BY: Abu Raniya
ഈ പ്രപഞ്ചവും അതിലുള്ളതുമെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന ഏകനും പരാശ്രയരഹിതനും മറ്റുള്ളവര്‍ ആശ്രയിക്കുന്നതുമായ ത്രികാലജ്ഞനായ അസ്ഥിത്വമാണ് സാക്ഷാല്‍ ദൈവം അഥവാ അല്ലാഹു.വിശുദ്ധഖുര്‍ആന്‍ പറയുന്നു:
1. "പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്. അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും. അവന് പിതാവോ പുത്രനോ അല്ല. അവനു തുല്യനായി ആരുമില്ല." (വി.ഖുര്‍ആന്‍ 112: 1-4)
2. "അല്ലാഹു ആകാശഭൂമികളുടെ വെളിച്ചമാണ്. അവന്റെ വെളിച്ചത്തിന്റെ ഉപമയിതാ: ഒരു വിളക്കുമാടം; അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശനക്ഷത്രം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ കൊളുത്തിയില്ലെങ്കില്‍ പോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിനുമേല്‍ വെളിച്ചം. അല്ലാഹു തന്റെ വെളിച്ചത്തിലേക്ക് താനിച്ഛിക്കുന്നവരെ നയിക്കുന്നു. അവന്‍ സര്‍വ ജനത്തിനുമായി ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്." (വി. ഖുര്‍ആന്‍ 24:35)
3. "അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ ഇന്നലെകളിലുണ്ടായതും നാളെകളിലുണ്ടാകാനിരിക്കുന്നതും അവനറിയുന്നു. അവന്റെ അറിവില്‍നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവനെയൊട്ടും തളര്‍ത്തുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാണ്." (വി. ഖുര്‍ആന്‍ 2:255)
4. "അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. കാണുന്നതും കാണാത്തതും അറിയുന്നവനാണവന്‍. അവന്‍ ദയാപരനും കരുണാമയനുമാണ്. അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. രാജാധിരാജന്‍; പരമപവിത്രന്‍, സമാധാന ദായകന്‍, അഭയദാതാവ്, മേല്‍നോട്ടക്കാരന്‍, അജയ്യന്‍, പരമാധികാരി, സര്‍വോന്നതന്‍, എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്. അവനാണ് അല്ലാഹു. സ്രഷ്ടാവും നിര്‍മാതാവും രൂപരചയിതാവും അവന്‍തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവന്നുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും." (വി.ഖുര്‍ആന്‍ 59:22-24)
5. "ആകാശ ഭൂമികളുടെ ആധിപത്യം അവന്നാണ്. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍. ആദ്യനും അന്ത്യനും പുറവും അകവും അവന്‍ തന്നെ. അവന്‍ സകല സംഗതികളും അറിയുന്നവന്‍. ആറു നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ചത് അവനാണ്. പിന്നെ അവന്‍ സിംഹാസനസ്ഥനായി. ഭൂമിയില്‍ വരുന്നതും അവിടെ നിന്ന് പോകുന്നതും ആകാശത്തുനിന്നിറങ്ങുന്നതും അതിലേക്ക് കയറിപ്പോകുന്നതും അവനറിയുന്നു. നിങ്ങളെവിടെയായാലും അവന്‍ നിങ്ങളോടൊപ്പമുണ്ട്. അല്ലാഹു നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെ കണ്ടറിയുന്നവനാണ്." ( വി.ഖുര്‍ആന്‍ 57: 2-4)
6. "അഭൌതിക കാര്യങ്ങളുടെ താക്കോലുകള്‍ അല്ലാഹുവിന്റെ വശമാണ്. അവനല്ലാതെ അതറിയുകയില്ല. കരയിലും കടലിലുമുള്ളതെല്ലാം അവനറിയുന്നു. അവനറിയാതെ ഒരിലപോലും പൊഴിയുന്നില്ല. ഭൂമിയുടെ ഉള്‍ഭാഗത്ത് ഒരു ധാന്യമണിയോ പച്ചയും ഉണങ്ങിയതുമായ ഏതെങ്കിലും വസ്തുവോ ഒന്നും തന്നെ വ്യക്തമായ മൂലപ്രമാണത്തില്‍ രേഖപ്പെടുത്താത്തതായി ഇല്ല. രാത്രിയില്‍ നിങ്ങളുടെ ജീവനെ പിടിച്ചുവെക്കുന്നത് അവനാണ്. പകലില്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം അവനറിയുകയും ചെയ്യുന്നു. പിന്നീട് നിശ്ചിത ജീവിതാവധി പൂര്‍ത്തീകരിക്കാനായി അവന്‍ നിങ്ങളെ പകലില്‍ എഴുന്നേല്‍പിക്കുന്നു. അതിനു ശേഷം അവങ്കലേക്കുതന്നെയാണ് നിങ്ങള്‍ തിരിച്ചുചെല്ലുന്നത്. അപ്പോള്‍ , അവന്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം നിങ്ങളെ വിവരമറിയിക്കും. അല്ലാഹു തന്റെ ദാസന്മാരുടെമേല്‍ പൂര്‍ണാധികാരമുള്ളവനാണ്. നിങ്ങളുടെമേല്‍ അവന്‍ കാവല്‍ക്കാരെ നിയോഗിക്കുന്നു. അങ്ങനെ നിങ്ങളിലാര്‍ക്കെങ്കിലും മരണസമയമായാല്‍ നമ്മുടെ ദൂതന്മാര്‍ അയാളുടെ ആയുസ്സവസാനിപ്പിക്കുന്നു. അതിലവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല. പിന്നെ അവരെ തങ്ങളുടെ സാക്ഷാല്‍ യജമാനനായ അല്ലാഹുവിന്റെ സന്നിധിയിലേക്ക് മടക്കിയയക്കും. അറിയുക: വിധിത്തീര്‍പ്പിനുള്ള അധികാരം അല്ലാഹുവിനാണ്. അവന്‍ അതിവേഗം വിചാരണ ചെയ്യുന്നവനാകുന്നു. ചോദിക്കുക: “ഈ വിപത്തില്‍ നിന്ന് ഞങ്ങളെ രക്ഷിച്ചാല്‍ ഉറപ്പായും ഞങ്ങള്‍ നന്ദിയുള്ളവരാകു”മെന്ന് നിങ്ങള്‍ വിനയത്തോടും സ്വകാര്യമായും പ്രാര്‍ഥിക്കുമ്പോള്‍ ആരാണ് കരയുടെയും കടലിന്റെയും കൂരിരുളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നത്? പറയുക: അല്ലാഹുവാണ് അവയില്‍ നിന്നും മറ്റെല്ലാ വിപത്തുകളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നത്. എന്നിട്ടും നിങ്ങളവന് പങ്കുകാരെ സങ്കല്‍പിക്കുകയാണല്ലോ." (വി.ഖുര്‍ആന്‍ 6:59-64)
7. "അല്ലാഹുവിന്റെതാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം. തീർച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യർഹനുമാകുന്നു. ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷിയാവുകയും അതിന് പുറമെ ഏഴ് സമുദ്രങ്ങൾ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങൾ എഴുതിത്തീരുകയില്ല. തീർച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു (വി.ഖു. 31:26,27).
8. "ആകാശഭൂമികളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കു മാനത്തുനിന്ന് മഴവെള്ളം വീഴ്ത്തിത്തരികയും ചെയ്തവനാരാണ്? അതുവഴി നാം ചേതോഹരമായ തോട്ടങ്ങള്‍ വളര്‍ത്തിയെടുത്തു. അതിലെ മരങ്ങള്‍ മുളപ്പിക്കാന്‍ നിങ്ങള്‍ക്കാവില്ലല്ലോ. ഇതിലൊക്കെ അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? ഇല്ല; എന്നാല്‍ അവര്‍ വഴിതെറ്റിപ്പോയ ജനത തന്നെ. ഭൂമിയെ പാര്‍ക്കാന്‍ പറ്റിയതാക്കുകയും അതില്‍ അങ്ങിങ്ങ് നദികളുണ്ടാക്കുകയും നങ്കൂരമിട്ടുറപ്പിച്ചപോലുള്ള പര്‍വതങ്ങളുണ്ടാക്കുകയും രണ്ടിനം ജലാശയങ്ങള്‍ക്കിടയില്‍ മറയുണ്ടാക്കുകയും ചെയ്തവന്‍ ആരാണ്? ഇതിലെല്ലാം അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? ഇല്ല; എന്നാല്‍ അവരിലേറെ പേരും അറിവില്ലാത്തവരാണ്. പ്രയാസമനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കുമ്പോള്‍ അതിനുത്തരം നല്‍കുകയും ദുരിതങ്ങളകറ്റുകയും നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുകയും ചെയ്തവന്‍ ആരാണ്? ഇതിലൊക്കെ അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്‍പം മാത്രമേ നിങ്ങള്‍ ചിന്തിച്ചറിയുന്നുള്ളൂ. കരയിലെയും കടലിലെയും കൂരിരുളില്‍ നിങ്ങള്‍ക്കു വഴികാണിക്കുന്നത് ആരാണ്? തന്റെ അനുഗ്രഹത്തിനു മുന്നോടിയായി ശുഭവാര്‍ത്തയുമായി കാറ്റിനെ അയക്കുന്നത് ആരാണ്? അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അതീതനാണ് അല്ലാഹു. സൃഷ്ടി ആരംഭിക്കുകയും പിന്നീട് അതാവര്‍ത്തിക്കുകയും ചെയ്യുന്നതാരാണ്? മാനത്തു നിന്നും മണ്ണില്‍ നിന്നും നിങ്ങള്‍ക്ക് അന്നം തരുന്നതാരാണ്? അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? പറയുക: "നിങ്ങള്‍ നിങ്ങളുടെ തെളിവ് കൊണ്ടുവരിക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍!” പറയുക: അല്ലാഹുവിനല്ലാതെ ആകാശഭൂമികളിലാര്‍ക്കുംതന്നെ അഭൌതിക കാര്യങ്ങളറിയുകയില്ല. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയെന്നും അവര്‍ക്കറിയില്ല." (വി.ഖുര്‍ആന്‍ 27:60-65)
1. ഓരോ മതക്കാരും അവരുടെ ദൈവങ്ങളെ പൊക്കിപ്പറയുന്നു. മറ്റുള്ളവരുടെ ദൈവങ്ങളെ നിഷേധിക്കുന്നു. അത് പോലെ തന്നെയല്ലേ 'അല്ലാഹു' എന്ന ദൈവത്തിന്റെയും അവസ്ഥ?
= ഈ പ്രപഞ്ചവും അതിലുള്ള സര്‍വചരാചരങ്ങളും സൃഷ്ടിച്ചു പരിപാലിച്ചു കൊണ്ടിരിക്കുന്ന പദാര്‍ഥാതീതവും കാലാതീതവുമായ ഒരു അസ്ഥിത്വമേതോ അതിനെയാണ് നാം സാക്ഷാല്‍ ദൈവം, പരമേശ്വരന്‍, എന്നൊക്കെ മലയാളത്തില്‍ പറയുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈ പ്രപഞ്ചം സൃഷ്ടിച്ചു പരിപാലിക്കുന്ന, അതേസമയം പ്രപഞ്ചത്തിനു ബാധകമായ നിയമങ്ങള്‍ ബാധകമല്ലാത്ത അസ്ഥിത്വമാണ് ദൈവം. അതേ അസ്തിത്വത്തെ കുറിച്ചാണ് അറബിയില്‍ 'അല്ലാഹു' എന്ന് പറയുന്നത്.
ഓരോ മതക്കാര്‍ക്ക് വേറെ വേറെ ദൈവം, ഓരോ വ്യക്തികള്‍ക്ക് ഓരോ ദൈവം തുടങ്ങിയ ചിന്ത തന്നെ അബദ്ധമാണ്. ഈ പ്രപഞ്ചത്തിനും അതില്‍ ഉള്ളതിനുമെല്ലാം ഒരൊറ്റ ദൈവം എന്നതാണ് ശരി. പക്ഷെ ആ ദൈവത്തെ കുറിച്ച് പലര്‍ക്കും പല ധാരണകള്‍ ആണുള്ളത്. ചിലര്‍ സ്വന്തം യുക്തിയില്‍ തോന്നുന്ന കാര്യങ്ങള്‍ ദൈവത്തില്‍ ആരോപിക്കുന്നു.
ഇസ്ലാം ഒരിക്കലും ഞങ്ങളുടെ ദൈവം മെച്ചം, നിങ്ങളുടെ ദൈവം മോശം എന്നല്ല പറയുന്നത്. മറിച്ചു, എല്ലാവരുടെയും സ്രഷ്ടാവായ ഏകദൈവത്തെ കുറിച്ച വികലധാരണകള്‍ തിരുത്തണമെന്നും ഒന്നിലധികം ദൈവങ്ങള്‍ ഇല്ലെന്നും ഉണര്‍ത്തുകയാണ്.
ആദം (അ) തൊട്ടു ഈ ഭൂമിയില്‍ വന്ന എല്ലാ പ്രവാചകന്മാരും മനുഷ്യരെ ക്ഷണിച്ചത് അല്ലാഹുവിലേക്ക് തന്നെയാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രവാചകന്മാരെ അയച്ചിട്ടുണ്ടെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലും അല്ലാഹുവിന്റെ സന്ദേശം എത്തിയിട്ടുണ്ടാവും.
ഇസ്രയേല്യരിലെക്ക് നിയുക്തനായ മൂസ (അ) യുടെ ദൈവം ആരാണെന്ന് ഖുര്‍ആന്‍ പറയുന്നത് നോക്കുക:
"അങ്ങനെ മൂസ നിശ്ചിത കാലാവതി പൂർത്തിയാക്കി. കുടുംബവുമായി പോകുമ്പോൾ മലയുടെ ഭാഗത്ത് ഒരു വെളിച്ചം കണ്ടു. മൂസ അവരോട് പറഞ്ഞു. നിങ്ങൾ ഇവിടെ നിൽക്കൂ ഞാനൊരു വെളിച്ചം കാണുന്നു. ഞാനൊന്ന് പോയി നോക്കട്ടെ വല്ല വിവരവും കിട്ടിയാലോ. അങ്ങനെ ആ താഴ്‌വരയിലെ പരിശുദ്ധമായ ഒരു മരത്തിന്റെ അടുത്ത് നിന്നു ആ വെളിച്ചം പറഞ്ഞു. മൂസാ ഇത് ഞാനാണു ലോകരക്ഷിതാവായ അല്ലാഹു." (സൂറത് അൽഖസ്വസ്. 29, 30)
"നിശ്ചയം; ഞാന്‍ നിന്റെ (മൂസയുടെ) നാഥനാണ്. അതിനാല്‍ നീ നിന്റെ ചെരിപ്പ് അഴിച്ചുവെക്കുക. തീര്‍ച്ചയായും നീയിപ്പോള്‍ വിശുദ്ധമായ ത്വുവാ താഴ്വരയിലാണ്. ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനമായി കിട്ടുന്നത് നന്നായി കേട്ടുമനസ്സിലാക്കുക. തീര്‍ച്ചയായും ഞാന്‍ തന്നെ അല്ലാഹു. ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എനിക്കു വഴിപ്പെടുക. എന്നെ ഓര്‍ക്കാനായി നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. (20:12-14)2. അല്ലാഹു അഥവാ ദൈവം ഉണ്ടെന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയുമോ?
= ഈ ചോദ്യം അബദ്ധമാണ്. ദൈവം ഉണ്ടെന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റില്ല. കാരണം ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റുന്ന മേഖല ഭൗതികമേഖലയാണ്. നമ്മുടെ ജ്ഞാനേന്ദ്രിയങ്ങള്‍ക്ക് വിധേയമാകുന്ന കാര്യങ്ങളാണ് പരീക്ഷിച്ചു മനസ്സിലാക്കാന്‍ പറ്റുക. ദൈവം പദാര്‍ഥാതീതനും പ്രപഞ്ചാതീതനും ആണ്. വല്ലവനും ദൈവം ഉണ്ടെന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റുമെന്ന് അവകാശപ്പെട്ടാല്‍ അതിനര്‍ഥം അവനു ദൈവത്തെ പറ്റി പ്രാഥമിക അറിവ് പോലുമില്ലെന്നാണ്.
ദൈവം ഉണ്ടെന്നു മാത്രമല്ല, ഇല്ലെന്നും ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റില്ല എന്ന കാര്യം കൂടി ശ്രദ്ധിക്കുക.3. ദൈവം ഇല്ലെന്നു തെളിയിക്കാന്‍ പറ്റുമോ എന്ന ചോദ്യം അബദ്ധമാണ്. കാരണം ഒരു സംഗതി ഇല്ലെന്നതിനല്ല, ഉണ്ടെന്നതിനാണ് തെളിവ് നല്‍കേണ്ടത്. അതിനാല്‍ ദൈവം ഇല്ലെന്നു തെളിയിക്കേണ്ട ബാധ്യത നിരീശ്വരവാദികള്‍ക്ക് ഇല്ല.
= യുക്തിവാദികള്‍ ഇടയ്ക്കിടെ പറയാറുള്ള ഒരു ന്യായവാദമാണ് ഇത്. വിശ്വാസികളുടെ ചോദ്യത്തില്‍ നിന്നും തന്ത്രപൂര്‍വ്വം രക്ഷപ്പെടാനുള്ള വാദം.
വാസ്തവത്തില്‍ തികച്ചും അടിസ്ഥാനരഹിതമായ വാദഗതി മാത്രമാണിത്. മത്സ്യകന്യകയുടെയും മറ്റും ഉദാഹരണങ്ങള്‍ വെച്ച് തങ്ങളുടെ ഈ വാദം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നവരെയും കാണാം. മത്സ്യകന്യക ഉണ്ടെന്നു വാദിക്കുന്നവര്‍ ആണ് തെളിവ് നല്‍കേണ്ടത്, ഇല്ലെന്നു വാദിക്കുന്നവരല്ല എന്നാണു സമര്‍ത്ഥനം.
ആദ്യം രണ്ടു പക്ഷത്തിന്റെയും വാദങ്ങള്‍ പരിശോധിക്കാം:
ദൈവമുണ്ടെന്നു വിശ്വസിക്കുന്നവര്‍ പറയുന്നു: "ഈ പ്രപഞ്ചം താനേ ഉണ്ടായതാണെന്ന് എന്റെ യുക്തി സമ്മതിക്കുന്നില്ല. ഇതിനു പിന്നില്‍ ഒരു സ്രഷ്ടാവ് ഉണ്ടായിരിക്കും."
ദൈവാസ്തിക്യത്തെ നിഷേധിക്കുന്നവര്‍ പറയുന്നു: "ഈ പ്രപഞ്ചത്തിനു പിന്നില്‍ ദൈവമെന്നൊരു അസ്ഥിത്വം ഇല്ല. അല്ലെങ്കില്‍ ഉണ്ടാവാന്‍ വഴിയില്ല."
ഒരാള്‍ വെറുതെ വന്നു മത്സ്യകന്യകയുണ്ട് എന്ന് പറയുമ്പോലെ ദൈവം എന്നൊരു സാധനം ഒരിടത്തുണ്ട് എന്ന് വാദിക്കുകയല്ല ചെയ്യുന്നത്. ഈ പ്രപഞ്ചം താനെ ഉണ്ടായതല്ലെന്നും അതിനു പിന്നില്‍ ഒരു സ്രഷ്ടാവ് ഉണ്ടായിരിക്കും എന്ന യുക്തിവാദം ഉയര്‍ത്തുകയാണ്. അതിനു പരോക്ഷമായ കുറെ തെളിവുകള്‍ അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
ഈ പശ്ചാത്തലത്തിലാണ് ദൈവം ഇല്ലെന്നു ചിലര്‍ വാദിക്കുന്നത്. സ്വാഭാവികമായും അതിന്റെ കാരണവും തെളിവും വിശ്വാസികള്‍ ചോദിക്കും. അഥവാ ദൈവം ഇല്ലെന്നു വാദിക്കാനും തെളിവ് തന്നേ തീരൂ. അങ്ങനെയല്ലെങ്കില്‍ പിന്നെന്തിനു ദൈവമില്ലെന്നോ ഉണ്ടാവാന്‍ സാധ്യതയില്ലെന്നോ വാദിക്കുന്നത്?
ചിലര്‍ ഇങ്ങനെ വാദിക്കുന്നതും കാണാം: "ഞാന്‍ പറയുന്നു, പ്രപഞ്ചം സൃഷ്ടിച്ചത് ഡിങ്കന്‍ ആണ്, അല്ലെങ്കില്‍ കാകിപൂക്രി ആണ്. അല്ലെന്നോ ഇല്ലെന്നോ തെളിയിക്കാമോ?"
സത്യത്തില്‍ പ്രപഞ്ചത്തിനു പിന്നില്‍ ഒരു ശക്തിയുണ്ടെന്നാണ് വിശ്വാസികളുടെ വാദം. ആ ശക്തിയെ ഈശ്വരന്‍, ദൈവം, പരമേശ്വരന്‍, അല്ലാഹു, യഹോവ, The God എന്നൊക്കെ പല ഭാഷകളില്‍ വിളിക്കുന്നു. അതല്ല, ഡിങ്കന്‍ എന്ന പേരോ കാകിപൂക്രി എന്ന പേരോ ആണ് നിരീശ്വരവാദികള്‍ക്ക് ആ ശക്തിയെ വിളിക്കാന്‍ ഇഷ്ടമെങ്കില്‍ നമുക്കവരുടെ സ്വാതന്ത്ര്യത്തെ വകവെച്ചു കൊടുക്കാം. ആ പേരുകള്‍ നല്‍കാനുള്ള കാരണവും അവയുടെ അര്‍ത്ഥവും പറഞ്ഞുതരേണ്ട ബാധ്യത അവര്‍ക്കുണ്ടെന്നു മാത്രം.
ദൈവാസ്ഥിക്യവിഷയത്തില്‍ തെളിവ് നല്‍കാന്‍ ബാധ്യതയില്ലാത്തവര്‍ അജ്ഞേയവാദികള്‍ മാത്രമാണ്. ദൈവം ഉണ്ടോ ഇല്ലേ എന്ന് അറിഞ്ഞുകൂടാ എന്ന് വാദിക്കുന്നവരാണ് അവര്‍.4. അല്ലാഹു ഒരു 'തന്നെപ്പൊക്കി' ആണെന്നാണ് ഖുര്‍ആന്‍ വചനങ്ങള്‍ കണ്ടാല്‍ മനസ്സിലാവുന്നത്. ഇത് ദൈവത്തിനു ചേര്‍ന്ന പണിയാണോ?
= പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ ഗുണവിശേഷങ്ങള്‍ ഖുര്‍ആനില്‍ ധാരാളമായി കാണാം. അതാണ് 'തന്നെപ്പൊക്കി'യാണ് അല്ലാഹു എന്ന് ആരോപിക്കാന്‍ കാരണം. ദൈവത്തെ മനുഷ്യന്റെ തലത്തില്‍ നിന്ന് കൊണ്ട് ചിന്തിക്കുന്നതിന്റെ ഫലമാണ് ഈ സംശയം. സാമൂഹ്യജീവി എന്ന നിലയില്‍ മനുഷ്യന്‍ പുലര്‍ത്തേണ്ട ചില മര്യാദകളുണ്ട്. അതില്‍ പെട്ടതാണ് സ്വയം പുകഴ്ത്തരുത് എന്നത്. എന്നാല്‍ ആ നിയമം ദൈവത്തിനു ബാധകമല്ല. ദൈവം പറയുന്നത് മനുഷ്യന്‍ പറയും പ്രകാരമുള്ള 'സ്വയം പുകഴ്ത്തലു'മല്ല. കാരണം അവന്‍ മനുഷ്യനോ മറ്റു സൃഷ്ടിയോ അല്ല.
അല്ലാഹുവിനെ കുറിച്ചുള്ള യഥാര്‍ത്ഥ കാര്യങ്ങള്‍ അല്ലാഹുവല്ലാതെ വേറെ ആരാണ് പറയേണ്ടത്? ആരും ഇതുവരെ കാണാത്ത ദൈവത്തെ കുറിച്ച സത്യങ്ങള്‍ ദൈവം അറിയിക്കാതെ വേറെ ഏതുവിധേനയാണ് മനസ്സിലാക്കുക? ഒരു മനുഷ്യന്റെ ഗുണഗണങ്ങള്‍ മറ്റൊരു വ്യക്തിക്ക് പറയാന്‍ കഴിയുന്നത് ആ മനുഷ്യനെ കാണുന്നത് കൊണ്ടും അടുത്തറിയുന്നത് കൊണ്ടുമാണ്. എന്നാല്‍ ദൈവത്തെ ആരും കാണുന്നില്ല. അപ്പോള്‍ ആ അസ്തിത്വത്തെ കുറിച്ച് ദൈവം തന്നെ പറയേണ്ടിയിരിക്കുന്നു. ദൈവം ഒരിക്കലും തന്നെ കുറിച്ച് കളവോ അതിശയോക്തിയോ അര്‍ദ്ധസത്യങ്ങളോ അല്ല പറയുന്നത്.
ഒരു മനുഷ്യന്‍ തന്റെ കഴിവുകളെ കുറിച്ച് സത്യസന്ധമായി മറ്റൊരാളോട് വ്യക്തമാക്കിയാല്‍ അയാള്‍ 'തന്നെപ്പൊക്കി'യാണ് എന്ന് ആരെങ്കിലും പറയുമോ?5. ഒന്നിലധികം ദൈവം ഉണ്ടാകുന്നത് കൊണ്ട് എന്താണ് കുഴപ്പം? അവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകും എന്ന ഭയമാണോ? അതിനര്‍ത്ഥം ദൈവത്തിനും മനുഷ്യസ്വഭാവം ആണെന്നല്ലേ? തര്‍ക്കമില്ലാത്ത വിധം നിലകൊള്ളാന്‍ അവര്‍ക്ക് കഴിയില്ലേ?
= ഇതിന്റെ ഉത്തരം കാണാന്‍ ബഹുദൈവത്വം യുക്തിവിരുദ്ധം എന്ന പോസ്റ്റ് വായിക്കുക.6. അല്ലാഹുവാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചതെങ്കില്‍ അല്ലാഹുവിനെ ആരാണ് സൃഷ്ടിച്ചത്?
= ഈ ചോദ്യം തന്നെ അബദ്ധമാണ്. കാരണം അല്ലാഹു അനാദിയും ആദികാരണവും സാക്ഷാല്‍ സ്രഷ്ടാവുമാണ്. അനാദിയെ ആരെങ്കിലും സൃഷ്ടിച്ചു എന്ന് സങ്കല്‍പ്പിച്ചാല്‍ പിന്നെ അവന്‍ എങ്ങനെ അനാദിയാവും? അതുപോലെ സ്രഷ്ടാവിനെ വേറൊരാള്‍ സൃഷ്ടിച്ചു എന്ന് കരുതിയാല്‍ അതിനര്‍ത്ഥം സ്രഷ്ടാവ് സൃഷ്ടിയായി മാറുന്നു എന്നാണ്.
ഇത്തരം ചോദ്യങ്ങള്‍ ഉയരുന്നത് ദൈവത്തെ പദാര്‍ത്ഥപരമായ കാര്യകാരണങ്ങള്‍ വെച്ച് സങ്കല്‍പ്പിക്കുന്നത് കൊണ്ടാണ്. ഒന്നാമത്തെ ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ ദൈവത്തിനു നല്‍കിയ നിര്‍വചനം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും (ഈ പ്രപഞ്ചം സൃഷ്ടിച്ചു പരിപാലിക്കുന്ന, അതേസമയം പ്രപഞ്ചത്തിനു ബാധകമായ നിയമങ്ങള്‍ ബാധകമല്ലാത്ത അസ്ഥിത്വമാണ് ദൈവം).
പ്രാപഞ്ചികവസ്തുക്കള്‍ക്ക് തുടക്കവും ഒടുക്കവുമുണ്ട്. അതിനാല്‍ അവയെ സംബന്ധിച്ച് ഈ ചോദ്യം പ്രസക്തവുമാണ്. എന്നാല്‍ കാര്യകാരണങ്ങളെ തന്നെ സൃഷ്ടിച്ച ദൈവത്തിനു ഇത് ബാധകമല്ല. അറ്റത്തിന്റെ അറ്റം ഏതെന്നു ചോദിക്കുന്നത് വിഡ്ഢിത്തമല്ലേ? ചുരുക്കത്തില്‍ എല്ലാ നിലയിലും ഏകനായ ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം അടിസ്ഥാനരഹിതമാണ്.7. അല്ലാഹു കളിമണ്ണില്‍ നിന്ന് മനുഷ്യനെ ഉണ്ടാക്കി എന്ന് പറയുന്നത് അവിശ്വസനീയവും പരിഹാസ്യവുമല്ലേ?
= കളിമണ്ണ് സ്വയം പരിണമിച്ചു മനുഷ്യന്‍ ഉണ്ടായി എന്നല്ല, ദൈവം എന്ന ശക്തി സൃഷ്ടിച്ചു എന്നാണു പറയുന്നത്. അതിലെന്താണ് യുക്തിവിരുദ്ധമായി ഉള്ളത്? ദൈവത്തിനു കളിമണ്ണില്‍ നിന്ന് സൃഷ്ടിക്കാനുള്ള പവര്‍ ഇല്ലെന്നു തെളിയിക്കുക, അല്ലെങ്കില്‍ ദൈവം ഇല്ലെന്നു തെളിയിക്കുക. എന്നിട്ടേ കളിമണ്ണില്‍ നിന്ന് സൃഷ്ടിച്ചു എന്ന വിശ്വാസത്തെ പരിഹസിക്കാന്‍ നിരീശ്വരവാദികള്‍ക്ക് അവകാശമുള്ളൂ.
ചില രാസവസ്തുക്കളില്‍ നിന്ന് സ്വയം ജീവന്‍ ഉണ്ടായി എന്ന മഹാവിഡ്ഢിത്തം വിശ്വസിക്കുന്നവരാണ് ഇതിനെ പരിഹസിക്കുന്നതെന്ന് ഓര്‍ക്കണം.8. തന്നെ ആരാധിക്കണം എന്ന് കല്‍പ്പിക്കുന്നതും അങ്ങനെ ചെയ്യാത്തവരെ ശിക്ഷിക്കുന്നതും അല്ലാഹുവിനു യോജിച്ച പണിയാണോ?
= തന്നെ ആരാധിക്കണം എന്നത് ദൈവത്തിന്റെ ആവശ്യമല്ല, മനുഷ്യന്റെ ആവശ്യമാണ്. മറ്റുള്ളവരുടെ ആരാധനകള്‍ സ്വീകരിച്ചു ആസ്വദിച്ചു ഇരിക്കുന്ന ഒരു വ്യക്തിയാണ് അല്ലാഹു എന്ന വികലധാരണ ആദ്യം തിരുത്തണം.
വിഗ്രഹത്തിനു മുമ്പില്‍ കാര്യസാധ്യത്തിനു വേണ്ടി പൂജാകര്‍മ്മങ്ങള്‍ നടത്തുന്നതല്ല ഇസ്ലാമിലെ ആരാധന. അല്ലാഹുവിനുള്ള ആരാധനക്ക് ഇബാദത്ത് എന്നാണ് അറബിയില്‍ പറയുക. അതാവട്ടെ വെറും ആരാധനാകര്‍മങ്ങള്‍ മാത്രമല്ല. ഒരു മനുഷ്യന്‍ നിരുപാധികം അല്ലാഹുവിനു സമര്‍പ്പിച്ചു അവന്റെ വിധിവിലക്കുകള്‍ സ്വീകരിച്ചു ജീവിക്കുന്നതിനാണ് ഇബാദത്ത് എന്ന് പറയുക. അങ്ങനെ ചെയ്യുന്നതോടെ അയാള്‍ സൃഷ്ടികളുടെ അടിമത്തത്തില്‍ നിന്ന് മോചിതനാവുകയാണ് ചെയ്യുന്നത്.
മനുഷ്യൻ തന്റെ ന്യൂനതകളും ദൈവത്തിന്റെ അപാരമായ കഴിവുകളും തിരിച്ചറിഞ്ഞു അംഗീകരിക്കുമ്പോള്‍ മാത്രമേ മനുഷ്യജീവിതം നേര്‍ദിശയിൽ നീങ്ങുകയുള്ളൂ. ദൈവത്തിന്റെ മുമ്പിൽ വിനയവും താഴ്മയും പ്രകടിപ്പിക്കാത്ത മനുഷ്യരിൽ അധികപേരും അഹങ്കാരികളും സ്വേച്ഛയെ ദൈവമാക്കുകയും നികൃഷ്ടരുമാവുകയാണ് പതിവ്. ദൈവത്തെ സ്മരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മനുഷ്യരിലാണ് നന്മയും വിനയവും നിലനിൽക്കുക.
ചുരുക്കത്തില്‍ മനുഷ്യന്റെ നന്മക്ക് വേണ്ടിയാണ് അല്ലാഹുവിനു ഇബാദത്ത് ചെയ്യാന്‍ ആവശ്യപ്പെടുന്നത്. അല്ലാതെ അല്ലാഹുവിനു എന്തെങ്കിലും നേട്ടം കിട്ടാനല്ല.
ഖുര്‍ആന്‍ പറയുന്നു:
"ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ, അതിന്റെ ഗുണം അവനുതന്നെയാണ്. ആര്‍ വഴികേടിലാകുന്നുവോ അതിന്റെ ദോഷവും അവനുതന്നെ. ആരും മറ്റൊരുത്തന്റെ ഭാരം ചുമക്കുകയില്ല. ദൂതനെ നിയോഗിക്കും വരെ നാമാരെയും ശിക്ഷിക്കുകയുമില്ല." (ഖുര്‍ആന്‍ 17:15)
"നീ അല്ലാഹുവിനോടു നന്ദി കാണിക്കുക." ആരെങ്കിലും നന്ദി കാണിക്കുന്നുവെങ്കില്‍ സ്വന്തം നന്മക്കുവേണ്ടിത്തന്നെയാണ് അവനതു ചെയ്യുന്നത്. ആരെങ്കിലും നന്ദികേടു കാണിക്കുകയാണെങ്കിലോ, അറിയുക: തീര്‍ച്ചയായും അല്ലാഹു അന്യാശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്." (ഖുര്‍ആന്‍ 31:12)
"വല്ലവനും വിശുദ്ധി വരിക്കുന്നുവെങ്കില്‍ അത് തന്റെ സ്വന്തം നന്മക്കുവേണ്ടി തന്നെയാണ്. എല്ലാവരുടെയും മടക്കം അല്ലാഹുവിങ്കലേക്കാണ്." (ഖുര്‍ആന്‍ 35:18)
"വല്ലവനും അല്ലാഹുവിന്റെ നിയമപരിധികള്‍ ലംഘിക്കുന്നുവെങ്കില്‍ അവന്‍ തന്നോടുതന്നെയാണ് അതിക്രമം ചെയ്യുന്നത്." (ഖുര്‍ആന്‍ അത്ത്വലാഖ്:1)
അല്ലാഹു പറഞ്ഞതായി മുഹമ്മദ് നബി (സ) ഉദ്ധരിക്കുന്നു:
" എന്റെ ദാസന്മാരേ, നിങ്ങളിലെ പൂർവികരും പിൽക്കാലക്കാരും മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളിൽ ഏറ്റവും ഭക്തനായ ഒരാളുടെ മനസ്ഥിതിയോടെ വർത്തിച്ചാലും അത് എന്റെ അധികാരത്തിൽ യാതൊരു വർദ്ധനവും വരുത്തുകയില്ല. എന്റെ ദാസന്മാരേ, നിങ്ങളിലെ പൂർവികരും പിൽക്കാലക്കാരും മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളിൽ ഏറ്റവും ദുഷ്ടനായ ഒരാളുടെ മനസ്ഥിതിയോടെ വർത്തിച്ചാലും അത് എന്റെ അധികാരത്തിൽ യാതൊരു കുറവും വരുത്തുകയില്ല. എന്റെ ദാസന്മാരേ, നിങ്ങളിലെ പൂർവികരും പിൽക്കാലക്കാരും മനുഷ്യരും ജിന്നുകളുമെല്ലാം ഒരു വേദിയിൽ ഒരുമിച്ചുനിന്നിട്ട് എന്നോട് ചോദിക്കുകയും അവർക്കെല്ലാം അവർ ചോദിച്ചത് ഞാൻ നൽകുകയും ചെയ്താലും എന്റെ പക്കലുള്ളതിൽ യാതൊരു കുറവും അതുകൊണ്ട് ഉണ്ടാവുകയില്ല; സൂചി കടലിൽ മുക്കിയെടുത്താൽ അത് മൂലം കടലിലെ വെള്ളത്തിൽ കുറവുണ്ടാകുന്നതു പോലെയല്ലാതെ." (മുസ്ലിം).
അല്ലാഹുവിനു പൂര്‍ണമായും ഇബാദത്ത് ചെയ്യുന്നവന്‍ (അവനെ നിരുപാധികം അനുസരിച്ച്, വിധേയപ്പെട്ട്, ആരാധിച്ചു ജീവിക്കുന്നവന്‍ ) ഭൂമിയില്‍ ഒരു തിന്മയും അതിക്രമവും കുഴപ്പവും ഉണ്ടാക്കുകയില്ല. അവനാണ് സ്വര്‍ഗം. എന്നാല്‍ അല്ലാഹുവിനു ഇബാദത്ത് ചെയ്യാത്തവന്‍ ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കും. അഥവാ ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കുന്നവന്‍ അല്ലാഹുവിനു ഇബാദത്ത് ചെയ്യാത്തവനോ അതല്ലെങ്കില്‍ ഭാഗികമായ ഇബാദത്ത് മാത്രം ചെയ്യുന്നവനോ ആയിരിക്കും. അത്തരക്കാര്‍ക്ക് ശിക്ഷ നല്‍കാതിരുന്നാല്‍ അതാവും ദൈവികനീതിക്ക് യോജിക്കാത്ത പണി.
(പ്രാര്‍ത്ഥന: ഇസ്ലാമിലും പുരോഹിത മതങ്ങളിലും എന്ന പോസ്റ്റ് കാണുക)9. ദൈവം ഉണ്ടെന്നു തന്നെ വെക്കുക.. എന്നാലും മനുഷ്യരുടെ നന്മ-തിന്മ നോക്കി മാര്‍ക്കിടുകയും എന്നിട്ട് ചിലരെ ശിക്ഷിക്കുകയും ചിലരെ രക്ഷിക്കുകയും ചെയ്യുന്ന ദൈവത്തില്‍ വിശ്വസിക്കുന്നത് മണ്ടത്തരമല്ലേ?
= മനുഷ്യരുടെ ഒരു കാര്യത്തിലും ഇടപെടാതിരിക്കുകയും അവരുടെ നന്മ-തിന്മകളെ അവഗണിക്കുകയും ചെയ്യുന്ന ഒരു സാധുദൈവത്തില്‍ വിശ്വസിക്കുന്നതിനേക്കാള്‍ മണ്ടത്തരം വേറെയെന്തുണ്ട്? അങ്ങനെയൊരു അസ്തിത്വത്തെ ദൈവം എന്ന് വിളിക്കാമോ?
നന്മ ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗവും തിന്മ ചെയ്യുന്നവര്‍ക്ക് നരകവും നല്‍കുന്ന നീതിമാനായ ദൈവത്തില്‍ വിശ്വസിക്കുന്നതാണ് യുക്തിഭദ്രം. ഈ ലോകഘടനക്ക് അനുയോജ്യവും അതുതന്നെ. തങ്ങളുടെ പ്രവൃത്തികള്‍ക്ക് മറുപടി പറയേണ്ടിവരുമെന്നും തിന്മ ചെയ്താല്‍ ദൈവത്തിന്റെ കഠിനശിക്ഷ തങ്ങളെ കാത്തിരിക്കുന്നുവെന്നുമുള്ള ചിന്ത ഈ ഭൂമിയില്‍ തിന്മ വര്‍ധിക്കാതിരിക്കാന്‍ സഹായിക്കുന്നു. മറിച്ചു നന്മ ചെയ്താലും തിന്മ ചെയ്താലും രണ്ടും സമമാകുന്ന സ്ഥിതിവിശേഷം വരും. ഈ ലോകത്ത് തിന്മ ചെയ്യുന്നവരില്‍ എത്രപേര്‍ക്ക് ശിക്ഷ ലഭിക്കുന്നുണ്ട്? ലഭിച്ചവര്‍ക്ക് തന്നെ തിന്മയുടെ തോതനുസരിച്ച് ശിക്ഷ ലഭിക്കുന്നുണ്ടോ? അതുപോലെ നന്മ ചെയ്തവര്‍ക്ക് എന്നും അവഗണനയും പീഡനവുമാണ് ലഭിക്കുന്നത്. എത്രയോ നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു. അപരാധികള്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ സുരക്ഷിതരായി വാഴുന്നു. ഇതൊക്കെ കണ്ടശേഷം ഒരിക്കല്‍ പോലും അപരാധികളെ ശിക്ഷിക്കേണ്ടയെന്നും നന്മ ചെയ്യുന്നവരെ പരിഗണിക്കേണ്ട എന്നും അവരെയെല്ലാം വിചാരണ ചെയ്യുന്ന ഒരു കോടതി വേണ്ടയെന്നും കരുതുന്ന ദൈവം എങ്ങനെ നീതിമാനാവും? അവനെങ്ങനെ ദൈവമാകും?10. വിധിവിശ്വാസം യുക്തിരഹിതമല്ലേ? വിധിക്കനുസരിച്ച് പോവുന്ന കളിപ്പാവകളാണോ മനുഷ്യന്‍? അല്ലാഹു ഒരാളുടെ കര്‍മ്മങ്ങള്‍ എല്ലാം മുന്‍കൂട്ടി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പിന്നെ അയാളെ ശിക്ഷിക്കുന്നത് അനീതിയല്ലേ? വിശ്വാസികള്‍ രോഗം വരുമ്പോള്‍ അമ്പലത്തിലേക്കോ പള്ളിയിലേക്കോ പോവുന്നതിനു പകരം ആശുപത്രിയില്‍ പോയി ദൈവത്തിന്റെ വിധിയെ വെല്ലുവിളിക്കുകയല്ലേ ചെയ്യുന്നത്?
= വിധി വിശ്വാസം ഏറെ തെറ്റിദ്ധാരണ സൃഷ്ടിച്ച ഒരു വിഷയമാണ്. ഈ വിഷയകമായ തെറ്റിധാരണകള്‍ നീക്കാന്‍ വിധിവിശ്വാസം: തെറ്റിദ്ധാരണകളും യാതാര്‍ത്ഥ്യവും എന്ന പോസ്റ്റ് വായിക്കുക.
"വിശ്വാസികള്‍ രോഗം വരുമ്പോള്‍ ആശുപത്രിയില്‍ പോയി ദൈവത്തിന്റെ വിധിയെ വെല്ലുവിളിക്കുകയല്ലേ ചെയ്യുന്നത്?" എന്ന ചോദ്യത്തിന്റെ മറുപടി ഇവിടെ കൊടുക്കാം:
രോഗം വരുന്നത് മാത്രമാണ് വിധി എന്ന മുന്‍ധാരണയില്‍ നിന്നാണ് ഈ സംശയം വരുന്നത്. എന്നാല്‍ രോഗം വരുന്നതും ചികിത്സിക്കുന്നതും രോഗം മാറുന്നതും എല്ലാം വിധിയാണ്. ഒരാള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജനിക്കുന്നതും അയാള്‍ക്ക് രോഗം വരുന്നതും അനുയോജ്യമായ ചികിത്സ കണ്ടു പിടിക്കാത്തതിനാല്‍ മരിച്ചുപോകുന്നതും വിധിയാണ്. അത് പോലെ ആധുനിക യുഗത്തില്‍ ഒരാള്‍ ജനിക്കുന്നതും രോഗം വരുന്നതും പ്രസ്തുത രോഗത്തിന് ചികിത്സ കണ്ടെത്തുന്നതും അതുവഴി രോഗം മാറുന്നതും വിധിതന്നെ.
രോഗം വന്നാല്‍ പ്രാര്‍ത്ഥിച്ചു മാത്രം ഇരിക്കാനല്ല ഇസ്ലാം പഠിപ്പിക്കുന്നത്; മറിച്ചു രോഗത്തിന് ഉചിതമായ ചികിത്സ തേടാനും പറയുന്നുണ്ട്. മറ്റു അനുഗ്രഹങ്ങളുടെ കാര്യത്തിലും അങ്ങനെ ത്തന്നെ.
ഖുര്‍ആന്‍ പറയുന്നു:
"പിന്നെ നമസ്കാരത്തില്‍ നിന്നു വിരമിച്ചു കഴിഞ്ഞാല്‍ ഭൂമിയില്‍ പരക്കുക. അല്ലാഹുവിന്റെ അനുഗ്രഹം അന്വേഷിക്കുകയും അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം വരിച്ചേക്കാം." (ഖുര്‍ആന്‍ 62: 10)11. അല്ലാഹു എന്തുകൊണ്ടാണ് മനുഷ്യര്‍ക്ക് പ്രത്യക്ഷപ്പെടാത്തത്? അങ്ങനെ ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകുമായിരുന്നു. നിരീശ്വരവാദികള്‍ ഈ ഭൂമിയില്‍ ഉണ്ടാവുമായിരുന്നില്ല.
ഈ ഭൂമിയില്‍ മനുഷ്യര്‍ക്കായി അല്ലാഹു ചെയ്തുവെച്ച അനുഗ്രഹങ്ങള്‍ തേടിപ്പിടിക്കുവാനാണ് അല്ലാഹു ആവശ്യപ്പെടുന്നത്. ഒപ്പം ദൈവസ്മരണ കൂടി വേണം. അനുഗ്രഹങ്ങള്‍ എവിടെയാണോ സംവിധാനിച്ചിട്ടുള്ളത് അവിടെ അന്വേഷിക്കുക. അല്ലാതെ അല്ലാഹു പള്ളിയില്‍ നേരിട്ട് ഇറങ്ങിവന്നു പെട്രോള്‍ അടിച്ചു തരണം, പള്ളിയില്‍ വെച്ച് ഓപറേഷന്‍ നടത്തി ത്തരണം, പലചരക്ക് കച്ചവടം നടത്തണം എന്നൊക്കെ പറയുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിഡ്ഢിവാദമാണ്.
= അല്ലാഹുവിനെ കാണാന്‍ കഴിയും വിധത്തിലല്ല മനുഷ്യനും ഇതര ജീവികളും സൃഷ്ടിക്കപ്പെട്ടത്. ഖുര്‍ആന്‍ പറയുന്നത് നോക്കൂ:
"കണ്ണുകള്‍ക്ക് അവനെ കാണാനാവില്ല. എന്നാല്‍ അവന്‍ കണ്ണുകളെ കാണുന്നു. അവന്‍ സൂക്ഷ്മജ്ഞനാണ്. എല്ലാം അറിയുന്നവനും." (Quran 6:103)
ദൈവം മനുഷ്യനെ ഈ ഭൂമിയിലേക്ക് അയച്ചത് പരീക്ഷിക്കാന്‍ വേണ്ടിയാണ്. അദൃശ്യമായ നിലയില്‍ ദൈവത്തില്‍ വിശ്വസിക്കുകയും അവന്റെ ആജ്ഞകള്‍ അനുസരിക്കുകയും ചെയ്യുന്നവര്‍ ആരൊക്കെയെന്നു അറിയാനുള്ള പരീക്ഷണം. ദൈവം മനുഷ്യരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു നന്മ ചെയ്യാനും തിന്മ ചെയ്യരുതെന്നും കല്‍പ്പിച്ചാല്‍ എല്ലാ മനുഷ്യരും ആ ദര്‍ശനം കൊണ്ടുതന്നെ നന്മയേ ചെയ്യൂ. അപ്പോള്‍ പിന്നെ പരീക്ഷണം എന്ന ഉദ്ദേശ്യം നടക്കാതാവും.
അദൃശ്യനായ ദൈവം ചിന്താശീലവും വിനയവും ഉള്ള മനുഷ്യര്‍ക്ക് ദൈവത്തിന്റെ അസ്ഥിത്വം സംശയാതീതമായി ബോധ്യപ്പെടുന്ന വിധത്തില്‍ ധാരാളം ദൃഷ്ടാന്തങ്ങള്‍ പ്രപഞ്ചത്തിലും മനുഷ്യനില്‍ തന്നെയും ഒരുക്കിയിട്ടുണ്ട്. അവര്‍ക്ക് ദൈവം പ്രത്യക്ഷപ്പെടണം എന്ന ഒരു നിര്‍ബന്ധവുമില്ല. എന്നാല്‍ വിനയം കാണിക്കാതെ എല്ലാം തികഞ്ഞവര്‍ എന്ന് അഹങ്കരിക്കുന്നവര്‍ ആ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയുന്നു. നിരീശ്വരവാദികള്‍ അത്തരക്കാരത്രേ.
(ദൈവവിശ്വാസിയാകാന്‍ 10 കാരണങ്ങള്‍ എന്ന പോസ്റ്റ് വായിക്കുക)12. അല്ലാഹുവാണ് എല്ലാം നിയന്ത്രിക്കുന്നതും പരിപാലിക്കുന്നതുമെങ്കില്‍ ഈ ഭൂമിയില്‍ ചില മനുഷ്യര്‍ എന്ത് കൊണ്ട് മാരകരോഗങ്ങളാലും ദുരിതങ്ങളാലും പ്രകൃതി ദുരന്തങ്ങളാലും പീഡിപ്പിക്കപ്പെടുന്നത്? ദൈവം അതീവ ക്രൂരനാണ് എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്?
= ഇതിനുള്ള മറുപടി അറിയാന്‍ പരലോകമില്ലെങ്കില്‍ ഈ ജീവിതത്തിനു എന്തര്‍ത്ഥം? എന്ന പോസ്റ്റ് വായിക്കുക.13. ഖുര്‍ആന്‍ വായിച്ചാല്‍ മനസ്സിലാകുന്നത് അല്ലാഹു ഒരു മനുഷ്യനെ പോലെയും മാനുഷിക ഗുണങ്ങള്‍ ഉള്ളത് പോലെയും ആണെന്നാണ്. അല്ലാഹുവിന്റെ സിംഹാസനം, കൈ, മുഖം തുടങ്ങിയവ ഉദാഹരണം.
= അല്ലാഹു മനുഷ്യ ഭാഷയായ അറബിയിലാണ് മനുഷ്യനോടു സംസാരിക്കുന്നത്. സ്വാഭാവികമായും അവന്റെ ഗുണഗണങ്ങള്‍ വിശേഷിപ്പിക്കാന്‍ മനുഷ്യരുടെ സവിശേഷതകള്‍ പറയാന്‍ വേണ്ടി ഉപയോഗിക്കുന്ന പദങ്ങള്‍ തന്നെ ഉപയോഗിക്കുന്നു. എന്നാല്‍ അതോടൊപ്പം തന്നെ ചോദ്യത്തില്‍ പറഞ്ഞപ്രകാരം ദൈവത്തെ കുറിച്ച വികലധാരണ വരാതിരിക്കാന്‍ ദൈവം ഒരു സൃഷ്ടിയോടും തുല്യമല്ല എന്ന് ഖുര്‍ആനില്‍ പല തവണ പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ചില സൂക്തങ്ങള്‍ കാണുക:
"പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്. അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും. അവന് പിതാവോ പുത്രനോ അല്ല. അവനു തുല്യനായി ആരുമില്ല." (112: 1-4)
"അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ മറ്റൊന്നുമായി സാദൃശ്യപ്പെടുത്തരുത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നു. നിങ്ങള്‍ അറിയുന്നുമില്ല." (16:74)
"പ്രതാപിയായ നിന്റെ നാഥന്‍, അവരാരോപിക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ്." (37:180)
"ആകാശഭൂമികളുടെ സ്രഷ്ടാവാണവന്‍. അവന്‍ നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നു തന്നെ ഇണകളെ സൃഷ്ടിച്ചു തന്നിരിക്കുന്നു. നാല്‍ക്കാലികളിലും ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അതിലൂടെ അവന്‍ നിങ്ങളെ സൃഷ്ടിച്ച് വംശം വികസിപ്പിക്കുന്നു. അല്ലാഹുവിനു തുല്യമായി ഒന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനാണ്. കാണുന്നവനും." (42:11)
ഉദാഹരണമായി അല്ലാഹു കാണുന്നവനും കേള്‍ക്കുന്നവനുമാകുന്നു എന്ന ഖുര്‍ആന്‍ വചനം നോക്കാം. ഈ വചനം വായിക്കുന്ന ഒരാള്‍ അല്ലാഹുവിനു മനുഷ്യരുടെത് പോലുള്ള കണ്ണുകളും ചെവികളും ഉണ്ടെന്നും അതിലൂടെ തരംഗങ്ങള്‍ പ്രവേശിക്കുന്നു എന്നും കരുതാവതല്ല. കാരണം മേല്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ പറയുന്നത് പോലെ അല്ലാഹു ഒരു വസ്തുവിനോടും ഒരുനിലക്കും സദൃശ്യനല്ല. അവന്റെ കാഴ്ചയും കേള്‍വിയും എങ്ങനെയെന്നു അവനു മാത്രമേ അറിയൂ. അതവന്റെ മഹത്വത്തിന് ചേര്‍ന്ന വിധവുമായിരിക്കും. ഖുര്‍ആന്‍ മനുഷ്യന് മനസ്സിലാക്കാന്‍ മനുഷ്യരുടെ ഭാഷയില്‍ "കാണുന്നു, കേള്‍ക്കുന്നു" എന്ന് പറയുകയാണ് ചെയ്യുന്നത്. ഇതുപോലെത്തന്നെയാണ് അല്ലാഹുവിന്റെ കൈ, മുഖം, സിംഹാസനം തുടങ്ങിയ പ്രയോഗങ്ങളുടെയും സ്ഥിതി. ഇവയെല്ലാം സദൃശ്യവചനങ്ങള്‍ അല്ലെങ്കില്‍ ഉദാഹരണങ്ങള്‍ ആണ്.
കൂടുതല്‍ അറിയാന്‍ ദൈവത്തിന്റെ ഗുണങ്ങള്‍ മനുഷ്യന്റെത് പോലെയാണോ? എന്ന പോസ്റ്റ് വായിക്കുക.14. അല്ലാഹു എല്ലാത്തിനും കഴിവുള്ളവനും പരാശ്രയരഹിതനും ആണെന്നാണല്ലോ ഇസ്ലാം പറയുന്നത്. എങ്കില്‍ പിന്നെ അല്ലാഹു എന്തിനാണ് പല കാര്യങ്ങള്‍ ചെയ്യാന്‍ (ഉദാ: മഴ വര്‍ഷിപ്പിക്കല്‍, ആത്മാവിനെ പിടിക്കല്‍, പ്രവാചകന്മാര്‍ക്ക് തന്റെ സന്ദേശം എത്തിക്കല്‍ മുതലായവ) മലക്കുകളെ ആശ്രയിക്കുന്നത്?
= ചോദ്യത്തില്‍ പറഞ്ഞ ഉദാഹരണങ്ങള്‍ അല്ലാഹു മലക്കുകളെ ആശ്രയിക്കുന്നു എന്നതിന് തെളിവല്ല. ഇതൊക്കെ അവന്റെ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. അല്ലാഹുവിനു വേണമെങ്കില്‍ മലക്കുകള്‍ ഇല്ലാതെയും അതൊക്കെ ചെയ്യാം.
പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുന്നവനാണ് അല്ലാഹു. അതിനു അവന്‍ ചില നടപടിക്രമങ്ങളും വ്യവസ്ഥയും നിശ്ചയിച്ചിട്ടുണ്ട്. ഉദാഹരണത്തിന് മാങ്ങ ലഭിക്കാന്‍ മാവ് വേണം, അത് തെങ്ങില്‍ നിന്നും ലഭിക്കില്ല, മനുഷ്യന് കാണാന്‍ കണ്ണ് വേണം, ചെവി കൊണ്ട് കാണാന്‍ പറ്റില്ല. ഇത് അല്ലാഹുവിന്റെ നടപടിയാണ്. ഓരോന്നും എങ്ങനെ വേണമെന്നു അവനറിയാം. കണ്ണില്ലാതെ കാണാനുള്ള കഴിവ് മനുഷ്യനു നല്‍കാനും അവനു സാധിക്കും. പക്ഷെ അങ്ങനെയൊരു വ്യവസ്ഥ അവന്‍ ഈ ഭൂമിയില്‍ നിശ്ചയിച്ചിട്ടില്ല.
ഇതുപോലെ മഴ പെയ്യിക്കാനും ആത്മാവിനെ പിടിക്കാനുമൊക്കെ അല്ലാഹു മലക്കുകളെ നിശ്ചയിച്ചിരിക്കുന്നു. ആ മലക്കുകളെ സൃഷ്ടിച്ചതും അവര്‍ക്ക് അവരുടെ ചുമതല നിര്‍വഹിക്കാനുള്ള കഴിവ് കൊടുത്തതും അല്ലാഹു തന്നെയാണ്. മലക്കുകള്‍ ഇല്ലാതെയും അല്ലാഹുവിനു അവന്‍ ഉദ്ദേശിക്കുന്നത് ചെയ്യാന്‍ കഴിയും. ആ രീതി അല്ലാഹു സ്വീകരിച്ചില്ല എന്ന് മാത്രം. അതവന്റെ യുക്തിയാണ്.
ഇപ്പറഞ്ഞവയും പ്രപഞ്ചത്തിലെ മറ്റു പ്രവര്‍ത്തനങ്ങളും എല്ലാംതന്നെ അല്ലാഹുവിന്റെ നടപടിക്രമമാണ്. അവനാണ് അത് തീരുമാനിക്കുന്നതും. അല്ലാഹുവിനു അങ്ങനെ ചെയ്തുകൂടായിരുന്നോ ഇങ്ങനെ ചെയ്തു കൂടായിരുന്നോ എന്നൊക്കെയുള്ള വിഡ്ഢിചോദ്യങ്ങള്‍ ചിലര്‍ ഉന്നയിക്കാറുണ്ട്. എത്രകാലം കൊണ്ട് പ്രപഞ്ചം സൃഷ്ടിക്കണം, പ്രപഞ്ചത്തെ എങ്ങനെ പ്രവര്‍ത്തിപ്പിക്കണം എന്ന് അതിന്റെ ഉടമയായ അല്ലാഹുവിനറിയാം. അതിനു ഒരു സൃഷ്ടിയുടെയും ഉപദേശം അവനാവശ്യമില്ല. മനുഷ്യന്റെ യുക്തിക്കനുസരിച്ചല്ല അല്ലാഹുവിന്റെ യുക്തി പ്രവര്‍ത്തിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും ഇത്തരം ചോദ്യകര്‍ത്താക്കള്‍ക്ക് വേണം.15. അല്ലാഹു എന്തിനാണ് തിന്മയും തിന്മയുടെ മൂലകാരണമായ ഇബ്ലീസിനെയും സൃഷ്ടിക്കുകയും കയറൂരി വിടുകയും ചെയ്തത്?
= അല്ലാഹു തിന്മ സൃഷ്ടിച്ചിട്ടില്ല. എല്ലാം നന്മയാണ്. മനുഷ്യന്‍ ആ നന്മയെ കൈകാര്യം ചെയ്യുന്നതില്‍ സംഭവിക്കുന്ന പിഴവാണ് തിന്മ.
മനുഷ്യനെയും ജിന്നുകള്‍ എന്നറിയപ്പെടുന്ന അദൃശ്യസൃഷ്ടികളേയും അല്ലാഹു സൃഷ്ടിച്ചത് അവര്‍ക്ക് അല്ലാഹുവിന്റെ കല്പനകളെ തള്ളാനും കൊള്ളാനും പറ്റുന്ന വിധമാണ്. തള്ളുമ്പോള്‍ അത് തിന്മയും കൊള്ളുമ്പോള്‍ അത് നന്മയും ആയിത്തീരുന്നു. (ഇബ്ലീസ് എന്നത് ജിന്നുവര്‍ഗത്തില്‍ പെട്ടതാണ് എന്ന കാര്യം ഓര്‍ക്കുക). എന്തിനു അപ്രകാരം സൃഷ്ടിച്ചു എന്നാണു ചോദ്യമെങ്കില്‍ ദൈവികയുക്തി നമുക്ക് മനസ്സിലാകില്ല എന്നാണു മറുപടി. അത് നമുക്കവന്‍ അറിയിച്ചു തന്നിട്ടില്ല. അറിവില്‍ നിന്ന് വളരെ കുറച്ചു മാത്രമേ മനുഷ്യന് നല്കപ്പെട്ടിട്ടുള്ളൂ എന്നത് ഖുര്‍ആന്‍ പറയുന്ന കാര്യമാണ്. ദൈവികയുക്തി നമുക്ക് മനസ്സിലാവില്ല എന്നത് കൊണ്ട് അതിനെ നിഷേധിക്കുന്നത് യുക്തിയല്ല. മനുഷ്യയുക്തിക്കും ബുദ്ധിക്കും പരിമിതിയുണ്ട്. ദൈവം ചെയ്യുന്ന എല്ലാകാര്യങ്ങളുടെയും പൊരുള്‍ തന്റെ യുക്തിക്ക് മനസ്സിലാവണം എന്ന് മനുഷ്യന്‍ വാശി പിടിക്കുന്നതാണ് യഥാര്‍ഥത്തില്‍ യുക്തിരാഹിത്യം. മനുഷ്യരില്‍ തന്നെ പലപ്പോഴും പ്രതിഭാശാലികള്‍ ചെയ്യുന്നതിന്റെ യുക്തി ശരാശരി ബുദ്ധിയുള്ളവനോ ശരാശരിക്കാരന്‍ ചെയ്യുന്നതിന്റെ യുക്തി മന്ദബുദ്ധിക്കോ മനസ്സിലാവാറില്ല. പ്രതിഭാശാലി ചെയ്യുന്നതിന്റെ യുക്തി തനിക്ക് ബോധ്യമാവാത്തത് കൊണ്ട് ഞാനത് അംഗീകരിക്കില്ല എന്ന് ശരാശരിക്കാരന്‍ വാദിക്കുന്നത് വിഡ്ഢിത്തമാണ്. അപ്പോള്‍ മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന്റെ യുക്തിബോധം എത്രത്തോളം അപാരവും അപ്രാപ്യവുമായിരിക്കും എന്ന് ഓര്‍ത്ത്‌നോക്കുക.
അല്ലാഹു ഇഹലോകത്തെ മനുഷ്യര്‍ക്കുള്ള ഒരു പരീക്ഷണാലയം ആക്കിയിരിക്കുന്നു. ആര് നന്മ തിരഞ്ഞെടുക്കുന്നു അവനു വിജയം (പരലോകത്ത് സ്വര്‍ഗം), ആര് തിന്മ തിരഞ്ഞെടുക്കുന്നുവോ അവനു പരാജയം (നരകം). ഇബ്ലീസും അവന്റെ കൂട്ടാളികളും മനുഷ്യനെ പിഴപ്പിക്കാന്‍ വേണ്ടി മനസ്സുകളില്‍ ദുഷ്പ്രേരണ ഇട്ടുകൊടുക്കും. എന്നാല്‍ ആ പ്രേരണയെ സ്വീകരിക്കാനും തള്ളിക്കളയാനും മനുഷ്യന് അല്ലാഹു കഴിവ് നല്‍കിയിരിക്കുന്നു. അഥവാ നിര്‍ബന്ധപൂര്‍വം മനുഷ്യനെ പിഴപ്പിക്കാന്‍ ഇബ്ലീസിനു സാധ്യമല്ല.16. അല്ലാഹു സര്‍വവ്യാപിയാണോ?
= ദൈവം സര്‍വവ്യാപിയല്ല. കാരണം അവന്‍ പ്രപഞ്ചാതീതനാണ്. പ്രപഞ്ചമാകട്ടെ അവന്റെ സൃഷ്ടിയും. സൃഷ്ടിച്ചവന്‍ സൃഷ്ടിയുടെ ഉള്ളില്‍ വരില്ല. എന്നാല്‍ പ്രപഞ്ചത്തിനു പുറത്തുള്ള ദൈവം തന്റെ ശക്തിയും കഴിവും പ്രപഞ്ചത്തില്‍ സദാ പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. അഥവാ പ്രപഞ്ചമാകെ ഭരിച്ചുകൊണ്ടിരിക്കുന്നു. അവനറിയാതെ ഒരു പുല്‍ക്കൊടിപോലും അനങ്ങില്ല. അവന്റെ കഴിവ് പ്രപഞ്ചമാകെ ചൂഴ്ന്നു നില്‍ക്കുന്നു. അവന്റെ അസ്ഥിത്വം പ്രപഞ്ചാതീതമായി നിലകൊള്ളുകയും ചെയ്യുന്നു.
"ദൈവം തൂണിലും തുരുമ്പിലും ഉണ്ട്, അവന്‍ സര്‍വവ്യാപിയാണ്" തുടങ്ങിയ ആശയം അദ്വൈതസിദ്ധാന്തമാണ്. അത് ഇസ്ലാം അംഗീകരിക്കുന്നില്ല.17. ആകാശത്ത് കസേരയിട്ടിരിക്കുന്ന ദൈവമായിട്ടല്ലേ അല്ലാഹുവിനെ ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്? അതായത് ഒരു ആകാശദൈവം?
= അല്ലാഹു ആകാശത്ത് കസേരയിട്ടിരിക്കുന്നു എന്നൊരു സങ്കല്‍പ്പം ഇസ്ലാം പഠിപ്പിക്കുന്നില്ല. അല്ലാഹു സിംഹാസനസ്ഥനാണ്, അവന്റെ സിംഹാസനം ആകാശഭൂമികളോളം വിശാലമാണ് എന്നൊക്കെ ഖുര്‍ആന്‍ പലയിടങ്ങളില്‍ പറയുന്നുണ്ട്. ഒരു ഉദാഹരണം കാണുക:
"അവന്റെ സിംഹാസനം ആകാശഭൂമികളെയാകെ ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവനെയൊട്ടും തളര്‍ത്തുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാണ്." (വി. ഖുര്‍ആന്‍ 2:255)
ഇവിടെ സിംഹാസനം കൊണ്ട് ഉദ്ദേശ്യം അവന്റെ അധികാരമാണെന്ന് ആര്‍ക്കും നിഷ്പ്രയാസം മനസ്സിലാക്കാം. മലയാളത്തില്‍ പോലും നാം അധികാരത്തെ സൂചിപ്പിക്കാന്‍ സിംഹാസനം എന്ന പദം ഉപയോഗിക്കാറുണ്ട്. ആകാശഭൂമികളെ ഉള്‍ക്കൊള്ളുന്നതാണ് അവന്റെ സിംഹാസനം എന്നുകൂടി പറയുമ്പോള്‍ ഒരു സംശയത്തിനും പഴുതില്ലാതായി.
അല്ലാഹു സിംഹാസനത്തില്‍ ഇരിക്കുന്നു എന്ന ആശയം വരുന്ന സൂക്തങ്ങളും ഈ ആധികാരത്തെയാണ് സൂചിപ്പിക്കുന്നത്. ഇനി ഒരു സിംഹാസനം എന്ന അര്‍ത്ഥത്തില്‍ തന്നെയെടുത്താലും നാം സങ്കല്‍പ്പിക്കും വിധമാണ് അതെന്നു പറയുന്നത് വിഡ്ഢിത്തമാണ്. കാരണം അല്ലാഹു നമ്മുടെ ഭാവങ്കള്‍ക്കും സങ്കല്പങ്ങള്‍ക്കുമതീതമാണ്. ഒരു മരക്കസേരയുണ്ടാക്കി ആകാശത്ത് ഇരിക്കുന്നവനാണ് അല്ലാഹു എന്ന് നാം സങ്കല്‍പ്പിക്കുന്നു എങ്കില്‍ അതവന്റെ യുക്തിവൃത്തം കുടുസ്സായത്കൊണ്ടുള്ള ചിന്തയാണ്.18. ദൈവം സര്‍വശക്തന്‍ ആണെന്ന് നിങ്ങള്‍ വാദിക്കുന്നു. എങ്കില്‍ അവന്‍ മനുഷ്യരൂപത്തില്‍ വരേണ്ടതല്ലേ? സ്വയം ഇല്ലാതാവാന്‍ അവനു കഴിയേണ്ടതല്ലേ? അവനു പൊക്കാന്‍ കഴിയാത്തത്ര വലിപ്പമുള്ള പാറ ഉണ്ടാക്കാന്‍ കഴിയേണ്ടതല്ലേ?
= ഇതൊക്കെ ബാലിശമായ ചോദ്യങ്ങളാണ്. അല്ലാഹുവിനു സര്‍വശക്തി എന്ന ഗുണം മാത്രമല്ല ഉള്ളത്. സര്‍വജ്ഞത, യുക്തിജ്ഞത, സര്‍വാതീശ്വത്വം, നീതി തുടങ്ങി വേറെയും അനേകം ഗുണങ്ങള്‍ ഉണ്ട്. ഓരോ ഗുണവും മറ്റു ഗുണങ്ങളെ റദ്ദു ചെയ്യാത്ത വിധമാണ് പ്രവര്‍ത്തിക്കുന്നത്. ദൈവം സര്‍വശക്തനാണ് എന്ന് പറഞ്ഞാല്‍ അതിനര്‍ഥം ഒരു യുക്തിയും നീതിയും ഇല്ലാതെ അവന്‍ ശക്തി കാണിക്കും എന്നല്ല. അവനു പൊക്കാന്‍ കഴിയാത്ത ഒരു പാറ ഉണ്ടാവുകയില്ല. കാരണം അത് അവന്റെ സര്‍വാതീശ്വത്വം എന്ന ഗുണത്തെ ഇല്ലാതാക്കും.
സൃഷ്ടി സൃഷ്ടാവിന്റെ ഗുണങ്ങളോട് പൊരുത്തപ്പെടുന്നതും അവയ്ക്ക് വിധേയവുമായിരിക്കും. "ദൈവം അവന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു" എന്ന് ഖുര്‍ആന്‍ പറയുന്നു. അങ്ങനെ പറയുമ്പോള്‍ അവന്‍ ഉദ്ദേശിക്കുന്നത് നിയമബാഹ്യമോ ചഞ്ചലപ്രകൃതമോ ഉള്ളതായിരിക്കില്ല; അവന്റെ വിശിഷ്ടഗുണങ്ങള്‍ക്ക് ഇണങ്ങുന്നതായിരിക്കും. അതായത് പരിഹാസ്യവും വിവേകശൂന്യവുമായ കാര്യങ്ങള്‍ ചെയ്യുകയെന്നത് പരിപൂര്‍ണത എന്ന അവന്റെ ഗുണത്തിന് ചേരുന്നതല്ല.
ദൈവത്തിന്റെ സര്‍വശക്തി മനുഷ്യരൂപം പ്രാപിക്കാനും സ്വയം ഇല്ലാതാകാനും നുണ പറയാനും അക്രമം ചെയ്യാനുമുള്ള കഴിവുകൂടി ഉള്‍പ്പെട്ടതാവുകയാണെങ്കില്‍, അവ അന്യരെ ആശ്രയിക്കാത്തവന്‍ (സ്വമദ്), എന്നെന്നും ജീവിക്കുന്നവന്‍ (അല്‍ ഖയ്യൂം), സത്യവാന്‍ (അല്‍ ഹഖ്), നീതിമാന്‍ (അല്‍ ഹകീം) തുടങ്ങിയ ഗുണങ്ങള്‍ക്ക് വിരുദ്ധമായിത്തീരും.
ചുരുക്കിപ്പറഞ്ഞാല്‍ സര്‍വശക്തി എന്ന ഗുണം ദൈവത്തിന്റെ മറ്റുഗുണങ്ങള്‍ക്ക് അനുരൂപമായാണ് പ്രവര്‍ത്തിക്കുക. അല്ലാത്തവിധം പ്രവര്‍ത്തിക്കുകയില്ല.
വായിച്ചു
ReplyDeleteവളരെ നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍
ReplyDelete"ഈ പ്രപഞ്ചം സൃഷ്ടിച്ചു പരിപാലിക്കുന്ന, അതേസമയം പ്രപഞ്ചത്തിനു ബാധകമായ നിയമങ്ങള്‍ ബാധകമല്ലാത്ത അസ്ഥിത്വമാണ് ദൈവം"
ReplyDeleteഅന്ങേരാണോ കഅബക്ക് മുകളിൽ ആകാശത്ത് കസേരയിട്ടിരിക്കുന്നത്...