സുഖത്തിന്റെ ഒരു കണിക പോലും അനുഭവിക്കാന്‍ കഴിയാതെ ഈ ലോകത്തോട് വിട പറയുന്നവര്‍ ....
ഇനി സുഖവും സന്തോഷവും എന്നത് പോകട്ടെ. തികഞ്ഞ അനീതിക്കും പീഡനത്തിനും അക്രമത്തിനും ഇരയായി, ഒരു തെറ്റും ചെയ്യാത്ത എത്രയോ നിരപരാധികള്‍ നമുക്ക് മുമ്പില്‍ കഴിഞ്ഞു പോകുന്നു. അവര്‍ക്കും നമ്മെ പോലെ വികാരങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരുന്നു. ജീവിക്കാന്‍ അങ്ങേയറ്റത്തെ കൊതിയുണ്ടായിരുന്നു. പക്ഷെ അവര്‍ മറ്റു ചിലരുടെ കൊലക്കത്തിക്ക് ഇരയായി.
മറ്റൊരു കൂട്ടര്‍ ഇതിനു നേര്‍വിപരീതമായി സുഖലഹരികളില്‍ ആറാടി ജീവിതം മുഴുവന്‍ അടിച്ചുപൊളിച്ചു ജീവിക്കുന്നു. തിന്മകള്‍ ചെയ്തുകൂട്ടുന്നവര്‍ സമൂഹത്തില്‍ മാന്യന്മാരായി വിലസുന്നു. ലക്ഷകണക്കിനും കോടികണക്കിനും ആളുകളെ കൊന്നൊടുക്കി അധികാര ലഹരിയില്‍ നൃത്തം ചവിട്ടി കടന്നു പോകുന്നവരെയും നാം കാണുന്നു. എവിടെയും കവര്‍ച്ചയും അഴിമതിയും നിറഞ്ഞാടുന്നു. എന്നിട്ടോ, അവര്‍ക്ക് മതിയായ ശിക്ഷ ലഭിക്കുന്നത് പോകട്ടെ, അവരുടെ രോമത്തില്‍ പോലും സ്പര്‍ശിക്കാന്‍ ഇവിടത്തെ വ്യവസ്ഥക്ക് സാധിക്കുന്നില്ല. ദീര്‍ഘകാലം അവര്‍ ആസ്വാദനങ്ങളില്‍ മുഴുകി സാധാരണപോലെ മരണപ്പെട്ടു പോകുന്നു.
ഒരാളെ കൊന്നാല്‍ കൊലയാളിക്ക് ഈ ഭൂമിയില്‍ നല്‍കാവുന്ന പരമാവധി ശിക്ഷ എന്താണ്? കൊലയാളിയെ വധിക്കുക എന്നതാണല്ലോ. എന്നാല്‍ ഒന്നിലധികം പേരെ കൊന്നവനും അതേ ശിക്ഷമാത്രമേ നല്‍കാന്‍ കഴിയൂ. ആയിരങ്ങളെയും ലക്ഷങ്ങളെയുമൊക്കെ നിഷ്ക്കരുണം കൊല്ലുന്നവരെ എങ്ങനെയാണ് ശിക്ഷിക്കുക?!! ഇനി പോകട്ടെ, ഒരാളെ കൊന്ന കൊലയാളിക്ക് പോലും നല്‍കുന്ന പരമാവാധി ശിക്ഷ കൊണ്ട് പൂര്‍ണ നീതി കിട്ടുമോ? ഒരിക്കലുമില്ല. കാരണം, കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ നഷ്ടം അത് കൊണ്ട് നികത്തപ്പെടുന്നില്ല. കൊല്ലപ്പെട്ടയാള്‍ക്ക് ജീവന്‍ തിരിച്ചു കിട്ടുന്നുമില്ല. അയാളെ ആശ്രയിച്ചു ജീവിക്കുന്ന കുറെ പേരുടെ പ്രതീക്ഷകള്‍ ഒരു പക്ഷെ ആ കൊലപാതകം കൊണ്ട് തകര്‍ന്നു പോയേക്കാം.
ചുരുക്കത്തില്‍ ഈ ലോകം അനീതിയും അസമത്വവും നിറഞ്ഞതാണ് . നമ്മെ അലോസരപ്പെടുത്തുന്ന ഒരു വലിയ പ്രശ്നം.
എന്തുണ്ട് ഇതിനൊരു പരിഹാരം???
ദൈവം ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന നിരീശ്വരവാദികളുടെ മുമ്പില്‍ തന്നെ ആദ്യം ചെല്ലുക. എന്താണ് അവര്‍ക്ക് പറയാനുള്ളത്?
"ദൈവം ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ?. ദൈവം ഇല്ല എന്നതിന് ശക്തമായ തെളിവാണ് ഇത്... അഥവാ ഉണ്ടെങ്കില്‍ തന്നെ ഇങ്ങനെ പലരെയും പീഡിപ്പിക്കുന്നത് ദൈവത്തിനു ഭൂഷണമല്ല... തികഞ്ഞ അനീതി അവന്‍ കാണിച്ചു എന്ന് വരും.."ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ തന്നെയാണ് ഇപ്പറഞ്ഞതൊക്കെ. പക്ഷെ ഇവരുടെ മുമ്പിലും ഇതിനു പരിഹാരമില്ല.. മേല്പറഞ്ഞതും അല്ലാത്തതുമായ നിര്‍ഭാഗ്യവാന്മാര്‍ക്ക് നിങ്ങള്‍ എന്ത് സാന്ത്വനമാണ് നല്‍കുക എന്ന് ചോദിച്ചാല്‍ ഒരു നിരീശ്വരവാദി കൈമലര്‍ത്തുകയെ ഉള്ളൂ.. അവരുടെ മുമ്പില്‍ സകലവാതിലുകളും അടഞ്ഞു കഴിഞ്ഞു..
ലോകത്ത് മഹാഭൂരിപക്ഷവും ഏതെങ്കിലും തരത്തില്‍ ഒരു അദൃശ്യ ശക്തിയില്‍ വിശ്വസിക്കുന്നവരാണ്. എന്നാല്‍ പരലോകവിശ്വാസം അവര്‍ക്കില്ല.
"ദൈവം ഉണ്ടെന്നു തന്നെയാണ് എന്റെയും അഭിപ്രായം, അതിലപ്പുറം നമ്മുടെ ജീവിതത്തില്‍ അതിനു വലിയ പ്രസക്തിയൊന്നുമില്ല, സ്വര്‍ഗ്ഗവും നരകവും രക്ഷാ ശിക്ഷകളും ഒന്നും തന്നെ ഇല്ല. ഉണ്ടെങ്കില്‍ അപ്പോള്‍ നോക്കാം.. ദൈവം ഉണ്ടായാലും ഇല്ലെങ്കിലും എനിക്ക് പ്രത്യേകിച്ച് ഒന്നുമില്ല"ഇങ്ങനെയൊക്കെയാണവരുടെ നിലപാടുകള്‍ . നമ്മുടെ പ്രശ്നം ഇവരുടെ മുമ്പില്‍ അവതരിപ്പിച്ചിട്ടു കാര്യമില്ല എന്ന് വ്യക്തം.
ഇനി മറ്റൊരു വിഭാഗത്തിനു പറയാനുള്ളത് ഇതായിരിക്കും:
"ഒരാള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കാരണം അയാളുടെ മുജ്ജന്മത്തില്‍ ചെയ്ത പാപത്തിന്റെ ഫലമാണ്. അതവന്‍ അനുഭവിച്ചേ തീരൂ."മുജ്ജന്മപാപം എന്നൊന്ന് ഉണ്ടോ ഇല്ലേ എന്ന ചര്‍ച്ച തല്‍ക്കാലം മാറ്റി നിര്‍ത്താം. തികച്ചും വിചിത്രമായ വാദം എന്നേ ഇതിനെ കുറിച്ച് ബുദ്ധിയുള്ളവര്‍ പറയൂ. കാരണം ചെയ്ത തെറ്റു എന്താണ് എന്നറിയാതെ അതിനുള്ള ശിക്ഷ അനുഭവിക്കുന്നത് എന്ത് മാത്രം അനീതിയാണ്!! ഈ അനീതി നിറഞ്ഞ ലോകത്തുപോലും അതിനുള്ള അവസരം പലപ്പോഴും ലഭിക്കാറുണ്ട്. മാത്രമല്ല, അക്രമവും അനീതിയും നടത്തുന്നവരെ പരോക്ഷമായി ന്യായീകരിക്കുക കൂടി ചെയ്യുന്നു എന്നതാണ് ഈ വാദത്തിന്റെ അവസ്ഥ!!
യഥാര്‍ത്ഥ പരിഹാരം
ഇനി ദൈവത്തിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരു വ്യക്തിയുടെ മുമ്പില്‍ നാം ചെല്ലുക.. മേല്‍ ചോദ്യം അയാളോടും ചോദിക്കുക, മറുപടി ഇതായിരിക്കും:"ഈ ലോകത്ത് അള്ളാഹു എല്ലാത്തിനും ഒരു വ്യവസ്ഥ നിശ്ചയിച്ചിരിക്കുന്നു. മനുഷ്യന് നന്മ ചെയ്യാനും തിന്മ ചെയ്യാനുമുള്ള സ്വാതന്ത്ര്യം അവന്‍ നല്‍കിയിരിക്കുന്നു. മനുഷ്യന് നല്‍കിയിട്ടുള്ള വിഭവങ്ങളെ നല്ല രീതിയിലും ചീത്ത രീതിയിലും ഉപയോഗിക്കാന്‍ കഴിയും. ചിലര്‍ തങ്ങളുടെ കഴിവുകളെ നല്ല മാര്‍ഗത്തിലും മറ്റു ചിലര്‍ ചീത്ത മാര്‍ഗത്തിലും ഉപയോഗിക്കുന്നു. നന്മ ചെയ്താല്‍ അതിന്റെ ഫലം പ്രകടമാകും. ചീത്ത ചെയ്താല്‍ അതിന്റെയും ഫലം പ്രകടമാകും. അത് തലമുറകളോളം തുടര്‍ന്നേക്കാം. ഉദാഹരണത്തിന് മനുഷ്യന്റെ കണ്ടുപിടുത്തമായ അണുശക്തി തിന്മയുടെ മാര്‍ഗത്തില്‍ ഉപയോഗിച്ചപ്പോഴാണല്ലോ ഹിരോഷിമ- നാഗസാക്കി ദുരന്തങ്ങള്‍ ഉണ്ടായത്. തലമുറകളോളം അത് തുടരുന്നു. അത് വഴി ജീനുകള്‍ക്ക് ഉണ്ടായ മാറ്റം (Mutation) മൂലം അംഗവൈകല്യങ്ങള്‍ ഉള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു. അപ്പോള്‍ ലോകത്ത് മനുഷ്യന്റെ പ്രവര്‍ത്തന വൈകല്യങ്ങള്‍ മൂലമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് മനസ്സിലാക്കാം."അവര്‍ തുടര്‍ന്ന് പറയുന്നു:
"ഈ ലോകം പൂര്‍ണതയ്ക്ക് വേണ്ടിയുള്ളതല്ല, പരീക്ഷണത്തിന് വേണ്ടിയുള്ളതാണ്. മനുഷ്യജീവിതം മരണത്തോടെ അവസാനിക്കുന്നില്ല.. സമ്പൂര്‍ണമായ നീതി നടപ്പിലാകുന്ന ഒരു ലോകം വരാനിരിക്കുന്നു. അതാണ് പരലോകം.. ഈ ലോകത്ത് ദുരിതവും ദു:ഖവും അനുഭവിച്ചവര്‍ക്കു ശാന്തിയും സ്വര്‍ഗ്ഗവും ലഭിക്കുന്ന ലോകം.. സുഖലഹരിയില്‍ ആറാടി നന്ദികേടുമായി നടന്നവര്‍ക്ക് ശിക്ഷ നല്‍കുന്ന ലോകം... നാം ഈ ഭൂമിയില്‍ ദൈവം കല്പ്പിക്കുന്നതിനനുസരിച്ചു ജീവിച്ചാല്‍ ഒരു പ്രശ്നവും വരില്ല.. ഓരോത്തര്‍ക്കും ദൈവം നല്‍കിയ കഴിവുകല്‍ക്കനുസരിച്ചുള്ള ബാധ്യതകളെ നിര്‍വഹിക്കെണ്ടതുള്ളൂ... ഭ്രാന്തനു ബാധ്യതകള്‍ ഇല്ല. അന്ധന് കാഴ്ച്ചയുള്ളവന്റെ ബാധ്യതയുമില്ല. അതുപോലെത്തന്നെയാണ് പാവപ്പെട്ടവന് സമ്പന്നനെ പോലെ ബാധ്യതകള്‍ ഇല്ല. സൌകര്യങ്ങളും സമ്പത്തും ആരോഗ്യവും ആയുസ്സും കൂടും തോറും ബാധ്യതകള്‍ കൂടും. അതിനനുസരിച്ച് ദൈവത്തിന്റെ മുമ്പില്‍ വിചാരണയും കൂടും. കൊച്ചുകുഞ്ഞായിരിക്കെ മരണപ്പെട്ടുപോയ ഒരാള്‍ക്ക് പരലോകത്ത് ദൈവത്തിനു മുമ്പില്‍ ഒരു മറുപടിയും ബോധിപ്പിക്കേണ്ട. അവനു സ്വര്‍ഗം സുനിശ്ചിതം...."അവര്‍ വീണ്ടും പറയുന്നു:
"ദൈവം ഇല്ലെന്നതിനല്ല, ദൈവവും പരലോകവും ഉണ്ടായേ പറ്റൂ എന്നതിനുള്ള തെളിവാണ് അനീതി നിറഞ്ഞ ഈ ലോകം... ദൈവം പലര്‍ക്കും പ്രയാസങ്ങളും ദുരിതങ്ങളും രോഗങ്ങളും നല്‍കുന്നത് യഥാര്‍ഥത്തില്‍ പീഡനം അല്ല.. അവരുടെ ബാധ്യതകള്‍ കുറയ്ക്കാനും തിന്മകള്‍ കഴുകി കളയാനും, അത് വഴി സ്വര്‍ഗപ്രവേശം എളുപ്പമാക്കാനുമാണ്. അഥവാ പീഡനം എന്ന് നമ്മള്‍ കരുതുന്നത് ആത്യന്തികമായി അനുഗ്രഹമാണ്...."
ഒരു പരലോകവിശ്വാസിക്ക് ദൈവം ക്രൂരന്‍ ആണെന്ന് ഒരിക്കലും തോന്നില്ല. പരലോകം എന്നൊരു സംഗതി ഇല്ലായിരുന്നെങ്കില്‍ വിമര്‍ശകരുടെ വാദത്തിനു അല്‍പ്പമെങ്കിലും കാമ്പ് കാണുമായിരുന്നു."അതെ! മറ്റൊരു ലോകം ഉണ്ടായേ പറ്റൂ.... അങ്ങനെയൊന്നില്ലെങ്കില്‍ ഈ ജീവിതത്തിനു എന്തര്‍ത്ഥം? കുറെ തിന്നാനും കുടിക്കാനും രമിക്കാനും രസിക്കാനും മാത്രമാണ് ജീവിതമെങ്കില്‍ ചിന്തയും ബുദ്ധിയും വിവേകവുമുള്ള മനുഷ്യനാകേണ്ട കാര്യമുണ്ടോ? മറ്റു മൃഗങ്ങള്‍ക്കും ഈ പറഞ്ഞതെല്ലാം ഇല്ലേ? ഒരു വിഭാഗം മാത്രം സുഖിച്ചു രസിക്കുന്ന, തിന്മകള്‍ ചെയ്തു വിലസുന്ന ഈ നശ്വരലോകം മാത്രമേ മനുഷ്യനു മുമ്പില്‍ ഉള്ളൂ എന്ന് വിശ്വസിക്കുന്ന നിരീശ്വര സിദ്ധാന്തമല്ലേ ഏറ്റവും വലിയ യുക്തിരഹിത ചിന്ത? മനുഷ്യന്‍ എന്ന പ്രതിഭാസം തന്നെ പരലോകത്തിനുള്ള ശക്തമായ തെളിവല്ലേ?"
No comments:
Post a Comment
ഇനി നിങ്ങളുടെ ഊഴം