Monday, May 21, 2012

ഖുര്‍ആന്‍ നല്‍കുന്ന 10 സന്ദേശങ്ങള്‍



പ്രവാചകന്‍ (സ) ക്ക് നല്‍കപ്പെട്ട നിത്യപ്രസക്തമായ, ഏറ്റവും വലിയ അമാനുഷികതയാണ് പരിശുദ്ധ ഖുര്‍ആന്‍ . ഖുര്‍ആന്റെ പ്രമേയം മനുഷ്യനാണ്. സമഗ്രമായ ഒട്ടേറെ സന്ദേശങ്ങള്‍ അത് നമുക്ക് നല്‍കുന്നു.



1. അല്ലാഹുവിനെ അറിയുക

ഈ പ്രപഞ്ചത്തെയും മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന, ഏകനും, പ്രപഞ്ചാതീതനും സര്‍വജ്ഞനും സര്‍വശക്തനും എല്ലാത്തിന്റെയും പരമാധികാരിയുമാണ് അല്ലാഹു. അവനു തുല്യനായി ആരുമില്ല, അവനു തുടക്കമില്ല, ഒടുക്കമില്ല. നമ്മുടെ എല്ലാ സങ്കല്‍പ്പങ്ങള്‍ക്കും അതീതനാണവന്‍. അവന്‍ ജനിച്ചവനല്ല, ജനിപ്പിക്കുന്നവനുമല്ല. എല്ലാം അവന്റെ വിധിയനുസരിച്ച് മാത്രം നടക്കുന്നു. കാര്യകാരണബന്ധങ്ങള്‍ക്ക് അതീതമായി ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അവനു മാത്രമേ കഴിയൂ.
മലക്കുകള്‍, ജിന്നുകള്‍ തുടങ്ങിയ അഭൗതികസൃഷ്ടികളൊന്നും തന്നെ ദൈവമല്ല. അല്ലാഹുവിന്റെ സൃഷ്ടികള്‍ മാത്രമാണ്.

2. മനുഷ്യന്‍ ആദരണീയന്‍

എല്ലാ മനുഷ്യരും ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത്. ആരും മറ്റൊരാളുടെ പാപഭാരം ചുമക്കേണ്ടി വരില്ല. എല്ലാ മനുഷ്യരും സമന്മാരാണ്. ആദരണീയരാണ്. അതില്‍ ഒരു വിവേചനവും പാടില്ല. അന്യായമായി ഒരാളെ കൊല്ലാനോ ദ്രോഹിക്കുവാനോ പാടില്ല. അത് പോലെ സ്വന്തത്തെ കൊല്ലുവാനുള്ള (ആത്മഹത്യ) അധികാരവും നമുക്കില്ല. ഭൂമിയിലുള്ളതെല്ലാം അവനു വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

3. ഇഹലോകം നൈമിഷികം, പരലോകം ശാശ്വതം

ഈ ലോകം നമുക്കൊരു പരീക്ഷണ വേദിയാണ്. അല്ലാഹുവിന്റെ നിയമങ്ങള്‍ അനുസരിച്ച് വിധിവിലക്കുകള്‍ പാലിച്ചു ജീവിക്കുകയെന്നതാണ് നമ്മുടെ കടമ. പരലോകമാണ്‌ യഥാര്‍ത്ഥവും ശാശ്വതവുമായ ഗേഹം. നമ്മുടെ കര്‍മ്മത്തിനനുസരിച്ചു രക്ഷാശിക്ഷകള്‍ ലഭിക്കുന്ന ലോകം അതാണ്‌. സ്വര്‍ഗമാണ് മനുഷ്യന്റെ ലക്‌ഷ്യം. അതിനു വേണ്ടി സല്ക്കര്‍മങ്ങള്‍ ചെയ്യുക, അതിനായി അല്ലാഹുവോട് പ്രാര്‍ഥിക്കുക, പാപമോചനത്തിനും നരക മോചനത്തിനും അല്ലാഹുവോട് തേടുക.

4. പ്രവാചകന്മാര്‍ ദൈവദൂതന്മാര്‍

അള്ളാഹു തന്റെ സന്ദേശം പ്രവാചകന്മാര്‍ മുഖേനയാണ് ജനങ്ങളില്‍ എത്തിക്കുക. ഒരു ലക്ഷത്തില്‍ പരം പ്രവാചകന്മാര്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും പല കാലങ്ങളിലായി ദൈവിക സന്ദേശം ഓരോ ജനതയുടെയും മുമ്പില്‍ എത്തിച്ചിട്ടുണ്ട്. അവരില്‍ അവസാനത്തെ കണ്ണിയാണ് മുഹമ്മദ്‌ നബി (സ). എല്ലാ പ്രവാചകന്മാരുടെയും സന്ദേശം അടിസ്ഥാനപരമായി ഒന്നായിരുന്നു. മുഹമ്മദ്‌ നബിക്കവതരിച്ച ദൈവിക സന്ദേശങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുര്‍ആന്‍. അന്ത്യനാള്‍ വരെ ഒരു മാറ്റ തിരുത്തലുകള്‍ക്കും വിധേയമാകാത്ത നിത്യപ്രസക്തമായ ഒരാള്‍ക്കും അനുകരിക്കാന്‍ കഴിയാത്ത അമാനുഷിക ഗ്രന്ഥമത്രെ അത്.

5. അല്ലാഹുവിനു മാത്രം ഇബാദത്ത് ചെയ്യുക

അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോടു മാത്രം പ്രാര്‍ഥിക്കുകയും അവനു മാത്രം നിരുപാധികം വഴിപ്പെടുകയും അടിമപ്പെടുകയും ചെയ്യുക എന്നാണു ഇബാദത്ത് എന്തിന്റെ വിവക്ഷ. അവനില്‍ ആരെയും പങ്കു ചേര്‍ക്കരുത്. നമ്മുടെ മുഴുജീവിത മേഖലകളിലും അവന്റെ നിയമങ്ങള്‍ മാത്രമേ നിരുപാധികം സ്വീകരിക്കാവൂ. ജീവിതം മുഴുവന്‍ അവനു മാത്രം സമര്‍പ്പിക്കുക.

ദൈവസ്മരണയിലൂടെ മാത്രമേ മനസ്സമാധാനം ലഭിക്കുകയുള്ളൂ. ദൈവസ്മരണക്കും ഭക്തിക്കും ആത്മസംസ്ക്കരണത്തിനും വേണ്ടി നമസ്കാരം, നോമ്പ് തുടങ്ങിയ കര്‍മങ്ങള്‍ നിര്‍വഹിക്കണം. സാമ്പത്തികശേഷിയുള്ളവര്‍ അര്‍ഹതയുള്ളവര്‍ക്ക് നിര്‍ബന്ധദാനം (സകാത്ത്) നല്‍കണം. അത് കൂടാതെ ഐച്ഛിക ദാനവും. ശാരീരികവും സാമ്പത്തികവുമായ കഴിവുള്ളവര്‍ ജീവിതത്തിലൊരിക്കല്‍ മക്കയിലെ വിശുദ്ധ മന്ദിരത്തിന്റെ (കഅബ) അടുത്തുചെന്ന് ഹജ്ജ് നിര്‍വഹിക്കണം. അവനോടു അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി കാണിക്കുക. അവനില്‍ മാത്രം ഭരമേല്പ്പിക്കുക. അവനോടു മാത്രം പ്രാര്‍ഥിക്കുക.

6. വിജ്ഞാനം നേടുക

അറിവുള്ളവരും ഇല്ലാത്തവരും സമമല്ല. അതിനാല്‍ അറിവു നേടാന്‍ പരമാവധി ശ്രമിക്കണം. പ്രകൃതിയില്‍ സഞ്ചരിച്ചും സ്വന്തത്തെ കുറിച്ച് ചിന്തിച്ചും അറിവ് നേടുക. അങ്ങനെ ദൈവത്തെ കണ്ടെത്തുക. വിജ്ഞാനം എവിടെ കണ്ടാലും തേടിപ്പിടിക്കുക. ഉപകാരമില്ലാത്ത അറിവ് നേടാതിരിക്കുക.

7. സാമൂഹികം, രാഷ്ട്രീയം

കുടുംബബന്ധവും ബാധ്യതകളും പാലിക്കുക. മാതാപിതാക്കളോടും മറ്റു ബന്ധുക്കളോടും നല്ല നിലയില്‍ വര്‍ത്തിക്കുക. വിവാഹജീവിതം പുണ്യമാണ്. ആണും പെണ്ണും ഇണകളായി നല്ല നിലയില്‍ വര്‍ത്തിക്കണം. അവര്‍ പരസ്പരം വസ്ത്രങ്ങളാണ്. സ്ത്രീയുടെ സംരക്ഷണോത്തരവാദിത്വം പുരുഷന്നാണ്. കുട്ടികളോട് കരുണ കാണിക്കുക. ദാരിദ്ര്യം ഭയന്നോ മറ്റോ അവരെ കൊല്ലുന്നത് കൊടും പാപമാണ്.

അനാഥകളെ ആദരിക്കണം. അവരെ അവഗണിക്കുന്നത് മതനിഷേധമാണ്. അവശരെയും അംഗവൈകല്യമുള്ളവരെയും അവഗണിക്കരുത്. അഗതികള്‍ക്ക് ആഹാരം നല്‍കണം. അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും വേണം. തൊഴിലാളിക്ക്  വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് കൂലി നല്‍കുക.

കുടുംബത്തോടും അയല്‍ക്കാരോടും സമൂഹത്തോടും മറ്റുള്ളവരോടും നല്ല നിലയില്‍ പെരുമാറുക. കാരണം നന്മയും തിന്മയും തുല്യമല്ല. സത്യസന്ധത, വിശ്വസ്തത, വിനയം, ബഹുമാനം, കാരുണ്യം, ക്ഷമ, ഹൃദയവിശാലത, ആത്മാര്‍ത്ഥത , സൗമ്യത, നീതി, ഗുണകാംക്ഷ, വിട്ടുവീഴ്ച, മാപ്പ് തുടങ്ങിയ ഗുണങ്ങള്‍ പ്രകടിപ്പിക്കണം. ഏഷണി, പരദൂഷണം, ചതി, വഞ്ചന, കാപട്യം, കരാര്‍ ലംഘനം, നന്ദികേട്‌, ക്രൂരത, അസൂയ, അസഭ്യം പറച്ചില്‍ , അഹങ്കാരം, പൊങ്ങച്ചം, ദേഷ്യം, അപവാദാരോപണം, പക്ഷപാതിത്വം, കള്ളസത്യം, കള്ളസാക്ഷ്യം, അനീതി, അക്രമം, കുപ്രചരണം മുതലായ തിന്മകള്‍ വര്‍ജ്ജിക്കുക.

കൊല, കൊള്ള, മോഷണം, മദ്യം, മയക്കുമരുന്ന്, ചൂതാട്ടം, പലിശ, ലോട്ടറി, വ്യഭിചാരം, അശ്ലീലത, തുടങ്ങിയ തിന്മകള്‍ ഒഴിവാക്കുക, തടയുക.

സ്ത്രീ പുരുഷന്മാര്‍ ലജ്ജയും സംസ്ക്കാരവും ഉള്ളവരാകണം. നഗ്നത പ്രദര്‍ശിപ്പിക്കരുത്. വസ്ത്രധാരണത്തില്‍ മാന്യത പ്രകടിപ്പിക്കുക. പരസ്പ്പരം വികാരത്തോടെ നോക്കുക പോലും അരുത്. സമൂഹത്തില്‍ അരാജകത്വവും അധാര്‍മികതയും കുഴപ്പവും വളര്‍ത്തരുത്.

ഉത്തമവും അനുവദനീയവുമായ ആഹാരം മാത്രം കഴിക്കുക. ശവവും രക്തവും പന്നിമാംസവുമൊക്കെ നിഷിദ്ധമാണ്.

സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സന്തുലിതത്വത്തിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സമാധാനത്തിനും നിര്‍ഭയത്വത്തിനും പ്രതിക്രിയകള്‍ അടക്കമുള്ള ശിക്ഷാനിയമങ്ങള്‍ ആവശ്യമാണ്‌.

8. സാമ്പത്തികം

സാമ്പത്തിക രംഗത്ത്‌ വിശുദ്ധി കൈവരിക്കുക. അല്ലാഹുവിന്റെ അനുഗ്രഹമായ സമ്പത്ത്‌ തേടി പോകലും അധ്വാനിക്കലും സല്ക്കര്‍മമാണ്. എന്നാല്‍ അതിനോടുള്ള അമിതമായ ആര്‍ത്തി പാടില്ല. നാം സമ്പത്തിന്റെ അടിമകള്‍ ആവരുത്. അന്യന്റെ സ്വത്ത്‌ അന്യായമായി അധീനപ്പെടുത്തരുത്‌. പലിശ, മോഷണം, ചൂഷണം, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കല്‍ മുതലായവ പാടെ വര്‍ജ്ജിക്കുക. ഖുര്‍ആന്‍ പറഞ്ഞ അവകാശികള്‍ക്ക്‌ സക്കാത്ത്‌ നല്‍കുക. അത് ഔദാര്യമല്ല, ബാധ്യതയാണ്. സദഖ നല്‍കുക. ഭിക്ഷാടനം നിരുല്സാഹപ്പെടുത്തുക. മാന്യമായ രീതിയില്‍ കച്ചവടം, തൊഴില്‍ , കൃഷി മുതലായവ ചെയ്യുക. ധനം കുന്നുകൂട്ടി വെക്കരുത്. ചിലവഴിക്കുമ്പോള്‍ മിതത്വം പാലിക്കുക; പിശുക്കും ധൂര്‍ത്തും പാടില്ല.

9. പാരിസ്ഥിതികം

പ്രകൃതി പ്രതിഭാസങ്ങള്‍ നിരീക്ഷിക്കുകയും പഠിക്കുകയും അവയില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയും വേണം. വായുവും വെള്ളവും മണ്ണും പ്രകാശവുമൊക്കെ അല്ലഹുവിന്റെതാണ്. അതിനാല്‍ പരിസ്ഥിതിക്കോ ജന്തുജാലങ്ങള്‍ക്കോ നാശമുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനവും ചെയ്യരുത്‌. പ്രകൃതിവിഭവങ്ങള്‍ അമിതമായി ചൂഷണം ചെയ്യരുത്‌. അകാരണമായി മറ്റു ജന്തുക്കളെയോ സസ്യങ്ങളെയോ കൊല്ലരുത്.

10. ഉത്തമസമൂഹത്തിന്റെ ബാധ്യത

ഇസ്ലാമിന്റെ സന്ദേശം ഉള്‍ക്കൊണ്ടു ജീവിതത്തില്‍ പകര്‍ത്തുന്നവരാണ് മുസ്ലിംകള്‍ . അവര്‍ ഉത്തമ സമൂഹമാണ്, മധ്യമ സമൂഹമാണ്. അവര്‍ സമൂഹത്തെ നന്മയിലേക്കു നയിക്കണം. നന്മ കല്‍പ്പിക്കുകയും തിന്മ തടയുകയും വേണം. ദൈവിക വ്യവസ്ഥിതിയുടെ സംസ്ഥാപനത്തിന് വേണ്ടി പരിശ്രമിക്കണം.

എല്ലാ നിലക്കും അവര്‍ സത്യത്തിനു സാക്ഷികളാകണം. നീതിക്ക് വേണ്ടി നിലകൊള്ളണം. സദുപദേശത്തിലൂടെയും യുക്തിജ്ഞാനത്തിലൂടെയും നല്ല നിലയില്‍ ജനങ്ങളെ ദൈവികസന്മാര്‍ഗത്തിലേക്കു ക്ഷണിക്കണം. ബഹുദൈവവിശ്വാസവും ബഹുദൈവാരാധനയും വര്‍ജിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കണം. എന്നാല്‍ ആരെയും നിര്‍ബന്ധിക്കുകയോ അവരുടെ ആരാധ്യന്മാരെ അവഹേളിക്കുകയോ ചെയ്യരുത്‌.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉപേക്ഷിക്കുകയും സമൂഹത്തെ അതില്‍ നിന്നും രക്ഷപ്പെടുത്താന്‍ യത്നിക്കുകയും വേണം. പൌരോഹിത്യം ഇസ്ലാമിന് അന്യമായതിനാല്‍ അതിനെ തള്ളിക്കളയണം.

നന്മയിലും ഭക്തിയിലും പരസ്പരം സഹകരിക്കുക. എന്നാല്‍ തിന്മയിലും ശത്രുതയിലും സഹായിക്കുകയോ സഹകരിക്കുകയോ ചെയ്യരുത്‌.

നേതാവിനെ അനുസരിക്കുക. നേതാവ് അനുയായികളുമായി കാര്യങ്ങള്‍ കൂടിയാലോചിക്കുകയും കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യുക.

അറിയുന്നവരോടും അല്ലാത്തവരോടും സലാം ചൊല്ലുക. പുഞ്ചിരിയോടെ സംസാരിക്കുക.
ആളുകള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുക.

അനുവാദമില്ലാതെ അന്യരുടെ വീടുകളില്‍ പ്രവേശിക്കരുത്. 

മതകാര്യത്തില്‍ യുദ്ധം ചെയ്യുകയോ തങ്ങളുടെ വീടുകളില്‍ നിന്ന് പുറന്തള്ളുകയോ ചെയ്യാത്ത എല്ലാവരോടും നന്മയില്‍ വര്‍ത്തിക്കുക.

1 comment:

  1. വെരി നൈസ്... സമഗ്രമായും ലളിതമായും ഇസ്ലാം പറയുന്ന മുഴുവന്‍ കാര്യങ്ങളും പ്രതിപാദിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍

    ReplyDelete

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...