പ്രവാചകന്‍ (സ) അറഫയുടെ സമീപത്തുള്ള നമിറ എന്ന സ്ഥലത്ത് വെച്ച് ലക്ഷത്തില്‍ പരം വരുന്ന ആളുകളെ സാക്ഷി നിര്‍ത്തി നടത്തിയ ചരിത്ര പ്രധാനമായ ഒരു പ്രസംഗമാണ് 'ഖുത്ബതുല്‍ വിദാഅ' അഥവാ വിടവാങ്ങല്‍ പ്രസംഗം.
ഇസ്ലാമിന്റെ മാനവിക മുഖം പ്രകാശിപ്പിക്കുന്ന ആ പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങള്‍ കാണുക:
"ജനങ്ങളേ, ശ്രദ്ധിച്ചു കേള്‍ക്കുക, ഈ വര്‍ഷത്തിനു ശേഷം ഇത് പോലെ ഇനി നാം കണ്ടുമുട്ടുമെന്ന് പറയാന്‍ കഴിയില്ല. ജനങ്ങളേ, ഈ പ്രദേശത്തിന്റെ, ഈ മാസത്തിന്റെ പവിത്രത പോലെ നിങ്ങള്‍ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പവിത്രത കല്‍പ്പിക്കണം."
"നിങ്ങളുടെ കൈവശം ആരുടെയെങ്കിലും സൂക്ഷിപ്പ് മുതലുകള്‍) ( ഉണ്ടെങ്കില്‍ അത് കൊടുത്ത് വീട്ടുക. അജ്ഞാനകാലത്തെ എല്ലാ ദുരാചാരങ്ങളെയും ഞാനിതാ കുഴിച്ചു മൂടുന്നു. എല്ലാ വിധ പലിശകളെയും ഞാനിതാ ചവിട്ടി താഴ്ത്തുന്നു. മൂലധനമല്ലാതെ ഒന്നും നിങ്ങള്‍ക്കവകാശമില്ല. ഒരാളും അക്രമത്തിനിരയാവാന്‍ പാടില്ലല്ലോ. എന്റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടേണ്ടതായ പലിശ ഞാനിതാ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു".
"എല്ലാ നിലക്കുമുള്ള പ്രതികാര നടപടികളും ഇതാ റദ്ദു ചെയ്തിരിക്കുന്നു. ഒന്നാമതായി അബ്ദുല്‍ മുത്തലിബിന്റെ മകന്‍ ഹാരിസിന്റെ മകന്‍ റബീഅയുടെ പ്രതികാരം ഇതാ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു".
"ജനങ്ങളേ, അറിയുക, തീര്‍ച്ചയായും പിശാച് നിങ്ങളുടെ ഈ രാജ്യത്ത് ഇബാദത്ത് ചെയ്യപ്പെടുമെന്നതിനെ കുറിച് നിരാശനായിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ നിസ്സാരമായി കരുതുന്ന നിങ്ങളുടെ കര്‍മങ്ങളില്‍ അവനു അനുസരണമുണ്ടാകും. അതിലവന്‍ തൃപ്തനാവുകയും ചെയ്യും."
"ജനങ്ങളേ, സ്ത്രീകളുടെ വിഷയത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം. അവര്‍ നിങ്ങളുടെ അടുക്കല്‍ ഒരു അമാനത്താണ്. എന്നാല്‍ നിങ്ങളുടെ വിരിപ്പില്‍ നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ പ്രവേശിപ്പിക്കാതിരിക്കുക എന്നത് അവര്‍ക്ക് നിങ്ങളോടുള്ള കടമയാണ്. നിങ്ങള്‍ അവരോടു മാന്യമായി പെരുമാറുക, അവര്‍ക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം എന്നിവ മാന്യമായി നല്‍കുക."
"ഞാനിതാ എല്ലാ കാര്യങ്ങളും നിങ്ങളിലേക്ക് എത്തിച്ചു തന്നിരിക്കുന്നു. രണ്ടു കാര്യങ്ങള്‍ ഞാനിതാ നിങ്ങളെ ഏല്‍പ്പിക്കുന്നു. അവ മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ പിഴച്ചു പോവുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ചര്യയുമാണത് ."
"ജനങ്ങളേ, എനിക്ക് ശേഷം ഇനി ഒരു പ്രവാചകന്‍ ഇല്ല. നിങ്ങള്‍ക്ക് ശേഷം ഒരു സമുദായവുമില്ല. നിങ്ങള്‍ നിങ്ങളുടെ നാഥന് വഴിപ്പെടുക. അഞ്ചു നേരം നമസ്ക്കരികുക, റമദാനില്‍ നോമ്പ് അനുഷ്ഠിക്കുക, നിര്‍ബന്ധദാനം നല്‍കുക, ഹജ്ജ് നിര്‍വഹിക്കുക, നിങ്ങളുടെ നേതൃത്വത്തെ അനുസരിക്കുക, എങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം."
"ജനങ്ങളേ, എന്നെ സംബന്ധിച്ച് നിങ്ങളോട് ചോദിക്കപ്പെടുമ്പോള്‍ അന്ന് നിങ്ങള്‍ എന്ത് മറുപടിയായിരിക്കും നല്‍കുക?"
(അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു: 'താങ്കള്‍ ഞങ്ങള്‍ക്ക് സന്ദേശം എത്തിച്ചു തന്നു. താങ്കളുടെ ദൗത്യം നിര്‍വഹിച്ചു എന്ന് ഞങ്ങള്‍ പറയും.')
അന്നേരം പ്രവാചകന്‍ തന്റെ ചൂണ്ടു വിരല്‍ മേല്‍പ്പോട്ടുയര്‍ത്തി പറഞ്ഞു: "അല്ലാഹുവേ നീ ഇതിനു സാക്ഷി, നീ ഇതിനു സാക്ഷി......"
"ജനങ്ങളേ, ഇവിടെ ഹാജറുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക് ഇത് എത്തിച്ചു കൊടുക്കുക. എത്തിക്കപെടുന്നവര്‍ എത്തിച്ചവരേക്കാള്‍ കാര്യം ഗ്രഹിച്ചേക്കാം."
പ്രസംഗ ശേഷം വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തം അവതരിച്ചു: "ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ (വ്യവസ്ഥ) പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു. എന്റെ അനുഗ്രഹം ഞാന്‍ നിങ്ങളില്‍ നിറവേറ്റി തന്നിരിക്കുകയും ചെയ്തിരിക്കുന്നു. ഇസ്ലാമിനെ ജീവിതപദ്ധതിയായി ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുകയും ചെയ്തിരിക്കുന്നു." (വി. ഖു: 5 : 3)
നന്നായിരിക്കുന്നു. പ്രവാചകന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുവാന്‍ ഈ പോസ്റ്റ് സഹായകമാകട്ടെ.
ReplyDeleteജനങ്ങളേ, സ്ത്രീകളുടെ വിഷയത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം. ഇത് എല്ലാ പുരുഷന്മാരും ശ്രദ്ധിക്കുക
ReplyDelete