Friday, May 18, 2012

മുഹമ്മദ് നബി: നിഷ്പക്ഷര്‍ വിലയിരുത്തട്ടെ


ലോകത്ത് ഏറ്റവുമധികം വിമര്‍ശിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത വ്യക്തിത്വം ഇസ്ലാമിന്റെ അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ നബിയാണ്. അന്ധമായ പക്ഷപാതിത്വവും വിരോധവുമാണ്‌ പലരുടെയും വിമര്‍ശനത്തിന്റെ അടിസ്ഥാനമെങ്കില്‍ മറ്റു ചിലരുടെത് തെറ്റിധാരണ മൂലം ഉടലെടുത്തതാണ്.
എന്തായാലും ലോകത്ത് പ്രവാചകനെ നിഷ്പക്ഷമായി വിലയിരുത്തിയവരും ധാരാളമുണ്ട്. അവരില്‍ ചിലരുടെ അഭിപ്രായങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.


സ്റ്റാന്‍ലി ലെയ്ന്‍ പൂള്‍ 

ഭാവനയുടെയും മാനസികൗന്നത്യത്തിന്റെയും ആര്‍ദ്രതയുടെയും വികാര നൈര്‍മല്യത്തിന്റെയും ബൃഹത്ശക്തികളാല്‍ അനുഗ്രഹീതനായിരുന്നു അദ്ദേഹം.

മറക്കു പിന്നിലെ കന്യകയേക്കാള്‍ ലജ്ജാശീലനായിരുന്നു അദ്ദേഹം എന്ന് അദ്ദേഹത്തെ കുറിച്ച് പറയാറുണ്ടായിരുന്നു. തന്നേക്കാള്‍ താഴെയുള്ളവരോട് വളരേയേറെ വിട്ടുവീഴ്ച്ചയുള്ളവനായിരുന്നു....

'പത്തു വര്‍ഷത്തോളം ഞാനദ്ദേഹത്തെ പരിചരിക്കുകയുണ്ടായി. ഒരിക്കലും 'ഛെ' എന്നുപോലും അദ്ദേഹം എന്നോട് പറഞ്ഞിരുന്നില്ല'' അനസ് പറഞ്ഞു. തന്റെ കുടുംബത്തോട് വളരെ വത്സലനായിരുന്നു അദ്ദേഹം. ഒരു കൊല്ലന്റെ ഭാര്യയായിരുന്ന വളര്‍ത്തമ്മയുടെ പുക നിറഞ്ഞ കുടിലില്‍ വെച്ച്, തന്റെ മാറില്‍ കിടന്നാണു അദ്ദേഹത്തിന്റെ ഒരു മകന്‍ മരണപ്പെട്ടത്. കുട്ടികളെ വളരെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. അവരെ വഴിയില്‍ പിടിച്ചു നിര്‍ത്തി തലോടുമായിരുന്നു. ജീവിതത്തിലൊരിക്കലും ആരെയും അദ്ദേഹം അടിച്ചിട്ടില്ല. 'അയാള്‍ക്കെന്തു പറ്റി? അയാളുടെ നെറ്റിയില്‍ മണ്ണു പുരളട്ടെ'' എന്നായിരുന്നു അദ്ദേഹം നടത്താറുണ്ടായിരുന്ന പരമാവധി അധിക്ഷേപം. ആരെയോ ശപിക്കാന്‍ അദ്ദേഹത്തോടാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ശപിക്കാനല്ല, മനുഷ്യസമുദായത്തിനു അനുഗ്രഹമായിട്ടാണു ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്.'' അദ്ദേഹം രോഗിയെ സന്ദര്‍ശിച്ചു, താന്‍ കണ്ട ഏതു ശവമഞ്ചത്തേയും അനുഗമിച്ചു. രാത്രിഭക്ഷണത്തിനു ഒരടിമയുടെ ക്ഷണം സ്വീകരിച്ചു, സ്വന്തം വസ്ര്തങ്ങള്‍ തുന്നി, ആടുകളുടെ പാല്‍ കറന്നു....

'തന്റെ സംരക്ഷണത്തിലുള്ളവരുടെ ഏറ്റവും വിശ്വസ്തനായ രക്ഷിതാവായിരുന്നു അദ്ദേഹം. സംഭാഷണത്തില്‍ ഏറ്റവും മധുരോദാരനും. കണ്ടവര്‍ അദ്ദേഹത്തെ അതിരറ്റു ആദരിച്ചു; കേട്ടവര്‍ അദ്ദേഹത്തെ സ്‌നേഹിച്ചു. അദ്ദേഹത്തെ വര്‍ണിച്ച് അവര്‍ പറയുമായിരുന്നു: 'അദ്ദേഹത്തെ പോലെ ഒരാളെ ഞാന്‍ മുമ്പോ പിമ്പോ കണ്ടിട്ടില്ല.'' അദ്ദേഹം മൗനഗംഭീരനായിരുന്നു. എന്നാല്‍ സംസാരിക്കുമ്പോള്‍ വാചാലനും വാക്ചതുരനുമായി. അദ്ദേഹം പറഞ്ഞത് ആര്‍ക്കും മറക്കാന്‍ കഴിയുമായിരുന്നില്ല.
(The speeches and table-talks of the prophet Muhammed. London 1882. Introduction, pp 27-29, by Stanely Lanepoole)

ജോണ്‍ വില്യം ഡ്രാപര്‍ 

'ജസ്റ്റീനിയന്റെ ചരമത്തിനു നാലു വര്‍ഷങ്ങള്‍ക്കു ശേഷം എ.ഡി 569-ല്‍ മനുഷ്യവംശത്തില്‍ മറ്റാരേക്കാളും മഹത്തായ സ്വാധീനം ചെലുത്തിയ മനുഷ്യന്‍, അറേബ്യയിലെ മക്കയില്‍ ഭൂജാതനായി. ഒന്നിലധികം തവണ സാമ്രാജ്യങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിച്ച ഗുണവിശേഷങ്ങളുടെ സമന്വയം മുഹമ്മദിനുണ്ടായിരുന്നു..... ആ ശാശ്വത സത്യത്തെ ഊന്നിപ്പറയവെ, അദ്ദേഹം വ്യര്‍ഥമായ പ്രകൃത്യതീത ശാസ്ര്തലോകത്ത് വിഹരിച്ചില്ല. പ്രത്യുത, ആത്മ സംശുദ്ധിയോടുള്ള ആദരവും സംയമനവും വ്രതവും പ്രാര്‍ഥനയും വ്യവസ്ഥപ്പെടുത്തുക വഴി തന്റെ ജനതയുടെ സാമൂഹിക സ്ഥിതി മെച്ചപ്പെടുത്താനും അദ്ദേഹം സ്വയം അര്‍പ്പിച്ചു. മറ്റെല്ലാ പ്രവൃത്തിക്കും ഉപരിയായി അദ്ദേഹം സഹായത്തിനും ദാനത്തിനും വില കല്പ്പിച്ചു...''
(A History of the intellectual development of Europe, London 1875, Vol.1. pp 329-330 John William Draper M.D; L.L)



തോമസ് കാര്‍ലൈല്‍

'മുഹമ്മദിനെ കുറിച്ച് എന്തെല്ലാം പറയാന്‍ കഴിഞ്ഞാലും അദ്ദേഹം ഒരു വികാര ജീവിയായിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ആസ്വാദനങ്ങളില്‍ ഉല്‍സുകനായ വെറും വിഷയാസക്തനായിരുന്നു ഈ മനുഷ്യനെന്നു നാം കരുതുകയാണെങ്കില്‍ നമുക്ക് വലുതായ അബദ്ധം പിണയും.അദ്ദേഹത്തിന്റെ ഗൃഹജീവിതം അങ്ങേയറ്റം മിതവ്യയാധിഷ്ഠിതമായിരുന്നു. ഗോതമ്പു റൊട്ടിയും വെള്ളവുമായിരുന്നു അദ്ദേഹത്തിന്റെ സാധാരണ ഭക്ഷണം. ചിലപ്പോള്‍ മാസങ്ങളോളം അദ്ദേഹത്തിന്റെ അടുപ്പില്‍ തീ പുകയാറുണ്ടായിരുന്നില്ല. തന്റെ പാദരക്ഷകള്‍ അദ്ദേഹം സ്വയം തുന്നിയതും വസ്ര്തങ്ങള്‍ കഷ്ണം വെച്ചതും അവര്‍ അഭിമാനപൂര്‍വം രേഖപ്പെടുത്തുന്നു...... താന്‍ സ്വയം തുന്നിയ കോട്ട് ധരിച്ച ഈ മനുഷ്യന്‍ അനുസരിക്കപ്പെട്ട പോലെ ഒരു ഒരു ചക്രവര്‍ത്തിയും അനുസരിക്കപ്പെടുകയുണ്ടായില്ല. പരുഷവും യാഥാര്‍ത്യവുമായ പരിശൊധനയുടെ 23 വര്‍ഷങ്ങള്‍ക്കുള്ളില്‍, എനിക്കാവശ്യമായ ഒരു യഥാര്‍ത്ഥ ഹീറോവിനെ ഞാന്‍ കണ്ടെത്തുന്നു.
(On Heroes, Hero-Worship and Heroic in History, London 1888; p.61 Thomas Carlyle)



മഹാത്മാഗാന്ധി

'ഇന്ന് മനുഷ്യവര്‍ഗത്തിലെ ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ നിര്‍വിവാദമായ ആധിപത്യം പുലര്‍ത്തുന്ന ഒരാളുടെ ജീവിതത്തിന്റെ ഏറ്റവും ഉത്തമമായ വശം അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു.... അക്കാലത്ത്, ജീവിതത്തിന്റെ സരണിയില്‍ ഇസ്ലാമിനൊരു സ്ഥാനം നേടിക്കൊടുത്തത് ഖഡ്ഗമായിരുന്നില്ല എന്ന് മുമ്പത്തേക്കാളും എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. പ്രവാചകന്റെ അചഞ്ചലമായ ലാളിത്യവും, ഉദാത്തമായ ആത്മലയവും, പ്രതിജ്ഞകളോടുള്ള സുദൃഢമായ പ്രതിബദ്ധതയും കൂട്ടുകാരോടും അനുയായികളോടുമുള്ള മഹത്തായ അര്‍പ്പണവും നിര്‍ഭയത്വവും ദൈവത്തിലും സ്വന്തം ദൗത്യത്തിലുമുള്ള പരമമായ വിശ്വാസവുമായിരുന്നു, ഖഡ്ഗം ആയിരുന്നില്ല എല്ലാറ്റിനെയും അവരുടെ മുമ്പിലേക്ക് നയിച്ചതും എല്ലാ തടസ്സങ്ങളെയും അതിജീവിക്കാന്‍ സഹായിച്ചതും.
(Young India, quoted in The Light, Lahore, 16th sept. 1924)



വാഷിംഗ്ടണ്‍ ഇര്‍വിംഗ്

'അദ്ദേഹത്തിന്റെ സൈനികവിജയങ്ങള്‍ അഹന്തയോ ദുരഭിമാനമോ ഉയര്‍ത്തുകയുണ്ടായില്ല. സ്വാര്‍ഥ താല്പ്പര്യങ്ങള്‍ക്കു വേണ്ടിയായിരുന്നു അവ നേടിയെടുത്തിരുന്നതെങ്കില്‍ അങ്ങനെ സംഭവിക്കേണ്ടതായിരുന്നു. തനിക്കേറ്റവും വലിയ അധികാരം ലഭ്യമായ കാലത്തും അതില്ലാതിരുന്ന കാലത്തെ സ്വഭാവ ലാളിത്യവും ഭാവവും അദ്ദേഹം നിലനിറുത്തി. താന്‍ ഒരു മുറിയില്‍ പ്രവേശിച്ചാല്‍ ബഹുമാനത്തിന്റെ അസാധാരണമായ വല്ല ആചാരവും പ്രകടിപ്പിക്കപ്പെട്ടാല്‍ അദ്ദേഹം അസന്തുഷ്ടനയിരുന്നു. സാര്‍വ്വലൗകികമായ ആധിപത്യം അദ്ദേഹം ഉദ്ദേശിച്ചുവെങ്കില്‍ അത് വിശ്വാസത്തിന്റെ ആധിപത്യം മാത്രമായിരുന്നു. തന്റെ പക്കല്‍ വളര്‍ന്നുവന്ന താല്ക്കാലികമായ അധികാരം യാതൊരു നാട്യവുമില്ലാതെയാണദ്ദേഹം ഉപയോഗിച്ചത്. അതിനാല്‍, തന്റെ കുടുംബത്തില്‍ അതു നിലനിര്‍ത്താന്‍ ഒരു നടപടിയും അദ്ദേഹം സ്വീകരിക്കുകയുണ്ടായില്ല.
(Mahomet And His Successors, London 1909, p.19, Washington Irving)



ലാമാര്‍ട്ടിന്‍

'ലക്ഷ്യത്തിന്റെ മാഹാത്മ്യവും ഉപാധികളുടെ പരിമിതിയും അമ്പരിപ്പിക്കുന്ന ഫലങ്ങളുമാണ് മനുഷ്യപ്രതിഭയുടെ 3 ഉരകല്ലുകളെങ്കില്‍ ആധുനിക ചരിത്രത്തില്‍ വല്ല് മഹാനെയും മുഹമ്മദിനോട് താരതമ്യം ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? ഏറ്റവും പ്രശസ്തരായ ആളുകള്‍, ആയുധങ്ങളോ നിയമങ്ങളോ സാമ്രാജ്യങ്ങളോ മാത്രം സൃഷ്ടിച്ചവരാണ്. അവര്‍ വല്ലതും സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് മിക്കപ്പോഴും സ്വന്തം കണ്‍മുമ്പാകെ വഴുതിപ്പോയ ഭൗതികാധികാരങ്ങളേക്കാള്‍ കൂടുതലായി ഒന്നുമില്ല. ഈ മനുഷ്യനാവട്ടെ, സൈന്യങ്ങളേയും നിയമനിര്‍മ്മാണങ്ങളേയും സാമ്രാജ്യങ്ങളെയും ജനതകളെയും അധികാര പീഠങ്ങളെയും മാത്രമല്ല, അന്നത്തെ ലോകത്തിന്റെ മൂന്നിലൊന്നില്‍ താമസിച്ച കോടിക്കണക്കില്‍ ജനങ്ങളെ കൂടിയാണ് ചലിപ്പിച്ചത്. സര്‍വ്വോപരി, ആള്‍ത്താരകളെയും ദൈവങ്ങളെയും വിശ്വാസങ്ങളെയും ആത്മാവുകളെയും അദ്ദേഹം ചലിപ്പിച്ചു. അതിലെ ഓരോ അക്ഷരവും നിയമമായിത്തീര്‍ന്ന ഒരു ഗ്രന്ഥ്ത്തിന്റെ അടിസ്ഥാനത്തില്‍, എല്ലാ ഭാഷക്കാരും വംശക്കാരുമായ ജനതകളെ കോര്‍ത്തിണക്കിയ ഒരാത്മീയ ദേശീയത അദ്ദേഹം സൃഷ്ടിച്ചു...... ''

'ദാര്‍ശനികന്‍, പ്രസംഗകന്‍, പ്രവാചകന്‍, നിയമനിര്‍മാതാവ്, യോദ്ധാവ്, ആശയങ്ങളുടെ ജേതാവ്, യുക്തി സിദ്ധാന്തങ്ങളുടെ പുന:സ്ഥാപകന്‍, ഭാവനകളില്ലാത്ത ഭാവത്തോടു കൂടിയവന്‍, 20 ഭൂപ്രദേശ സാമ്രാജ്യങ്ങളുടേയും ഒരാത്മീയ സാമ്രാജ്യത്തിന്റേയും സ്ഥാപകന്‍-അതാണ് മുഹമ്മദ്. മനുഷ്യമാഹാത്മ്യത്തിന്റെ എല്ലാ മാനദണ്ഡങ്ങള്‍ വെച്ചു നോക്കിയാലും നമുക്ക് ചോദിക്കാം, അദ്ദേഹത്തേക്കാള്‍ മഹാനായി ആരെങ്കിലും ഉണ്ടോ?
(Histroy de la Turquie, Paris 1854, Vol. II, pp 276-277 Lamartine)


ജെയിംസ്‌ എ മിച്ചനര്‍

"തന്റെ അസാധാരണമായ വ്യക്തിത്വത്തിന്റെ ശക്തിയിലൂടെ മുഹമ്മദ്‌ അറേബ്യയുടെയും മുഴുവന്‍ പൌരസ്ത്യ ദേശത്തിന്റെയും ജീവിതത്തില്‍ വിപ്ലവം സൃഷ്ടിച്ചു. അദ്ദേഹം സ്വന്തം കരങ്ങളാല്‍ പുരാതന വിഗ്രഹങ്ങളെ തകര്‍ക്കുകയും ഏകദൈവത്തിനര്‍പ്പിക്കപ്പെട്ട ഒരു മതം സ്ഥാപിക്കുകയും ചെയ്തു. മരുഭൂമിയിലെ ആചാരങ്ങള്‍ കെട്ടിവരിഞ്ഞ കെട്ടില്‍ നിന്നും അദ്ദേഹം സ്ത്രീകളെ ഉയര്‍ത്തുകയും അദ്ദേഹം പൊതുവായ സാമൂഹികനീതി പ്രബോധനം ചെയ്യുകയും ചെയ്തു.
മുഹമ്മദ്‌ ഭോഗാസക്തമായ ഒരു മതമാണ്‌ സ്ഥാപിച്ചതെന്ന് പാശ്ചാത്യന്‍ എഴുത്തുകാര്‍ ആരോപിക്കുമ്പോള്‍ അത് വിശേഷിച്ചും ഒരു വിരോധാഭാസമായി മുസ്ലിംകള്‍ കരുതുന്നു. മദ്യാസക്തരില്‍ നിന്നും അദ്ദേഹം മദ്യത്തെ ഉന്മൂലനം ചെയ്തു. തന്മൂലം ഇന്നും എല്ലാ നല്ല മുസ്ലിംകളും മദ്യവിരോധികളാണ്. മടിയന്മാര്‍ക്കിടയില്‍, ദിനേന അഞ്ചു നേരത്തെ പ്രാര്‍ത്ഥന ഏര്‍പ്പെടുത്തി. സദ്യയോരുക്കുന്നതില്‍ ആഹ്ലാദിച്ചു വന്ന ഒരു ജനതയില്‍, വര്‍ഷത്തില്‍ ഒരു മാസം ഉപവാസം സ്ഥാപിച്ചു.
സ്ത്രീകളുടെ പ്രശ്നത്തിലാണ് പാശ്ചാത്യന്‍ എഴുത്തുകാര്‍ മുഖ്യമായും ഭോഗാസക്തിയെ കുറിച്ച തങ്ങളുടെ ആരോപണങ്ങളെ അടിയുറ പ്പിച്ചിരിക്കുന്നത്. എന്ത് തന്നെയായാലും മുഹമ്മദിന് മുമ്പ് പുരുഷന്മാര്‍ അസംഖ്യം ഭാര്യമാരെ സ്വീകരിച്ചിരുന്നു. അദ്ദേഹം അത് നാലാക്കി പരിമിതപ്പെടുത്തി. കണിശമായ സമത്വം പാലിക്കാന്‍ കഴിയാത്തവര്‍ ഒന്ന് മാത്രമാക്കി ചുരുക്കണമെന്നു ഖുറാന്‍ വ്യക്തമായി അനുശാസികുകയും ചെയ്യുന്നു....
മുഹമ്മദ്‌ തന്നെയും നിര്യാതനായപ്പോള്‍ അദ്ദേഹത്തെ ദിവ്യനാക്കാന്‍ ഒരു ശ്രമം നടത്തപ്പെട്ടിരുന്നു. പക്ഷെ ഭരണപരമായി അദ്ദേഹത്തിന്‍റെ പിന്‍ഗാമിയാകാന്‍ പോവുകയായിരുന്ന വ്യക്തി മതചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ഒരു പ്രസംഗത്തിലൂടെ ആ ഭ്രാന്തിന്റെ കഥ കഴിച്ചു: "നിങ്ങളിലാരെങ്കിലും മുഹമ്മദിനെയായിരുന്നു ആരാധിചിരുന്നെതെങ്കില്‍ അദ്ദേഹം മരിച്ചു പോയിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ആരാധിച്ചത് ദൈവത്തെയായിരുന്നെങ്കില്‍ അവന്‍ ശാശ്വതനായി ജീവിക്കുന്നു."
(Islam The Misunderstood Religion, by James A. Michener, Reader's digest (American Edition) for May, 1955, pp 68-70)



ബോസ് വര്‍ത്ത് സ്മിത്ത് 


"മൊത്തത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയത് വ്യത്യസ്ത സാഹചര്യങ്ങളില്‍ മുഹമ്മദ്‌ എന്തുമാത്രം വിരളമായെ സ്വയം വ്യത്യാസപ്പെട്ടുള്ളൂ എന്ന കാര്യമാണ്. മരുഭൂമിയിലെ ഇടയാനില്‍, സിറിയയിലേക്ക് പോയ കച്ചവടക്കാരനില്‍ , ഹിറാപര്‍വതത്തിലെ ധ്യാനനിരതനില്‍ , ഒരാള്‍ മാത്രമായൊരു ന്യൂനപക്ഷത്തിന്റെ പരിഷ്കര്‍ത്താവില്‍ , മദീനയിലെ വിപ്രവാസത്തില്‍ , അംഗീകൃതനായ ജേതാവില്‍ , പേര്‍ഷ്യന്‍ ഖുസ്രുമാരുടെയും ഗ്രീക്ക് ഹെര്‍കുലീസിന്റെയും സമശീര്‍ഷനില്‍ മൌലികമായൊരു ഏകത നമുക്ക് കണ്ടെത്താനാവും. മറ്റേതെങ്കിലുമൊരു മനുഷ്യന്‍ ബാഹ്യമായ പരിത:സ്ഥിതികള്‍ ഇത്രത്തോളം മാറ്റങ്ങള്‍ക്കു വിധേയമായിരിക്കെ അവയെ നേരിടാന്‍ ഇത്രമാത്രം കുറഞ്ഞ അളവില്‍ പരിവര്‍ത്തന വിധേയമായിട്ടുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. സംഭവങ്ങള്‍ മാറുന്നു; എല്ലാറ്റിലും പ്രതികരണം ഒന്നായേ എനിക്ക് തോന്നുന്നുള്ളൂ."
(Mohammed and Mohammedanism, London 1874 p.93, R. Bos Worth Smith)


ആര്‍തര്‍ ഗില്‍മാന്‍

"ഈ സന്ദര്‍ഭത്തില്‍ (മക്കാവിജയ വേളയില്‍ ) മുഹമ്മദിനെ കഴിഞ്ഞ കാലത്തെ ദുരനുഭവങ്ങള്‍ നിമിത്തമുള്ള അമര്‍ഷം സ്വാഭാവികമായും പ്രതികാരത്തിനു പ്രേരിപ്പിചിരിക്കുമെങ്കിലും, തന്റെ സൈന്യത്തെ രക്തച്ചൊരിച്ചിലില്‍ നിന്നദ്ദേഹം തടഞ്ഞതും അല്ലാഹുവിന്റെ അനുഗ്രഹത്തിനുള്ള നന്ദിയും വിനയവും മാത്രം പ്രകടിപ്പിച്ചതും അദ്ദേഹം വലുതായി പ്രശംസിക്കപ്പെടാന്‍ അര്‍ഹത നല്‍കുന്നതാണ്..... മുമ്പൊരു സന്ദര്‍ഭത്തില്‍ തനി കാട്ടാളത്തം പ്രകടിപ്പിച്ച പത്തോ പന്ത്രണ്ടോ പേര്‍ മാത്രമേ കുറ്റവാളികളായി പ്രഖ്യാപിക്കപ്പെട്ടുള്ളൂ. അവരില്‍ തന്നെ നാല് പേര്‍ മാത്രമാണ് വധിക്കപ്പെട്ടത്. എന്നാല്‍ മറ്റു ജേതാക്കളുടെ ചെയ്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അങ്ങേയറ്റം മനുഷ്യത്വപരമായി എണ്ണണം. ഉദാഹരണമായി, കുരിശു യോദ്ധാക്കളുടെ ക്രൂരതയുമായി തുലനം ചെയ്യുമ്പോള്‍ 1099-ല്‍ അവരുടെ കരങ്ങളാല്‍ ജരുസലത്തിന്റെ പതനം സംഭവിച്ചപ്പോള്‍ 70,000 സ്ത്രീ -പുരുഷന്മാരെയും നിസ്സഹായരായ കുട്ടികലെയുമാണ് കൊന്നു കളഞ്ഞത്. അല്ലെങ്കില്‍ , 1874 ലെ ഗോള്‍ഡ്‌ കോസ്റ്റ്‌ യുദ്ധത്തില്‍ , കുരിശിനു കീഴില്‍ തന്നെ പൊരുതിയ ഇംഗ്ലീഷ് പട്ടാളം ആരു ആഫ്രിക്കന്‍ തലസ്ഥാനം കത്തിച്ചു കളഞ്ഞ സംഭവത്തോടും തുലനം ചെയ്യാം.
അഹങ്കാരികളായ ഖുറൈശി പ്രമുഖന്മാര്‍ തന്നെ സമീപിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചു: "ഞാന്‍ എന്ത് ചെയ്യുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?"
"ഉദാരനായ സഹോദരാ, മാപ്പ്.." അവര്‍ പറഞ്ഞു.
"അങ്ങനെത്തന്നെയാവട്ടെ, നിങ്ങള്‍ സ്വതന്ത്രരാവുന്നു."
(The Saracens, London 1887, pp 184-185, Arthur Gilman)



എഡ്വാര്‍ഡ് ഗിബ്ബണ്‍ (ബ്രിട്ടനിലെ മുന്‍പാര്‍ലമെന്റ് അംഗം) 


"The first and the most arduous conquests of Mahomet were those of his wife, his servant, his pupil and his friend, since he presented himself as a prophet to those who were most conversant with his infirmities as a man.''
(The Decline and Fall of Roman Empire. vol. 5, pp. 351-352 , 1776-1788)


ഗോഡ്ഫ്രെ ഹിഗ്ഗിന്‍സ് 

"...The followers of Mohammed, on the contrary, rallied round their persecuted pr-ophet, and, risking their lives in his defence, made him triumph over all his enemies.''
( An apology for the life of Mohammed,  1829)

കരണ്‍ ആംസ്ട്രങ്ങ്

"...Many of his other wives were older women, who were without protection or were related to the chief of those tribes who became the allies of the ummah. None of them bore the Prophet any children. His wives were sometimes more of a hindrance than a pleasure.'' (പേജ് 13)

"...None of the Quraysh was forced to become Muslim, but Mohammad’s victory convinced some of his principled opponents, such as Abu Sufyan, that the old religion had failed.” (പേജ് 20)
(A History of God.’1999 -Islam: A Short History) 

പ്രൊ. കെ.എസ്. രാമകൃഷ്ണ റാവു

എല്ലാ പ്രവാചകന്മാരിലും മതനേതാക്കളിലും വെച്ച് ഏറ്റവും അധികം വിജയശ്രീലാളിതനായ പ്രവാചകന്‍ മുഹമ്മദാണ്. എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. ഈ വിജയം യാദൃശ്ചികമായിരുന്നില്ല. ഭാഗ്യാധിരേകവുമായിരുന്നില്ല. സമകാലികര്‍ അദ്ദേഹത്തിന്റെ സല്‍ഗുണ സമ്പന്നതയ്ക്ക് നല്‍കിയ അംഗീകാരമായിരുന്നു. ഉജ്ജ്വലവും ആകര്‍ഷകവുമായ ആ വ്യക്തിത്വത്തിന്റെ വിജയമായിരുന്നു അത്. മുഹമ്മദിന്റെ വ്യക്തിത്വം! അതിനെ മുഴുവന്‍ കണ്ടെത്തുക പ്രയാസം! ഒരു ചെറിയ അംശം മാത്രമേ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. എത്രമാത്രം ഹൃദായാവര്‍ജകമായ ബഹുമുഖത്വം! എന്തുമാത്രം നാടകീയ രംഗങ്ങള്‍ ! മുഹമ്മദ് പ്രവാചകന്‍! മുഹമ്മദ് എന്ന സര്‍വ്വ സൈന്യാധിപന്‍! മുഹമ്മദ് എന്ന പടയാളി! മുഹമ്മദ് എന്ന ഭരണാധികാരി! മുഹമ്മദ് എന്ന കച്ചവടക്കാരന്‍! മുഹമ്മദ് എന്ന പ്രഭാഷകന്‍! മുഹമ്മദ് എന്ന തത്വജ്ഞാനി! മുഹമ്മദ് എന്ന രാഷ്ട്ര തന്ത്രജ്ഞന്‍! മുഹമ്മദ് എന്ന പ്രസംഗകന്‍! മുഹമ്മദ് എന്ന അടിമവിമോചകന്‍! മുഹമ്മദ് എന്ന സ്ത്രീവിമോചകന്‍! മുഹമ്മദ് എന്ന നിയമജ്ഞന്‍! മുഹമ്മദ് എന്ന ന്യായാധിപന്‍! മുഹമ്മദ് എന്ന പുണ്യവാളന്‍! ഉജ്ജ്വലമായ ഈ വശങ്ങളിലെല്ലാം മനുഷ്യ ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന ഈ വകുപ്പുകളിലെല്ലാം ഒരു ഹീറോ തന്നെയായിരുന്നു അദ്ദേഹം! അനാഥത്വം നിസ്സഹായതയുടെ പാരമ്യമാണ്. അദ്ദേഹം ജീവിതം തുടങ്ങിയത് അങ്ങനെയാണ്. രാജത്വം ലൌകികശക്തിയുടെ ഉത്തുംഗതയാണ്. ആ ജീവിതം അവസാനിച്ചതങ്ങനെയാണ്. അനാഥനായി ജീവിതം തുടങ്ങി പീഡിതനായ ഒരു അഭയാര്‍ത്ഥിയായി ഒരു ജനതയുടെ ലൌകികനേതാവും ആത്മീയ ഗുരുവും വിധാതാവുമായി മാറി, അദ്ദേഹം. ആ ജനതയുടെ പരീക്ഷണ ഘട്ടങ്ങളിലും മാര്‍ഗ്ഗഭ്രംശങ്ങളിലും ഇരുട്ടിലും വെളിച്ചത്തിലും ഉല്‍ക്കര്‍ഷത്തിലും ഭയത്തിലും സമാധാനത്തിലും അഗ്നി പരീക്ഷണങ്ങളിലൂടെ കടന്നുപോന്ന പ്രവാചകന്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും മാതൃക കാണിക്കാന്‍ വേണ്ടി പൊള്ളലേല്‍ക്കാതെ പുറത്തുവരികതന്നെ ചെയ്തു. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ജീവിതത്തിന്റെ ഒരു വശത്തുമാത്രം പരിമിതമല്ല, മനുഷ്യജീവിതത്തിന്റെ മുഴുവന്‍ അവസ്ഥാന്തരങ്ങളെയും അത് ചൂഴ്ന്നു നില്‍ക്കുന്നു.

ഫിലിപ്പ് കുറി ഹിറ്റി

"Even at the height of his glory Muhammed led, as in his days of obscurity an unpretentious life in one of those clay houses consisting, as do all old fashioned houses of present day Arabia and Syria, of a few ro-oms opening into a courtyard and acc-essible only from it. He was often seen mending his own clothes and was at all times within the reach of his people.'' (പേജ് 39)
(The Arabs: A Short History 1943) 

മൈക്കല്‍ എച്ച്. ഹാര്‍ട്ട് 

"ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക്‌ ഞാന്‍ മുഹമ്മദിനെ തെരഞ്ഞെടുക്കുന്നത് ചില വായനക്കാരെ അല്ഭുതപ്പെടുത്തിയേക്കാം. വേറെ ചിലര്‍ ഇതിനെ ചോദ്യം ചെയ്തേക്കാം. പക്ഷെ മതപരവും ഭൗതികവുമായ മേഖലകളില്‍ ചരിത്രത്തില്‍ എറ്റവും വിജയം വരിച്ച വ്യക്തി അദ്ദേഹമാണ്. മനുഷ്യചരിത്രത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി മുഹമ്മദിനെ വിലയിരുത്താന്‍ എന്നെ നിര്‍ബന്ധിക്കുന്നത് അദ്ദേഹത്തിന്‍റെ അനുപമമായ മത-ഭൗതിക സംയോജനമാണ്."
(The 100, A ranking of the most influential persons in history). 1978ല്‍ ആസ്ട്രോഫിസിക്സില്‍ ഡോക്ടറേറ്റ് എടുത്ത ഹാര്‍ട്ട് നാസയില്‍ ശാസ്ത്രജ്ഞനായിരുന്നു.

ജോര്‍ജ് ബര്‍നാര്‍ഡ് ഷാ

"മാനുഷ്യകുലത്തിന്റെ രക്ഷകന്‍ (Saviour of humanity) എന്ന് തന്നെയാണ് മുഹമ്മദ്‌ നബിയെ വിളിക്കേണ്ടത്. അദ്ദേഹത്തെ പോലെയൊരു മനുഷ്യന്‍ ആധുനികലോകത്തിന്റെ ആധിപത്യം കയ്യാളിയിരുന്നെങ്കില്‍ , വേണ്ടുവോളം സമാധാനവും സന്തോഷവും പ്രദാനം ചെയ്യാന്‍ കഴിയും വിധം ഈ ലോകത്തിന്റെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതില്‍ അദ്ദേഹത്തിനു വിജയിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു".
(The Genuine Islam, Singapore, Vol. 1, 1936) 


ലിയോ ടോള്‍സ്റോയ്

മഹാന്മാരായ പരിഷ്കര്‍ത്താക്കളില്‍ ഒരാളാണ് മുഹമ്മദ് നബി. അദ്ദേഹം മനുഷ്യ സമൂഹത്തിന് വലിയ സേവനങ്ങളാണ് ചെയ്തത്. ഒരു സമൂഹത്തെ ഒന്നടങ്കം അദ്ദേഹം സന്മാര്‍ഗ്ഗത്തിലേക്ക് നയിച്ചു. ശാന്തിയിലേക്കും സമാധാനത്തിലേക്കും അവരെ വഴി നടത്തി. അവരെ ഇഹലോകവിരക്തിയോടെ ജീവിക്കാന്‍ പഠിപ്പിച്ചു. രക്തം ചിന്തുന്നതു തടഞ്ഞു. മനുഷ്യബലിക്ക് അറുതിവരുത്തി. നാഗരികതയുടെയും വികസനത്തിന്റെയും പാത തുറന്നിട്ടു. ഒരു മഹാവ്യക്തിത്വത്തിനു മാത്രമേ ഇതൊക്കെ നിര്‍വഹിക്കാന്‍ സാധിക്കൂ. അത്തരമൊരു വ്യക്തി നമ്മുടെയൊക്കെ ആദരവിന് എന്തുകൊണ്ടും അര്‍ഹനാണ്.


റോബര്‍ട്ട്‌ എല്‍ . ഗുലിക്ക് 


"മുഹമ്മദ്‌ നബി ഒരു ശിക്ഷകന്‍ ആയിരുന്നു.... മനുഷ്യരാശിയെ കൂടുതല്‍ മഹത്തായ സ്വാതന്ത്ര്യത്തിലേക്കും സന്തോഷത്തിലേക്കും നയിക്കുന്ന പാതയിലെ വഴിയടയാളമായ മഹാവൃക്ഷമായിരുന്നു അദ്ദേഹം."
(Muhammed The Educator, Page: 45-107)



No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...