Saturday, May 12, 2012

ഒരു പ്രാക്ടിക്കല്‍ തട്ടിപ്പിന്റെ കഥ




13 വര്‍ഷങ്ങള്‍ക്കു മുമ്പ്  തിരൂരങ്ങാടി P.S.M.O കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം. എന്റെ മെയിന്‍ വിഷയം സുവോളജി (ജന്തുശാസ്ത്രം) ആയിരുന്നു. ഉപവിഷയങ്ങളായി ബോടണിയും (സസ്യശാസ്ത്രം) കെമിസ്ട്രിയും. ഇത്രയും ഞാന്‍ പറഞ്ഞത് പഠിക്കേണ്ട സബ്ജക്ടുകളുടെ പേരൊക്കെ എനിക്കറിയാമായിരുന്നുവെന്നു നിങ്ങളെ ബോധ്യപ്പെടുത്തുവാനാണ്.

അതിലപ്പുറം പഠനത്തോടു വലിയ താല്പര്യമൊന്നും കാണിച്ചിരുന്നില്ല. ക്ലാസില്‍ വന്നെങ്കിലല്ലേ ആ പ്രശ്നം വരുന്നുള്ളൂ. മിക്കവാറും ഞാന്‍ 'ഔട്ട്‌ ഓഫ് കവറേജ് ഏരിയയില്‍ ' ആയിരിക്കും. 
നിങ്ങള്‍ ഇപ്പോള്‍ കരുതുന്നുണ്ടാവുക ആ സമയത്തൊക്കെ ഞാന്‍ അടിച്ചു പൊളിച്ചു രസിച്ചു നടക്കുകയായിരിക്കും എന്നാവും. കുറച്ചൊക്കെ ശരിയാണ്. എന്നാല്‍ കഞ്ഞിക്കുള്ള വക തേടി ആയിരുന്നു മിക്കവാറും ഞാന്‍ ലീവെടുക്കുക. വീടിനടുത്തുള്ള ഒരു സോ മില്ലില്‍ ഈര്‍ന്ന മരത്തടികള്‍ ലോഡു ചെയ്യുകയായിരുന്നു എന്റെ പണി. വൈകുന്നെരമാകുമ്പോഴെക്ക് അതാവശ്യത്തിനു കാശൊക്കെ കയ്യില്‍ തടയും. 
എന്നാല്‍ ഈ ജോലിക്ക് ഗ്യാരന്റി ഇല്ലായിരുന്നു. കാരണം മരത്തടികള്‍ ലോഡു ചെയ്യാന്‍ പലപ്പോഴും ഉടമകളുടെ ആളുകള്‍ തന്നെ വരും. അപ്പോള്‍ നിരാശയുടെ കീശയുമായി മടങ്ങേണ്ടി വരും. 
സയന്‍സ് വിഷയങ്ങളായത് കൊണ്ട് പ്രാക്ടിക്കല്‍ കാണുമെന്നറിയാമല്ലോ. തിയറി പഠിക്കാന്‍ ക്ലാസില്‍ വരേണ്ട കാര്യമൊന്നുമില്ല. കോപിയടിക്കാമല്ലോ. പക്ഷെ പ്രാക്ടിക്കലിന്റെ കാര്യം അങ്ങനെയല്ല. അതിനു പോയെ പറ്റൂ. പക്ഷെ ഞാനതത്ര കാര്യമാക്കിയില്ല. എന്റെ തൊഴില്‍ തുടര്‍ന്നു. ഇടക്കൊക്കെ ഞാന്‍ എന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. ഈ ഒരു സ്വഭാവം കൊണ്ട് തന്നെ 'വിസിറ്റിംഗ് പ്രൊഫസര്‍ ' എന്നൊരു പദവിയും അധ്യാപകര്‍ എനിക്ക് കനിഞ്ഞു തന്നു. പ്രാക്ടിക്കല്‍ ചെയുമ്പോള്‍ ആദ്യം വര്‍ക്കുകളും റിസള്‍ട്ടുകളും 'ഒബ്സര്‍വേഷന്‍ ബുക്കില്‍ ' രേഖപ്പെടുത്തണം. അത് ബന്ധപ്പെട്ട അധ്യാപകര്‍ ചെക്ക് ചെയ്തു സൈന്‍ (ഒപ്പ്) വാങ്ങിയിട്ടേ റെക്കോര്‍ഡ്‌ ബുക്കിലേക്ക് മാറ്റി എഴുതുകയും വരക്കുകയും ചെയാവൂ എന്നാണു നിയമം. 
ഒബ്സര്‍വേഷന്‍ ബുക്കും റെക്കോര്‍ഡ്‌ ബുക്കും എന്റെ കയ്യിലുണ്ട്. പക്ഷെ ക്ലാസ്സില്‍ വന്നാലല്ലേ അതില്‍ വല്ലതും എഴുതാനോ സൈന്‍ വാങ്ങാനോ ഒക്കെ പറ്റുക. പലപ്പോഴും എന്റെ ബുക്കുകളിലെ പല താളുകളും ഒഴിഞ്ഞു കിടന്നു. ബാക്കിയുള്ളവ മറ്റുള്ളവരുടെ ബുക്കുകള്‍ നോക്കി അല്ലറ ചില്ലറ മോഡിഫിക്കേഷന്‍ വരുത്തി എഴുതിക്കൊടുത്തു. ചിലതിനു സൈന്‍ കിട്ടും, പലപ്പോഴും വായിലിരിക്കുന്നത് കേള്‍ക്കും. 
അങ്ങനെ ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു. പരീക്ഷ അടുത്തു വരാറായി. അപ്പോഴാണ്‌ ബോധോദയം വന്നത്. കെമിസ്ട്രിയുടെ ഒബ്സര്‍വേഷന്‍ ബുക്ക് പോലും കമ്പ്ലീറ്റ് അല്ല. ഉള്ളതിനാവട്ടെ പലതിനും സൈന്‍ കിട്ടിയിട്ടില്ല. എന്നിട്ടല്ലേ റെക്കോര്ഡ്! ബാക്കി അധികപേരും റെക്കോര്ഡ് ബുക്ക് വരെ ഫിനിഷ് ചെയ്തു സൈനും വാങ്ങി പാട്ടും പാടി നടക്കുന്നു. എന്റെ ക്ലബ്ബില്‍ പെടുത്താവുന്ന ഒരുത്തനുമില്ല!! 
അപ്പോഴതാ ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ കെമിസിട്രി ഹെഡിന്റെ ഒരു ഇടി വെട്ടു പ്രഖ്യാപനം വരുന്നു: "ഒബ്സര്‍വേഷന്‍ ബുക്കില്‍ സൈന്‍ വാങ്ങിയവര്‍ക്ക് മാത്രമേ റെക്കോര്‍ഡ്‌ ബുക്കില്‍ സൈന്‍ തരികയുള്ളൂ." 
അത് കേട്ട് ഞെട്ടാന്‍ ഞാന്‍ മാത്രം. ഒബ്സര്‍വേഷന്‍ ബുക്ക് പൂര്‍ണമാക്കി സൈന്‍ വാങ്ങിയിട്ടേ റെക്കോര്‍ഡ്‌ ബുക്കിനെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. പക്ഷെ ഇനിയിപ്പോ എന്ത് ചെയ്യും? ഹെഡ് ആവട്ടെ വളരെ സ്ട്രോങ്ങും. വിട്ടുവീഴ്ചക്ക് തയാറാവും എന്ന് തോന്നുന്നില്ല. ഇനി അങ്ങനെ ഒന്ന് പ്രതീക്ഷിച്ചാല്‍ തന്നെ ആളെ ഫേസ് ചെയ്യാന്‍ എനിക്ക് പേടിയും. മറ്റൊരു സാധ്യത ഞാന്‍ തന്നെ കള്ള ഒപ്പിടുക എന്നതാണ്. പക്ഷെ അതൊരു കെണിഞ്ഞ ഒപ്പായിരുന്നു. ഹെഡ് അധ്യാപകനാകുന്നതിനു മുമ്പ് ശര്‍ക്കര മിട്ടായി ഉണ്ടാക്കി വില്‍ക്കുന്ന ആളായിരുന്നോ എന്ന് ആ ഒപ്പ് കണ്ടിട്ട് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഓരോ എക്സ്പെരിമെന്റിനും ഓരോ സൈന്‍ വേണം താനും. അങ്ങനെ നോക്കുമ്പോള്‍ ഒരു ഡസന്‍ സൈന്‍ ഞാന്‍ സ്വയം ഇടണം. നടക്കുന്ന കാര്യമല്ല അത്. 
അന്ന് രാത്രി ഞാന്‍ നന്നായി തല പുകഞ്ഞു. എന്തായാലും സുഹൃത്തിന്റെ ഒബ്സര്‍വേഷന്‍ ബുക്ക് വെച്ച് ഞാന്‍ എന്റെ ഒബ്സര്‍വേഷന്‍ ബുക്കും റെക്കോര്‍ഡ്‌ ബുക്കും കമ്പ്ലീറ്റ്‌ ചെയ്യാന്‍ തുടങ്ങി. 
പാതിരാ കഴിഞ്ഞു... അപ്പോഴതാ കറന്റ്‌ കട്ട് !! ദേഷ്യവും സങ്കടവും കൊണ്ട് ഞാന്‍ ഒന്ന് നൃത്തം ചവിട്ടി. പിന്നെ മണ്ണെണ്ണ വിളക്കെടുത്ത് തെളിച്ചു. അതിന്റെ ജ്വാല തെളിഞ്ഞപ്പോള്‍ എന്റെ തലയിലും ഒരു പ്രകാശം മിന്നി. എനിക്കാവേശമായി. കറന്റ്‌ കട്ടിനു ഒരായിരം നന്ദി പറഞ്ഞു. എന്നിട്ട് ഞാന്‍ ചുവന്ന മഷിയുടെ പേനയെടുത്തു. ഒബ്സര്‍വേഷന്‍ ബുക്കില്‍ സൈന്‍ വേണ്ടിടത്തൊക്കെ സൈന്‍ ചെയ്തു. അത് കണ്ടാല്‍ ഞാന്‍ ഇട്ടതാണെന്നേ തോന്നൂ. പിന്നെ വൈകിയില്ല, പതുക്കെ മണ്ണെണ്ണ വിളക്കിനു മുകളിലേക്ക് ഒബ്സര്‍വേഷന്‍ ബുക്ക് കാണിച്ചു. അതങ്ങനെ കത്താന്‍ തുടങ്ങി. കെമിസ്ട്രിയുടെ ഭാഷയില്‍ സെല്ലുലോസിന്റെ ഓക്സിഡേഷന്‍!! 


*******************
പിറ്റേന്ന് ഞാന്‍ വേഗം ഉഷാറായി കെമിസ്ട്രി ഹെഡിന്റെ അടുത്തെത്തി. ആദ്യം റെക്കോര്‍ഡ്‌ ബുക്ക് കാണിച്ചു. 
ഉടന്‍ വന്നു ചോദ്യം: "ഒബ്സര്‍വേഷന്‍ ബുക്കിന്റെ സൈന്‍ വാങ്ങിച്ചോ?"
"വാങ്ങിച്ചു.." 
"എങ്കില്‍ അതെടുക്കൂ.. നോക്കട്ടെ.."
ഞാന്‍ മനസ്സൊന്നു പാകമാക്കി പതുക്കെ പറഞ്ഞു: "സര്‍ , ഒബ്സര്‍വേഷന്‍ ബുക്ക് അല്‍പ്പമൊന്നു കത്തിപ്പോയിട്ടുണ്ട്.. " 
ഞാന്‍ ഒബ്സര്‍വേഷന്‍ ബുക്ക് എടുത്തു നീട്ടി. പാതി കരിഞ്ഞ ആ ബുക്ക് വാങ്ങി ഹെഡ് എന്നെ നോക്കി: 
"ഇതെങ്ങനെ പറ്റിയതാ?"
"ഇന്നലെ രാത്രി കറന്റ്‌ പോയിരുന്നു. അപ്പോള്‍ മണ്ണെണ്ണ വിളക്ക് കത്തിച്ചപ്പോള്‍ ബുക്കിലേക്ക് മറിഞ്ഞു വീണു കത്തിയതാ..."
ഹെഡ് ഒബ്സര്‍വേഷന്‍ ബുക്ക് മറിച്ചു നോക്കി. അപൂര്‍ണമായി കത്തി ബ്രൌണ്‍ നിറമായ ഭാഗത്ത് 'സൈന്‍ ചെയ്ത' അടയാളം നോക്കി തൃപ്തനായി. 
റെക്കോര്‍ഡ്‌ ബുക്കില്‍ ഒറിജിനല്‍ സൈന്‍ ലഭിച്ചപ്പോള്‍ എന്റെ ശ്വാസം നേരെ വീണു. കുറ്റബോധം മനസ്സിലുണ്ടായിരുന്നെങ്കിലും.

No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...