മാനവകുലത്തിനു സമ്പൂര്‍ണ മാതൃകയാണ് പ്രവാചകന്‍ (സ). ഒരു ഉത്തമസമൂഹത്തെ വാര്‍ത്തെടുക്കാന്‍ നിയോഗിതനായ അദ്ദേഹം നേതൃഗുണങ്ങളില്‍ മാത്രമല്ല, അപാരമായ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉജ്ജ്വലമാതൃക കാണിച്ചതായി പ്രമാണങ്ങളും ചരിത്രവും നമ്മെ പഠിപ്പിക്കുന്നു. അതിന്റെ അനേകം ഉദാഹരണങ്ങളില്‍ ചിലത് വിശദീകരിക്കുകയാണ് ഇവിടെ.
പ്രവാചകനെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്:
"ലോകത്തിന് മുഴുവന്‍ കാരുണ്യമായിട്ടാണ് നിന്നെ നാം നിയോഗിച്ചത്'’(21: 107)
" തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്.'' (33:21)
"തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.''(68:4)
"നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവര്‍ നിന്റെ അടുക്കല്‍ വന്നാല്‍ നീ പറയുക: നിങ്ങള്‍ക്ക് സമാധാനമുണ്ടായിരിക്കട്ടെ. നിങ്ങളുടെ രക്ഷിതാവ് കാരുണ്യത്തെ തന്റെ മേല്‍ (ബാധ്യതയായി) നിശ്ചയിച്ചിരിക്കുന്നു. അതായത് നിങ്ങളില്‍ നിന്നാരെങ്കിലും അവിവേകത്താല്‍ വല്ല തിന്‍മയും ചെയ്തു പോകുകയും എന്നിട്ടതിന് ശേഷം പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്ന പക്ഷം അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (6:54)
"നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കു വേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. (അത്തരം) സല്‍കര്‍മകാരികളെ അല്ലാഹു സ്നേഹിക്കുന്നു. വല്ല നീചകൃത്യവും ചെയ്തുപോയാല്‍ , അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ ദുഷ് പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍. അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു!'' (3:133-136)
"തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.'' (9:128)
"നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക. പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവോട് ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.'' (7:199,200)
"(നബിയേ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൌമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്.'' (3:159)
ചില സംഭവങ്ങള്‍
- അലി(റ) പറയുന്നു: നബി(സ്വ) ഇപ്രകാരം പറഞ്ഞു: "നിന്നോട് ബന്ധം വിഛേദിച്ചവരോട് നീ ബന്ധം ചേര്‍ക്കുക. നിന്നോട് മോശമായി പ്പെരുമാറിയവരോട് നീ നല്ലരീതിയില്‍ വര്‍ത്തിക്കുക. സ്വന്തത്തിനെതിരായാല്‍ പോലും നീ സത്യം പറയുക.'' (ജാമിഉസ്സഗീര്‍ )
- നബി(സ്വ) പറഞ്ഞു: "ഏയ്! ആമിറിന്റെ പുത്രന്‍ ഉഖ്ബാ! താങ്കളോട് ബന്ധം മുറിച്ചവരോട് താങ്കള്‍ ബന്ധം ചേര്‍ക്കുക. താങ്കള്‍ക്ക് (നന്മ) തടഞ്ഞവര്‍ക്ക് താങ്കള്‍ (നന്മ) നല്‍കുക. താങ്കളോട് അന്യായം പ്രവര്‍ത്തിച്ചവര്‍ക്ക് താങ്കള്‍ മാപ്പ് നല്‍കുക''
- പ്രവാചകന്റെ അനുചരന്മാര്‍ പറയുന്നു: "നിശ്ചയം അദ്ദേഹമൊരു പരുഷ സ്വഭാവിയായിരുന്നില്ല. കഠിനഹൃദയനുമായിരുന്നില്ല. അങ്ങാടിയില്‍ ഒച്ചയിടുന്ന ഒരാളുമായിരുന്നില്ല. തിന്‍മയെ തിന്മ കൊണ്ടായിരുന്നില്ല അദ്ദേഹം എതിരേറ്റത്. മറിച്ച് വിട്ടുവീഴ്ച ചെയ്യുകയും മാപ്പു നല്‍കകയും ചെയ്യും''(ഹാക്കിം)
- ഒരിക്കല്‍ ഗ്രാമീണനായ ഒരാള്‍ പ്രവാചകന്‍(സ്വ) യുടെ പള്ളിയുടെ ഒരു മൂലയില്‍ മൂത്രമൊഴിച്ചു. ഇതുകണ്ട അനുചരന്മാര്‍ ആക്രോശങ്ങളുമായി അയാളുടെ അടുക്കലേക്കോടാനൊരുങ്ങി. നബി(സ്വ) അവരെ തടഞ്ഞുകൊണ്ടു പറഞ്ഞു: എളുപ്പമുണ്ടാക്കാനാണ് നിങ്ങള്‍ നിയുക്തരായിട്ടുള്ളത്. ഞെരുക്കമുണ്ടാക്കാനല്ല. അയാള്‍ മൂത്രമൊഴിച്ചു കഴിഞ്ഞപ്പോള്‍ ഒരു ബക്കറ്റ് വെള്ളമെടുത്ത് അവിടം ശുദ്ധിയാക്കാന്‍ നബി അനുചരന്മാരോട് നിര്‍ദേശിച്ചു. എന്നിട്ട് അയാളോട് പറഞ്ഞു: ഇത് പടച്ചവനെ ആരാധിക്കാനായി പടുത്തുയര്‍ത്തിയിട്ടുള്ള ആരാധനാലയമാണ്. ഇവിടെ മലമൂത്രവിസര്‍ജനം പാടുള്ളതല്ല. പ്രവാചകന്‍ (സ്വ) യുടെ വിട്ടുവീഴ്ചയുടെയും കാരുണ്യത്തിന്റെയും പ്രതികരണം അനുഭവിച്ചറിഞ്ഞ അയാള്‍ പിന്നീട് പ്രവാചകാനുയായി മാറി.
- ഒരിക്കലൊരു ചെറുപ്പക്കാരന്‍ പ്രവാചകസന്നിധിയിലെത്തി. പ്രവാചകന്‍(സ്വ)യുടെ എല്ലാ കല്‍പനകളും അനുസരിച്ചുകൊള്ളാമെന്ന് പ്രഖ്യാപിച്ച അയാള്‍ വ്യഭിചരിക്കാന്‍ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. അതൊഴിവാക്കാന്‍ തനിക്കാവുന്നില്ല എന്നതാണ് അയാളുടെ പ്രശ്നം. ആളുകള്‍ അയാള്‍ക്കെതിരെ ആക്രോശിച്ചു. നബി(സ്വ) അയാളെ വിളിച്ചിരുത്തി സൌമ്യമായി ചോദിച്ചു. "നിന്റെ മാതാവിനെ ആരെങ്കിലും വ്യഭിചരിക്കുന്നതിനെ നീ ഇഷ്ടപ്പെടുമോ? അയാള്‍ പറഞ്ഞു: അല്ലാഹുവാണ, ഇല്ല. നബി(സ്വ) പറഞ്ഞു: അപ്രകാരം തന്നെയാണ് മറ്റ് മനുഷ്യരും. അവരുടെ മാതാപിതാക്കള്‍ക്കത് ഇഷ്ടപ്പെടില്ല. വീണ്ടും നബി(സ്വ) ചോദിച്ചു. നീ നിന്റെ മകള്‍ക്കത് ഇഷ്ടപ്പെടുമോ? അയാള്‍ പറഞ്ഞു: അല്ലാഹുവാണെ ഇല്ല. ജനങ്ങളാരും അവരുടെ പെണ്‍മക്കള്‍ക്കത് ഇഷ്ടപ്പെടില്ല. നീ നിന്റെ സഹോദരിക്ക് അത് തൃപ്തിപ്പെടുമോ? അയാള്‍ പറഞ്ഞു: "ഇല്ല'' പ്രവാചകന്‍(സ്വ) പറഞ്ഞു: അപ്രകാരം തന്നെയാണ് ജനങ്ങള്‍ അവരുടെ സഹോദരിമാര്‍ക്കും അതിഷ്ടപ്പെടില്ല. നീ നിന്റെ പിതൃസഹോദരിക്കതിഷ്ടപ്പെടുമോ? അയാള്‍ പറഞ്ഞു: അല്ലാഹുവാണ, ഇല്ല. ജനങ്ങളും അങ്ങനെതന്നെയാണ്. അതിഷ്ടപ്പെടില്ല. നീ നിന്റെ മാതൃസഹോദരിക്കത് ഇഷ്ടപ്പെടുമോ? അയാള്‍ പറഞ്ഞു: "പടച്ചവന്‍ സത്യം, ഒരിക്കലുമില്ല.'' ജനങ്ങളവരുടെ മാതൃസഹോദരിമാര്‍ക്കും അതിഷ്ടപ്പെടുകയില്ല. ശേഷം നബി(സ്വ) അയാളുടെ കൈപിടിച്ച് അയാള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. പിന്നീടയാള്‍ യാതൊരു തെറ്റിലേക്കും പോയില്ല. (ഇമാം മുസ്നദ് അഹ്മദ്)
- റസൂല്‍ (സ്വ) പറഞ്ഞു: "സ്ത്രീകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് വാരിയെല്ലു കണക്കെയാണ്. അതിനെ നീ പൊടന്നുനെ നേരെയാക്കാന്‍ ശ്രമിച്ചാല്‍ അത് പൊട്ടും. വെറുതെ വിട്ടാലോ വളഞ്ഞു തന്നെയിരിക്കും. അതിനാല്‍ സ്ത്രീകളോട് മാന്യമായ രൂപത്തില്‍ നന്മ ഉപദേശിക്കുക.'' (ബുഖാരി)
- സ്ത്രീകളെ പളുങ്കുപാത്രത്തോടുപമിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു. "പളുങ്കുപാത്രങ്ങളോട് നിങ്ങള്‍ മയത്തോടെ പെരുമാറുക'' (ബുഖാരി, മുസ്ലിം)
- ഒരിക്കല്‍ നബി(സ്വ) ആഇശ (റ) യുടെ അടുക്കലായിരിക്കെ അദ്ദേഹത്തിന് മറ്റു ഭാര്യമാരിലൊരാളുടെ അടുക്കല്‍ നിന്ന് ഒരു പളുങ്കുപാത്രത്തില്‍ പലഹാരം കൊണ്ടുവന്നു. ആഇശ(റ)ക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. നബി(സ്വ)ക്ക് കൊണ്ടുവന്ന ഭക്ഷണപാത്രം ആഇശ(റ) യുടെ കയ്യില്‍ നിന്ന് നിലത്തുവീണുടഞ്ഞു. ഉടനെ ക്ഷിപ്രകോപിയായി പൊട്ടിത്തെറിക്കകയായിരന്നില്ല പ്രവാചകന്‍. മറിച്ച്, വളരെ പക്വവും മാന്യവുമായ രൂപത്തിലുള്ള പ്രവാചകന്റെ പ്രതികരണം പത്നി ആഇശ(റ) തന്നെ നമുക്ക് പറഞ്ഞു തരുന്നത് സ്വഹീഹുല്‍ ബുഖാരിയില്‍ കാണാം.
- ഒരിക്കല്‍ യാത്രയില്‍ നോമ്പെടുത്ത് ക്ഷീണിച്ച സ്വഹാബത്തിനോട് നോമ്പ് ഒഴിവാക്കാന്‍ പ്രവാചകന്‍ (സ്വ) ഉപദേശിച്ചിട്ടും ഒഴിവാക്കാന്‍ കൂട്ടാക്കിയില്ല. അവസാനം നബി(സ്വ) തന്നെ സ്വയം നോമ്പ് മുറിച്ച് ആശ്വാസം പകര്‍ന്നു.
ഈ വിഷയത്തില്‍ കൂടുതല്‍ അറിയാന്‍ കാരുണ്യമാണ് ഇസ്ലാം എന്ന പോസ്റ്റ് വായിക്കുക
ബ്ലോഗില്‍ എന്താ ഫോളോവര്‍ ഗാട്ജെറ്റ് കൊടുക്കാത്തത് ?
ReplyDeleteഅത് നല്‍കൂ.. എന്നാലല്ലേ ബ്ലോഗ് കൂടുതല്‍ സജീവമാകൂ....
നല്ല ഉദ്യമം ആശംസകള്‍...
ഹൃദയം നിറഞ്ഞ നന്ദി സുഹൃത്തെ..
Deleteഎന്താണെന്നറിയില്ല, ഫോളോവെര്‍സ് ഗാട്ജെറ്റ് ഇതില്‍ തെളിയുന്നില്ല. ആദ്യം ഉണ്ടായിരുന്നു.