സ്ത്രീയുടെയും പുരുഷന്റെയും പ്രകൃതിപരമായ വ്യത്യാസം പരിഗണിക്കാതെയുള്ള സ്ത്രീ-പുരുഷ സമത്വവാദം ഇസ്ലാം അംഗീകരിക്കുന്നില്ല. എന്നാല്‍ ഈ യാഥാര്‍ത്ഥ്യത്തെ വെല്ലുവിളിച്ചു കൊണ്ട് മതവിരുദ്ധര്‍ കൊണ്ടുവന്ന പരിഷ്ക്കരണങ്ങളും ജീവിതരീതികളും പലതരത്തിലുള്ള അനര്‍ത്ഥങ്ങളും മൂല്യനിരാസങ്ങളും സമൂഹത്തില്‍ സൃഷ്ടിക്കുകയുണ്ടായി. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ചിലരെങ്കിലും ഈ വസ്തുത തിരിച്ചറിഞ്ഞിട്ടുണ്ട്. അതിലൊരാളാണ് സോവിയറ്റ് യൂണിയന്‍ ഭരണാധികാരിയായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ്. അദ്ദേഹം പറയുന്നത് കാണുക:
"ഞങ്ങളുടെ വിഷമകരവും വീരോചിതവുമായ ചരിത്രത്തിന്റെ വര്‍ഷങ്ങളില്‍ അമ്മയെന്ന നിലയിലും ഗൃഹനായികയെന്ന നിലയിലും സ്വന്തം കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുകയെന്ന ഒഴിച്ച് കൂടാനാവാത്ത ജോലിയും സ്ത്രീകള്‍ക്കുള്ള സ്ഥാനത്ത് നിന്ന് ഉയര്‍ന്നു വരുന്ന സ്ത്രീകളുടെ പ്രത്യേകാവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഗണന നല്‍കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ശാസ്ത്രീയ ഗവേഷണങ്ങളില്‍ ഏര്‍പ്പെടുകയും നിര്‍മാണസ്ഥലങ്ങളിലും ഉല്‍പ്പാദനങ്ങളിലും സേവനതുറകളിലും പണിയെടുക്കുകയും സര്‍ഗാത്മകപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നതിനാല്‍ സ്ത്രീകള്‍ക്ക് വീട്ടില്‍ അവരുടെ ദൈനം ദിന കടമകള്‍ നിര്‍വഹിക്കാന്‍ - വീട്ടുജോലി, കുട്ടികളെ വളര്‍ത്തല്‍ , നല്ല കുടുംബാന്തരീക്ഷം സൃഷ്ടിക്കല്‍ - മതിയായ സമയം കിട്ടാതെ വരുന്നു. ഞങ്ങളുടെ പല പ്രശ്നങ്ങള്‍ക്കും - കുട്ടികളുടെയും യുവജനങ്ങളുടെയും പെരുമാറ്റങ്ങളുടെ ധാര്മികമൂല്യങ്ങളിലും സംസ്ക്കാരത്തിലും ഉല്‍പ്പാദനത്തിലുമുള്ള പ്രശ്നങ്ങള്‍ക്ക്- ഭാഗികമായ കാരണം ദുര്‍ബലമാകുന്ന കുടുംബ ബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്തങ്ങളോടുള്ള തണുത്ത സമീപനവുമാണെന്നു ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. എല്ലാ കാര്യത്തിലും സ്ത്രീയെ പുരുഷന് തുല്യമാക്കണമെന്ന ഞങ്ങളുടെ ആത്മാര്‍ഥവും രാഷ്ട്രീയമായി നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ് ഈ വിരോധാഭാസം. ഇപ്പോള്‍ പെരിസ്ട്രോയിക്കയുടെ പ്രക്രിയയില്‍ ഈ കുറവ് ഞങ്ങള്‍ തരണം ചെയാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ക്ക് സ്ത്രീകളെന്ന നിലക്കുള്ള അവരുടെ തനിയായ ദൌത്യത്തിലേക്ക് മടങ്ങാന്‍ സാധ്യമാക്കുന്നതിന് എന്ത് ചെയ്യണമെന്ന പ്രശ്നത്തെ പറ്റി പത്രങ്ങളിലും പൊതുസംഘടനകളിലും തൊഴില്‍ സ്ഥലത്തും വീട്ടിലും ഇപ്പോള്‍ ചൂട് പിടിച്ച വാദപ്രതിവാദങ്ങള്‍ നടക്കുന്നത് അതിനാലാണ്. (പെരിസ്ട്രോയിക്ക, മലയാളം വിവര്‍ത്തനം, പുറം 139, 140. ഉദ്ധരണം: മുഹമ്മദ് നബിയും യുക്തിവാദികളും, ശൈഖ് മുഹമ്മദ് കാരക്കുന്ന്, IPH)
No comments:
Post a Comment
ഇനി നിങ്ങളുടെ ഊഴം