Friday, October 2, 2015

കൈനോട്ടക്കാരന്‍ എന്റെ മുഖം നോക്കി പറഞ്ഞത്


"നി
ഷ്കളങ്കവും കുട്ടിത്തവുമുള്ള മുഖം.. പുഞ്ചിരി മുഖത്തുണ്ട്, പക്ഷേ ഉള്ളിലില്ല, ഒരു ജോലി ലഭിക്കാനായി കുറെ നാളായി ശ്രമിച്ചുവരുന്നു, പക്ഷെ ഒന്നുമായില്ല, അയച്ചൊരു സുപ്രധാനമായ കത്തിന്റെ മറുപടിക്കായി കാത്തിരിക്കുന്നു... സാമ്പത്തികസ്ഥിതിയില്‍ തൃപ്തനല്ല, ചെയ്തുതീര്‍ക്കാന്‍ ജോലികള്‍ ഇനിയുമുണ്ട്.. മനസ്സിനൊരു സ്വസ്ഥതയില്ല........"

സുഹൃത്തുക്കളെ, ആരും അന്തം വിടേണ്ട, മുകളില്‍ കൊടുത്തത് ഒരു കൈനോട്ടക്കാരന്‍ എന്റെ മുഖത്ത് നോക്കി പറഞ്ഞതാണ്..

സംഭവം നടന്നത് ഇന്നുച്ചക്ക് കോട്ടക്കല്‍ ടൌണില്‍ വെച്ച്...

തിരക്കേറിയ റോഡ്‌ മുറിച്ചുകടന്നു ഫുട്പാത്തിലേക്ക് കയറി തിരിഞ്ഞതും ഒരു കൈവന്നു എന്നെ പിടിച്ചു.. ആരാ കൈപിടുത്തക്കാരന്‍ ..? നമ്മുടെ കൈനോട്ടക്കാരന്‍ തന്നെ.

"എന്താണ് നിങ്ങള്‍ക്ക് വേണ്ടത്? എനിക്ക് കൈനോക്കാന്‍ താല്പര്യമില്ല.." ഞാന്‍ നീരസത്തോടെ പറഞ്ഞു.

"കൈനോക്കുകയോന്നും വേണ്ട.. നിങ്ങളെ കണ്ടപ്പോള്‍ ചിലത് പറയാന്‍ എന്റെ മനസ്സ് ആഗ്രഹിച്ചു... ഒന്ന് കേള്‍ക്കൂ.." അയാള്‍ പറഞ്ഞു. ഞാന്‍ കൗതുകത്തോടെ അയാളെ ശ്രവിച്ചു..

ശേഷം പറഞ്ഞ കാര്യങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്... അയാളൊന്നു നിര്‍ത്തി എന്റെ മുഖത്തേക്ക് പ്രതികരണമറിയാനായി നോക്കി..

ഞാന്‍ പറഞ്ഞു: "നിങ്ങള്‍ പറഞ്ഞതില്‍ ഒരെണ്ണം പോലും ശരിയില്ല.."

"ഒരെണ്ണം പോലും..?" അയാളെന്നെ തുറിച്ചുനോക്കി

"അതെ.. പടച്ചവന്റെ അനുഗ്രഹത്താല്‍ എനിക്കിന്നൊരു തരക്കേടില്ലാത്ത ജോലിയുണ്ട്.. ഞാനൊരു കത്തും അയച്ചു മറുപടിക്കായി കാത്തിരിക്കുന്നില്ല, സാമ്പത്തികസ്ഥിതിയിലും തൃപ്തനാണ്.. മനസ്സിന് അങ്ങനെ പറയത്തക്ക അസ്വസ്ഥതയൊന്നുമില്ല, എല്ലാവര്‍ക്കും ഉള്ളത് പോലെയുണ്ട്.. പിന്നെ ചെയ്തുതീര്‍ക്കാന്‍ ജോലികള്‍ ആര്‍ക്കാണ് ഇല്ലാത്തത്? ഇതൊക്കെ പറയാന്‍ കൈനോട്ടക്കാരന്‍ ആകേണ്ട കാര്യമില്ല.. ആര്‍ക്കും സാധിക്കും.."

അയാള്‍ ഈര്‍ഷ്യയോടെ പറഞ്ഞു: "എന്നാ പോ.. പോ..."

"ശരി.. അടുത്ത ഇരക്കായി കാത്തിരിക്കൂ.. ആരെങ്കിലും വീഴാതിരിക്കില്ല.." അത്രയും പറഞ്ഞു ഞാന്‍ എന്റെ വഴിക്ക് തിരിഞ്ഞു..

******************************

മനുഷ്യരുടെയെല്ലാം ഭാവിയും ഭൂതവുമൊന്നും മുന്‍കൂട്ടി അറിയാന്‍ ഒരാള്‍ക്കും സാധ്യമല്ല. അങ്ങനെ സാധിച്ചാല്‍ ഈ ലോകഘടന തന്നെ തകരും. ഉദാഹരണത്തിന്,

"നീ ഭാവിയില്‍ IAS officer ആയിത്തീരുമെന്നു" ജ്യോത്സ്യന്‍ ഒരു വിദ്യാര്‍ഥിയോട് പറയുന്നു. എന്തായിരിക്കും പിന്നെ അവന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനം? ഒന്നും പ്രവര്‍ത്തിക്കേണ്ട കാര്യമില്ല. താന്‍ എന്തായാലും ഭാവിയില്‍ IAS officer ആവുമെങ്കില്‍ മെനക്കെട്ട് പഠിക്കേണ്ട കാര്യമില്ലല്ലോ.

"നീ ഭാവിയില്‍ ഭിക്ഷക്കാരനായി തീരും" എന്ന് പറഞ്ഞാലോ? അപ്പോഴും അവന്‍ കര്‍മരഹിതനായി തീരും. ഞാനെന്തിനു മെനക്കെട്ട് പഠിക്കണം? എങ്ങനെ ശ്രമിച്ചാലും ഭാവിയില്‍ ഭിക്ഷക്കാരന്‍ ആവാനാണ് യോഗമെങ്കില്‍....


No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...