Thursday, May 17, 2012

ബഹുദൈവത്വം യുക്തിവിരുദ്ധം


 പ്രപഞ്ചവും അതിനുള്ളിലുള്ളതും സര്‍വശക്തനായ ദൈവം തമ്പുരാന്റെ സൃഷ്ടിയാണ് എന്ന് പൊതുവില്‍ അംഗീകരിക്കപ്പെടുന്നു. ചില അപശബ്ദങ്ങള്‍ അതിനെതിരില്‍ ഉണ്ടെങ്കിലും. ദൈവം ഏതു പേരില്‍ അറിയപ്പെട്ടാലും അവന്‍ ഏകനാണ് എന്ന പരമസത്യം നാം അംഗീകരിച്ചേ തീരൂ.
ദൈവം ഒന്നിലധികം ഉണ്ടാവുക എന്നത് അസംഭവ്യവും യുക്തിവിരുദ്ധവുമാണ്. ചില ആളുകള്‍ തികഞ്ഞ പരിഹാസത്തോടെ ഒന്നിലധികം ദൈവങ്ങള്‍ ഉണ്ടായാല്‍ എന്ത് സംഭവിക്കാനാ എന്ന് ചോദിക്കാറുണ്ട്. ലളിതമായൊരു ഉപമയിലൂടെ ആണ് പലപ്പോഴും അതിനു മറുപടി നല്‍കുക. ഒരു സ്ഥാപനത്തിനോ രാഷ്ട്രത്തിനോ മറ്റോ ഒന്നിലധികം ഉന്നത നേതൃത്വം ഉണ്ടായാല്‍ അവിടെ കലഹം ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്നായിരിക്കും ആ ഉപമ. ഇത് കേള്‍ക്കേണ്ട താമസം ദൈവം മനുഷ്യനെ പോലെയാണോ, അങ്ങനെയാണെങ്കില്‍ അതിനെ ദൈവം എന്ന് വിളിക്കാന്‍ പറ്റുമോ എന്നൊക്കെ തിരിച്ചു ചോദിക്കും. കാര്യങ്ങളെ ആഴത്തില്‍ പഠിക്കുവാനോ വിശകലനം ചെയ്യുവാനോ തയ്യാറാകാത്തവരാണ്   ഇത്തരം 'ഉത്തരം മുട്ടിക്കുന്ന' ചോദ്യങ്ങള്‍ ഉന്നയിക്കുക. 

ലോകത്ത് പലയിനം ബഹുദൈവവിശ്വാസ സങ്കല്‍പ്പങ്ങളുണ്ട്:

1. പ്രപഞ്ചത്തിനു ഒന്നിലേറെ ദൈവങ്ങളുണ്ട് എന്ന വിശ്വാസം. അവര്‍ ഒന്നിച്ചു പ്രപഞ്ചത്തെ ഭരിക്കുന്നു. അതല്ലെങ്കില്‍ പ്രപഞ്ചത്തിന്റെയോ പ്രപഞ്ച പ്രതിഭാസങ്ങളുടെയോ ഓരോ മേഖലകള്‍ ഓരോ ദൈവങ്ങള്‍ ഏറ്റെടുത്തു നിയന്ത്രിക്കുന്നു. ഉദാഹരണത്തിന് ഭൂമിയുടെ ദൈവം, സൂര്യന്റെ ദൈവം, മഴയുടെ ദൈവം. ഹിന്ദുമതത്തിലെ ത്രിമൂര്‍ത്തി സങ്കല്‍പ്പം ഇതിന്റെ ഉയര്‍ന്ന രൂപമാണ്. റോമന്‍ സംസ്ക്കാരത്തിലും ഒരു ത്രിമൂര്‍ത്തിസങ്കല്‍പ്പം ഉണ്ടായിരുന്നു. അതില്‍ നിന്നാണ് ക്രിസ്തുമതത്തിലെ ത്രിയേകത്വ സിദ്ധാന്തം ഉണ്ടായത്. എന്നാല്‍ ഇത്തരം സങ്കല്‍പ്പം തികഞ്ഞ വിഡ്ഢിത്തവും യുക്തിശൂന്യവും ആണെന്നതാണ് സത്യം. 
  • ഈ പ്രപഞ്ചവും അതിലുള്ള സകലതും അല്ലാഹുവിന്റെ സൃഷ്ടിയാണ്. അഥവാ അല്ലാഹു സ്രഷ്ടാവാണ് . അവനെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം അതിനാല്‍ അപ്രസക്തമാണ്. രണ്ടു ദൈവം വന്നാല്‍ എല്ലാത്തിനെയും സൃഷ്ടിച്ചവന്‍ എന്ന ഗുണം രണ്ടു ദൈവത്തിനും നഷ്ടമാവും. അതുപോലെ ഒരു ദൈവം മറ്റേ ദൈവത്തിനെ സൃഷ്ടിച്ചു എന്നാണെങ്കില്‍ അതിനര്‍ത്ഥം ഒരു ദൈവം സൃഷ്ടിയായി മാറുന്നു എന്നാണ്. സൃഷ്ടിയെ ദൈവം എന്ന് വിളിക്കാന്‍ പറ്റില്ലല്ലോ. അത് യുക്തി വിരുദ്ധമല്ലേ? 
  • സാക്ഷാല്‍ ദൈവം  സര്‍വശക്തനും, സര്‍വജ്ഞനും, സര്‍വാധിപത്യമുള്ളവനും ആയിരിക്കുമല്ലോ. ഇനി രണ്ടു ദൈവങ്ങള്‍ ഉണ്ടെന്നു സങ്കല്പ്പികുക. അതോട് കൂടി മേല്‍ ഗുണങ്ങള്‍ രണ്ടു പേര്‍ക്കും നഷ്ടമാകും. ഉദാഹരണത്തിന് ഒരു ദൈവം മറ്റേ ദൈവത്തിനു മേല്‍ ആധിപത്യം ഉള്ളവനായിരിക്കില്ല. അങ്ങനെ ആയാല്‍ മറ്റേ ആളെ ദൈവം എന്ന് വിളിക്കാനും പറ്റില്ല. സര്‍വാധിപത്യം എന്ന ഗുണം ഇവിടെ നഷ്ടപ്പെടുന്നു. എല്ലാത്തിന്മേലുമുള്ള ശക്തിയാണ് സര്‍വശക്തനുണ്ടാവേണ്ടത്. രണ്ടു ദൈവം വന്നാല്‍ അതും നഷ്ടമാവും. കാരണം ഒരു ദൈവത്തിനു തന്റെ ശക്തി മറ്റേ ദൈവത്തില്‍ പ്രയോഗിക്കാന്‍ പറ്റില്ല. 
  • ഒരു ദൈവം പ്രപഞ്ചത്തെ പരിപാലിക്കാനും രണ്ടാമത്തെ ദൈവം അതിനെ സംഹരിക്കാനും  സ്വതന്ത്രമായി തീരുമാനിചു എന്ന് സങ്കല്പ്പികുക. ആരുടെ തീരുമാനമാണ് നടപ്പിലാവുക? രണ്ടും കൂടി ഒരേ സമയം നടക്കില്ലല്ലോ. ഒരാളുടെ തീരുമാനം മാത്രം ഏകപക്ഷീയമായി നടപ്പിലായാല്‍ മറ്റേ ദൈവം അവനു കീഴടങ്ങി എന്ന് പറയേണ്ടി വരും. അതോടെ സര്‍വാധിപത്യം എന്ന ഗുണം നഷ്ടപ്പെടും. 
  • ഇനി രണ്ടു പേരും മനുഷ്യരെ പോലെ കലഹം നടത്താതെ, കൂടിയാലോചിച്ച് മുകളില്‍ പറഞ്ഞ പോലുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. അപ്പോഴും മേല്‍ ഗുണം ഒരു ദൈവത്തിനു നഷ്ടപ്പെടുകയാണ് ചെയ്യുക. മാത്രമല്ല, കൂടിയാലോചന എന്ന സംഗതി ദൈവത്തിന്റെ അറിവ് കേടിനെ സൂചിപ്പിക്കുന്നു. (സര്‍വജ്ഞനു കൂടിയാലോചന നടത്തേണ്ട ആവശ്യമില്ലല്ലോ). ഇവിടെ ഒരു ദൈവത്തിനു മാത്രമായി പ്രപഞ്ചത്തെ പരിപാലിക്കാന്‍ കഴിയില്ല എന്നര്‍ത്ഥം. ഇതും സര്‍വാധിപത്യം, സര്‍വശക്തി തുടങ്ങിയ ഗുണങ്ങളെ ഇല്ലാതാക്കുന്നു.
2. ദൈവം മനുഷ്യരൂപം സ്വീകരിച്ചോ മറ്റോ ഭൂമിയില്‍ അവതരിക്കുന്നു എന്ന സങ്കല്പം. ഈ വിശ്വാസം ദൈവപിതാവ്, ദൈവ മാതാവ്, ദൈവപുത്രന്‍ , ദൈവപുത്രിമാര്‍ തുടങ്ങിയ വിശ്വാസങ്ങളിലേക്ക് നയിക്കുന്നു. ഹിന്ദുമത വിശ്വാസത്തില്‍ ഇത്തരം സങ്കല്പങ്ങള്‍ ധാരാളം ഉണ്ട്. ക്രിസ്തുമതത്തില്‍ ദൈവം യേശുവിന്റെ രൂപത്തില്‍ മനുഷ്യനായി അവതരിച്ചു എന്ന വിശ്വാസവും ഇത് തന്നെ. ഈ വിശ്വാസവും അടിസ്ഥാനരഹിതവും യുക്തിവിരുദ്ധവുമാണ്. 
സര്‍വശക്തനായ ദൈവം തന്റെ സൃഷ്ടികളില്‍ ഒന്നായ മനുഷ്യരില്‍ ധര്‍മ്മം സ്ഥാപിക്കാന്‍ ഒരു മനുഷ്യസ്ത്രീയുടെ ഗര്‍ഭത്തില്‍ വസിക്കുകയും എന്നിട്ട് യോനിയിലൂടെ വന്നു വളര്‍ന്നു അവസാനം കുരിശിലേറി മരിക്കുകയും ചെയ്തു എന്ന വിശ്വാസം തികഞ്ഞ വിഡ്ഢിത്തം തന്നെയാണ്. ദൈവത്തെ കുറിച്ചുള്ള ഗുരുതരമായ വ്യാജാരോപണവും ദൈവിക ഗുണത്തില്‍ മായം ചേര്‍ക്കലുമാണത്. 

3. അത്യുന്നതനായ ഒരു ദൈവത്തിന്റെ കീഴില്‍ അനേകം ഉപദൈവങ്ങള്‍ ഉണ്ടെന്ന സങ്കല്‍പ്പമാണ് മറ്റൊന്ന്. തന്റെ കഴിവുകളും ഗുണങ്ങളും അധികാരങ്ങളും ഈ ദൈവങ്ങള്‍ക്ക് പങ്കുവെച്ചിരിക്കുന്നു. ഈ ദൈവങ്ങളെ മധ്യവര്‍ത്തികളായി സ്വീകരിച്ചു കൊണ്ട് മാത്രമേ സാക്ഷാല്‍ ദൈവത്തെ പ്രാപിക്കാനും പ്രാര്‍ഥിക്കാനും പ്രസാദിപ്പിക്കാനും കഴിയൂ. തന്റെ പ്രയാസങ്ങളും ആവശ്യങ്ങളും സാക്ഷാല്‍ ദൈവത്തെ നേരിട്ട് ബോധ്യപ്പെടുത്തുന്നതിന് പകരം ഉപദൈവങ്ങളോട് പ്രാര്‍ഥിക്കുക. ഉദാഹരണത്തിന് മഴ വേണമെങ്കില്‍ മഴയുമായി ബന്ധപ്പെട്ട ഉപദൈവത്തോട് പ്രാര്‍ഥിക്കുക, സമ്പത്ത് വേണമെങ്കില്‍ അതുമായി ബന്ധപ്പെട്ട ഉപദൈവത്തെ ആരാധിക്കുക. 
നബി (സ) പ്രബോധനം നിര്‍വഹിച്ച അറേബ്യയിലെ ഭൂരിപക്ഷ സമൂഹം ഇത്തരം വിശ്വാസക്കാരായിരുന്നു. ഇന്ന് ഇന്ത്യയിലും ബഹുദൈവാരാധകരായ പലരുടെയും നിലപാടും ഇത് തന്നെ.
ഈ സങ്കല്‍പ്പത്തില്‍ പലപ്പോഴും ഉപദൈവങ്ങളുടെ സ്ഥാനത്ത് സൃഷ്ടികളായ വസ്തുക്കളെ സങ്കല്‍പ്പിക്കുന്നു. മലക്ക്‌, ജിന്ന്‍, പശു, പാമ്പ്‌, മണ്മറഞ്ഞുപോയ മനുഷ്യര്‍ , ജീവിച്ചിരിക്കുന്ന മനുഷ്യര്‍ , സൂര്യന്‍ , ചന്ദ്രന്‍ , ഗ്രഹങ്ങള്‍ , ഭൂതപ്രേതങ്ങള്‍ തുടങ്ങിയവയൊക്കെ ഉപദൈവങ്ങളായി ഉയര്‍ത്തപ്പെടുന്നു. തികഞ്ഞ വ്യാജാരോപണവും വിഡ്ഢിത്തവും യഥാര്‍ത്ഥ ദൈവത്തെ അപമാനിക്കലുമാണ് ഇതെന്നതാണ് വസ്തുത. ദൈവത്തിനു ഇങ്ങനെ പങ്കുകാര്‍ ഇല്ല. അവന്റെ ഗുണങ്ങള്‍ ആര്‍ക്കും അവന്‍ നല്‍കിയിട്ടില്ല. 

ദൈവത്തിന്റെ പ്രതീകവും ഏകാഗ്രതയും

ബഹുദൈവാരാധകരായ ആളുകള്‍ പൊതുവേ വിഗ്രഹാരാധകര്‍ ആയിരിക്കും. ദൈവങ്ങളുടെ പ്രതീകമായിട്ടാണ് അവര്‍ വിഗ്രഹങ്ങളെ കാണുക. പ്രാര്‍ഥിക്കുമ്പോള്‍ ഏകാഗ്രത കിട്ടാനാണ് വിഗ്രഹങ്ങള്‍ വെക്കുന്നത് എന്നാണല്ലോ വിഗ്രാഹാരാധകരുടെ പ്രധാനന്യായം. പല കാരണങ്ങളാല്‍ ഈ വാദത്തിനു നിലനില്‍പ്പില്ല.

1. ഏകാഗ്രത കിട്ടാന്‍ വിഗ്രഹം ആവശ്യമേയില്ല. ഒരു വ്യക്തി ഒരു യാത്രയില്‍ ആപത്തില്‍ പെടുന്നു എന്ന് കരുതുക. അവന്റെ പക്കല്‍ ഒരു വിഗ്രഹവുമില്ല. അയാള്‍ക്ക് വളരെ ആത്മാര്‍ഥമായും ഏകാഗ്രതയോടെയും  ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ കഴിയില്ലേ? തീര്‍ച്ചയായും കഴിയും. ഒരു വിഗ്രഹവും അവിടെ ആവശ്യമില്ല. 
ഖുര്‍ആന്‍ പറയുന്ന ഈ സൂക്തങ്ങള്‍ ശ്രദ്ധേയമാണ്:
"കടലില്‍ നിങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെല്ലാം അപ്രത്യക്ഷമാകുന്നു. എന്നാല്‍ അവന്‍ നിങ്ങളെ കരയിലേക്ക് രക്ഷപ്പെടുത്തിയാല്‍ നിങ്ങള്‍ അവനില്‍നിന്ന് തിരിഞ്ഞുകളയുന്നു. മനുഷ്യന്‍ ഏറെ നന്ദികെട്ടവന്‍ തന്നെ." (വി.ഖുര്‍ആന്‍ 17:67) 
"എന്നാല്‍ അവര്‍ കപ്പലില്‍ കയറിയാല്‍ തങ്ങളുടെ വണക്കവും വഴക്കവുമൊക്കെ ആത്മാര്‍ഥമായും അല്ലാഹുവിനുമാത്രമാക്കി അവനോടു പ്രാര്‍ഥിക്കും. എന്നിട്ട്, അവന്‍ അവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചാലോ; അവരതാ അവന് പങ്കാളികളെ സങ്കല്‍പിക്കുന്നു." (വി.ഖുര്‍ആന്‍ 29:65) 
"മലകള്‍ പോലുള്ള തിരമാല അവരെ മൂടിയാല്‍ തങ്ങളുടെ വിധേയത്വം തീര്‍ത്തും അല്ലാഹുവിനു മാത്രം സമര്‍പ്പിച്ച് അവനോട് അവര്‍ പ്രാര്‍ഥിക്കുന്നു. എന്നാല്‍ അവരെയവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയാലോ, അവരില്‍ ചിലര്‍ മര്യാദ പുലര്‍ത്തുന്നവരായിരിക്കും. കൊടുംചതിയന്മാരും നന്ദികെട്ടവരുമല്ലാതെ നമ്മുടെ തെളിവുകളെ തള്ളിപ്പറയുകയില്ല." (വി.ഖുര്‍ആന്‍ 31:32)  
മക്കയിലെ ബഹുദൈവാരാധകര്‍ കപ്പല്‍യാത്ര നടത്തുന്ന വേളയില്‍ ആപത്തില്‍ പെടുമ്പോള്‍ സാക്ഷാല്‍ ദൈവത്തോട് (അല്ലാഹുവിനോട്) മാത്രമായിരുന്നു പ്രാര്‍ത്ഥിച്ചത്. അത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ അവര്‍ക്ക് മറ്റു ദൈവങ്ങളോ വിഗ്രഹങ്ങളോ ഒന്നും ആവശ്യമായി വന്നില്ല. ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ ഒരു പ്രതീകം വേണമല്ലോ എന്നവര്‍ ചിന്തിച്ചില്ല. അവരുടെ പ്രാര്‍ത്ഥനക്ക് ഏകാഗ്രതക്കുറവോ ആത്മാര്‍ഥതയില്ലായ്മയോ ഉണ്ടായതുമില്ല. 

വിഗ്രഹം മുമ്പിലില്ലെങ്കിലും മനസ്സില്‍ വിഗ്രഹം സങ്കല്‍പ്പിച്ചുകൊണ്ട്‌ പ്രാര്‍ത്ഥിക്കാമല്ലോ എന്ന് വാദിച്ചേക്കാം. അങ്ങനെയെങ്കില്‍ എല്ലാ സന്ദര്‍ഭത്തിലും അങ്ങനെ സങ്കല്‍പ്പിച്ചാല്‍ പോരേ? വിഗ്രഹം ഉണ്ടാക്കേണ്ട കാര്യമെന്ത്? ഇനി മനസ്സില്‍ വല്ലതിന്റെയും വിഗ്രഹം പ്രതിഷ്ടിക്കുന്നതും തെറ്റും യുക്തിവിരുദ്ധവുമാണ്. തുടര്‍ന്നുള്ള മറുപടികള്‍ നോക്കുക.

2. ഇത് ദൈവത്തെ നിന്ദിക്കുന്ന പ്രവൃത്തിയാണ്. നമ്മെ ഓര്‍ക്കാനോ ശ്രദ്ധ കേന്ദ്രീകരിക്കാനോ വേണ്ടി ഒരാള്‍ നായയുടെയോ കുരങ്ങിന്റെയോ കുറ്റിചൂലിന്റെയോ ചിത്രമോ പ്രതിമയോ വെച്ചാല്‍ എങ്ങനെയിരിക്കും? അത് അംഗീകരിച്ചു കൊടുക്കുമോ? ഇല്ല എങ്കില്‍ ഈ പ്രപഞ്ചത്തിലെ സകലതും ദൈവത്തിന്റെ സൃഷ്ടികളും അവനേക്കാള്‍ എത്രയോ നിസ്സാരവുമാണ്. 

3. വിഗ്രാഹാരാധനയിലൂടെ ദൈവത്തെ കുറിച്ച സങ്കല്‍പ്പം മാറുന്നു. ദൈവത്തെ ഓര്‍ക്കുമ്പോള്‍ വിഗ്രഹം എന്ന നിസ്സാരവസ്തു ഓര്‍മയില്‍ വരുന്നു. കാലാന്തരത്തില്‍ വിഗ്രഹം തന്നെ ദൈവം എന്ന ധാരണ അറിയാതെ ഉടലെടുക്കുന്നു. 

സ്വാമി ദയാനന്ദ സരസ്വതി എഴുതിയത് കാണുക:
"പരമേശ്വരന്‍ സര്‍വ വ്യാപിയായിരിക്കെ ഒരു വസ്തുവിങ്കല്‍ മാത്രം പരമേശ്വരനെ ഭാവന കൊണ്ട് സങ്കല്‍പ്പിക്കുകയും മറ്റൊരിടത്തും അവ്വണ്ണം സങ്കല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്നത് ചക്രവര്‍ത്തിയായ ഒരുവനെ അവന്റെ സമസ്ത സാമ്രാജ്യത്തില്‍ നിന്നും പൃഥക്കരിച്ച് ചെറിയൊരു കുടിലിന്റെ സ്വാമിയായി വിചാരിക്കുന്നത് പോലെയാണ്. അത് ഒരു സാര്‍വഭൌമന്ന് എത്ര വലിയ അപമാനമാണെന്ന് ആലോചിച്ചു നോക്കുക." (സത്യാര്‍ത്ഥപ്രകാശം പേജ്: 515)
4. വിഗ്രാഹാരധനയും ബഹുദൈവത്വവും സാക്ഷാല്‍ ദൈവത്തെ മാത്രമല്ല നമ്മെയും അപമാനിക്കലാണ്. കാരണം ഈ പ്രപഞ്ചത്തിലെ സൃഷ്ടികളില്‍ ദൈവം ആദരിച്ച മനുഷ്യന്‍ അവനേക്കാള്‍ നിസ്സാരമായ വസ്തുക്കളെ ദൈവമാക്കി ആരാധിക്കുന്നത് സ്വയം നിന്ദയാണ്. 

വിഗ്രഹാരാധനയെ ന്യായീകരിക്കുവാനുള്ള മറ്റൊരു വിചിത്രവാദം സാധാരണക്കാര്‍ക്ക് ആരാധിക്കാന്‍ വിഗ്രഹം വേണമെന്നതാണ്. എന്നാല്‍ ഇതിനെ ബ്രഹ്മാനന്ദസ്വാമി ശിവയോഗി ശക്തമായി ഖണ്ഡിക്കുന്നുണ്ട്. അദ്ദേഹം പറയുന്നത് നോക്കൂ: 
''കുട്ടികള്‍ക്ക് ചെറിയ കുപ്പായം വേണം. വലിയ കുപ്പായം പറ്റുകയില്ല. അപ്രകാരം അല്പബുദ്ധികള്‍ക്ക് വിഗ്രഹാരാധന വേണം. ബ്രഹ്മധ്യാനത്തിന് കഴിയുകയില്ല'' എന്ന് വാദിക്കുന്നു. ഇത് ''കുട്ടികള്‍ക്ക് കാണ്മാന്‍ ഒരു ചെറിയ സൂര്യന്‍ വേണം. വലിയ സൂര്യന്റെ വെളിച്ചം നോക്കിയാല്‍ കാണുകയില്ല എന്നു പറയുന്നപോലെ അസംബന്ധമാകുന്നു.'' (വിഗ്രഹാരാധനാഖണ്ഡനം)
ഏതൊരു സാധാരണക്കാരനും ഏകദൈവത്തെ ആരാധിക്കാന്‍ ഒരു വിഗ്രഹത്തിന്റെയും ആവശ്യമില്ല. ഓരോ മുസ്ലിമും അവന്റെ നിത്യജീവിതത്തില്‍ അത് തെളിയിച്ചുകൊണ്ടിരിക്കുന്നു. 

No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...