Saturday, May 19, 2012

ആരാണ് ഇബാദ്റഹ്മാന്‍?





കാരുണ്യത്തിന്റെ തമ്പുരാനായ അല്ലാഹു തന്റെ യഥാര്‍ത്ഥ അടിമകളുടെ സ്വഭാവം ഇങ്ങനെ വിശദീകരിക്കുന്നു:

"കരുണാമയനായ ദൈവത്തിന്റെ യഥാര്‍ത്ഥ ദാസന്മാര്‍ ഭൂമിയില്‍ വിനീതരായി നടക്കുന്നവരാകുന്നു. അവിവേകികള്‍ തര്‍ക്കിക്കാന്‍ വന്നാല്‍ അവര്‍ പറയും; 'സലാം'. അവര്‍ തങ്ങളുടെ നാഥന്റെ സമക്ഷത്തില്‍ പ്രണാമം ചെയ്തു കൊണ്ടും നിന്ന് പ്രാര്‍ഥിച്ചു കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നു. അവര്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നു: 'ഞങ്ങളുടെ നാഥാ, ഞങ്ങളെ നരക ശിക്ഷയില്‍ നിന്നും മോചിപ്പിക്കേണമേ.. അതിലെ ശിക്ഷ വിട്ടു മാറാത്തതാകുന്നു.  തീര്‍ച്ചയായും അത് അതിദുഷ്ടമായ പാര്‍പ്പിടവും താവളവുമല്ലോ'. ചെലവഴിക്കുമ്പോള്‍ അവര്‍ ധൂര്‍ത്തടിക്കുകയോ ലുബ്ധരാവുകയോ ഇല്ല. പ്രത്യുത, ചെലവുകള്‍ ഈ രണ്ടറ്റങ്ങള്‍ക്കുമിടയില്‍  മിതസ്വഭാവത്തില്‍ ഉള്ളതായിരിക്കും. അല്ലാഹുവല്ലാത്ത ഒരു ദൈവത്തെയും അവര്‍ പ്രാര്‍ഥിക്കുകയില്ല. അള്ളാഹു ആദരിച്ച ഒരു ജീവനെയും അന്യായമായി ഹനിക്കുകയില്ല. അവര്‍ വ്യഭിചരിക്കുകയില്ല. ഇത്തരം പാപങ്ങള്‍ ചെയ്യുന്നവനാരായാലും പാപഫലം അനുഭവിക്കുക തന്നെ ചെയ്യും. പുനരുഥാന നാളില്‍ അവനു ഇരട്ടിശിക്ഷ ലഭിക്കുന്നതാകുന്നു. അതിലവര്‍ നിന്ദിതരായി നിത്യവാസം ചെയ്യുന്നതാകുന്നു. പശ്ചാത്തപിക്കുകയും സത്യവിശ്വാസം കൈകൊണ്ടു സല്ക്കര്മങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തവനൊഴിച്ച്. അത്തരം ജനങളുടെ തിന്മകളെ അള്ളാഹു നന്മകളാക്കി  മാറ്റികൊടുക്കുന്നതാകുന്നു. അവന്‍ ഏറെ മാപ്പരുളുന്നവനും ദയാപരനുമാണ്. സ്വന്തം പാപങ്ങളില്‍ പശ്ചാത്തപിച്ചു സല്ക്കര്‍മങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അല്ലാഹുവിലേക്ക് തിരിച്ചു ചെല്ലേണ്ട വിധം തിരിച്ചു ചെല്ലുന്നതാകുന്നു. (റഹ്മാന്റെ ദാസന്മാര്‍ ) സത്യവിരുധമായത്തിനു സാക്ഷികളാകാത്തവരും അനാവശ്യങ്ങള്‍ക്കരികിലൂടെ കടന്നുപോകാന്‍ ഇടയായാല്‍ മാന്യമായി കടന്നു പോകുന്നവരുമാകുന്നു. അവരെ നിന്റെ റബ്ബിന്റെ സൂക്തങ്ങള്‍ കേള്‍പ്പിച്ചു ഉപദേശിക്കുകയാണെങ്കിലോ, അതിനോടവര്‍ അന്ധരും ബധിരരുമായി വര്‍ത്തിക്കുകയില്ല. അവര്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കും: 'ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളാലും സന്തതികളാലും  നീ ഞങ്ങളുടെ കണ്ണ് കുളിര്‍പ്പിക്കേണമേ. ഞങ്ങളെ നീ ഭക്തന്മാരുടെ നേതാവാക്കേണമേ'- ഇവരാകുന്നു തങ്ങളുടെ സഹനത്തിന്റെ ഫലമായി ഉന്നത സൌധം പ്രാപിക്കുന്നവര്‍ അഭിവാദനങ്ങളോടെ  ഉപചാരങ്ങളോടെ അവര്‍ .അവര്‍ അതിലേക്കു സ്വാഗതം ചെയ്യപ്പെടുന്നതാകുന്നു. അവരവിടെ എന്നെന്നും വസിക്കുകയും ചെയ്യും. എന്തുമാത്രം ശ്രേഷ്ഠമായ പാര്‍പ്പിടവും താവളവും!!"   (വിശുദ്ധ ഖുര്‍ആന്‍, 25:63-76)
ഈ വചനങ്ങളില്‍ നിന്നും ദൈവദാസനുണ്ടായിരിക്കേണ്ട 12 പ്രധാന ഗുണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: 
  1. വിനയാന്വിതരായി  നടക്കുന്നവര്‍
  2. അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാത്തവര്‍
  3. രാത്രി ദീര്‍ഘനേരം ആരാധനകളില്‍ കഴിച്ചു കൂട്ടുന്നവര്‍ 
  4. നരകശിക്ഷയില്‍ നിന്നും അഭയം തേടുന്നവര്‍ 
  5. മിതമായി  ചിലവഴിക്കുന്നവര്‍ (പിശുക്കോ ധൂര്‍ത്തോ കാണിക്കാത്തവര്‍ ) 
  6. അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുന്നവര്‍ 
  7. അന്യായമായി ഒരു ജീവനെയും ഹനിക്കാത്തവര്‍ 
  8. വ്യഭിചരിക്കാത്തവര്‍
  9. അസത്യത്തിനു സാക്ഷികളാവുകയോ കള്ളസാക്ഷ്യം നില്‍ക്കുകയോ ചെയ്യാത്തവര്‍
  10. അനാവശ്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നവര്‍ 
  11. നാഥന്റെ സൂക്തങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവര്‍ 
  12. നല്ല ഇണകളെയും സന്താനങ്ങളെയും ലഭിക്കുവാന്‍ വേണ്ടി  പ്രാര്‍ഥിക്കുന്നവര്‍
മേല്‍ പറഞ്ഞതില്‍ ഒരു മനുഷ്യന്റെ ജീവിതത്തില്‍ മുഴുവന്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ സ്പര്‍ശിച്ചിട്ടുണ്ട്. ഇവയെല്ലാം ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന മറ്റു കാര്യങ്ങളെ പ്രതിനിധീകരിക്കുന്നു. പെരുമാറ്റം, ആരാധന, സാമൂഹികം, സാമ്പത്തികം തുടങ്ങിയ കാര്യങ്ങളെല്ലാം ഇതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. എന്നാല്‍ പൊതുവില്‍ അല്ലാഹുവിന്റെ ദാസന്‍ എന്ന പദം കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി വരിക സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും അകന്നു നീണ്ട താടിയും പച്ച വസ്ത്രങ്ങളും തസ്ബീഹ്   മാലയുമായി ഏതെങ്കിലും സ്ഥലത്ത് ചടഞ്ഞു കൂടിയിരിക്കുന്ന ഒരു വ്യക്തിയായിരിക്കും. അങ്ങനെയൊരു സങ്കല്പ്പമേ ഇസ്ലാമില്‍ ഇല്ല. സമൂഹത്തോടും സ്വന്തത്തോടും കുടുംബത്തോടുമുള്ള ബാധ്യതകള്‍ മറന്നു വെറും ദിക്റുകളുമായി നടക്കുന്ന അത്തരം കപടന്മാരെയാണ് നിര്‍ഭാഗ്യവശാല്‍ ഇസ്ലാമിന്റെ പ്രതീകമായി സമൂഹം മനസ്സിലാക്കുനത്. 'അനാവശ്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന' ഭക്തന്‍ എന്ന് അയാളെ പുകഴ്ത്തുമ്പോള്‍ 'ആവശ്യങ്ങളില്‍ നിന്നും അയാള്‍ അകലുന്നു' എന്ന കാര്യം ചിന്തിക്കുന്നേയില്ല. കള്ളസാക്ഷ്യം പറയാത്തവന്‍ എന്ന് പുകഴ്ത്തുമ്പോള്‍ സത്യത്തിനു സാക്ഷിയാവുന്നുണ്ടോ അയാള്‍ എന്ന് അന്വേഷിക്കുന്നില്ല. നല്ല  ഇണകളെയും സന്താനങ്ങളെയും ലഭിക്കുവാന്‍ വേണ്ടി  പ്രാര്‍ഥിക്കണം എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുമ്പോള്‍ ഇവരില്‍ പലരും ചെയ്യുന്നത് കുടുംബം ഉപേക്ഷിച്ചു ഭാര്യയേയും മക്കളെയും വഴിയാധാരമാക്കി പോവുകയാണ്. അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുക എന്ന്  പറയുമ്പോള്‍ ഇവരുടെ സങ്കേതം അജ്മീറും നാഗൂരും മമ്പുറവുമൊക്കെയാണ്. 
എന്തായാലും ഇത്തരം വഴികേടുകളല്ല ഇസ്ലാം എന്നും യഥാര്‍ത്ഥ ദാസന്‍ ആരാണെന്നും തിരിച്ചറിഞ്ഞു നാം ജീവിക്കുക. മുകളില്‍ പറഞ്ഞ ഗുണങ്ങളുള്ള ഇബാദ്റഹ്മാന്‍ ആകുവാന്‍ നാം പരിശ്രമിക്കുക. 

1 comment:

  1. 'ഞങ്ങളുടെ നാഥാ, ഞങ്ങളെ നരക ശിക്ഷയില്‍ നിന്നും മോചിപ്പിക്കേണമേ.. അതിലെ ശിക്ഷ വിട്ടു മാറാത്തതാകുന്നു. തീര്‍ച്ചയായും അത് അതിദുഷ്ടമായ പാര്‍പ്പിടവും താവളവുമല്ലോ

    ReplyDelete

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...