Wednesday, May 30, 2012

പാന്‍മസാല നിരോധനം: വലിയ പിശാച് പുറത്തുതന്നെ


ടുത്ത കാലത്തൊന്നും ഇത്ര സന്തോഷം തോന്നിയ ഒരു വാര്‍ത്ത ഞാന്‍ വായിച്ചിട്ടില്ല. പാന്‍മസാല നിരോധനം തീര്‍ച്ചയായും സമൂഹത്തിനും വ്യക്തിക്കുമൊക്കെ ഒരു അനുഗ്രഹം തന്നെയാണ്. വളര്‍ന്നു വരുന്ന തലമുറകളെ ഇഞ്ചിഞ്ചായി നശിപ്പിക്കുന്ന പാന്‍ മസാല നിരോധിക്കാന്‍ എന്തേ ഇത്ര വൈകിപ്പോയി എന്ന സങ്കടം മാത്രമേ ഉള്ളൂ. 
എന്നാല്‍ ഇവിടെ നമ്മെ ചിന്തിപ്പിക്കേണ്ട വലിയൊരു പ്രശ്നം അവശേഷിക്കുന്നു. പാന്‍ മസാലയാണോ മദ്യമാണോ ഏറ്റവും അപകടം?
ഇതിന്റെ ഉത്തരം എന്തായാലും ഒരു കാര്യം മനുഷ്യസ്നേഹികള്‍ സമ്മതിക്കും, മദ്യം നിരോധിച്ചേ പറ്റൂ... കാരണം പാന്‍ മസാല നിരോധിക്കാന്‍ പറയുന്ന കാരണങ്ങളെന്തോ അതേ കാരണങ്ങള്‍ (അല്ലെങ്കില്‍ അതിലേറെ കാരണങ്ങള്‍ ) മദ്യം നിരോധിക്കുവാനായി നമുക്ക്‌ ചൂണ്ടിക്കാണിക്കാന്‍ കഴിയും. വ്യക്തി, കുടുംബം, സമൂഹം എന്നീ തലങ്ങളില്‍ മദ്യത്തിന്റെ ദോഷഫലങ്ങള്‍ വിവരണാതീതമാണ്. ഏതാനും ചിലതു - നമുക്കെല്ലാം അറിവുള്ളതാണെങ്കിലും - താഴെ വായിക്കുക: 

മദ്യം വ്യക്തിയില്‍ സൃഷ്ടിക്കുന്ന ദോഷഫലങ്ങള്‍ 
  1. ചിന്താശേഷി, സംസാരം, ചലനം, പ്രതികരണ ശേഷി തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുന്നു.
  2. ഓര്‍മക്കുറവ്, തലവേദന 
  3. കാഴ്ച മങ്ങുക
  4. ശരീരത്തിന്റെ ബാലന്‍സ് തെറ്റുക 
  5. മനം പിരട്ടല്‍ , ചര്‍ദ്ദി, വിശപ്പില്ലായ്മ 
  6. കരളിനെ ബാധിക്കുന്ന സീറോസിസ് (Liver Cirrhosis) പോലുള്ള മാരക രോഗങ്ങള്‍ 
  7. നാഡീവീക്കം 
  8. ഹൃദ്രോഗങ്ങള്‍ , അമിത രക്തസമ്മര്‍ദ്ദം 
  9. കുടല്‍ പുണ്ണ് 
  10. പാന്‍ക്രിയാസ്, ആമാശയം തുടങ്ങിയവയുടെ വീക്കം
  11. ലൈംഗികതാല്‍പര്യം നശിക്കുക 
  12. ബീജങ്ങളുടെ നാശം, വന്ധ്യത
  13. മദ്യപാനികളായ ഗര്‍ഭിണികളില്‍ നിന്നും ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ 
  14. ശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല, മാനസികമായും മദ്യപാനി തകരുന്നു. സമാധാനമില്ലാത്ത ജീവിതവും ദാരുണമായ ഒരു അന്ത്യവുമായിരിക്കും അവനു സംഭവിക്കുക.

മദ്യം സൃഷ്ടിക്കുന്ന സാമൂഹികവും കുടുംബപരവുമായ പ്രശ്നങ്ങള്‍ 
  1. മദ്യം തിന്മകള്‍ ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നു. തിന്മയോടുള്ള വെറുപ്പ്‌ ഇല്ലാതാക്കുന്നു എന്ന് മാത്രമല്ല, അത് ചെയ്യുമ്പോള്‍ ഒരു തരം ലഹരി അവനിലുണ്ടാകുന്നു. കൊള്ളയും കൊള്ളിവെപ്പും കൊലപാതകങ്ങളും മദ്യലഹരിയില്‍ ആസ്വദിച്ചു ചെയ്യുന്ന എത്രയെത്ര സംഭവങ്ങള്‍ !! കൊന്ന ശേഷം മൃതദേഹം വരഞ്ഞു കീറി ആനന്ദിക്കുന്ന കൊലയാളികള്‍ ! മദ്യം വീണ്ടും വീണ്ടും അവനെ അതിനു പ്രേരിപ്പിക്കുന്നു.   
  2. സ്ത്രീ പീഡനങ്ങളും ബലാല്‍സംഗങ്ങളും വര്‍ധിക്കുന്നതില്‍ അല്‍പ്പവസ്ത്രധാരണത്തിനുള്ള പങ്കുപോലെ മദ്യത്തിനും വളരെ വലിയ പങ്കുണ്ട്. പുരുഷന്‍ പൊതുവില്‍ ലൈംഗിക കാര്യത്തില്‍ പെട്ടെന്ന് ഉത്തേജിതരാവുന്നവരാണ്. മദ്യം അതിന്റെ തീവ്രത വളരെ വര്‍ധിപ്പിക്കുന്നു (നിരന്തര ഉപയോഗം ലൈംഗിക ശേഷി തകര്‍ക്കുമെന്നത് വേറെ കാര്യം). അല്പ്പവസ്ത്രധാരിണിയായ ഒരാള്‍ അത്തരക്കാരുടെ മുമ്പില്‍ പെട്ടാല്‍ പിന്നെ കാര്യം പറയാനുണ്ടോ! 
  3. കുടുംബങ്ങള്‍ തകരുവാനുള്ള പ്രധാന കാരണങ്ങളിലൊന്ന് മദ്യം തന്നെ. ഒരു മദ്യപാനിയുടെ കുടുംബം പൊതുവില്‍ അരക്ഷിതാവസ്ഥയിലായിരിക്കും. അസമാധാനവും അശാന്തിയും നിറഞ്ഞ അന്തരീക്ഷം!! ഭാര്യയും മക്കളും എപ്പോഴാണ് ആ നരാധമന്റെ കൊലക്കത്തിക്ക് ഇരയാവുക എന്ന് പറയാന്‍ പറ്റില്ല. എത്രയെത്ര കുടുംബങ്ങളില്‍ ഇങ്ങനെ കൊലപാതകങ്ങളും അക്രമങ്ങളും നടന്നു! എത്ര കുടുംബങ്ങള്‍ വഴിയാധാരമായി! കുടുംബത്തെ പോറ്റുവാന്‍ ഉപയോഗിക്കേണ്ട പണം മദ്യം വാങ്ങുവാന്‍ ചെലവഴിക്കുകയും അത് പോരാഞ്ഞ് വീട്ടിലുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ വിറ്റു തുലക്കുകയും, എതിര്‍ക്കുന്നവരെ കൊന്നുമുടിക്കുകയും ചെയ്യുന്ന എത്രയെത്ര സംഭവങ്ങള്‍ !! പണം തികയാതെ വരുമ്പോള്‍ കടം വാങ്ങി കെണിയില്‍ പെടുന്ന സംഭവങ്ങളും ധാരാളം. 
  4. പുതുതലമുറയെ നശിപ്പിക്കുന്നതില്‍ മദ്യം ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വലിയ പങ്കു നിര്‍വഹിക്കുന്നു. ഭാവിയുടെ വാഗ്ദാനങ്ങളായ കൌമാരക്കാരെയും യുവാക്കളെയും മദ്യം കീഴടക്കി അവരിലെ സകല ഊര്‍ജ്ജത്തെയും വലിച്ചെടുക്കുന്നു. 
  5. വാഹനാപകടങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നും മദ്യമാണ്. എത്രയെത്ര ജീവനുകള്‍ അതുമൂലം പൊലിഞ്ഞു പോയി!! 
  6. മദ്യം വിറ്റു കിട്ടുന്ന വരുമാനത്തേക്കാള്‍ എത്രയോ വലുതാണ്‌ അതിന്റെ ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ . മേല്‍ പറഞ്ഞ കാരണങ്ങളിലൂടെ മാത്രമല്ല, മദ്യദുരന്തങ്ങള്‍ മൂലവും മറ്റും സര്‍ക്കാരിന് വമ്പിച്ച സാമ്പത്തിക ബാധ്യതകള്‍ ഇത് സൃഷ്ടിക്കുന്നുണ്ട്.
ഇങ്ങനെ നിരവധി കാരണങ്ങള്‍ മദ്യത്തിനെതിരായി ഉയര്‍ത്തിക്കാണിക്കുവാനുണ്ട്. ഇതൊന്നും അധികാരികള്‍ക്ക് അറിയാം. എന്നിട്ടും എന്ത് കൊണ്ടാണ് ഈ മേഖലയില്‍ ഒരു ചെറിയ ചുവടുവെപ്പെങ്കിലും നടത്താത്തത്? ഒറ്റയടിക്കുള്ള മദ്യ നിരോധം അപ്രായോഗികമാണെന്ന് ശരി. പക്ഷെ ഘട്ടം ഘട്ടമായി ഇത് നിരോധിക്കുവാന്‍ എന്താണ് തടസ്സം? ആര്‍ജ്ജവമുള്ള, സാമൂഹിക ബോധമുള്ള, മാഫിയകളെ ഭയക്കാത്ത ഒരു ഭരണകൂടം എന്ത് കൊണ്ട് നിലവില്‍ വരുന്നില്ല? എത്ര അനുഭവിച്ചിട്ടും എന്തേ നാം തിരുത്താത്തത്?

മദ്യാധിപത്യം എന്ന പോസ്റ്റ്‌ കാണുക. 

No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...