Friday, October 2, 2015

പ്രശ്നങ്ങള്‍ക്ക് വേണ്ടി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍


താനും ദിവസങ്ങള്‍ക്ക് മുമ്പ് കാസര്‍ഗോഡ്‌ വെച്ച് ബസില്‍ യാത്ര ചെയ്യവേ ചെറിയൊരു സംഭവമുണ്ടായി.ഒരു യാത്രക്കാരന്‍ കണ്ടക്ടര്‍ക്ക് കാശു നല്‍കുന്നു.

"എവിടേക്കാ?" കണ്ടക്ടര്‍ ആരാഞ്ഞു.

യാത്രക്കാരന്‍ സ്ഥലപ്പേരു പറയാതെ കാശ് എത്രയെന്നു പറഞ്ഞു: "ഏഴു രൂപ.."

"എവിടെയാ ഇറങ്ങേണ്ടത്?" കണ്ടക്ടറുടെ ചോദ്യം.

"ഏഴു രൂപായെന്നു പറഞ്ഞില്ലേ?"

"ങാഹാ.. ഏഴു രൂപായെന്നാണോ ഇറങ്ങേണ്ട സ്ഥലത്തിന്റെ പേര്?" കണ്ടക്ടര്‍ക്ക് ചൊറിഞ്ഞു.

യാത്രക്കാരനും വിട്ടുകൊടുത്തില്ല: "ഞാന്‍ ഇറങ്ങേണ്ട സ്ഥലം അറിഞ്ഞിട്ടു നിനക്കെന്താ കാര്യം? കാശ് കിട്ടിയില്ലേ?"

"സ്ഥലമറിഞ്ഞാലെ അങ്ങോട്ടേക്കുള്ള കാശെത്രയെന്നു പറയാന്‍ പറ്റൂ.."

"കാശെത്രയെന്നു ഞാന്‍ പറഞ്ഞല്ലോ..?"

"കാശ് താനാണോ നിശ്ചയിക്കേണ്ടത്..?"

"പിന്നെ താനാണോ? ഞാനീ റൂട്ടില്‍ സ്ഥിരം പോണയാളാ.."

"സ്ഥിരം പോണയാളാണെങ്കില്‍ സ്ഥലപ്പേരു പറയാന്‍ പാടില്ലേ..?"

"പറയാന്‍ മനസ്സില്ല..."

"......."
"........"

വാദപ്രതിവാദം ബഹളമായി ഉയര്‍ന്നുവെന്ന് പറഞ്ഞാല്‍ മതിയല്ലോ. മറ്റു യാത്രക്കാര്‍ രണ്ടുപേരോടും എന്തിനാണീ അനാവശ്യ ബഹളമെന്നു ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നെങ്കിലും രണ്ടുപേരും വിട്ടുകൊടുക്കാനുള്ള ഭാവമായിരുന്നില്ല. ഭാഗ്യവശാല്‍ യാത്രക്കാരന്‍ ഇറങ്ങേണ്ട സ്ഥലമെത്തിയത് കൊണ്ട് സംഗതി അവസാനിച്ചു..

ചില മനുഷ്യര്‍ അങ്ങനെയാണ്.. ഒരു കാര്യവുമില്ലാതെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. വാക്കിലോ നോക്കിലോ വിനയത്തിന്റെയും സൌമ്യതയുടെയും ലാഞ്ചനയില്ലാതെ അഹങ്കാരത്തിന്റെ ഭാണ്ഡവും പേറി ജീവിക്കുന്നവരാണ് അവര്‍... നിസ്സാരവിഷയങ്ങള്‍ പോലും പര്‍വതീകരിച്ച് വന്‍ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയെന്നത് അവരുടെ ഹോബിയാണ്..

നമ്മിലും ഈ സ്വഭാവം ഏറിയോ കുറഞ്ഞോ ഉണ്ട്.. സൂക്ഷിക്കുക.. വിനയത്തിന്റെയും സൌമ്യതയുടെയും നിറകുടങ്ങളാവുക...

No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...