Tuesday, March 27, 2012

മദ്യാധിപത്യം


രാത്രി ജോലി കഴിഞ്ഞു രാമനാട്ടുകരയില്‍ ബസ് കത്ത് നില്‍ക്കുകയായിരുന്നു   ഞാന്‍ . പത്തു മണിയാകാറായിരുന്നു. ആളുകള്‍ നന്നേ കുറവ്. 
ഒരു കുഴഞ്ഞ ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. ആരോഗ്യവാനായ ഒരു ചെറുപ്പക്കാരന്‍ മദ്യപിച്ചു എന്തൊക്കെയോ പുലമ്പുന്നു. അടുത്ത് ഒരു സ്ത്രീയും രണ്ടു കുട്ടികളും. സ്ത്രീ ധരിച്ചിരിക്കുന്നത് മാക്സി.  കയ്യില്‍ വലിയൊരു സ്യൂട്ട് കേസ്. കരഞ്ഞു കലങ്ങിയ കണ്ണുകള്‍ . മരവിച്ച മുഖം..!  
ഒരു സിനിമ കാണുന്നത് പോലെ എനിക്ക് തോന്നി.
പോസിറ്റീവ്  ആയി ചിന്തിക്കാന്‍ പറ്റിയ യാതൊന്നും കാണാത്തത് കൊണ്ട് ഞാന്‍ ഉറച്ചു: ഭര്‍ത്താവിന്റെ കുടിയും അടിയും വഴക്കും സഹിക്കാനാവാതെ രായ്ക്കു രാമാനം സ്വന്തം വീട്ടിലേക്കു പോകാനൊരുങ്ങുകയാണ് ആ സ്ത്രീ...! പറഞ്ഞു തീര്‍ന്നിട്ടില്ലെടീ മൂധേവീ.... എന്നാ മട്ടില്‍ കെട്ടിയോന്‍ കൂടെ വന്നു കഥാപ്രസംഗം തുടരുകയാണ്. രക്ഷകനായി ഒരു ബസ് വരുന്നത് വരെ അവരത് കേള്‍ക്കണം. 

തലേന്ന് കണ്ട ഒരു ചാനല്‍ പരിപാടി എന്റെ ഓര്‍മയിലപ്പോള്‍ പ്രത്യക്ഷപ്പെട്ടു. മദ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഒരു പ്രോഗ്രാം ആയിരുന്നു അത്. സകല തിന്മകളുടെയും മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മദ്യത്തെ 
അനുകൂലിക്കുവാനുള്ള കാര്യപ്പെട്ട ഒരു പോയിന്റും എനിക്കറിയില്ല. പരിപാടിയിലെ അനുകൂലനും പൈന്റിനെ കുറിച്ചല്ലാതെ പോയിന്റിനെ കുറിച്ചൊന്നും പറയാന്‍ കഴിയുന്നുമില്ല. സദസ്സിലുള്ള ചില വിദ്യാര്‍ഥിനികളുടെ   ചോദ്യങ്ങള്‍ക്ക് മുമ്പില്‍ വിയര്‍ക്കുകയായിരുന്നു ഫോട്ടോഗ്രാഫറും നടനുമായ ആ വന്ദ്യ വയോധികന്‍ . മദ്യപിക്കുമ്പോഴുള്ള രസത്തെ കുറിച്ചും ധൈര്യത്തെ കുറിച്ചും ഉള്ള സ്ഥിരം പല്ലവിയിലൊതുങ്ങി  അദ്ദേഹത്തിന്‍റെ മറുപടി. 
ഇങ്ങനെ പോയാല്‍ ചാനലിലെ അടുത്ത സംവാദ വിഷയം 'അമ്മയെ തല്ലാമോ?' എന്നായിരിക്കുമെന്ന് എനിക്ക് ഭയം തോന്നി. അടിക്കുമ്പോഴുള്ള രസം അനുകൂലമായ ഒരു പോയിന്റായി എടുക്കാമല്ലോ. 
മദ്യത്തിന് ശാരീരികവും മാനസികവും സാമൂഹികവുമായ ഒട്ടേറെ ദോഷഫലങ്ങള്‍ ഉണ്ടെന്നു ഒരു പൌരനേയും പഠിപ്പിക്കേണ്ട ആവശ്യമില്ല. അത്രയ്ക്ക് വ്യക്തമാണ് കാര്യങ്ങള്‍. സ്വന്തം മക്കള്‍ മദ്യപാനികള്‍ ആകണമെന്ന് ആഗ്രഹിക്കുന്നവര്‍ മദ്യപാനികളില്‍ പോലുമുണ്ടാവില്ല. സമൂഹത്തിന്റെ പകുതി സ്ത്രീകളാണ്. അവര്‍ മദ്യത്തെ എതിര്‍ക്കുന്നവരാണെന്ന് തീര്‍ച്ച. ഒരു മദ്യപാനിക്ക് അതിന്റെ അടിമത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ അതിയായ ആഗ്രഹം കാണും. 
ഇവിടെ ചോദ്യമിതാണ്: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഊറ്റം കൊള്ളുന്ന നമുക്കെന്തു കൊണ്ട് ഈ മേഖലയില്‍ ജനാധിപത്യം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല? ഇന്നും ഭൂരിപക്ഷം മദ്യത്തിനെതിരായിരിക്കെ പ്രത്യേകിച്ചും? (എതിര്‍ക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നത് വിസ്മരിക്കുന്നില്ല. പക്ഷെ സാഹചര്യമാണ് പലരെയും കുടിയന്മാരാക്കുന്നത്). 

സമൂഹത്തില്‍ നടമാടുന്ന കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലെ പ്രധാന ശക്തികളില്‍ ഒന്നാണ് മദ്യമെന്നു അറിയാത്തവരല്ല നാം. പക്ഷെ എന്തുകൊണ്ടോ അതിലൊക്കെ ഒരു നിസംഗ മനോഭാവം നാം പുലര്‍ത്തുന്നു. ഒട്ടേറെ കുടുംബങ്ങളെ മദ്യം ഇഞ്ചിഞ്ചായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു.. പിതാവിന്റെ, ഭര്‍ത്താവിന്റെ, സഹോദരന്റെ, മകന്റെ മദ്യപാനം മൂലം ആത്മഹത്യകള്‍ വരെ സംഭവിക്കുന്നു..! എന്നിട്ടും നമുക്ക് കുലുക്കമില്ല. 
അന്നും ഇന്നും ഇറങ്ങിക്കൊണ്ടിരിക്കുന്ന സിനിമകളുടെ അവസ്ഥ നോക്കുക. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന, അനുകൂലിക്കുന്ന രംഗങ്ങള്‍ മാത്രമേ നമുക്ക് കാണാനാവൂ. 


മദ്യം കുറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്നുവെന്നും ഇതിലൂടെയുള്ള വരുമാനം ഇല്ലാതാക്കുവാന്‍ സാധ്യമല്ലെന്നുമാണ് ഈ വിഷയത്തില്‍ അധികൃതരുടെ ന്യായം. വ്യക്തിയം കുടുംബവും അത് വഴി സമൂഹവും നശിചില്ലതാകുന്നത് ഒരു പ്രശ്നമേ അല്ലെന്നാണോ? മദ്യം വിറ്റു കിട്ടുന്ന വരുമാനത്തിന്റെ അനേക മടങ്ങ്‌ മദ്യ ദുരന്തങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചിലവഴിക്കേണ്ടി വരുന്നില്ലേ? അപ്പോള്‍ ലാഭമാണോ നഷ്ടമാണോ സംഭവിക്കുന്നത്? ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുകയും തൊഴില്‍ രഹിതര്‍ക്ക് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യാന്‍ പറ്റില്ല എന്നാണോ?  
cntd ...


No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...