Friday, March 23, 2012

ഫക്കീര്‍ ഉപ്പാപ്പയുടെ കറാമത്ത്

ചെറുപ്പത്തില്‍ സംഭവിച്ച ഒരു കഥയാണിത്. അന്ന് ഞാന്‍ സ്കൂളില്‍ അഞ്ചിലോ ആറിലോ ആണെന്ന് തോന്നുന്നു, സ്ഥലത്ത് ഒരു പ്രധാന ദിവ്യന്‍ വന്നു.....

അന്ന് പത്രങ്ങളില്‍ നിറഞ്ഞു നിന്ന ഒരു വ്യക്തിത്വം, ഫക്കീര്‍ ഉപ്പാപ്പയെന്നു പേര്.. 



പല അത്ഭുത സിദ്ധികളും ഉള്ള മഹാനായ ഒരു വലിയ്യ് (അല്ലെങ്കില്‍ ഔലിയ) ആണ് കഥാപുരുഷന്‍ എന്നായിരുന്നു ജനസംസാരം. അല്ഭുതസിദ്ധികള്‍ക്ക്  കറാമത്ത് എന്നാണല്ലോ പറയാറുള്ളത്. അദ്ദേഹത്തിന്‍റെ കാര്യപ്പെട്ട  കറാമത്ത് വെള്ളത്തില്‍ തുപ്പുക എന്നതായിരുന്നു (അതുകൊണ്ട് തന്നെ തുപ്പല്‍ പാപ്പ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു). ഈ വെള്ളം കുടിച്ചാല്‍ സകല രോഗങ്ങളും സുഖപ്പെടുമത്രേ. അന്ധവിശ്വാസം എന്ന സൂക്കേടിന് ചികിത്സ അത്ര എളുപ്പമല്ലാത്തത് കൊണ്ട് ഒരു പാട് അനുയായികളെ അദ്ദേഹത്തിനു കിട്ടി. 


അങ്ങനെയിരിക്കെ ഞങ്ങളുടെ നാട്ടിലും അതാ ഉപ്പാപ്പയെത്തി. സ്ഥലത്തെ ബഹുഭൂരിഭാഗമാളുകളും റാണിക്ക് ചുറ്റും തേനീച്ചകള്‍ എന്ന പരുവത്തില്‍ അദ്ദേഹത്തിന്‍റെ ചുറ്റും കൂടി. ഒട്ടും വൈകാതെ അദ്ദേഹത്തെ വെച്ച് അടുത്തുള്ള മദ്രസയില്‍ ഒരു പൊതുപരിപാടിയും തുടര്‍ന്ന് 'തുപ്പല്‍ മഹായജ്ഞവും' നടത്താന്‍ തീരുമാനമായി. അതെന്താണെന്നല്ലേ? വലിയ വലിയ വാഹനങ്ങളില്‍ വെള്ളം നിറച്ച വീപ്പകള്‍ കൊണ്ടുവരുന്നു, അദ്ദേഹം അതില്‍ തുപ്പുന്നു... അതോടു കൂടി അത് ലോകത്തെ ഏറ്റവും പരിശുദ്ധവും സകലരോഗനിവാരണ വീര്യമുള്ളതുമായ ഔഷധമായി മാറുന്നു. 


നാം ചെയ്യേണ്ടത് ഇത്രമാത്രം, വീട്ടില്‍ നിന്നും കന്നാസുമായി വരിക.. ആ വെള്ളം വാങ്ങുക, കറാമത്തിനു കറന്‍സി സംഭാവനയായി നല്‍കുക. അത് കുടിക്കുക.. സകല ആശുപത്രികളും അടച്ചുപൂട്ടാനും ഡോക്ടര്‍മാരുടെ പണി നിര്‍ത്തിവെക്കാനും ഈ ദുനിയാവില്‍ ഇനി മെഡിസിന്‍ എന്ന കോഴ്സ് വേണ്ടെന്നു വെക്കാനും ഗവന്മെന്റിനോട് ആവശ്യപ്പെടുകയും ചെയ്യുക. പകരം 'ഉമിനീര്‍ വാട്ടര്‍ ' (മിനറല്‍ വാട്ടര്‍ പോലെ) കുപ്പികളിലാക്കി വിതരണം ചെയ്യാനുള്ള ഏര്‍പ്പാട് ആരംഭിക്കുക (ജോലി നഷ്ടപ്പെടുന്ന ഡോക്ടര്‍മാര്‍ അതിന്റെ വിതരണക്കാര്‍ ആവട്ടെ). 

എന്തായാലും ഔലിയയുടെ ഒരു കൊച്ചു ആരാധകനായിരുന്നു ഞാനും. സമ്മേളന നഗരിയില്‍ , ഭക്ഷണത്തിനു ക്യൂ നില്‍ക്കുന്ന ജയില്‍ പുള്ളികളെ പോലെ, കന്നാസും കടലാസുമായി (പെടക്കണ നോട്ട്) ആളുകള്‍ നീണ്ട ക്യൂ നില്‍ക്കുമ്പോള്‍ എന്റെ വീട്ടില്‍ നിന്നും 2 ലിറ്ററിന്റെ കന്നാസുമായി ജ്യേഷ്ടന്‍ നില്‍ക്കുന്നത് ഞാന്‍ ആശ്വാസത്തോടെ കണ്ടു. എന്നാലും 2  ലിറ്റര്‍ കന്നാസിനു പകരം 5  ലിറ്റര്‍ ആയിരുന്നില്ലേ നല്ലത് എന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല. 

അങ്ങനെ ആകാംക്ഷയോടെ കാത്തിരുന്ന ആ ശുഭ മുഹൂര്‍ത്തമെത്തി. വീട്ടില്‍ ആ 'ഹൌളുല്‍ കൌസര്‍ ' എത്തി. വീട്ടിലോരോത്തരും ഗ്ലാസില്‍ ഈ 'ദിവ്യജലം' പകര്‍ന്നു കുടിക്കാന്‍ ആരംഭിച്ചു. 
പക്ഷെ തുപ്പലുള്ള ജലം എന്ന ചിന്ത പതുക്കെ തികട്ടി വന്നപ്പോള്‍ പലര്‍ക്കും തുടക്കത്തിലെ ഊക്കു പിന്നെ കണ്ടില്ല. ഒരു മുറുക്ക് കുടിച്ചു ഗ്ലാസ് പതുക്കെ തിരികെ വെച്ചു. എന്റെ അവസ്ഥയും അത് തന്നെയായിരുന്നു. 'ചാറു നന്ന് മൂല്യാര്‍ക്ക് പാരണ്ട' എന്ന മട്ട്.  ചുരുക്കിപറഞ്ഞാല്‍ വെള്ളം മുക്കാലും ബാക്കിയായി. ആര്‍ക്കും വേണ്ട. ഇനിയെന്ത് ചെയ്യും?

അപ്പോഴാണ്‌ എനിക്കൊരു ഐഡിയ തോന്നിയത്. വീട്ടില്‍ നല്ലൊരു പാവക്കാ തോട്ടമുണ്ട്. അതില്‍ പാവയ്ക്കാ കായ്ച്ചു തുടങ്ങിയിരിക്കുന്നു. ഈ വെള്ളം അതിനൊഴിച്ചു കൊടുക്കാം. കറാമത്ത് അവിടെ കാണട്ടെ. അങ്ങനെ ഞാന്‍ 'ദിവ്യജലം' പാവക്കാ തോട്ടത്തിലൊഴിച്ചു. 


അത്ഭുതകരമായിരുന്നു അതിന്റെ ഫലം! കറാമത്തിന്റെ ഫലം നേരിട്ടനുഭവിച്ച സന്ദര്‍ഭം. പാവക്കാതോട്ടം രണ്ടുദിവസം കൊണ്ട് പുഴുക്കള്‍ നിറഞ്ഞു നാമാവശേഷമായി... 

എന്തായാലും 'ദിവ്യന്‍ ' വന്നതിനു ശേഷം ആ വെള്ളം കുടിച്ച രോഗികള്‍ സെവന്‍സ് ഫുട്ബോള്‍ കളിക്കുന്നതൊന്നും ആരും കണ്ടില്ല. ഡോക്ടര്‍മാര്‍ രോഗികളുടെ നീണ്ട ക്യൂ കാരണം ഇപ്പോഴും 'എടങ്ങേറില്‍ ' തന്നെ.  

2 comments:

  1. :-)

    please remove the word verification ...

    ReplyDelete
  2. അബ്ദുല്‍ ജലീല്‍ കെ.സി.August 10, 2012 at 6:51 AM

    ഹഹഹ കലക്കി

    ReplyDelete

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...