മന്ത്രിച്ചു ഊതി ചരട് കെട്ടുക, ഉറുക്ക് കെട്ടുക, പിഞ്ഞാണമെഴുതുക, കൂത്തു റാത്തീബ് നടത്തുക, കാണാതെ പോയ വസ്തുക്കള്‍ മഷിയിട്ടോ മറ്റോ 'കണ്ടുപിടിച്ചു' കൊടുക്കുക തുടങ്ങിയ തട്ടിപ്പ്-വെട്ടിപ്പ് പരിപാടികളോടും അത്തരം തട്ടിപ്പുകള്‍ നടത്തി ജനങ്ങളുടെ പണവും സ്വത്തും പിഴിഞ്ഞെടുക്കുന്ന ഔലിയ-ബീവിയാദി സംഘങ്ങളോടും കടുത്ത വെറുപ്പാണ് ബീരാനിക്കക്ക്. പക്ഷെ ആള്‍ "ഒഹാബിയോ മൌദൂദിയോ" അല്ലകേട്ടോ. ഒരു സാധാരണക്കാരന്‍.
എന്റെ ചെറുപ്പകാലത്താണ്, ഒരിക്കൽ നാട്ടിൽ ഒരു കുത്ത് റാത്തീബ് പരിപാടി നടത്താന്‍ പള്ളി-മദ്രസാ കമ്മറ്റി തീരുമാനിച്ചു. എന്തൊക്കെയോ മന്ത്രങ്ങള്‍ ജപിച്ചു ശരീരത്തില്‍ കത്തികൊണ്ട് കുത്തുന്ന കലാപരിപാടിയാണല്ലോ അത്. അങ്ങനെ കുത്തിയാല്‍ അവര്‍ക്കൊന്നും സംഭവിക്കില്ലെന്നും അതവരുടെ കറാമത്ത് ആണെന്നുമായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ.
സംഗതി എന്തോ ആവട്ടെ, പരിപാടിയുടെ വിജയത്തിനായി സംഘാടകർ പിരിവ് ചോദിച്ച് ബീരാനിക്കയുടെയും അടുത്ത് വന്നു.
യാതൊരു കൂസലുമില്ലാതെ മൂപ്പര്‍ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞതിങ്ങനെ:
"പൈസ ഞാൻ തരാം. പക്ഷെ ഞാനും കത്ത്യോണ്ട് അവരെ ഒരു കുത്ത് കുത്തും. അയിനു പറ്റ്വാ?"
************************
ആയിടക്കാണ് ബീരാനിക്കയുടെ വീട്ടിലിരുന്ന സൈക്കിൾ ആരോ മോഷ്ടിച്ച് കൊണ്ടു പോയത്. ആരാണീ പണി പറ്റിച്ചതെന്ന് അറിയാതെ മൂപ്പർ ദു:ഖിതനായി...
വസ്തുക്കള്‍ കാണാതെ പോയാല്‍ വിവരമില്ലാത്തവര്‍ എന്താ ചെയ്യുക? വല്ല ബീവിയേയോ ഔലിയയെയോ മറ്റോ കാണും. എന്റെ നാട്ടിലും ഉണ്ട് അങ്ങനെയൊരു ബീവി. പക്ഷെ അത്തരക്കാരെ വിശ്വാസമില്ലാത്തയാളാണല്ലോ ബീരാനിക്ക. എന്നാലും ചിലര്‍ മൂപ്പരുടെ അടുത്ത് വന്ന് സംഗതി അവതരിപ്പിച്ചു:
"സൈക്കിള് പോയതില് വിഷമിക്കണ്ടാ.. ങ്ങള് പോയി കാര്യം ബീവിയോട് ചോയിച്ച് നോക്കിൻ.... "
ബീരാനിക്കയുടെ മറുപടി ആരും പ്രതീക്ഷിക്കാത്തതായിരുന്നു:
"ഏയ്... അത് മാണ്ട . ബീവി സൈക്കിള് കക്കൂല....''
No comments:
Post a Comment
ഇനി നിങ്ങളുടെ ഊഴം