ ഉദ്ധരിക്കേണ്ടത്. "ഇസ്രയേല്‍ ഭവനത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല" (മത്തായി 15:24) എന്ന് യേശു പറയുന്നുണ്ടല്ലോ. അതുപോലെ.
   
4) “നാം (മൂസായെ) വിളിച്ച സമയത്ത്‌ ആ പര്‍വ്വതത്തിന്‍റെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നുമില്ല. പക്ഷെ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (ഇതെല്ലാം അറിയിച്ച്‌ തരികയാകുന്നു.) നിനക്ക്‌ മുമ്പ്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക്‌ നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയത്രെ ഇത്‌. അവര്‍ ആലോചിച്ച്‌ മനസ്സിലാക്കിയേക്കാം” (വി.ഖുര്‍ആന്‍ 28:46)

ഈ സൂക്തം ഉദ്ദരിച്ചു വിമര്‍ശകര്‍ നടത്തുന്ന ദുര്‍വ്യാഖ്യാനം കാണുക:

"നിനക്ക്‌ മുമ്പ്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക്‌ നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയത്രെ ഇത്‌ എന്നുള്ള മലക്കിന്‍റെ പ്രസ്താവന ശ്രദ്ധിച്ചോ? ഖുര്‍ആന്‍ പ്രകാരം അറബികളുടെ ഇടയിലേക്ക്‌ മുഹമ്മദിന് മുന്‍പും പ്രവാചകന്‍മാര്‍ വന്നിട്ടുണ്ട്. ഇസ്മായീല്‍ അറബികളിലേക്ക് വന്ന പ്രവാചകനാണ് എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. സാലിഹ് എന്ന പ്രവാചകന്‍ അറേബ്യയിലുണ്ടായിരുന്ന ആദ് ഗോത്രത്തിലേക്ക്‌ വന്ന പ്രവാചകന്‍ ആണെന്ന് ഖുര്‍ആന്‍ അവകാശപ്പെടുന്നുണ്ട്. ബൈബിളിലെ ഇയ്യോബ്‌ അറബിയായിരുന്നു എന്നാണ് ഇസ്ലാമിക വിശ്വാസം. ഇങ്ങനെ മുഹമ്മദിന് മുന്‍പേ അറബികള്‍ക്കിടയില്‍ പ്രവാചകന്മാര്‍ വന്നിരുന്നു എന്ന് ഖുര്‍ആന്‍ തന്നെ സമ്മതിക്കുമ്പോള്‍ “നിനക്ക്‌ മുമ്പ്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക്‌ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയാണ് നീ വന്നിട്ടുള്ളത്” എന്ന് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നതിന്‍റെ അര്‍ത്ഥം എന്താണ്? അത് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു."
മറുപടി: 

അറബികളുടെ മുന്‍ തലമുറകളില്‍ പ്രവാചകന്മാര്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇസ്മാഈലിനും (അ) ശുഐബിനും (അ) ശേഷം പ്രവാചകന്മാരാരും അവിടെ ആഗതരായിരുന്നില്ല. എന്ന് വെച്ചാല്‍ ഏകദേശം രണ്ടായിരം വര്‍ഷക്കാലം പ്രവാചകന്മാര്‍ ആ സമൂഹത്തില്‍ വന്നിട്ടില്ല. അത് പോലെ നബി (സ) യുടെ സമകാലികരിലേക്കും അദ്ദേഹത്തിനു മുമ്പ് വേറെ പ്രവാചകന്മാര്‍ താക്കീതും കൊണ്ട് വന്നിരുന്നോ? ഇല്ല.  28:46 ല്‍ "നിനക്ക്‌ മുമ്പ്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനത" എന്ന് പറയുന്നതും ഈ കാര്യമാണ്. അഥവാ നബി (സ) അഭിമുഖീകരിക്കുന്ന ജനത. ഇത്ര ലളിതമായ കാര്യമാണ് മിഷനറിമാര്‍ ദുര്‍വ്യാഖ്യാനിക്കുന്നത്.

ഇവര്‍ ഇങ്ങനെ ദുര്‍വ്യാഖ്യാനിക്കുന്നത് എന്തിനാണെന്നോ? അതറിയാന്‍ തുടര്‍ന്നുള്ള അവരുടെ വാദം താഴെ കാണുക:
"ഖുര്‍ആനും ഹദീസുകളും അനുസരിച്ചു അറബികള്‍ക്കിടയിലേക്ക് പ്രവാചകന്മാര്‍ വന്നിട്ടുണ്ടെങ്കിലും മുഹമ്മദിന്‍റെ സ്വന്തം ഗോത്രമായ ഖുറൈശി ഗോത്രത്തിലേക്ക് യാതൊരു പ്രവാചകനും അതിനു മുന്‍പ്‌ വന്നതായി ഖുര്‍ആനിലോ ഹദീസിലോ കാണുന്നില്ല. അതുകൊണ്ടുതന്നെ “നിനക്ക്‌ മുമ്പ്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനത” എന്ന് ഖുര്‍ആന്‍ ഇവിടെ പറയുന്നത് മൊത്തം അറബികളെയും ഉദ്ദേശിച്ചല്ല, മുഹമ്മദിന്‍റെ ഖുറൈശി ഗോത്രത്തെ മാത്രം ഉദ്ദേശിച്ചാണ് എന്ന് കാണാം. ചുരുക്കത്തില്‍ മുഹമ്മദ്‌ ഖുറൈശികളിലേക്ക്‌ മാത്രം വന്ന പ്രവാചകന്‍ ആണെന്നാണ്‌ ഖുര്‍ആന്‍ പറയുന്നത്."
മറുപടി പോലും അര്‍ഹിക്കാത്ത ഈ ദുര്‍വ്യാഖ്യാനത്തിന് ഇവരേക്കാള്‍ കഴിവുള്ളവര്‍ ലോകത്ത് വേറെ ഉണ്ടാവുമെന്ന് തോന്നുന്നില്ല. എന്തായാലും മുകളില്‍ നല്‍കിയ മറുപടിയിലൂടെ അത് തകര്‍ന്നു പോയി എന്ന് മാത്രം. അനേകം ഖുര്‍ആന്‍ വചനങ്ങളും ഹദീസുകളും ചരിത്രവും ഇവരുടെ ഈ വാദത്തിനു എതിരാണ്. ഖുര്‍ആന്‍ , ഹദീസ് തുടങ്ങിയവ കൃത്യമായി വായിക്കാത്തവരെ വിഡ്ഢികള്‍ ആക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞേക്കും. പക്ഷെ എല്ലാവരെയും എല്ലാ കാലത്തും അങ്ങനെ ചെയ്യാന്‍ സാധിക്കില്ല.

5) സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍ 94- ല്‍ ഇങ്ങനെ കാണുന്നു: “നിങ്ങള്‍ ഖുര്‍ആനുമായി യാത്ര ചെയ്യരുത്. ശത്രു അതു കൈക്കലാക്കുന്നതിനെക്കുറിച്ച് ഞാന്‍ നിര്‍ഭയനല്ല.” അബു അയ്യൂബ് പറഞ്ഞു: “ശത്രു അത് കൈവശപ്പെടുത്തി അതുമായി നിങ്ങളോട് തര്‍ക്കിക്കും.” ഹദീസ് നമ്പര്‍ 92-ല്‍ ‘ശത്രു രാജ്യത്തേക്ക് ഖുറാനുമായി യാത്ര ചെയ്യുന്നത് വിലക്കിയിരിക്കുന്നു’ എന്ന് കൂടിയുണ്ട്. 

മറുപടി: 

ശത്രുരാജ്യം എന്നാണ് ഹദീസില്‍ പറയുന്നത്. ഇസ്ലാമിനെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന, യുദ്ധം ചെയ്യുന്ന രാജ്യം എന്നര്‍ത്ഥം. ഖുര്‍ആനെ അവഹേളിക്കും എന്ന ഭയം മൂലമാണ് ശത്രുരാജ്യത്തേക്ക് അതുമായി പോകരുതെന്ന് പറയുന്നത്. ഇത് രാജ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, വ്യക്തികളുടെയും സംഘടനകളുടെയും കാര്യത്തിലും ബാധകമാണ്. ഖുര്‍ആന്‍ കത്തിക്കുന്ന, അത് കീറിക്കളഞ്ഞു ടോയിലറ്റില്‍ ഇടുന്ന മാനസികഘടനയുള്ളവര്‍ ഇന്നും ഉണ്ടല്ലോ. അവര്‍ക്ക് ഖുര്‍ആന്‍ കൊടുക്കണം എന്നാണോ ഇവര്‍ പറയുന്നത്?!! 
എന്നാല്‍ അത്തരം ശത്രുതാ മനോഭാവമില്ലാത്ത ആര്‍ക്കും -അത് രാജ്യമാവട്ടെ, വ്യക്തിയാവട്ടെ, സംഘടനയാവട്ടെ- അവര്‍ക്ക് ഖുര്‍ആന്‍ നല്‍കുന്നതും പ്രബോധനം നടത്തുന്നതും ഇസ്ലാം വിലക്കിയിട്ടില്ല. ‘ശത്രു രാജ്യത്തേക്ക് ഖുറാനുമായി യാത്ര ചെയ്യുന്നത് വിലക്കിയിരിക്കുന്നു’ എന്ന വചനത്തില്‍ നിന്ന് മുഹമ്മദ്‌ നബി (സ) ഖുറൈശികളിലേക്ക് മാത്രം ഉള്ള പ്രവാചകന്‍ ആണെന്ന് മനസ്സിലാക്കിയവരുടെ അവസ്ഥയില്‍ സഹതപിക്കുക.


No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...