Tuesday, May 29, 2012

മോഹന്‍ലാല്‍ , താങ്കള്‍ക്ക് അര്‍ഹതയില്ല അതു പറയാന്‍.....


യിടെ തന്റെ ബ്ലോഗിലൂടെ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ പങ്കുവെച്ച ചിന്തകളും അനുഭവങ്ങളും നന്മയാഗ്രഹിക്കുന്ന ആരും സമ്മതിക്കുകയും ജീവിതത്തില്‍ നടപ്പാക്കേണ്ടതുമായ കാര്യങ്ങളാണ്. ആരെങ്കിലും അതിനെ നിഷേധിക്കുമെന്ന് തോന്നുന്നില്ല. രക്തദാനവും രണ്ടു അമ്മമാരുടെ കഥയുമൊക്കെ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു.
പക്ഷെ.......



അദ്ദേഹത്തിന്‍റെ ഈ വരികള്‍ കാണൂ....
"കൊല്ലുകയും കൊല്ലിക്കയും ചെയ്യുന്നവര്‍ പൊറുക്കുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ മടി തോന്നുന്നു, പേടി തോന്നുന്നു, മടുപ്പ് തോന്നുന്നു..... കേരളം ഒരു ഭ്രാന്താലയമായി മാറുകയാണോ?" 
അതെ! തീര്‍ച്ചയായും അങ്ങനെ തന്നെയാണ്. പക്ഷെ ഇവ്വിധം ധാര്‍മികരോഷം കൊള്ളാന്‍ താങ്കള്‍ക്ക് അര്‍ഹതയുണ്ടോ എന്ന ചോദ്യം തീര്‍ച്ചയായും പ്രസക്തമാണ്. 
മോഹന്‍ലാലിന്‍റെ സിനിമാജീവിതവും 'പരസ്യ'ജീവിതവും പരിശോധിക്കുമ്പോള്‍ സാമാന്യബുദ്ധിയുള്ള ഒരാള്‍ക്ക് മനസ്സിലാവുന്ന ഒരു വസ്തുതയുണ്ട്. സമൂഹത്തിലുള്ള തിന്മകളുടെ മൂലകാരണങ്ങളെ  പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ലാല്‍ മിക്ക സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുള്ളത്. 


ഇന്നത്തെ കല നാളത്തെ നിയമവും ജീവിതരീതിയുമായി മാറുമെന്നത് അനുഭവസത്യമാണ്. പ്രത്യേകിച്ച് സിനിമ. അത്രയ്ക്ക് സ്വാധീനശക്തി സിനിമക്കുണ്ട്. സന്ദേശങ്ങള്‍ -അതു  നല്ലതോ ചീത്തയോ ആവട്ടെ- ഏറ്റവും ഫലവത്തായി വ്യക്തിയിലേക്കും സമൂഹത്തിലേക്കും പ്രസരിപ്പിക്കാന്‍ സിനിമയേക്കാള്‍ മികച്ച മാധ്യമം ഉണ്ടോ എന്നത് സംശയമാണ്. അപ്പോള്‍ ഒരു സിനിമാനടന് നല്ല സന്ദേശങ്ങളെ പ്രസരിപ്പിക്കാന്‍ ബാധ്യതയുണ്ട്. ചുരുങ്ങിയത്‌ ചീത്ത സന്ദേശങ്ങളെ പ്രസരിപ്പിക്കാതിരിക്കാനുള്ള ബാധ്യതയെങ്കിലും ഉണ്ട്. ഇക്കാര്യത്തില്‍ ലാല്‍ തികഞ്ഞ പരാജയമാണ്. (ബാക്കിയുള്ള നടന്‍മാര്‍ ഉഷാറാണ് എന്ന് ഇപ്പറഞ്ഞതിന് അര്‍ത്ഥമില്ല). 


മോഹന്‍ ലാല്‍ അവതരിപ്പിച്ചിട്ടുള്ള ഒട്ടേറെ കഥാപാത്രങ്ങള്‍ സമൂഹത്തിലെ ഒന്നാന്തരം തെമ്മാടികളുടെയും ഗുണ്ടകളുടെയും പ്രതിനിധാനമാണ്. വളിപ്പന്‍ ഡയലോഗും കൊണ്ട് വരുന്ന അത്തരം കഥാപാത്രങ്ങളുടെ ജീവിതരീതി തന്നെ മദ്യം, പെണ്ണ്, അഴിഞ്ഞാട്ടം, തുടങ്ങിയവയാണ്. പ്രസ്തുത റോളുകള്‍ നായകന്‍ ചെയ്യുമ്പോള്‍ നന്മയുടെ പ്രതീകമായും   പ്രതിനായകന്‍ ചെയ്യുമ്പോള്‍ തിന്മയായും പ്രേക്ഷകര്‍ കരുതുന്നു. നല്ല മലം, ചീത്ത മലം എന്നൊക്കെ പറയുംപോലെ!! നിരന്തരം ഈ കഥാപാത്രങ്ങള്‍ നമ്മുടെ മുമ്പില്‍ വരുമ്പോള്‍ അറിയാതെ അത് നമ്മുടെ ജീവിതരീതിയായും നന്മയായും മാറുന്നു. 


സമൂഹത്തില്‍ തിന്മകള്‍ സൃഷ്ടിക്കുന്ന ഏറ്റവും വലിയ കാരണങ്ങളില്‍ ഒന്നാണ് മദ്യം. 'തിന്മകളുടെ മാതാവ് ' എന്നാണു മദ്യത്തെ പ്രവാചകന്‍ വിശേഷിപ്പിച്ചത്‌. വ്യാഖ്യാനം ആവശ്യമില്ലാത്ത വിധം അതു വ്യക്തമാണെന്ന് ആരും സമ്മതിക്കും. ചുറ്റുപാടിലേക്കൊന്നു ഗൗരവപൂര്‍വം നോക്കിയാല്‍ മാത്രം മതി. ഇന്ന് കേരളക്കരയില്‍ ഇത്രയധികം മദ്യപാനികളെ സൃഷ്ടിച്ചത് ആരാണ്? സിനിമക്ക് അതില്‍ ഒരു പങ്കില്ലേ? മോഹന്‍ലാല്‍ എന്ന നടനും പങ്കില്ലേ? എനിക്ക് തോന്നുന്നത് മദ്യത്തെ ഇത്രയധികം ആഘോഷിച്ച നടന്‍ ലാലായിരിക്കുമെന്നാണ്. അദ്ദേഹത്തിന്‍റെ സിനിമകളിലെ ആവര്‍ത്തനവിരസമായ കഥാപാത്രങ്ങള്‍ മുഴുവനും പലരീതിയില്‍ , പലതരത്തിലുള്ള, പല വീര്യത്തിലുള്ള മദ്യം പല അളവുകളില്‍ മത്സരിച്ചു കുടിക്കുന്ന രംഗം നിരന്തരം കാണുന്നവര്‍ക്ക് മദ്യത്തെ പറ്റിയുള്ള ഗൌരവബോധം നഷ്ടമാവുകയും കുടിക്കാത്തവര്‍ കുടി തുടങ്ങുകയും മുമ്പേ കുടിക്കുന്നവര്‍ പുതിയ ബ്രാന്‍ഡുകള്‍ പരീക്ഷിച്ചു തുടങ്ങുകയും ചെയ്യുമെന്ന് മനസ്സിലാക്കാന്‍ PhD എടുക്കേണ്ട ആവശ്യമൊന്നുമില്ല. സിനിമകളിലെ ഈ വൃത്തികേടു പോരാഞ്ഞ് 'വൈകീട്ടും പരിപാടി' നടത്താന്‍ പരസ്യങ്ങളിലൂടെയും 'ബോധവല്‍ക്കരണം' നടത്തുന്ന ഈ നടനും നടന്റെ അമ്മയ്ക്കും എന്തുകൊണ്ട് ഇത് തെറ്റാണെന്ന് തോന്നുന്നില്ല? മദ്യം മനുഷ്യനെ മൃഗമാക്കുമെന്നു ഇവര്‍ക്കറിയില്ലേ? മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ വ്യക്തിയില്‍ മാത്രമല്ല കുടുംബത്തിലും സമൂഹത്തിലുമൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് LKG പിള്ളേര്‍ക്ക്‌ വരെ അറിയാം. അമ്മമാരെ ഇത്രമേല്‍ സ്നേഹിക്കുന്ന ലാല്‍ എന്ത് കൊണ്ട് മദ്യപാനം കൊണ്ട് തകര്‍ന്ന കുടുംബത്തിലെ അമ്മമാരുടെ കണ്ണീരിനെ കുറിച്ച് ചിന്തിക്കുന്നില്ല? അതല്ല അവരുടെ കണ്ണീരും മദ്യവും ഒരു പോലെയാണോ? (മദ്യാധിപത്യം എന്ന പോസ്റ്റ്‌ വായിക്കുക).


സമൂഹത്തിലെ തിന്മയുടെ മറ്റൊരു മൂലകാരണം ലൈംഗിക അരാജകത്വമാണ്. സമൂഹം ഇന്ന് നാണം മറക്കാന്‍ നാണിക്കുന്നു എന്ന അവസ്ഥയിലാണുള്ളത്. വസ്ത്രധാരണത്തിലെ ദാരിദ്ര്യം പീഡനങ്ങള്‍ക്ക് പിന്നിലെ വ്യക്തമായ ഒരു കാരണമാണ് (ചില 'പ്രദര്‍ശന'  രോഗികളും  ഞരമ്പുരോഗികളും ഇത് അംഗീകരിച്ചു കൊള്ളണമെന്നില്ല). ഇനി ഇന്നത്തെ സിനിമകളുടെ അവസ്ഥ നോക്കുക. കുടുംബസമേതം ഒരു വേവലാതിയുമില്ലാതെ കാണാന്‍ പറ്റുന്ന സിനിമ ഇന്നില്ല. ഇത്തരം വൃത്തികേടുകളില്‍ അഭിനയിക്കാന്‍ ലാലിന് വ്യക്തിപരമായി സ്വാതന്ത്ര്യമുണ്ട്. പക്ഷെ ബ്ലോഗില്‍ മലയാളികളെ കുറിച്ച് ക്രൂരന്മാരെന്നും ഭീകരന്മാരെന്നും പേടിയാവുന്നുവെന്നുമൊക്കെ എഴിതിവിടാന്‍ താങ്കള്‍ക്കു അവകാശമില്ല. കുത്തഴിഞ്ഞ ലൈംഗികത സിനിമകളിലൂടെ പ്രചരിപ്പിക്കുമ്പോള്‍ ആളുകള്‍ തിന്മയുടെ പ്രതീകങ്ങള്‍ ആവാതിരിക്കുമോ? ഗോവിന്ദചാമിമാര്‍ ഉണ്ടാകാതിരിക്കുമോ? 
ലാലിന് മറ്റൊരു പ്രത്യേകത കൂടി ഇക്കാര്യത്തില്‍ ഉണ്ട്. ലൈംഗികവൈകൃതങ്ങളുടെ ആചാര്യനായ ഓഷോ രജനീഷിന്റെ ആശയങ്ങളെ വാനോളം പുകഴ്ത്തിയ മനുഷ്യന്‍ കൂടിയാണ് ഇദ്ദേഹം. 


സമൂഹത്തില്‍ ഒട്ടേറെ പേരെ ആത്മഹത്യയിലേക്കും തകര്‍ച്ചയിലേക്കും നയിച്ച മറ്റൊരു തിന്മയാണ് പലിശ. കൊള്ളപ്പലിശക്കാരുടെ പരസ്യങ്ങളില്‍ അഭിനയിച്ചു കാശ് വാരുമ്പോള്‍ മറുവശത്ത് ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പണം കടം വാങ്ങി കുടുങ്ങിയ എത്രയോ പേരുണ്ട്. കാശുള്ളവരെ ആര്‍ത്തിയുടെ പിശാചുക്കളാക്കി മാറ്റുന്ന ഇത്തരം സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും എന്നിട്ട് സമൂഹം ചീത്തയാവുന്നതിനെ പറ്റി വേവലാതി പൂണ്ടിരിക്കുകയും ചെയ്യുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. 


സമൂഹവും അധികാരികളും എന്നും തിന്മകളുടെ അടിസ്ഥാന കാരണങ്ങളെക്കുറിച്ച് ഗൌരവത്തില്‍ ചിന്തിക്കുവാനും അതില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യാനും നിയമനിര്‍മ്മാണം നടത്താനും തയ്യാറാവുന്നില്ല. ആന്തരികമായ രോഗത്തിന് തൊലിപ്പുറത്ത് മാത്രം മരുന്ന് പുരട്ടുന്ന സമീപനം തുടരുകയാണെങ്കില്‍  കൊലപാതകങ്ങളും ആത്മഹത്യകളും പീഡനങ്ങളും മറ്റു കുറ്റകൃത്യങ്ങളും പൂര്‍വാധികം ശക്തി പ്രാപിക്കുകയെ ഉള്ളൂ... 
ഘട്ടം ഘട്ടമായുള്ള മദ്യനിരോധനം, കുറ്റകൃത്യങ്ങള്‍ക്ക് കഠിനമായ ശിക്ഷ നല്‍കുക, കല കലക്ക് വേണ്ടി എന്നതിന് പകരം കല ഒരു ഉത്തമസമൂഹത്തിന്റെ നിര്‍മ്മാണത്തിന് വേണ്ടി എന്ന നിലപാടിലേക്ക്‌ മാറുക തുടങ്ങിയ അടിസ്ഥാന ചികിത്സ കൊണ്ടേ സമൂഹം രക്ഷപ്പെടൂ. 

1 comment:

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...