Sunday, April 22, 2012

സംവാദം- 3 (C): ഖുര്‍ആന്‍ ദൈവികമോ?

സ്നേഹസംവാദം ഓണ്‍ലൈന്‍ മാസികയില്‍ ചില സഹോദരങ്ങളുമായി നടത്തിയ സംവാദത്തിന്റെ വിവരണങ്ങളാണ് താഴെ. സംവാദത്തില്‍ എന്റെ പക്ഷത്തു നിന്നുള്ള വാദഗതികളില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കായിരിക്കും. അത് ഇസ്ലാമിന്റെ മറുപടിയായി കാണരുതെന്ന് വിനീതമായി ഉണര്‍ത്തുന്നു.

സംവാദം-3 (B) ല്‍ നടന്ന സംവാദത്തിന്റെ തുടര്‍ച്ചയാണിത്. ഖുര്‍ആന്‍ ദൈവികമോ എന്ന അടിസ്ഥാന ചര്‍ച്ചയാണ് നല്ലത് എന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആണീ ചര്‍ച്ച തുടങ്ങുന്നത്. 

Abdulla പറയുന്നു:
ഏതായാലും തുടങ്ങാം. ആദ്യം ഞാന്‍ നമ്പര്‍ ഇട്ടു കുറെ ചോദ്യങ്ങള്‍ ഇടാം.
Yes/ No എന്ന രീതിയില്‍ ഉത്തരം തന്നാല്‍ എളുപ്പം ആയിരിക്കും.

1) ഖുര്‍ആനില്‍ പൂര്‍ണമായും ദൈവത്തില്‍ നിന്നും ഉള്ള വാക്കുകള്‍ ആണോ..?
ആണെങ്കില്‍ അതിലെ വൈരുദ്ധ്യങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിച്ചാല്‍ ഉത്തരവാദി
സര്‍വ്വശക്തനായ ദൈവം ആയിരിക്കില്ലേ...? ഇനി അല്ലെങ്കില്‍ അതൊരു ദൈവികഗ്രന്ഥം ആയിരിക്കുമോ..?

2) ഖുര്‍ആന്‍ ഒരു സ്വതന്ത്ര ഗ്രന്ഥമാണോ..? അതായത് ഖുര്‍ആനിലെ ചില കാര്യങ്ങളും
സൂക്തങ്ങളും വ്യക്തമായി മനസ്സിലാക്കാനും അപഗ്രഥിക്കാനും മറ്റേതെങ്കിലും ഗ്രന്ഥത്തിന്റെ
ആവശ്യമുണ്ടോ...?

3) ഖുര്‍ആനില്‍ ഒരേ കാര്യം പല പ്രാവശ്യം ആവര്ത്തിച്ചിട്ടുണ്ടോ...?

4) ഖുര്‍ആനില്‍ ഉള്ള കാര്യങ്ങള്‍ മനുഷ്യരാശിയെ മൊത്തം ഉദ്ദേശിച്ചാണോ..? അതായത്
ഇനി ജനിക്കാനിരിക്കുന്ന മനുഷ്യര്‍ പോലും മറ്റു ഗ്രന്ഥങ്ങളെ സ്വീകരിക്കാതെ ഖുര്‍ആനില്‍
പൂര്‍ണമായി വിശ്വസിച്ചാല്‍ അതിലുള്ളത് മുഴുവന്‍ വ്യക്തമായി മനസ്സിലാക്കാനും അതില്‍
പറഞ്ഞിരിക്കുന്ന കാര്യങ്ങളിലൂടെ നല്ല ജീവിതം ജീവിക്കാനും പറ്റുമോ..?

5) മറ്റു മതക്കാരെ (പ്രത്യേകിച്ച് ഇസ്ലാമുമായി കൂടുതലടുത്ത് നില്‍ക്കുന്ന യഹൂദരും, ക്രൈസ്തവരും) ആയി ബന്ധം സ്ഥാപിക്കാന്‍ ഖുര്‍ആന്‍ പ്രകാരം നിങ്ങള്ക്ക് അനുവാദം ഉണ്ടോ..?

6) ഖുര്‍ആനില്‍ ഇത് വരെ മനുഷ്യന്റെ കൈ കടത്തലുകള്‍ ഉണ്ടായിട്ടില്ലേ...? ഇനി ഉണ്ടാവുകയുമില്ലേ...? ഇല്ലെങ്കില്‍ എന്ത് കൊണ്ട്....?

7) അല്ലാഹുവും യഹോവയും ഒന്നു തന്നെയോ?

8) ബൈബിള്‍ അല്ലാഹു നല്‍കിയ വചനങ്ങളാണോ?

9) ഇബ്രാഹിം, ഇസ്മാഈല്‍ , ഇസ്‌ഹാഖ്‌, യഅ്ഖൂബ്‌ എന്നിവരെ പുരാതനപിതാക്കളായി
(പ്രവാചകരായി) ഇസ്ലാം അംഗീകരിക്കുന്നുണ്ടോ ഇല്ലയോ?

10) ഖുര്‍ആന്‍ പ്രകാരം അഗമ്യഗമനം പാടുണ്ടോ..? അതായത് അവിഹിതബന്ധം , incest
തുടങ്ങിയവ അനുവദനീയമാണോ..?

11) മുഹമ്മദ്‌ തൗറാത്തിനെ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ? ഉണ്ടെങ്കില്‍ ഭാഗികമായോ അതോ പൂര്‍ണമായോ..? രണ്ടായാലും അത് തീരുമാനിച്ചത് അല്ലാഹുവോ, മുഹമ്മദോ?

(ചോദ്യങ്ങള്‍ അവസാനിച്ചതുകൊണ്ടല്ല ചോദ്യങ്ങള്‍ എവിടെയെങ്കിലും നിര്‍ത്തണം
എന്നതുകൊണ്ടു് ഇവിടെ നിര്‍ത്തുന്നു. )
Apr 18, 2012 12:47 PM IST

Mohammed ali K.C, Kakkadampuram പറയുന്നു:

1) ഖുര്‍ആന്‍ പൂര്‍ണമായും ദൈവിക വചനമാണ്. അതില്‍ വൈരുധ്യങ്ങള്‍ ഇല്ല എന്നത് ഖുര്‍ആന്‍ തന്നെ അവകാശപ്പെടുന്നുണ്ട്. ഉണ്ടെങ്കില്‍ താങ്കള്‍ക്കു ചൂണ്ടികാണിക്കാം,

2) ഖുര്‍ആന്‍ പറയുന്ന കാര്യങ്ങള്‍ വിശദീകരിക്കാനും മാതൃക കാണിക്കാനും ആണ് പ്രവാചകന്‍ നിയുക്തനായത്. പ്രവാചകചര്യ കൂടി ഉള്‍ക്കൊള്ളണമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. അഥവാ ഖുര്‍ആന്‍ മാത്രം കയ്യില്‍ പിടിച്ചത് കൊണ്ട് കാര്യമില്ല. സുന്നത്ത് കൂടി പിന്തുടരണം.

3) ഉണ്ട്.

4) ഖുര്‍ആനില്‍ ഉള്ള കാര്യങ്ങള്‍ മനുഷ്യരാശിയെ മൊത്തം ഉദ്ദേശിച്ചാണ്. മനുഷ്യന് മാര്‍ഗദര്‍ശനം ചെയ്യാനും നല്ല ജീവിതം നയിക്കാനും ഖുര്‍ആനും പ്രവാചകചര്യയും മാത്രം മതി. മറ്റൊന്നും വേണ്ട.

5) ഉണ്ട്. മറ്റു മതക്കാരുമായി ആദര്‍ശം തകരാത്ത വിധമുള്ള മാനുഷിക ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനെ ഖുര്‍ആന്‍ എതിര്‍ക്കുന്നില്ല. അവരുടെ ആദര്‍ശം സ്വീകരിക്കരുത് എന്നേ പറയുന്നുള്ളൂ.

6) ഇല്ല. കാരണം അല്ലാഹു അതിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നു എന്ന് ഖുര്‍ആന്‍ തന്നെ പറയുന്നു. ദൈവം സംരക്ഷിക്കുന്ന ഗ്രന്ഥത്തെ വികലമാക്കാന്‍ ലോകത്താര്‍ക്കും സാധ്യമല്ല.

7) അതെ. പക്ഷെ യഹോവ എന്ന സങ്കല്‍പ്പത്തെ ക്രൈസ്തവര്‍ വികലമാക്കി.

8) ഇന്നത്തെ ബൈബിള്‍ തോറ, ഇന്‍ജീല്‍ , സബൂര്‍ തുടങ്ങിയവയുടെ സമാഹാരം ആണല്ലോ. ഈ ഗ്രന്ഥങ്ങള്‍ അല്ലാഹു നല്‍കിയ വചനങ്ങള്‍ ആയിരുന്നു. പക്ഷെ ഇന്ന് അവയില്‍ പൌരോഹിത്യം പലതും കടത്തിക്കൂട്ടി വികലമാക്കി. അത് കൊണ്ട് ഇന്നുള്ള ബൈബിള്‍ പൂര്‍ണമായും ദൈവികമല്ല. ദൈവിക വചനങ്ങള്‍ ചിലതെല്ലാം ഉണ്ട് താനും.

9) അംഗീകരിക്കുന്നുണ്ട്. ഇല്ലെങ്കില്‍ അവന്‍ ഇസ്ലാമില്‍ നിന്നും പുറത്താണ്.

10) ഇല്ല. ഗുരുതരമായ പാപം ആണത്.

11) മുഹമ്മദ്‌ (സ) മാത്രമല്ല, മുസ്ലിംകള്‍ മുഴുവനും ആദിമ തൗറാത്തിനെ അംഗീകരിക്കുന്നു. പക്ഷെ ഇന്നത്തെ തൌറാത്ത് (തോറ) വികലമാക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അത് സ്വീകരിക്കുക സാധ്യമല്ല.
Apr 18, 2012 06:19 PM IST

abdulla പറയുന്നു:

പ്രിയപ്പെട്ട Mohammed ali K.C, Kakkadampuram, താങ്കളുടെ മറുപടികള്‍ ഞാന്‍ കണ്ടു.
ഇനി അതിലേക്കു കടക്കാം, കൂടാതെ ആ ഉത്തരങ്ങള്‍ വഴി എനിക്കുള്ള സംശയങ്ങളും ഞാന്‍ സൂചിപ്പിക്കാം.
1) ഖുര്‍ആന്‍ പൂര്‍ണമായും ദൈവിക വചനമാണ്. എന്നതാണ് താങ്കളുടെ ഉത്തരം. അത് കൊണ്ട് ഇനിയുള്ള എല്ലാ കാര്യങ്ങള്‍ക്കും ഈ ഉത്തരത്തെ നമുക്ക് base ആയി ഉപയോഗിക്കേണ്ടി വരും.
2) ഇതെനിക്ക് വ്യക്തമായില്ല, ഖുര്‍ആനിലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മറ്റേതെങ്കിലും ഗ്രന്ഥതിന്റെയോ (മുഹമ്മദ്‌ എഴുതിയതായാലും, അദ്ദേഹത്തെ കുറിച്ചുള്ള രേഖകളായാലും) ആവശ്യമുണ്ടോ..? ആവശ്യമുണ്ടെങ്കില്‍ അതൊരു സ്വതന്ത്ര ഗ്രന്ഥമല്ല, ആവശ്യമില്ലെങ്കില്‍ അതൊരു സ്വതന്ത്ര ഗ്രന്ഥമാണ് താനും. (ഉത്തരമായി ഉണ്ട്/ഇല്ല എന്ന മറുപടി പ്രതീക്ഷിക്കുന്നു.)
3) ഖുര്‍ആനില്‍ ഒരേ കാര്യം പല പ്രാവശ്യം ആവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് താങ്കളുടെ ഉത്തരം. ok.
4) ഖുര്‍ആനില്‍ ഉള്ള കാര്യങ്ങള്‍ മനുഷ്യരാശിയെ മൊത്തം ഉദ്ദേശിച്ചാണ് എന്നതാണ് ഉത്തരം.
5) മറ്റു മതക്കാരുമായി ആദര്‍ശം തകരാത്ത വിധമുള്ള മാനുഷിക ബന്ധങ്ങള്‍ ആവാം എന്ന് താങ്കള്‍ പറഞ്ഞിരിക്കുന്നു.
6) ദൈവം സംരക്ഷിക്കുന്ന ഗ്രന്ഥത്തെ വികലമാക്കാന്‍ ലോകത്താര്‍ക്കും സാധ്യമല്ല, അത് കൊണ്ട് ഖുര്‍ ആനില്‍ ഇത് വരെ മനുഷ്യന്റെ കൈ കടത്തലുകള്‍ ഉണ്ടായിട്ടില്ല അല്ലെ..?
7) അതെ എന്നുത്തരം.
8) 'പക്ഷെ ഇന്ന് അവയില്‍ പൌരോഹിത്യം പലതും കടത്തിക്കൂട്ടി വികലമാക്കി' എന്ന് പറഞ്ഞിരിക്കുന്നു.
ഇത് കൂടുതല്‍ വ്യക്തമാകാന്‍ താങ്കള്‍ ഒരു കാര്യം കൂടി പറയണം. അതായത് അങ്ങനെ സംഭവിച്ചത് മുഹമ്മദിന് മുന്പായിരിക്കുമോ..? അതോ അദ്ദേഹത്തിന്റെ കാലത്തിനു ശേഷമോ..? അല്ല രണ്ടു കാലങ്ങളിലും ആയിട്ടാണോ..?
9) അംഗീകരിക്കുന്നുണ്ട് എന്നതാണ് ഉത്തരമായി നല്‍കിയത്.
10) അംഗീകരിക്കുന്നില്ല, പാപം ആണ് എന്ന് പറഞ്ഞിരിക്കുന്നു.
11) ആദിമ തൗറാത്തിനെ അംഗീകരിക്കുന്നു, അതോടൊപ്പം നിലവില്‍ ഉള്ളതിനെ അംഗീകരിക്കുന്നില്ല.
ഈ ഉത്തരം 8->മത്തെ ഉത്തരത്തെ അനുസരിച്ചായിരിക്കും ചര്‍ച്ച ചെയ്യേണ്ടി വരുന്നത് എന്നത് ഓര്‍മയുണ്ടാകുമെന്നു കരുതുന്നു.

താങ്കളുടെ ഉത്തരങ്ങള്‍ ഞാന്‍ എടുത്തെഴുതി, അതോടൊപ്പം ആ ഉത്തരങ്ങള്‍ വഴി ഉണ്ടായ പുതിയ സംശയങ്ങളും എഴുതിയിട്ടുണ്ട്, ശ്രദ്ധിക്കുമെന്ന് കരുതുന്നു.
Apr 19, 2012 11:18 AM IST

Mohammed ali K.C, Kakkadampuram പറയുന്നു:

1) തീര്‍ച്ചയായും.

2) ഖുര്‍ആനിനു മറ്റാരെങ്കിലും എഴുതിയ ഗ്രന്ഥങ്ങളെ ആശ്രയിക്കേണ്ട ആവശ്യമില്ല. പ്രവാചക വചനങ്ങള്‍ ഒഴിച്ച്. ഖുര്‍ആന്‍ തിയറിയാണ്. പ്രവാചകചര്യ അതിന്റെ പ്രാക്ടിക്കലും. ഉദാഹരണത്തിന് ഖുര്‍ആന്‍ നമസ്ക്കരിക്കാന്‍ കല്‍പ്പിച്ചു. എന്നാല്‍ അതിന്റെ രൂപം എങ്ങനെയെന്നു പ്രവാചകന്‍ കാണിച്ചു തന്നു. പ്രവാചകന്‍ (സ) നിങ്ങള്‍ക്ക് മാതൃകയാണ് എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. പ്രവാചകനെ അയച്ചത് തന്നെ അതിനു വേണ്ടിയാണ്. അല്ലായിരുന്നെങ്കില്‍ ഖുര്‍ആന്‍ മാത്രം ഇറക്കിയാല്‍ മതിയായിരുന്നു.

3) ok

4) അതെ.

5) അതെ.

6) അതെ. ഇനി ഉണ്ടാവുകയുമില്ല.

7) അതെ.

8) മുഹമ്മദ്‌ നബി വരുന്നതിനു മുമ്പേ അത് വികലമാക്കിയിരുന്നു. അത് തന്നെയാണ് ഖുര്‍ആന്‍ അവതരണത്തിന്റെയും പ്രവാചക നിയോഗത്തിന്റെയും പ്രസക്തി. വികലമായിരുന്നില്ലെങ്കില്‍ ആ ഗ്രന്ഥം തന്നെ പിന്തുടര്‍ന്നാല്‍ മതിയായിരുന്നല്ലോ.

9) അതെ. ഒരു സംശയവും വേണ്ട.

10) തീര്‍ച്ചയായും.

11) തീര്‍ച്ചയായും.
Apr 19, 2012 05:53 PM IST

abdulla പറയുന്നു:

ഒന്നാമത്തെ ഉത്തരം base ആയി എടുത്തു നമുക്ക് ചര്‍ച്ച തുടങ്ങാം.
ആദ്യം രണ്ടാമത്തെ പൊയന്റിനെ എടുത്തു അതിനെ കുറിച്ച് സംവദിക്കാം, അത് പൂര്‍ണമായിട്ടു മതി അടുത്ത പൊയന്റുകളില്‍ കടക്കുന്നത്‌.

" ഖുര്‍ആന്‍ ഒരു സ്വതന്ത്ര ഗ്രന്ഥമാണോ..? അതായത് ഖുര്‍ആനിലെ ചില കാര്യങ്ങളും
സൂക്തങ്ങളും വ്യക്തമായി മനസ്സിലാക്കാനും അപഗ്രഥിക്കാനും മറ്റേതെങ്കിലും ഗ്രന്ഥത്തിന്റെ
ആവശ്യമുണ്ടോ...?" ഇതായിരുന്നു എന്റെ ചോദ്യം. താങ്കള്‍ ഇതിനു മറുപടിയായി പറഞ്ഞത് അത് ഒരു സ്വതന്ത്ര ഗ്രന്ഥമാണ് എന്നും, അതിനു മറ്റൊരു ഗ്രന്ഥത്തിന്റെയും പിന്‍ബലം ആവശ്യം ഇല്ല എന്നുമാണ്.
കൂടാതെ അതിലെ വ്യക്തമാകാത്ത കാര്യങ്ങളെ പ്രവാചകന്‍ വ്യക്തം ആക്കിയിട്ടുണ്ട് എന്നും ചെയ്യേണ്ടവയെ പ്രവര്‍ത്തിച്ചു കാണിച്ചിട്ടുണ്ട് എന്നും പറഞ്ഞു. ഇപ്പോള്‍ എന്നില്‍ ഉള്ള സംശയം ഈ കാര്യങ്ങളൊക്കെ ഒരു ഗ്രന്ഥം വഴിയാണോ (ഖുര്‍ആന്‍ അല്ല ഉദ്ദേശിച്ചത്, സ്വന്തമായി പ്രവാചകന്‍ എഴുതിയത് ) പുതു തലമുറയിലേക്കു നീക്കി വച്ചിട്ടുള്ളത് ..?അല്ല ഏതെങ്കിലും രേഖകള്‍ വഴിയാണോ.? കാരണം ഇതില്‍ ഏതെങ്കിലും ഇല്ലാതെ
എങ്ങനെയാണ് നമുക്ക് ഈ കാര്യങ്ങളൊക്കെ പ്രവാചകന്‍ തന്നെയാണ് പറഞ്ഞിട്ടുള്ളത് എന്ന് ഉറപ്പാക്കുക.
അതായത് എന്റെ ചോദ്യം ഖുര്‍ആന്‍ അല്ലാതെ മറ്റേതെങ്കിലും ഗ്രന്ഥം (പ്രവാചകന്‍ എഴുതിയതോ, അല്ലെങ്കില്‍ അതിനു ശേഷം ഉണ്ടായതോ ആയ ) ഇസ്ലാം വിശ്വാസികള്‍ക്ക് പവിത്രമായി സ്വീകരിക്കുന്നുണ്ടോ...? (ഇത് പുതിയ സംശയം ആണ് അല്ലാതെ ആ രണ്ടാമത്തെ ചോദ്യമല്ല.)
എനിക്ക് ഖുര്‍ആന്‍ ദൈവിക ഗ്രന്ഥം ആയി കാണാന്‍ പറ്റുന്നില്ല, അതിനു കാരണമായി പല സംശയങ്ങള്‍ ഉണ്ട്.
ഖുര്‍ആന്‍ നന്നായി പഠിച്ചിട്ടുള്ള താങ്കള്‍ ഈ സംശയങ്ങള്‍ മുഴുവന്‍ തീര്‍ത്തു തന്നു അത് ദൈവിക ഗ്രന്ഥം ആണെന്ന് ബോധ്യപ്പെടുത്തണം അല്ലെങ്കില്‍ അത് ദൈവിക ഗ്രന്ഥം അല്ലെന്നു അംഗീകരിക്കണം.
അത് കൊണ്ടാണ് ഞാനിങ്ങനെ ചോദ്യങ്ങള്‍ മാത്രം ചോദിക്കുന്നത് എന്ന് മനസ്സിലാക്കും എന്ന് കരുതുന്നു.
Apr 20, 2012 08:50 AM IST

Mohammed ali K.C, Kakkadampuram പറയുന്നു:

1. ഇസ്ലാമില്‍ അടിസ്ഥാന ഗ്രന്ഥം ഖുര്‍ആന്‍ ആണെന്ന് പറഞ്ഞുവല്ലോ. ഇതിന്റെ പ്രായോഗിക രൂപമാണ് പ്രവാചകചര്യ (സുന്നത്ത് എന്നും പറയും). പ്രവാചകന്‍ (സ) ദൈവിക നിര്‍ദേശ പ്രകാരം വാക്കാലും, പ്രവര്‍ത്തിയാലും മൌനാനുവാദത്താലും പഠിപ്പിച്ച കാര്യങ്ങള്‍ അനുയായികള്‍ സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. വരും തലമുറയ്ക്ക് വേണ്ടി അവര്‍ എഴുതിവെക്കുകയും ചെയ്തു. അതാണ്‌ പിന്നീട് ഹദീസുകള്‍ എന്ന പേരില്‍ അറിയപ്പെട്ടത്. ഈ ഹദീസുകള്‍ ഇസ്ലാമിന്റെ രണ്ടാം പ്രമാണമാണ്‌. അതിനാല്‍ പവിത്രവുമാണ്.

2. ഖുര്‍ആന്‍ ദൈവികഗ്രന്ഥം ആയി കാണാന്‍ കഴിയാത്തതിന് താങ്കള്‍ക്കുള്ള ന്യായങ്ങള്‍ തുറന്നു പറയാമല്ലോ.
പിന്നെ ഖുര്‍ആന്‍ നന്നായി പഠിച്ച ആളൊന്നുമല്ല ഞാന്‍ . ഇനിയുമേറെ പഠിക്കാനുണ്ട്. അറിയുന്ന കാര്യങ്ങള്‍ താങ്കള്‍ക്ക് മുമ്പില്‍ പങ്കുവെക്കുന്നു. അത്ര മാത്രം.
Apr 20, 2012 03:14 PM IST

abdulla പറയുന്നു:

2 ) ഇപ്പോള്‍ കാര്യം മനസ്സിലായി. എന്തെന്നാല്‍ ഖുര്‍ആന്‍ ഹദീസുകളുടെ സഹായത്തോടു കൂടി സ്വതന്ത്രമായി നിലനില്‍ക്കുന്ന ഒരു ഗ്രന്ഥമാണ് എന്നാണു താങ്കള്‍ പറയുന്നത്.
എല്ലാ മനുഷ്യര്‍ക്കും വേണ്ടി വളരെ ലളിതമായി കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട് എന്ന് പറയുമ്പോള്‍ തന്നെ, അതിലെ കാര്യങ്ങള്‍ വിശദമാക്കാനും വിശദീകരിക്കാനും (ചര്യകളുടെ കാര്യം പോട്ടെ) മറ്റു രേഖകളും ഹദീസുകളും വേണം എന്ന് പറഞ്ഞതിലൂടെ തന്നെ അതൊരു സ്വതന്ത്ര ഗ്രന്ഥം അല്ല എന്ന് മനസ്സിലായി.

ഏതായാലും ഇനി എന്റെ സംശയത്തിലേക്ക് വരാം.

"മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം ( ഓര്‍ക്കുക ).........................(5 :20 )"

ഇങ്ങനെയുള്ള വാക്കുകള്‍ ( 'സന്ദര്‍ഭം ( ഓര്‍ക്കുക ) ' ) ഒരു പാട് സ്ഥലങ്ങളില്‍ ആവര്‍ത്തിക്കുന്നു.
പക്ഷെ ഇതിന്റെയൊന്നും സമ്പൂര്‍ണമായ വിശദീകരണങ്ങള്‍ ഖുര്‍ആനില്‍ ഇല്ല. ചില ചില ഭാഗങ്ങള്‍ എടുത്തു പറയുന്നു എന്നല്ലാതെ. ഒന്നിനും ഒരു തുടര്‍ച്ചയും കാണുന്നില്ല.
മൂസ തന്റെ ജനതയോടു് പറഞ്ഞ ‘സന്ദര്‍ഭം’ അതിന്റെ പൂര്‍ണതയില്‍ വ്യക്തമാക്കാത്തിടത്തോളം ഈ പ്രയോഗത്തിനു് ഒരര്‍ത്ഥവുമില്ല. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന ഒരുവന്‍ അതിനായി ആ സന്ദര്‍ഭം ഏതെന്നു് തേടണമെങ്കില്‍ അവന്‍ ഏതിനെ ആശ്രയിക്കും...? ഒരു വിഷയത്തേപ്പറ്റി
സിസ്റ്റമാറ്റിക്‌ ആയി പഠിക്കാന്‍ ഇത്തരം നുറുങ്ങുകള്‍ കൊണ്ടു് യാതൊരു പ്രയോജനവുമില്ല. താങ്കള്‍ ഇതൊന്നു വ്യക്തമാക്കണം.
Apr 20, 2012 04:03 PM IST

Mohammed ali K.C, Kakkadampuram പറയുന്നു:

2 ) ഖുര്‍ആന്‍ സ്വതന്ത്ര ഗ്രന്ഥമാണെന്ന് പറയാന്‍ കാരണമുണ്ട്. ഖുര്‍ആനു വിരുദ്ധമായി വല്ല ആശയവും വന്നാല്‍ ഖുര്‍ആന്‍ സ്വീകരിക്കുകയും മറ്റേത് തള്ളിക്കളയുകയും വേണം. ഖുര്‍ആന്‍ പൂര്‍ണമായി മനസ്സിലാകാനും പ്രയോഗവല്‍ക്കരിക്കാനുമാണ് പ്രവാചകനെ അല്ലാഹു നിയോഗിച്ചത് എന്ന് മുമ്പ് പറഞ്ഞല്ലോ. അങ്ങനെ ചെയ്യുന്നത് ഒരു ന്യൂനത ആണെന്നാണോ സഹോദരന്‍ പറഞ്ഞു വരുന്നത്?

" മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം ( ഓര്‍ക്കുക)" എന്ന ഖുര്‍ആന്‍ വചനം എടുത്ത് താങ്കള്‍ ഉന്നയിച്ച സംശയം നല്ല നിലവാരം പുലര്‍ത്തുന്നതാണ്. ഇവിടെ നാം ആദ്യമേ അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയുണ്ട്. ഖുര്‍ആന്‍ ഒരു പാഠപുസ്തകമോ, ചരിത്ര ഗ്രന്ഥമോ, സാഹിത്യ ഗ്രന്ഥമോ, ശാസ്ത്ര ഗ്രന്ഥമോ അല്ല. വിഷയങ്ങളെ ഇനം തിരിച്ചു അധ്യായങ്ങളാക്കി പഠിപ്പിക്കുന്ന രീതിയല്ല അതിനുള്ളത്. മനുഷ്യനെ ധാര്‍മികതയിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ ലളിതമായി പറയുകയാണ്‌ ഖുര്‍ആന്‍ ചെയ്യുന്നത്. അപ്രസക്തമായ കാര്യങ്ങള്‍ അതൊഴിവാക്കും. ഉദാഹരണത്തിന് താങ്കള്‍ പറഞ്ഞ സൂക്തം തന്നെ എടുക്കാം. മൂസ നബി ജനതയോട് എന്ത് പറഞ്ഞു, അതിനു ജനതയുടെ പ്രതികരണം എന്തായിരുന്നു, അതിനെ കുറിച്ച് അല്ലാഹു എന്ത് പറഞ്ഞു ഇതൊക്കെയാണ് അതിലെ വിഷയം. എന്നാല്‍ മൂസയും ജനതയും ജീവിച്ച സ്ഥലത്തിന്റെ നീളം, വീതി, അവര്‍ ധരിച്ച വസ്ത്രത്തിന്റെ സവിശേഷതകള്‍, ഫലസ്തീനില്‍ നിന്നും എത്ര അകലെയാണ് അവര്‍ തുടങ്ങിയ കാര്യങ്ങളൊന്നും അവിടെ ചര്‍ച്ചക്കെടുക്കുന്നില്ല. അതിന്റെ കാര്യവും ഇല്ല. അതറിഞ്ഞില്ല എങ്കിലും ഖുര്‍ആന്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാകാന്‍ ഒരു പ്രയാസവും ഇല്ല. എല്ലാ തരത്തിലുള്ള ആളുകള്‍ക്കും ‍ചുരുങ്ങിയ വായന കൊണ്ട് തന്നെ ഒട്ടേറെ ധാര്‍മിക കാര്യങ്ങള്‍ ലഭിക്കും വിധത്തില്‍ ആണ് ഖുര്‍ആനുള്ളത്.
ഖുര്‍ആന്‍ ഒറ്റയടിക്ക് ഒരു ഗ്രന്ഥമായി ഇറങ്ങിയതല്ല എന്ന കാര്യവും ഓര്‍ക്കുക. നീണ്ട 23 വര്‍ഷം സന്ദര്‍ഭാനുസരണം ഇറങ്ങിയതാണ് ഈ വെളിപാടുകള്‍. അതിന്റെ സമാഹാരമാണ് ഖുര്‍ആന്‍ .
Apr 22, 2012 10:34 AM IST

abdulla പറയുന്നു:

2) " ഖുര്‍ആന്‍ ഒരു പാഠപുസ്തകമോ, ചരിത്ര ഗ്രന്ഥമോ, സാഹിത്യ ഗ്രന്ഥമോ, ശാസ്ത്ര ഗ്രന്ഥമോ അല്ല. വിഷയങ്ങളെ ഇനം തിരിച്ചു അധ്യായങ്ങളാക്കി പഠിപ്പിക്കുന്ന രീതിയല്ല അതിനുള്ളത്. മനുഷ്യനെ ധാര്‍മികതയിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ ലളിതമായി പറയുകയാണ്‌ ഖുര്‍ആന്‍ ചെയ്യുന്നത്. അപ്രസക്തമായ കാര്യങ്ങള്‍ അതൊഴിവാക്കും "
എന്ന മറുപടി ഒരര്‍ത്ഥത്തില്‍ ശരിയാണെങ്കിലും അത് എന്റെ ചോദ്യത്തിനുള്ള പൂര്‍ണ സമാധാനം ആകുന്നില്ല. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് മതിയാകും. പക്ഷെ കാര്യങ്ങളെ കുറിച്ച് വ്യക്തത വരുത്താനും അതിനെ ശരിക്കും പഠിക്കാനും ശ്രമിക്കുന്ന ഒരു അന്വേഷകനെ സംബന്ധിച്ചിടത്തോളം ഈ ഉത്തരം പര്യാപ്തമല്ല. ഖുര്‍ ആന്‍ ഒരു ഹിന്ദു പുരാണത്തെപ്പോലെയോ, അല്ലെങ്കില്‍ പഞ്ചതന്ത്രം കഥകള്‍ പോലെയോ ഉള്ള ഒന്നയിരുന്നെങ്കില്‍ താങ്കളുടെ ഉത്തരം ഒരു അന്വേഷകനെ സംബന്ധിച്ചിടത്തോളവും പര്യാപ്തം ആകുമായിരുന്നു. പക്ഷെ ഖുര്‍ ആനില്‍ ഉള്ള ഓരോ
വാക്കും സത്യമാണെന്നും അതില്‍ സൂചിപ്പിക്കുന്ന ഓരോ വ്യക്തികളും ചരിത്രപരമാനെന്നും അതൊരു ദൈവിക ഗ്രന്ഥം ആണെന്നും ഇസ്ലാം മതവിശ്വാസികള്‍ പറയുന്നിടത്തോളം കാലം അതിലുള്ള വ്യക്തമാകാത്ത ഭാഗങ്ങള്‍ അന്വേഷിച്ചു പഠിച്ചു വ്യക്തമായി മനസ്സിലാക്കാതെ താങ്കളുടെ അഭിപ്രായത്തോട് യോജിക്കാന്‍ ആകില്ല. പല സൂചനകളുടെയും സമ്പൂര്‍ണമായ വിശദീകരണങ്ങള്‍ ഖുര്‍ ആനില്‍ ഇല്ല എന്ന് താങ്കള്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക് ആ ഗ്രന്ഥം സ്വതന്ത്രം ആണ് എന്ന് എനിക്ക് അംഗീകരിക്കാനാവില്ല. ഇനി അത് വിശാസിക്ക് വേണ്ടി മാത്രം ഉള്ളതാണ് എന്നും അന്വേഷണം വേണമെന്നുള്ളവര്‍ അതിലേക്കു നോക്കേണ്ട കാര്യം ഇല്ല
എന്നുമാണെങ്കില്‍ എനിക്കൊന്നും പറയാന്‍ ഇല്ല. അങ്ങനെയാണെങ്കില്‍ അടുത്ത പോയിന്റിലേക്ക് കടക്കാം.
Apr 25, 2012 02:01 PM IST

Mohammed ali K.C, Kakkadampuram പറയുന്നു:

2) ഏതാണ് യഥാര്‍ത്ഥ സന്മാര്‍ഗം, ഒരു മനുഷ്യന്‍ അവന്റെ സകല ജീവിതമേഖലകളിലും എങ്ങനെ നിലകൊള്ളണം, നന്മയേത്, തിന്മയേത്, തുടങ്ങിയ കാര്യങ്ങളെ കുറിച്ച് സമ്പൂര്‍ണമായി പഠിക്കാന്‍ ഖുര്‍ആന്‍ മതി. മറ്റൊന്നും വേണ്ട. അതാണ്‌ ഖുര്‍ആന്‍ സ്വതന്ത്രമാണ് എന്ന് പറയാന്‍ കാരണം. എന്നാല്‍ ശാസ്ത്രം, ചരിത്രം, ഗണിതം, ഭാഷ തുടങ്ങിയവ പഠിക്കാന്‍ മറ്റു സ്രോതസ്സുകളെ അവലംബിക്കണം. അതിനുള്ള കഴിവ് മനുഷ്യന് അള്ളാഹു നല്‍കിയെന്ന് ഖുര്‍ആന്‍ തന്നെ നമ്മോടു പറയുന്നു. ഓരോ കാലഘട്ടത്തിലും മനുഷ്യന്‍ ഗവേഷണം ചെയ്തു കണ്ടെത്തേണ്ട കാര്യങ്ങള്‍ സകലതും ഖുര്‍ആന്‍ തന്നെ പറയണം എന്ന് വാദിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. ഖുര്‍ആന്റെ ലക്‌ഷ്യം അതല്ല. എന്നാല്‍ ധാര്‍മികമായ കാര്യങ്ങള്‍ മനുഷ്യന്‍ ഗവഷണം ചെയ്യേണ്ടതല്ല. അള്ളാഹു തന്നെ പറയേണ്ടതാണ്. അതാണ്‌ ഖുര്‍ആന്‍ ചെയ്യുന്നതും.
ഖുര്‍ആനില്‍ പറയുന്ന വ്യക്തികള്‍ സാങ്കല്പ്പികമല്ല, യഥാര്‍ത്ഥം തന്നെയാണ്. അവരില്‍ ചിലരെ കുറിച്ച് ചില സൂചനകള്‍ മാത്രമേയുള്ളൂ എന്നത് കൊണ്ട് അത് ദൈവികമല്ല; പൂര്‍ണമായി പറഞ്ഞാലേ ദൈവികമാവൂ എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്? എങ്കില്‍ അതിന്റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല.
ഖുര്‍ആന്‍ പറയുന്ന വ്യക്തികളെ കുറിച്ച് ഗവേഷണം നടത്താനും മുന്നേറാനും മനുഷ്യന് അവസരമുണ്ട്.

ധാര്‍മികമായ മേഖലകളില്‍ ഉള്ള അന്വേഷണം താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഖുര്‍ആന്‍ വഴികാണിക്കും തീര്‍ച്ച. മനുഷ്യബുദ്ധി ഉപയോഗിച്ച് ഗവേഷണത്തിലൂടെ കണ്ടെത്തേണ്ട കാര്യങ്ങളുടെ ചില സൂചനകള്‍ മാത്രം ഖുര്‍ആന്‍ നല്‍കും. ബാക്കി മനുഷ്യന്‍ കണ്ടെത്തട്ടെ.
ലളിതമായ ഒരു ഉദാഹരണം പറയട്ടെ: ഒരാള്‍ വീട് നിര്‍മിക്കാന്‍ ഉദ്ദേശിച്ചാല്‍ അതിന്റെ ധാര്‍മികവശം ഖുര്‍ആന്‍ പറയും. എന്നാല്‍ വീടിന്റെ പ്ലാന്‍, വീടിനു ഉപയോഗിക്കേണ്ടത് ഏതുതരം കല്ല്‌, ഏതു കളറിലുള്ള പെയിന്റ്, എത്ര ബെഡ്റൂം വേണം തുടങ്ങിയതൊക്കെ ഖുര്‍ആന്റെ ചര്‍ച്ച അല്ല. അത്തരം ചര്‍ച്ചകള്‍ മനുഷ്യബുദ്ധിക്കു സാധ്യമാണല്ലോ.
Apr 25, 2012 07:04 PM IST

abdulla പറയുന്നു:

2) " ഖുര്‍ആന്‍ ഒരു സ്വതന്ത്ര ഗ്രന്ഥമാണോ..? അതായത് ഖുര്‍ആനിലെ ചില കാര്യങ്ങളും
സൂക്തങ്ങളും വ്യക്തമായി മനസ്സിലാക്കാനും അപഗ്രഥിക്കാനും മറ്റേതെങ്കിലും ഗ്രന്ഥത്തിന്റെ
ആവശ്യമുണ്ടോ...?" ഇതായിരുന്നു എന്റെ ചോദ്യം.

താങ്കളുടെ ഉത്തരം ഞാന്‍ താഴെ എടുത്തെഴുതാം.

" ഖുര്‍ആന്‍ പറയുന്ന കാര്യങ്ങള്‍ വിശദീകരിക്കാനും മാതൃക കാണിക്കാനും ആണ് പ്രവാചകന്‍  നിയുക്തനായത്. പ്രവാചകചര്യ കൂടി ഉള്‍ക്കൊള്ളണമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. "

" മനുഷ്യനെ ധാര്‍മികതയിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ ലളിതമായി പറയുകയാണ്‌ ഖുര്‍ആന്‍ ചെയ്യുന്നത്. "

" ഖുര്‍ആനില്‍ പറയുന്ന വ്യക്തികള്‍ സാങ്കല്പ്പികമല്ല, യഥാര്‍ത്ഥം തന്നെയാണ്. അവരില്‍ ചിലരെ കുറിച്ച് ചില സൂചനകള്‍ മാത്രമേയുള്ളൂ "

അത് കൊണ്ട് എനിക്ക് മനസ്സിലാക്കാന്‍ പറ്റുന്നത് ധാര്‍മികമായ കാര്യങ്ങളില്‍ അത്
സ്വതന്ത്രവും മറ്റു ചില കാര്യങ്ങളില്‍ അതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കാന്‍
മറ്റു ഗ്രന്ഥങ്ങളെ ആശ്രയിക്കണം എന്നതാണ്. എന്റെ ചോദ്യം ഇങ്ങനെ ആയിരുന്നു.
" അതായത് ഖുര്‍ ആനിലെ ചില കാര്യങ്ങളും സൂക്തങ്ങളും വ്യക്തമായി മനസ്സിലാക്കാനും
അപഗ്രഥിക്കാനും മറ്റേതെങ്കിലും ഗ്രന്ഥത്തിന്റെ ആവശ്യമുണ്ടോ...? "
അത് കൊണ്ട് തന്നെ ഖുര്‍ ആണ്‍ സമ്പൂര്‍ണമായി (ആപേക്ഷികമായി അല്ല) ഒരു സ്വത്തന്ത്രഗ്രന്ഥം അല്ല എന്നതാണ്. താങ്കള്‍ ഇതിനോട് യോജിക്കും എന്ന് കരുതുന്നു. എങ്കില്‍ അടുത്ത ചോദ്യത്തിന്റെ ചര്‍ച്ചയിലേക്ക് കടക്കാം.
Apr 29, 2012 11:49 AM IST

Mohammed ali K.C, Kakkadampuram പറയുന്നു:

2) ഖുര്‍ആന്‍ ഏതൊരു ലക്ഷ്യത്തിനാണോ അവതീര്‍ണമായത് അക്കാര്യത്തില്‍ സമ്പൂര്‍ണവും സ്വതന്ത്രവുമാണ്. അതല്ലാത്ത കാര്യങ്ങള്‍ ചില സൂചനകള്‍ നല്‍കും. ചരിത്രവും ശാസ്ത്രവുമൊക്കെ അങ്ങനെ അതില്‍ കടന്നു വരും. എന്നാല്‍ അതെല്ലാം സമ്പൂര്‍ണമായി പറഞ്ഞിട്ടുണ്ട് എന്ന് ആരും പറയാറില്ല. ഖുര്‍ആന്‍ അങ്ങനെ അവകാശപ്പെടുന്നുമില്ല. അങ്ങനെ എല്ലാം പറഞ്ഞിരുന്നെങ്കില്‍ ഇന്ന് ഗവേഷണ മേഖലയില്‍ മനുഷ്യന് പ്രത്യേകിച്ചൊരു റോളും ഉണ്ടാകുമായിരുന്നില്ല. ഇതാണ് ഇക്കാര്യത്തില്‍ എനിക്ക് പറയാനുള്ളത്.

അടുത്ത ചോദ്യത്തിലേക്ക് കടക്കുന്നതില്‍ വിരോധമില്ല.
Apr 29, 2012 02:28 PM IST

1 comment:

  1. ഈ ചര്‍ച്ചക്ക്‌ ശേഷം അദ്ദേഹത്തിന്‍റെ മറുപടി കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ സംവാദം ഇവിടെ അവസാനിക്കുന്നു.

    ReplyDelete

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...