Sunday, April 22, 2012

പ്രാര്‍ത്ഥന: ഇസ്ലാമിലും പുരോഹിത മതങ്ങളിലും

നുഷ്യ സമൂഹത്തെ ദൈവം തമ്പുരാന്‍ സൃഷ്ടിച്ചിരിക്കുന്നത്  അവനെ ആരാധിക്കാനും അവന്റെ നിയമ നിര്‍ദേശങ്ങള്‍ പാലിച് ജീവിക്കാനുമാണെന്നാണ്  ഇസ്ലാം പഠിപ്പിക്കുന്നത്. സാങ്കേതിക ഭാഷയില്‍ ഇബാദത്ത് എന്ന് വിശേഷിപ്പിക്കുന്നത് ഇതിനെയാണ്. 
"മനുഷ്യനെയും ജിന്നിനെയും നാം എനിക്ക് ഇബാദത്ത് ചെയ്യുവാനല്ലാതെ സൃഷ്ടിച്ചിട്ടില്ല. " (ഖുര്‍ആന്‍).

ഇബാദത്തിന്റെ സുപ്രധാനമായ ഇനങ്ങളില്‍ ഒന്നാണ് പ്രാര്‍ത്ഥന (ദുആ). ഏതൊരു മതത്തിലും പ്രാര്‍ഥനക്ക്   അതീവ   പ്രാധാന്യം  ഉള്ളതായി കാണാം. 
എന്നാല്‍ ഡിക്ഷനറികളില്‍ കാണുന്ന അര്‍ഥം നോക്കി പറയാവുന്ന പരിമിതസ്വഭാവമുള്ള ഒരു വാക്കായിട്ടല്ല ഇസ്ലാം പ്രാര്‍ഥനയെ കാണുന്നത്. ഓരോ ഭാഷയിലും കാലത്തിനും ദേശത്തിനും അനുസരിച്  പടങ്ങള്‍ക്ക് അര്‍ത്ഥശോഷണമോ പോഷണമോ സംഭവിക്കാറുണ്ട്. അപ്പോള്‍ പ്രാര്‍ത്ഥന എന്തെന്നും യഥാര്‍ത്ഥ പ്രാര്‍ഥനയുടെ സവിശേഷതകള്‍ എന്തൊക്കെയെന്നും മനുഷ്യന്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ആത്മീയ രംഗത്ത് നടമാടി കൊണ്ടിരിക്കുന്ന  ചൂഷണങ്ങളും വൈകൃതങ്ങളും അന്ധവിശ്വാസങ്ങളും മനുഷ്യനെ വഴി തെറ്റിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. കപട ആത്മീയതയുടെ പേരില്‍ യഥാര്‍ത്ഥ ആത്മീയതയെ കൂടി ആക്രമിക്കുന്ന നിര്‍മത, നിരീശ്വര, യുക്തിവാദ പ്രസ്ഥാനങ്ങള്‍ ഇവിടെയുണ്ട് എന്നത് കൊണ്ടും വ്യക്തമായ, ശക്തമായ ഒരു മാനദണ്ഡം പ്രാര്‍ഥനയുടെ കാര്യത്തില്‍ അനിവാര്യമാണ്. 

ഇസ്ലാമിലെ മൂല പ്രമാണങ്ങളായ ഖുര്‍ആനും പ്രവാചക ചര്യയും പ്രാര്‍ഥനയുടെ സവിശേഷതകള്‍ സംശയലേശമന്യേ വിശദീകരിച്ചിട്ടുണ്ട്. അവ മനസ്സിലാക്കുന്ന ഒരാള്‍ക്ക് പുരോഹിത മതവും ദൈവിക മതവും എങ്ങനെയാണ് വേര്‍പ്പെടുന്നതെന്ന് ബോധ്യപ്പെടും. 

1 . ഇസ്ലാമിലെ പ്രാര്‍ത്ഥന ദൈവം പഠിപ്പിച്ചത്: 

ഖുര്‍ആനിലും സുന്നത്തിലും പരതിയാല്‍ വ്യക്തമാവുന്ന ഒരു കാര്യമുണ്ട് . അവയെല്ലാം ദൈവികമാണ്. പ്രവാചകന്‍ (സ) മുഖേന അല്ലാഹു മനുഷ്യര്‍ക്ക്‌ വേണ്ടി അവതരിപ്പിച്ചത്. അത് കൊണ്ട് തന്നെ അവയിലെ പ്രാര്‍ഥനകളും പ്രാര്‍ഥനാ രീതികളുമൊക്കെ ത്രികാലജ്ഞനായ അല്ലാഹുവാണ് പ്രവാചകനിലൂടെ പഠിപ്പിച്ചതെന്നു പറയാം. എന്നാല്‍ പുരോഹിത മതത്തില്‍ കാണപ്പെടുന്ന പ്രാര്‍ഥനകളും രീതികളും മനുഷ്യ നിര്‍മിതമോ, യഥാര്‍ത്ഥ രീതികളില്‍ മായം  കലര്‍ത്തിയതോ ആയിരിക്കും. ഓരോ കാലഘട്ടങ്ങളിലും പ്രദേശങ്ങളിലും വ്യത്യസ്തരായ ആളുകള്‍ അവനു തോന്നിയ രീതിയിലുള്ള പ്രാര്‍ഥനാ മന്ത്രങ്ങളും ശൈലികളും ആവിഷ്ക്കരിക്കുകയാണ് പുരോഹിതമാതത്തില്‍ സംഭവിക്കാറുള്ളത്. 


2 . പ്രാര്‍ത്ഥന ഏകദൈവത്തോട് മാത്രം: 

ഇസ്ലാമിന്റെ ഏറ്റവും വലിയ സവിശേഷതകളില്‍ ഒന്നാണ് ഒരേയൊരു ദൈവത്തോട് മാത്രമേ പ്രാര്‍ഥിക്കാവൂ  എന്നത്.  മറ്റു സൃഷ്ടികളോട് പ്രാര്‍ഥിക്കരുതെന്നു മാത്രമല്ല, ദൈവത്തിനും പ്രാര്‍ഥിക്കുന്നവനും  ഇടയില്‍ മധ്യവര്‍ത്തിയെ വെക്കുകയും ചെയ്യരുതെന്ന ശക്തമായ താക്കീത്, യഥാര്‍ഥത്തില്‍ ആത്മീയ രംഗത്തെ സകല ചൂഷണങ്ങളെയും തകര്‍ത്ത് തരിപ്പണമാക്കുന്ന   ഒന്നാണ്. ശൈഖ്, ഔലിയ, ബീവി, സ്വാമി, ബാബ, അമ്മ തുടങ്ങി ജീവിച്ചിരിപ്പുള്ളതോ അല്ലാത്തതോ ആയ മനുഷ്യര്‍ മുതല്‍ നിര്‍ജീവ വസ്തുക്കള്‍ വരെയുള്ള സര്‍വ്വതും ഇന്ന് ആരാധിക്കപ്പെടാന്‍ കാരണം ഇസ്ലാമിന്റെ ശക്തമായ താക്കീത് അവഗണിച്ചതാണ്. 
ഇസ്ലാമിന്റെ  പുരോഗമനപരവും ചൂഷണമുകതവുമായ  ഈ നിലപാട് തന്നെ മതി അത്   യതാര്‍ത്ഥ ദൈവിക  മതമാണെന്ന്   ബോധ്യപ്പെടാന്‍. 


3 . ഏകദൈവത്തോട് പ്രാര്‍ഥിക്കാന്‍ പണം വേണ്ട:

പുരോഹിതന്മാരും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാഫിയകളും ലക്ഷ്യമിടുന്ന പ്രധാന സംഗതി സമ്പത്താണ്‌. ഇന്ന് കാണുന്ന ആള്‍ ദൈവങ്ങളെയും ശൈഖുമാരെയും ബീവിമാരെയും സന്യാസിമാരെയും നോക്കുക. ആത്മീയ ദാഹം സൗജന്യമായി തീര്‍ത്ത്‌ കൊടുക്കുന്ന, സൗജന്യമായി ആഗ്രഹാഭിലാഷങ്ങള്‍ 'സഫലീകരിച്ചു' കൊടുക്കുന്ന പ്രസ്ഥാനങ്ങളും വ്യക്തികളും എത്രയുണ്ട്? ലിസ്റ്റ് ശൂന്യം! 
ഇസ്ലാമില്‍ ഏതു പ്രാര്‍ഥനയാണ് പണമടച്ചു ചെയ്യുന്നത്? ഒന്നുമില്ല. സക്കാത്തും ദാനങ്ങളും പുണ്യകര്‍മങ്ങള്‍ ആണെങ്കിലും അവ ദൈവത്തിനോ പുരോഹിതന്മാര്‍ക്കോ അല്ല നല്‍കുന്നത്; പാവപ്പെട്ടവര്‍ക്കാന്.

4 . ഇസ്ലാമിലെ പ്രാര്‍ഥനകള്‍ നേര്‍മാര്‍ഗത്തിലുള്ള   ജീവിതത്തിന്:

പുരോഹിത മതത്തിലുള്ളവരെ സമീപിക്കുന്നവര്‍ കാര്യമായും പ്രാര്തിക്കുന്നത് ഭൌതിക നേട്ടങ്ങള്‍ക്ക്‌ വേണ്ടിയാണ്. ബിസിനസ്സിലെ അഭിവൃദ്ധിക്ക്, ജോലി കിട്ടാന്‍, യാത്രകള്‍ ശരിയാവാന്‍, എന്തിനേറെ തന്റെ ജോലി നിഷിദ്ധ മാര്‍ഗത്തില്‍ ഉള്ളതാണെങ്കില്‍ പോലും അത് വിജയിച്ചു കിട്ടുവാന്‍ നേര്‍ച്ചയാക്കുന്നവരും പ്രാര്‍ഥിക്കുന്നവരുമൊക്കെ  എമ്പാടുമുണ്ട്. അത് കൊണ്ടാണല്ലോ ചെക്ക് പോസ്റ്റുകളിലെ ഭണ്ടാര പെട്ടികള്‍ നിറഞ്ഞു കവിയുന്നത്. എന്നാല്‍ ഇസ്ലാമില്‍ പ്രാര്‍ത്ഥന ദൈവത്തോടാണെന്നു മാത്രമല്ല , പ്രാര്‍തനകളുടെ മുഖ്യ ലക്‌ഷ്യം നേര്‍മാര്‍ഗം പ്രാപിക്കാനും അതിലുറച്ചു നില്‍ക്കാനും പരലോക വിജയം ലഭ്യമാകാനും വേണ്ടിയാണ്. ഭൌതിക കാര്യങ്ങള്‍ക്കും പ്രാര്‍ഥിക്കാം. പക്ഷെ അനുവദനീയമായ മേഖലകളില്‍ ഉള്ളത്  മാത്രമേ ചോദിക്കാന്‍ പാടുള്ളൂ. മറ്റുള്ളവരോട് അനീതി ചെയ്യുവാനും അക്രമം കാണിക്കാനും, നിഷിദ്ധമായ ഉദ്യമം വിജയിക്കാനുമൊക്കെയുള്ള  പ്രാര്‍ഥനകള്‍ ഇസ്ലാമില്‍ പാപമാണെന്നതില്‍  സംശയമില്ല. 

5 . ദൈവം അടിമയല്ല; ഉടമയാണ്:

പ്രപഞ്ച നാഥന്റെ ഗുണഗണങ്ങള്‍ എടുത്തു പറഞ്ഞു കൊണ്ടാണ്  ഒരു വിശ്വാസി അവനോടു പ്രാര്‍ഥിക്കുന്നത്. അവന്‍ കാരുണ്യവാനാണ്‌, അന്ന ദാതാവാണ്‌, കഠിനമായി  ശിക്ഷിക്കുന്നവനാണ്‌, എല്ലാം അറിയുന്നവനും കേള്‍ക്കുന്നവനും ആണ്  എന്നിങ്ങനെയുള്ള ഒട്ടേറെ ഗുണങ്ങള്‍ എടുത്തു പറഞ്ഞു കൊണ്ട്  പ്രാര്‍ഥിക്കുമ്പോള്‍ താന്‍ അല്ലാഹുവിനു മുമ്പില്‍ എത്ര  മാത്രം നിസ്സാരനാണെന്ന് വിശ്വാസിക്ക് ബോധ്യപ്പെടുന്നു. 
ചില മതങ്ങളില്‍ കുല ദൈവ സങ്കല്‍പ്പമാണുള്ളത്. ഓരോ കുടുമ്പത്തിനും ഒരു ദൈവമുണ്ടാകും. അതിനോട് അവരവരുടെ ആവശ്യങ്ങള്‍ ചോദിക്കുന്നു. കുലദൈവം അത് സഫലീകരിച്ചു കൊടുക്കണം. ഇവിടെ ദൈവം മനുഷ്യന്റെ അടിമയും ഉപകരണവും ആയി മാറുന്നത് പോലെയാണ്  ആത്യന്തികമായി സംഭവിക്കുന്നത്. അലാവുദ്ധീന്റെ അല്ഭുതവിലക്കിലെ ഭൂതം പോലെ ആവശ്യമുള്ളപ്പോള്‍ എടുക്കുകയും ആവശ്യം കഴിഞ്ഞാല്‍   അടച്ചു പൂട്ടുകയും ചെയ്യാനുള്ള  ഒന്നായിട്ടാണ് ഇത്തരക്കാര്‍ ദൈവത്തെ കാണുന്നത്! 
ദൈവമാണെന്നറിഞ്ഞു   കൊണ്ട്  , അവന്റെ ഗുണ ഗണങ്ങള്‍ സ്മരിച്ചു കൊണ്ട്, അതെടുത്തു പറഞ്ഞു കൊണ്ട്  പ്രാര്‍ഥിക്കുന്നതിന്റെ  പ്രസക്തി നമുക്ക് ബോധ്യപ്പെടുന്ന ഒരു സന്ദര്‍ഭമാണിത്. ദൈവത്തെയും മതത്തെയും സ്വകാര്യ സ്വത്തായി കണക്കാക്കണം എന്ന വാദത്തിനും ഇസ്ലാമില്‍ പ്രസക്തിയില്ല. 

6 . സങ്കീര്‍ണതകളില്ല; പ്രത്യേക ചടങ്ങുകള്‍ ഇല്ല:

പുരോഹിത മതത്തില്‍ പ്രാര്‍ഥനകള്‍ വളരെ സങ്കീര്‍ണമായിരിക്കും.  വളരെ ദീര്‍ഘമേറിയതും മനസ്സിലാക്കാന്‍ പ്രയാസമുള്ളതോ, അര്‍ത്ഥശൂന്യമോ ആയതുമായ വാചകങ്ങളും അംഗവിക്ഷേപങ്ങളും നൃത്തങ്ങളും ആട്ടവും പാട്ടുമൊക്കെ ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും. പ്രാര്‍ഥനാ സ്ഥലത്ത്  പ്രത്യേക ഗന്ധം പരത്തിയും പുകച്ചും പൂ വിതറിയും നിലവിളക്ക്  കത്തിച്ചുമൊക്കെ ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിച്ചാണ്  പ്രാര്‍ഥനകള്‍ നടത്തുക. എന്നാല്‍ ഇസ്ലാമില്‍ അത്തരം ചടങ്ങുകള്‍ക്ക് ഒരു സ്ഥാനവും ഇല്ല. അവനു എവിടെ നിന്നും പ്രാര്തികാം. പണം വേണ്ട, ചടങ്ങുകള്‍ വേണ്ട. നിത്യേനയുള്ള  നമസ്ക്കാരം പോലുള്ള കര്‍മങ്ങള്‍ ആവട്ടെ ഏറെ ലളിതവുമാണ്. ആര്‍ക്കും ആരുടെയും സഹായം കൂടാതെ അവ  ചെയ്യാവുന്നതാണ്. പള്ളിയില്‍ വെച്ചും വീട്ടില്‍ വെച്ചുമൊക്കെ. 
കഴിവുള്ളവന്  ജീവിതത്തിലൊരിക്കല്‍ നിര്‍ബന്ധമാവുന്ന  ഹജ്ജ്  കര്‍മവും ലളിതമാണെന്നതാണ്  വാസ്തവം. സാമൂഹികമായും ചരിത്രപരമായും ഒട്ടേറെ അര്‍ത്ഥ തലങ്ങള്‍ ഉള്ള  കര്‍മമാണത്. അത് ചൂഷണാധിഷ്ടിതമോ  യുക്തിവിരുദ്ധമോ അല്ല. 

7 . പ്രാര്‍ത്ഥന മനുഷ്യനെ നന്ദിയുള്ളവനാക്കുന്നു: 

പ്രാര്‍ത്ഥനയിലൂടെ  നന്ദിയുള്ളവനായി തീരുന്നു മനുഷ്യന്‍. അവന്‍ പ്രാര്‍ഥനക്ക് ഉത്തരം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അല്ലാഹു അവനെ പരീക്ഷിചേക്കാം. പ്രത്യക്ഷത്തിലുള്ള ഉത്തരം നല്‍കാതെ. പ്രാര്‍ത്ഥനക്ക്   ഉത്തരം നല്‍കപ്പെടുന്നത്  മൂന്നു തരത്തിലാണെന്നു പ്രവാചകന്‍ (സ) പഠിപ്പിച്ചിട്ടുണ്ട്. ഒന്നാമത്തേത്, പ്രാര്‍ഥിച്ചതെന്തോ അതിനു പ്രത്യക്ഷഫലം നല്‍കുക. രണ്ടാമത്തേത് , അവനെ ബാധിക്കുമായിരുന്ന  ഒരു വിപത്തില്‍ നിന്ന് രക്ഷപ്പെടുത്തുക, മൂന്നാമത്തേത്, പരലോകത്ത്  ആ പ്രാര്‍ഥനയെ നന്മകളുടെ കൂട്ടത്തില്‍ എണ്ണുക.
ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്ന ഒരു വിശ്വാസി പ്രത്യക്ഷഫലം കിട്ടാത്തതിന്റെ പേരില്‍ ദൈവത്തെ പഴിക്കുകയില്ല. സദാ നന്ദിയുള്ളവനായികൊണ്ടാണവന്‍ നീങ്ങുക. പരലോകം ആണവന്റെ ആത്യന്തിക ലക്‌ഷ്യം. പ്രാര്‍ഥിചിട്ട്  എന്തേ ദൈവം ഉത്തരം നല്‍കാത്തതെന്ന്  മതവിരുധരും നാസ്തികരും ചോദിക്കാറുണ്ട്. മേല്‍ ഹദീസിന്റെ വെളിച്ചത്തില്‍ ആ ചോദ്യം ബാലിശമാണെന്ന്  വ്യക്തം. ആത്മാര്‍ഥത  ഇല്ലാത്ത  പ്രാര്‍ത്ഥനക്കാവട്ടെ  ഉത്തരം ലഭിക്കുകയെ ഇല്ല.
ഒരാളുടെ പ്രാര്‍ത്ഥനക്ക് എപ്പോള്‍, എവ്വിധം, ഏതളവില്‍ ഉത്തരം നല്‍കണമെന്ന്  ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം തമ്പുരാന്  കൃത്യമായി അറിയാം. 

8 . പ്രാര്‍ത്ഥന സമസ്ത ജീവിത മേഖലകളെയും സ്വാധീനിക്കുന്നു:

നേരത്തെ സൂചിപ്പിച്ച പോലെ ദൈവത്തെ സ്വകാര്യ ജീവിതത്തിലൊതുക്കി ഭൌതികാവശ്യത്തിനു ഉപയോഗപെടുത്തുകയും അവന്റെ ജീവിതമാകെ മതവിരുധവും ധാര്‍മിക വിരുദ്ധവുമായ കര്‍മങ്ങളില്‍ കുളിച്ചു നില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ അത് അര്‍ത്ഥ ശൂന്യമായിരിക്കും. ഇസ്ലാം പഠിപ്പിക്കുന്നത് പ്രാര്‍ത്ഥനയെന്ന വജ്രായുധം അവന്റെ ജീവിതമാകെ പരിശുദ്ധമാക്കി എടുക്കുന്നു എന്നാണു. അവന്റെ കച്ചവടവും ഇടപാടുകളും ബന്ധങ്ങളും സൗഹൃദങ്ങളും എല്ലാമെല്ലാം ധാര്‍മികതയില്‍ ഊന്നിയതായിരികും. പുരോഹിത മതമാവട്ടെ ഇത്തരമൊരു സംഗതിയെ പറ്റി യഥാവിധം ചര്‍ച്ച ചെയ്യുന്നില്ല. പുരോഹിതന്‍ അല്ലെങ്കില്‍ ആള്‍ദൈവം അവന്റെ പാപം ഏറ്റെടുക്കുന്ന, അവനു പൊറുത്തു കൊടുക്കുന്ന ദൈവമായി ചമയുന്നു. അവന്‍ ചെയ്ത എല്ലാ തെമ്മാടിത്തങ്ങളും ക്രൂരതകളും തന്നെ സമീപിച്ചാല്‍ , അല്ലെങ്കില്‍ താന്‍ കല്‍പ്പിക്കുന്ന ചടങ്ങുകളോ പ്രാര്‍ത്ഥനകളോ നിര്‍വഹിച്ചാല്‍ പൊറുക്കപ്പെടുമത്രേ! എന്നാല്‍ ഇത്തരം സമ്പ്രദായങ്ങള്‍ ഇസ്ലാമില്‍ ഇല്ല. പാപങ്ങള്‍ പൊറുക്കാനുള്ള അധികാരം അല്ലാഹുവിനേയുള്ളൂ, പ്രവാചകന് പോലുമില്ല. 

ചുരുക്കത്തില്‍ , ഒരു മനുഷ്യന്  പ്രവാചകമതവും   പുരോഹിതമതവും വേര്‍തിരിക്കാനുള്ള ശക്തമായ ഒരു മാനദണ്ഡം ആണ്  പ്രാര്‍ത്ഥനയിലെ  തനിമ. ഏതു മാര്‍ഗമാണ്  സത്യമെന്നറിയാതെ ഉഴലുന്ന  മനുഷ്യന്‍ ഈ മാനദണ്ഡം വെച്ച്  പഠിക്കുമ്പോള്‍ നേര്‍മാര്‍ഗം ഏതെന്നു തിരിച്ചറിയാതിരിക്കില്ല. 


പ്രാര്‍ത്ഥനയുടെ Psychological effects മനസ്സിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

3 comments:

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...